Saturday 10 October 2020 03:46 PM IST

‘ഡാന്‍സും ഡയലോഗും വേറെ, ഡയലോഗ് പറഞ്ഞാൽ കാശ് വാങ്ങിക്കണം അതായിരുന്നു എന്റെ പോളിസി’; പൊട്ടിച്ചിരിപ്പിക്കുന്ന കഥകളുമായി പ്രിയ നായികമാർ

V.G. Nakul

Sub- Editor

_C2R5621-copy
ഫോട്ടോ: ശ്യാം ബാബു

ഒന്നിച്ചു പഠിച്ച കൂട്ടുകാർ ഒരുപാടു കാലത്തിനു ശേഷം കണ്ടുമുട്ടിയതു പോലെയായിരുന്നു ആ കൂടിച്ചേരൽ. എൺപതുകളിലെ വെള്ളിത്തി രയിൽ വസന്തം സൃഷ്ടിച്ച, മലയാളിയുടെ എക്കാലത്തെയും പ്രിയങ്കരരായ എട്ടു നായികമാർ ‘വനിത’യ്ക്ക് വേണ്ടി ഒത്തുചേർന്ന വൈകുന്നേരം. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുടെയും ഓർമകളുടെയും വർ ണങ്ങൾ നിറഞ്ഞതായിരുന്നു പിന്നീടുള്ള കുറേ മണിക്കൂറുകൾ. വിധുബാലയും സീമയും അംബികയും പൂർണിമ ഭാഗ്യരാജും മേനകയും ശാന്തികൃഷ്ണയും ജലജയും നദിയ മൊയ്തുവും ചേർന്നപ്പോൾ മലയാള സിനിമയുടെ ആ പഴയ സുവർണകാലം ഒരിക്കൽ കൂടി പുനർജനിച്ചു. അഭിമുഖം എന്നതിനപ്പുറം വർത്തമാനത്തിന്റെ ഒഴുക്ക്. ‘ഞങ്ങൾ പറയുന്നതിൽ നിന്ന് നിങ്ങൾക്ക് വേണ്ടത് എഴുതിയെടുത്തോ...’ എന്ന മുൻകൂർ ജാമ്യത്തോടെ അവർ ഒാര്‍മകളിലേക്കു മടങ്ങിപ്പോയി. െഞട്ടിക്കുന്ന ഒരു വിേശഷം പങ്കുവച്ചാണ് ശാന്തികൃഷ്ണ സംസാരിച്ചു തുടങ്ങിയത്.

ശാന്തികൃഷ്ണ: ഞാനും വിധുബാലചേച്ചിയും ജീവിതത്തിൽ ആദ്യമായാണു നേരിൽ കാണുന്നത്. ഇങ്ങനെയൊരു സംഗമം ഒരുക്കിയതിനു വനിതയ്ക്കു പ്രത്യേക നന്ദി.

പൂർണിമ ഭാഗ്യരാജ്: അതൊരു വലിയ കൗതുകവാര്‍ത്ത തന്നെ. എങ്കിലും ഇക്കൂട്ടത്തിൽ ആരോടെങ്കിലും ഒപ്പം അഭിനയിക്കാത്ത ആരുമില്ലെന്നു തോന്നുന്നു.

വിധുബാല: അംബിക ചെറിയ കുട്ടിയായിരിക്കെ എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്.

അംബിക:  അതേ, ‘ധീരസമീരേ യമുനാതീരേ’ എന്ന സിനിമ.  ‘അജ്ഞാത തീരങ്ങളിൽ’ നമ്മള്‍ ചേച്ചിയും അനിയത്തിയുമായാണ് അഭിനയിച്ചത്.

വിധുബാല: ‘ഏഴാം കടലിനക്കരെ’യാണ് ഞാനും സീമയും ആദ്യം ഒന്നിച്ചഭിനയിച്ച സിനിമ എന്നാണ് ഓർമ.

സീമ: അല്ലല്ല. ‘ധീരസമീരേ യമുനാതീരേ’ തന്നെ. ഞാന്‍ ഡാൻസ് ഗ്രൂപ്പിനൊപ്പമാണ് വന്നത്. ഇതിൽ ആരാ മലയാളിക്കുട്ടിയുള്ളതെന്നു മധുസാർ ചോദിച്ചപ്പോൾ മാസ്റ്റർ എന്നെ ചൂണ്ടിക്കാണിച്ചു. ‘എന്താ’ എന്നൊരു ഡയലോഗ് പറയണം. ‘സൊല്ലമാട്ടേ സാർ. ഒരു നൂറ് രൂപ കൊടുക്കണ’മെന്നായി ഞാൻ. അക്കാലത്ത് നൂറു രൂപ വലിയ തുകയാണ്. മധുസാർ ചിരിയോട് ചിരി.

അംബിക: ‘എന്താ’ എന്നൊരു വാക്ക് മാത്രം പറയാന്‍ നൂറു രൂപയോ?

സീമ: സത്യമാണ്. ഡാന്‍സ് േവറെ, ഡയലോഗ് വേറെ. ഡയലോഗ് പറഞ്ഞാൽ കാശ് വാങ്ങിക്കണം. അതായിരുന്നു എന്‍റെ പോളിസി.

വിധുബാല: ഞാൻ എഴുപതുകളിലായിരുന്നു അഭിനയരംഗത്തുണ്ടായിരുന്നത്. ഇവരെല്ലാം അതു കഴിഞ്ഞാണ് സജീവമായത്. ‘േകാളജ് േഗള്‍’ എന്ന സിനിമയില്‍ പ്രേം നസീര്‍ സാറിന്‍റെ നായികയായിട്ടാണ് തുടക്കം. എൺപതുകളിലെ നായികമാരുടെ കൂട്ടത്തിലല്ല ഞാൻ.

മേനക: പക്ഷേ, 79 ൽ ചേച്ചി അഭിനയം നിർത്തിയെങ്കിലും ഓപ്പോളിൽ എനിക്കു ഡബ്ബ് ചെയ്തത് ചേച്ചിയാണ്. അങ്ങനെ നോക്കുമ്പോൾ ചേച്ചിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

അംബിക: ചേച്ചി ഡബ്ബ് ചെയ്തിട്ടുണ്ടോ?

വിധുബാല: അക്കാലത്ത് ഞാൻ കുറേ സിനിമകൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. ‘ഓപ്പോളി’ൽ മേനകയ്ക്കും ‘ഓർമകൾ മരിക്കുമോ’യിൽ ശോഭയ്ക്കും ‘തൃഷ്ണ’യിൽ രാജലക്ഷ്മിക്കും ഞാനാണ് ശബ്ദം കൊടുത്തത്.

മേനക: ഞാന്‍ സീമച്ചേച്ചിയുടെയും പൂർണിമയുടെയും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഞാന്‍ നിർമിച്ച ‘വിഷ്ണുലോക’ത്തില്‍ ശാന്തികൃഷ്ണയും അഭിനയിച്ചു. ഇനി ഒരു രഹസ്യം പറയാം. ആ റോളില്‍ ഞാനാണ് അഭിനയിക്കേണ്ടിയിരുന്നത്. പക്ഷേ, മൂത്ത മോള് കുഞ്ഞായിരുന്നതിനാൽ സാധിച്ചില്ല. കരഞ്ഞു കൊണ്ടാണ് ആ വേഷം ഞാൻ ശാന്തികൃഷ്ണയ്ക്ക് കൊടുത്തത്.

ശാന്തികൃഷ്ണ: അത് നന്നായി. നല്ലൊരു േറാള്‍ എനിക്കു കിട്ടിയല്ലോ....

സീമ: മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഒന്നും ഇല്ലാത്ത കാലത്താണല്ലോ ഞങ്ങൾ ഒന്നിച്ചഭിനയിച്ചിരുന്നത്. എപ്പോഴും വിളിക്കുകയൊന്നുമില്ല. ഷൂട്ടിങ്ങിനിടയിലാണ് കൂടുതലും കാണുക. എന്നാലും ഇന്നലെ കണ്ടു പിരിഞ്ഞ പോലെയാണ് തോന്നുക. അങ്ങനെ സംസാരിച്ചു തുടങ്ങാൻ പറ്റുമായിരുന്നു. അക്കാലത്തെ സൗഹൃദം ഞങ്ങൾക്കിടയിൽ ഇപ്പോഴുമുണ്ട്.

ജലജ: രാജാവിന്‍റെ മകനില്‍ നായകന്‍ േമാഹന്‍ലാല്‍ വാങ്ങി യതിലും പ്രതിഫലം അംബികച്ചേച്ചിക്കാണു ലഭിച്ചതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സംഗതി സത്യമാേണാ?

അംബിക: ഇനി ഇന്‍കംടാക്സ്കാര്‍ അന്വേഷിച്ചു വരുമോ?

നദിയ മൊയ്തു: പത്തു മുപ്പതു വര്‍ഷം മുന്‍പല്ലേ, പേടിക്കണ്ട.

_C2R5635

അംബിക: എങ്കില്‍ പറയാം, അതു സത്യമാണ്.

മേനക: സീമേച്ചി, അംബികേച്ചി, പൂർണിമ തുടങ്ങി പലരോടും ഇപ്പോഴും വളരെ സജീവമായ അടുപ്പമുണ്ട്. ശാന്തിയെയും  ജലജയെയും കുറച്ചു കാലം എങ്ങും കാണാനില്ലായിരുന്നു.

ശാന്തികൃഷ്ണ: 22 വർഷത്തിനു ശേഷമാണ് മൂന്നാമത്തെ മടങ്ങി വരവ്. ഏറ്റവും വലിയ രസം എന്റെ ആദ്യത്തെ സിനിമ മുതൽ ഓരോ തിരിച്ചുവരവിലെയും സിനിമകളുടെ പേര് തുടങ്ങുന്നത് ‘എൻ’ എന്ന ഇംഗ്ലിഷ് അക്ഷരത്തിലാണ്. ആദ്യ വരവ് ‘നിദ്ര’. രണ്ടാം വരവ് ‘നയം വ്യക്തമാക്കുന്നു’. മൂന്നാം വരവ്, ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’.

പൂർണിമ: ഞാനും ശാന്തിയും ബോംബെയിൽ ഒന്നിച്ച് ഡാൻസ് പഠിച്ചിട്ടുണ്ട്. അന്നു മുതൽ തമ്മിൽ അറിയാം.

മേനക: ഇന്നത്തെപ്പോലെ കാര്യങ്ങൾ അപ്പപ്പോൾ അറിയാൻ അന്ന് വാട്സ്ആപ്പും ഫെയ്സ്ബുക്കും ഒന്നും ഇല്ലല്ലോ.

സീമ: ഇതൊക്കെയുണ്ടെങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദവും അടുപ്പവും ഇപ്പോഴത്തെ കുട്ടികൾക്കിടയിൽ ഉണ്ടോ എന്നു സംശയമാണ്.

അംബിക: അതു ശരിയാണ്. കുറച്ച് അഹങ്കാരത്തോടെ തന്നെ അതു പറയാം.

നദിയ മൊയ്തു: ‘നോക്കെത്താ ദൂരത്തി’ൽ അഭിനയിക്കാൻ വന്നപ്പോൾ ഫാസിൽ സാര്‍, ‘ആയിരംകണ്ണുമായ്...’ എന്ന പാട്ട് േകള്‍പ്പിച്ചിട്ടു പാടാൻ പറഞ്ഞു. പാട്ട് പാടിയാലേ ചാൻസ് കിട്ടൂ എന്നു കരുതി ഞാൻ വീണ്ടും വീണ്ടും ആ പാട്ട് തന്നെ പാടിക്കൊണ്ടിരുന്നു. ഷൂട്ട് കഴിഞ്ഞ് റഷസ് കാണിച്ചിട്ട് എങ്ങനെയുണ്ടെന്ന് സാര്‍ ചോദിച്ചു. കുഴപ്പമില്ല എന്നു തോന്നുന്നൂന്ന് എന്‍റെ മറുപടി. ഫാസില്‍ സാര്‍ പറഞ്ഞു, ‘അല്ല, ഇനിയും ഒത്തിരി മുന്നോട്ട് പോകാനുണ്ട്.’

മേനക: സേതുമാധവൻ സാർ ‘ഓപ്പോളി’ലേക്ക് വിളിച്ചപ്പോൾ ആദ്യം ഞാൻ സമ്മതിച്ചില്ല. അദ്ദേഹം തിരികെപ്പോകുമ്പോഴാണ് തമിഴ് സംവിധായകൻ അഴകപ്പന്‍ സാർ വീട്ടിലേക്ക് വന്നത്. കാര്യം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘മണ്ടിപ്പെണ്ണേ, അത് എത്ര െപരിയ ഡയറക്ടര്‍ എന്നു നിനക്കു െതരിയുമാ? അദ്ദേഹത്തിന്‍റെ സിനിമയില്‍ ഒന്നു മുഖം കാണിക്കാന്‍ എത്ര േപരാണ് കാത്തുനില്‍ക്കുന്നതെന്നോ. ഇപ്പോ തന്നെ പോയി അഭിനയിക്കാം എന്നു സമ്മതിക്കണം.’

അങ്ങനെ ഞാനും അച്ഛനും കൂടി അദ്ദേഹത്തെ എവിഎം സ്റ്റുഡിയോയിൽ ചെന്ന് കണ്ട് സമ്മതം അറിയിക്കുകയായിരുന്നു.

വിധുബാല: ഒരിക്കൽ ആലപ്പുഴയിൽ ഒരു ഷൂട്ടിങ്. നായകനായ വിൻസന്റ ് കുളത്തിൽ ഇറങ്ങി കുഞ്ഞിനെ എടുത്ത് എന്റെ കയ്യിൽ തരുന്ന സീൻ ആണ്. കുളം മൊത്തം അഴുക്കും ദുർഗന്ധവും. നാറ്റം കാരണം ഞാൻ ആദ്യം സമ്മതിച്ചില്ല. കുഞ്ഞിനെ മേടിക്കില്ലെന്ന് കട്ടായം പറഞ്ഞു. പിന്നീട് അഭിനയിച്ചു. ഷൂട്ട് കഴിഞ്ഞ് എല്ലാവരും കൂടെ വിൻസന്റിനെ ചൂടുവെള്ളവും ഡെറ്റോളും ഒഴിച്ച് കുളിപ്പിക്കുകയായിരുന്നു.

മേനക: ‘രതിനിർവേദ’വും ‘ചട്ടക്കാരി’യുമൊക്കെ റീമേക്ക് ചെയ്ത ശേഷം സുരേഷേട്ടൻ ‘അവളുടെ രാവുകൾ’ക്ക് വേണ്ടി ശശിയേട്ടനെ സമീപിച്ചിരുന്നു. പക്ഷേ, സമ്മതിച്ചില്ല. അത് സീമയ്ക്ക് വേണ്ടി മാത്രമുള്ള കഥാപാത്രമാണ്. നീ എന്റെ വേറെ ഏതു പടം വേണമെങ്കിലും എടുത്തോ, ഇതു മാത്രം തരില്ല എ ന്നു പറഞ്ഞു.

വിധുബാല: അന്നത്തെ കാലത്ത് ഒരു നായികയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ തുടക്കമായിരുന്നു സീമയുടേത്. ‘അവളുടെ രാവുകൾ’ അത്ര വലിയ തരംഗമായിരുന്നു. അത്തരമൊരു ജനപ്രീതി മറ്റൊരു നായികയ്ക്കും ആദ്യ സിനിമയിൽ നിന്നു കിട്ടിയിട്ടില്ല.

സീമ: പിന്നീടുള്ള മൂന്ന് വർഷം തിരക്കോട് തിരക്കായിരുന്നു. ഇരുപത്തിയഞ്ച് സിനിമകൾ വീതമാണ് ചെയ്തത്.

വിധുബാല: എനിക്കും ഒരുപാട് നല്ല കഥാപാത്രങ്ങൾ തന്ന സംവിധായകനാണ് ശശി. പക്ഷേ, എപ്പോള്‍ കണ്ടാലും വഴക്കാണ്. ഞാൻ അഭിനയം നിർത്തിയ ശേഷം ശശി എന്നെ ‘തൃഷ്ണ’ എന്ന സിനിമയിലേക്കു വിളിച്ചു. ഇനി അഭിനയിക്കുന്നില്ല എന്നു പറഞ്ഞപ്പോള്‍ കുറേ നിര്‍ബന്ധിച്ചു, ശാസിച്ചു. പക്ഷേ, എന്‍റെ തീരുമാനത്തിനു മാറ്റമില്ലായിരുന്നു. ഒടുവില്‍ എങ്കിൽ വന്ന് ഡബ്ബ് ചെയ്യാൻ പറഞ്ഞു. അങ്ങനെയാണ് തൃഷ്ണയിൽ രാജലക്ഷ്മിക്ക് ഡബ്ബ് ചെയ്തത്. ഈ കഥയെല്ലാം േകട്ടിട്ടും ജലജ ഒന്നും മിണ്ടുന്നില്ലല്ലോ. ഇവിടേം ദുഃഖപുത്രിയായി ഇരിക്കുകയാണോ?

ജലജ: മിക്ക സിനിമകളിലും കഷ്ടപ്പെട്ടു കരഞ്ഞു കരഞ്ഞ് നേടിയെടുത്തതാണ് ദുഃഖപുത്രി ഇമേജ്. അതങ്ങനെ മാറ്റാന്‍ പറ്റില്ല. ഈ ഇമേജ് െകാണ്ടു ചില ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. ‘യവനിക’യുടെ ക്ലൈമാക്സിൽ എന്റെ കഥാപാത്രമാണ് തബലിസ്റ്റ് അയ്യപ്പനെ കൊന്നതെന്ന് അറിയുമ്പോൾ എല്ലാവരും ശരിക്കും ഞെട്ടി. ഇമേജിന്റെ  ഗുണം ആ സസ്പെന്‍സ് കൃത്യമായി പ്രേക്ഷകരിൽ എത്തുന്നതിൽ സഹായിച്ചു.

അംബിക: പണ്ടൊക്കെ സ്റ്റുഡിയോകളിൽ ഷൂട്ട് നടക്കുമ്പോ ൾ അടുത്ത ഫ്ലോറിലെ ഷൂട്ടിങ്ങിൽ ആരൊക്കെയുണ്ടെന്ന് തിരക്കും. അറിയുന്നവരാണെങ്കില്‍ അങ്ങോട്ട് പോകും. അന്നൊക്കെ സീമച്ചേച്ചിയെയോ പൂർണിമയെയോ ശാന്തിയെയോ ഒ ക്കെ കാണാൻ പോകുമ്പോൾ ‘ഞാൻ എന്തിനാ അങ്ങോട്ട് പോകുന്നത്, വേണമെങ്കിൽ അവര്‍ ഇങ്ങോട്ട് വരട്ടെ’ എന്നൊന്നും ചിന്തിക്കാറേയില്ല.

വിധുബാല: അന്ന് കാരവാനും കുട പിടിക്കന്‍ സഹായികളും ഒന്നും ഇല്ലല്ലോ. സൗഹൃദങ്ങൾക്ക് അതിന്റേതായ സ്വാതന്ത്ര്യ മുണ്ടായിരുന്നു.

മേനക: മലയാള സിനിമകളുടെ സെറ്റിൽ മാത്രമല്ല. കന്നഡ പ ടങ്ങളുടെയും തമിഴ് പടങ്ങളുമൊക്കെ സെറ്റിൽ കയറിച്ചെല്ലും. എല്ലാവരെയും കാണും.

വിധുബാല: അന്നൊക്കെ ടൈറ്റ് ഷെഡ്യൂളാണ്. ചെന്നൈയിലെ സ്റ്റുഡിയോകളിൽ, തമിഴ് സിനിമകളുടെ ഷൂട്ടിങ് കഴിഞ്ഞ്, രാത്രിയിലെ മലയാള സിനിമകൾക്ക് ഫ്ലോർ കിട്ടൂ. അതിനാൽ പകൽ ഹൈദരാബാദില്‍ മറ്റു ഭാഷകളിൽ അഭിനയിച്ചിട്ട് രാത്രിയിൽ വന്ന് മലയാളം പടങ്ങൾ ചെയ്യും.

സീമ: വേറെ ഒരു രസം എന്താണെന്നറിയാമോ, സ്റ്റുഡിയോയിൽ ഞാൻ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ട് നടക്കുന്നതിന്റെ അടുത്ത ഏതെങ്കിലും ഫ്ലോറിൽ ജയേട്ടൻ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങുണ്ടാകും. ആരാധികമാർ അദ്ദേഹത്തെ കാണാൻ വരുമ്പോൾ ‘മിസ്റ്റർ ജയൻ ഈസ് ഹിയർ?’ എന്ന് ആദ്യം എന്നോടാണ് വന്നു ചോദിക്കുക.

മേനക: എവിടെയും സീമേച്ചി ഉണ്ടെങ്കിൽ സമയം പോകുന്ന തറിയില്ല. എപ്പോഴും എന്തെങ്കിലും പറഞ്ഞ് ചിരിപ്പിക്കും.

വിധുബാല:  ഇടയ്ക്ക് ആരോ എന്നോട് ചോദിച്ചു. ‘സീമ എങ്ങനെയുണ്ടെ’ന്ന്. ഞാൻ പറഞ്ഞു, അതിന് ഒരു മാറ്റോമില്ല. ഉരുളയ്ക്ക് ഉപ്പേരി പോലെ സംസാരിച്ചോണ്ടിരിക്കും.

സീമ: (െതാഴുെെകകളോെട) അക്കാ... ഞാൻ പാവം...

മേനക: സീമേച്ചിയുടെ ചിരിയാണ് ഞങ്ങളുടെ ടോണിക്. അതിൽ അംബികേച്ചിയും ഒട്ടും മോശമല്ല.

സീമ: ഞാൻ എപ്പോഴും ഇങ്ങനെയാണ്. ആർക്കെങ്കിലും ഫീൽ ചെയ്യുമോ എന്നൊന്നും ചിന്തിക്കാറില്ല. എന്നെ അറിയുന്നവർക്കറിയാം എന്റെ രീതി.

നദിയ മൊയ്തു: ഇക്കൂട്ടത്തിൽ ഇപ്പോൾ പലരെയും മിസ് ചെയ്യുന്നുണ്ട്. അവർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നുന്നു.

ജലജ: അതേ. ഉർവശിയെയും ഗീതയെയും  കാർത്തികയെയും ശോഭനയെയും ഒക്കെ കാണണമെന്നുണ്ട്.

സീമ: ഇക്കൂട്ടത്തിൽ എല്ലാവരെയും എപ്പോഴും വിളിക്കുന്നതും സജീവമായ ബന്ധം സൂക്ഷിക്കുന്നതും മേനകയാണ്.

വിധുബാല: ഞങ്ങൾക്കിടയിലെ പാലം എന്നു വിശേഷിപ്പിക്കാം അല്ലേ?

പൂർണിമ: കൽപ്പന മരിച്ചപ്പോൾ ഞാൻ ആദ്യം വിളിച്ചത് മേനകയെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരെങ്കിലും മരിച്ചു എന്നു കണ്ടാൽ വിശ്വസിക്കാന്‍ പറ്റില്ല. അറിയുന്ന ആരെയെങ്കിലും വിളിച്ച് ഉറപ്പു വരുത്തണം.

അംബിക: അതേ. സോഷ്യൽ മീഡിയയിൽ കാണുന്നതൊന്നും കണ്ണടച്ചു വിശ്വസിക്കാനാകില്ല. പലരുടെയും മരണവാർത്ത അറിഞ്ഞു തിരക്കുമ്പോഴാകും വെറുതെയായിരുന്നു എ ന്നറിയുക.

മേനക: വാട്സ്ആപ്പിൽ എന്ത് അയച്ചാലും സീമേച്ചി മറുപടി തരില്ല. ‘എടീ ദൈവങ്ങളുടെ നല്ല പടങ്ങൾ കിട്ടിയാൽ അയക്കണേ’ എന്ന് എന്റെ അടുത്ത് എപ്പോഴും പറയും. ഞാൻ കുത്തിയിരുന്ന് കുറേ എണ്ണം അയച്ചു കൊടുക്കും. പക്ഷേ, മറുപടി വരില്ല.

സീമ: നിന്നോട് പടം അയയ്ക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ. റിപ്ലൈ തരും എന്ന് പറഞ്ഞിട്ടില്ല. ഞാൻ വാട്സ്‌ആപ്പിൽ മെസേജ് അയയ്ക്കുന്നവരോട് ഒന്നേ പറയാറുള്ളൂ. ‘മെസേജ് അയച്ചോളൂ. റിപ്ലൈ പ്രതീക്ഷിക്കരുത്.’

വിധുബാല: ഇതൊക്കെ ഉപയോഗിക്കാന്‍ എനിക്കും അത്ര പിടിയില്ല. ഷൂട്ടിങ്ങിനും പരിപാടികൾക്കുമൊക്കെ പോകുമ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് മെയിലിലോ വാട്സ്‌ആപ്പിലോ ആകും അയയ്ക്കുക. പെട്ടു പോകും.

ശാന്തികൃഷ്ണ: ജലജ വീണ്ടും ഒന്നും സംസാരിക്കുന്നില്ലല്ലോ. സിനിമയിലെപ്പോലെ തന്നെ.

ജലജ: എല്ലാവരും സംസാരിക്കുമ്പോൾ കേൾക്കാനും ആരെങ്കിലും വേണ്ടേ. അപ്പോൾ ഒരു കേൾവിക്കാരി ആയി എന്നേയുള്ളൂ. ഞാൻ നന്നായി സംസാരിക്കാറുണ്ട്.

എന്തായാലും കുേറനാളായി നദിയയോടു േചാദിക്കണം എന്നു വച്ച കാര്യം ഇപ്പോ േചാദിക്കാം. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടിൽ’ ഒരു കണ്ണാടി വച്ചിട്ട് മോഹൻലാലിനെ ഡ്രസ് ഇല്ലാതെ കാണാന്‍ പറ്റും എന്നു പറയുന്ന സീനില്ലേ. അന്നേരമുള്ള നദിയയുടെ എക്സ്പ്രഷൻ ഇപ്പോ കണ്ടാലും ചിരിവരും. ശരിക്കും ആ കണ്ണട വച്ചാൽ അങ്ങനെ...

ജലജ േചാദ്യം മുഴുവനാക്കും മുന്‍പ് നദിയ ഉത്തരം പറഞ്ഞു, ‘ഞാൻ കണ്ടല്ലോ...’

ഒരു നിമിഷം ആ വേദി ചിരിയുടേതു മാത്രമായി.

_C2R5591
Tags:
  • Celebrity Interview
  • Movies