Saturday 22 February 2020 04:54 PM IST

‘ഷോപ്പിങ്ങും അണിഞ്ഞൊരുങ്ങലും എനിക്ക് അത്ര ഇഷ്ടമില്ല’; ആക്ഷൻ നായിക നീത പറയുന്നു

Lakshmi Premkumar

Sub Editor

neetha-p

പൂമരം സിനിമയില്‍ വിമൻസ് കോളജിനെ നയിച്ച പവർഫുൾ ക്യാപ്റ്റനെ ഓർമയില്ലേ, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നീതാ പിള്ള. ക്യാംപസിൽ നിന്ന് നേരെ പോയത് കുങ്ഫു പഠിക്കാൻ. കഠിന പരിശീലനത്തിലൂടെ നേടിയ ആക്‌ഷൻ മികവുമായാണ് ‘ദ് കുങ്‌ഫു മാസ്റ്റർ’ സിനിമയിലൂടെ നീതയുെട തിരിച്ചുവരവ്. മഞ്ഞുവീഴ്ചയും മലയിടിച്ചിലും പതിവായ ഉത്തരാഖണ്ഡിലായിരുന്നു സിനിമയുടെ ചിത്രീകരണം. കഠിന പരിശീലനത്തിന്റെ ഓർമകളും പുതിയ വിശേഷങ്ങളുമായി നീതാ പിള്ള.

എവിടെയായിരുന്നു രണ്ടു വർഷമായി ?

മാറി നിന്ന കാലമത്രയും ‘ദ് കുങ്ഫു മാസ്റ്റർ’ സിനിമയുടെ തയാറെടുപ്പുകളിലായിരുന്നു. ‘പൂമരം’ സിനിമയുടെ ഷൂട്ടിന്റെ ആദ്യനാളുകളിൽ തന്നെ എബ്രിഡ് ഷൈൻ സാർ ഇനി ചെയ്യാൻ പോകുന്ന ആക്‌ഷൻ സിനിമയെക്കുറിച്ച് കേട്ടിരുന്നു. ഒരു ദിവസം കുങ്ഫു മാസ്റ്ററിലെ പ്രധാന കഥാപാത്രം ആകാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. വ്യത്യസ്തമായ കഥാപാത്രമാകാൻ കിട്ടിയ ചാൻസിന് ഞാൻ അപ്പോൾ തന്നെ ഓകെ പറഞ്ഞു.

2017 ഒക്ടോബറിൽ ‘പൂമരം’ ഷൂട്ട് കഴിഞ്ഞയുടൻ ട്രെയിനിങ് തുടങ്ങിയിരുന്നു. സ്പോർട്സ് ഇഷ്ടമാണെങ്കിലും കുങ്ഫുവിലോ ആയോധന കലകളിലോ യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് നന്നായി കഷ്ടപ്പെടേണ്ടി വന്നു. കിക് ബോക്സിങ്ങിലായിരുന്നു തുടക്കം. പിന്നെ, തായ്കൊണ്ടയിലും ജൂഡോ ആൻഡ് കരാട്ടേയിലും മൂന്നു മാസം വീതം പരിശീലനം. പിന്നെയുള്ള നാളുകൾ കുങ്ഫു പരിശീലനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

പഴയ നീതയല്ല, ഒരുപാട് മാറ്റങ്ങൾ ?

മെലിഞ്ഞു എന്ന് എല്ലാവരും പറഞ്ഞു. അതു പക്ഷേ, ഡയറ്റ് ചെയ്ത് മെലിഞ്ഞതല്ല. മാർഷ്യൽ ആർട്സ് ചെയ്യുന്നതുകൊണ്ടാണ്. ഒരു കാര്യത്തിന് ഇറങ്ങിയാൽ പൂർണമായും അതിൽ തന്നെയായിരിക്കും ഞാൻ. ഭക്ഷണം പോലും പ്രധാനമല്ല. വീട്ടിൽ അമ്മയോ അനിയത്തിയോ ആണ് എന്റെ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. എല്ലാം എടുത്ത് കയ്യിൽ തന്നാൽ പോലും കഴിക്കാത്തയാളാണ് ഞാൻ.

അഡ്വഞ്ചർ സ്പോർട്സിനോടുള്ള ഇഷ്ടമാണ് ഈ സിനിമയിലേക്ക് ആദ്യം എന്നെ ആകർഷിച്ചത്. മാർഷ്യൽ ആർട്സ് മുഖ്യപ്രമേയമായ സിനിമകൾ മലയാളത്തിൽ കുറവല്ലേ. ഇത്രയും പഠിച്ചെടുത്ത് പെർഫോം ചെയ്യാൻ കഴിഞ്ഞതിൽ ഡബിൾ ഹാപ്പിയാണ്. ആകെയുള്ള സങ്കടം ഷൂട്ടിങ്ങിന്റെ അവസാന ദിവസം കൈയ്ക്കു പരുക്ക് പറ്റിയത് മാത്രമാണ്.

സിനിമയ്ക്കപ്പുറം നീതയുടെ ഇഷ്ടങ്ങൾ ?

യുഎസിൽ എം ടെക് ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് സിനിമ എന്നിലേക്ക് എത്തിയത്. പാട്ട് പാടാനും ഡ്രൈവ് ചെയ്യാനും ഒരുപാട് ഇഷ്ടമാണ്. ചെറുപ്പം മുതലേ സ്പോർട്സ് ഭയങ്കര ക്രേസ് ആയിരുന്നു. പ്രത്യേകിച്ചും ഔട്ട് ഡോർ ഗെയിംസ്.

ഷോപ്പിങ്ങും അണിഞ്ഞൊരുങ്ങലും ഒന്നും എനിക്ക് അത്ര ഇഷ്ടമില്ല. അനിയത്തി മനീഷയാണ് വേണ്ടതെല്ലാം ചെയ്യുന്നത്. എന്റെ ഏറ്റവും വലിയ ഇഷ്ടം അവളാണ്. അവളില്ലാതെ എ നിക്ക് ജീവിക്കാൻ പറ്റില്ലെന്നു തന്നെ പറയാം.

പിന്നെ, മുടി വെട്ടുന്നത് ഭയങ്കര റിഫ്രഷിങ്ങാണ്. ഗ്ലൂമിയായ ഒരു ദിവസം മുടി വെട്ടി സ്‌റ്റൈലൊന്നു മാറ്റി പിടിച്ചാൽ എനിക്ക് പോസിറ്റിവ് എനർജി ലഭിക്കും.

വിശദമായ വായന വനിത ഫെബ്രുവരി ആദ്യ ലക്കത്തിൽ