Saturday 05 October 2019 04:58 PM IST

‘സുന്ദരി ആണെന്ന് അന്നൊന്നും എനിക്ക് തോന്നിയിരുന്നില്ല; തീർത്തും മെലിഞ്ഞുനീണ്ട ഒരു രൂപം’

Rakhy Raz

Sub Editor

nyla-usshh6 ഫോട്ടോ : ശ്യാം ബാബു

"നിന്റെ ചെകിട് നോക്കിയൊന്ന് പൊട്ടിച്ചാല്ണ്ടല്ലാ.. ചീള് ചെക്കാ.." എന്ന കിടിലൻ ഡയലോഗുമായാണ് നൈലയുടെ പുതിയ വരവ്. ‘പൊറിഞ്ചുമറിയംജോസ്’ എന്ന ജോഷി ചിത്രത്തിൽ പൊറിഞ്ചുവായി വരുന്നത് ജോജു ജോർജ്, ജോസായി ചെമ്പൻ വിനോദും. അപ്പോഴേ പലരും പറഞ്ഞു, ‘അപ്പോ  മറിയം പൊളിക്കൂട്ടാ...’ പ്രതിഭ തെളിയിച്ച രണ്ട് നടന്മാരോടൊപ്പം ശക്തമായ കഥാപാത്രമാകുകയാണ് നൈല.

‘‘റൗഡി ലുക് ആണെങ്കിലും സിനിമയിൽ ഞാനൊരു ചട്ടമ്പി കല്യാണിയല്ല കേട്ടോ. പക്ഷേ, തല്ലണമെങ്കിൽ തല്ലാൻ റെഡി. എന്തുകൊണ്ട് ഈ റോളിൽ ഞാൻ എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. ‘മറിയം ഈസ് ക്രേസി’ എന്ന് ട്രെയിലറിൽ പറയുന്നതു പോലെ ഈ റോളിനെക്കുറിച്ച് ഓർക്കുമ്പോൾ ഞാനൽപം ക്രേസി ആണ്.’ നൈല ചിരിക്കുന്നു.

‘‘എൺപതുകളിൽ തൃശൂരിൽ നടക്കുന്ന കഥയാണ്. തൃശൂർ സ്ലാങ്ങിൽ സംസാരിക്കണം. ഇതൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നി, ഇത് ഞാൻ കുളമാക്കാനാണ്  സാധ്യത. കാരണം, തിരുവനന്തപുരംകാരിയായ ഞാൻ എങ്ങനെ ശ്രമിച്ചാലും തൃശൂർ ഭാഷ പറഞ്ഞൊപ്പിക്കാൻ പറ്റില്ല. ജോഷി സാർ ആളൊരു ചൂടൻ ആണെന്നാണ് കേട്ടിരിക്കുന്നത്. വഴക്ക് കേട്ട് നാണം കെടേണ്ടി വരുമല്ലോ എന്നോർത്ത് ഞാൻ ഇത് വേണ്ടെന്ന് വച്ചാലോ എന്ന് ആലോചിച്ചു. പക്ഷേ, ഒരു ജോഷി സിനിമയിൽ അഭിനയിക്കാനുള്ള ചാൻസ് എങ്ങനെ വിട്ടുകളയും?’’

അഭിനയിച്ചു തുടങ്ങിയപ്പോൾ അഭിപ്രായം മാറിയോ?

ജോഷി സാറിനെ കണ്ടപ്പോൾ മനസിലായി  കേട്ട പോലെ ഒരു ഹിറ്റ്ലർ ഒന്നും അല്ല ആളെന്ന്. ജോഷി സാറിന് സിനിമയോടുള്ള സ്നേഹം ആണ് നമുക്കൊക്കെ ഏറ്റവും വലിയ പാഠം. രാത്രി വൈകി രണ്ട് മണിക്കും മൂന്നു മണിക്കും ഒക്കെ ഷൂട്ട് ഉള്ളപ്പോഴും ആദ്യ സിനിമ ചെയ്യുന്ന ഒരാളുടെ ശ്രദ്ധയും കൗതുകവും ആണ് ആ മുഖത്ത്്. സിനിമാ ലോകത്തെ മാസ്റ്റർ ഇങ്ങനെ ആണെങ്കിൽ നമ്മൾ ഒക്കെ ഇത്രയൊക്കെ ആയാൽ മതിയോ എന്ന് ഒരു കുറച്ചിൽ എനിക്കു തോന്നിത്തുടങ്ങി. ആറ്റിറ്റ്യൂഡ്  മാറുക എന്നാൽ നമ്മൾ സ്വയം മാറുക എന്നല്ലേ. സിനിമയോട് ഒരുപാട് അടുപ്പം തന്ന ആ ദിനങ്ങൾക്ക് ഞാൻ അദ്ദേഹത്തിന് എങ്ങനെ നന്ദി പറയണം...  

ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നും  അന്ന് പേടിച്ച് ഈ റോൾ വേണ്ടെന്നു വച്ചിരുന്നെങ്കിൽ എത്ര വലിയ മണ്ടത്തരമായി പോയേനേ എന്ന്. ഒരു കാര്യം ഉറപ്പായി.  പൊറിഞ്ചുവിന് മുൻപ് പൊറിഞ്ചുവിന് ശേഷം എന്ന് വേർതിരിക്കാവുന്ന ഒരു വലിയ മാറ്റം എന്റെ കരിയറിൽ ഉണ്ടാകാൻ പോകുകയാണ്.

തിരുവനന്തപുരംകാരിക്ക്  സംസാരത്തിൽ തിരുവനന്തപുരം സ്ലാങ് തീരെയില്ല?

തിരുവനന്തപുരത്ത് ജീവിക്കുന്ന എല്ലാവരും ആ സ്ലാങ്ങിൽ അല്ല സംസാരിക്കുന്നത്. സുരാജേട്ടനും മറ്റും മിമിക്രിയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള സ്ലാങ് പോപ്പുലറായി എന്നേ ഉള്ളൂ. കേൾക്കാനുള്ള രസം കൊണ്ട് സിനിമയിൽ ഇത്തിരി ഓവർ ആയി അത് ഉപയോഗിക്കുന്നുണ്ട്.

വീട്ടിൽ ആരുംതന്നെ ആ ശൈലിയിൽ സംസാരിക്കാറില്ല. സാധാരണ മലയാളമാണ് വീട്ടിലുള്ളവരെല്ലാം  സംസാരിക്കുന്നത്. അത് എനിക്കും കിട്ടി. പിന്നെ വർഷങ്ങളായി റേഡിയോയിൽ അല്ലേ ഞാൻ.

ഏതൊരു സുന്ദരി പെൺകുട്ടിയേയും പോലെ പഠിക്കുമ്പോൾ മുതലേ സിനിമ സ്വപ്നം കണ്ടിരുന്നോ ?

ഞാൻ സുന്ദരി ആയിരുന്നെന്ന് അന്നൊന്നും എനിക്കു തോന്നിയിരുന്നേയില്ല. തീർത്തും മെലിഞ്ഞ രൂപം. പക്ഷേ,  നല്ല പൊക്കം ഉണ്ടായിരുന്നതു കൊണ്ട് എല്ലാവരുടേയും ശ്രദ്ധ പെട്ടെന്നു കിട്ടും. നിറയെ മുടിയും ഉണ്ടായിരുന്നു. മിസ് ഒാൾ സെയിന്റ്സ് ഒക്കെ ആയിരുന്നെങ്കിലും എന്നെ ആരും അന്ന് സിനിമയിലേക്കൊന്നും വിളിച്ചില്ല.

വിളിച്ചിരുന്നെങ്കിലും വീട്ടിൽ നിന്ന് അന്നൊന്നും സിനിമയിൽ വിടില്ല എന്നുറപ്പായിരുന്നു. ‘ആദമിന്റെ മകൻ അബു’വിന് അവാർഡ് കിട്ടിയ സമയത്ത് ഞാൻ റേഡിയോയിൽ സലിം അഹമ്മദിനെ ഇന്റർവ്യൂ ചെയ്തു.  ഇന്റർവ്യൂ കഴിഞ്ഞ് ഞാൻ പറഞ്ഞു ‘എന്നോട് ക്ഷമിക്കണം ആ സിനിമ ഞാൻ കണ്ടിട്ടില്ല’. ഇപ്പോഴും സലിം പറയും. ‘സിനിമ കാണാതെ സംവിധായകനെ ഇന്റർവ്യൂ ചെയ്ത ആളാണ് ഈ കക്ഷി ’ എന്ന്. എന്തായാലും  ആ പരിചയം ആണ്  ‘കുഞ്ഞനന്തന്റെ കട’ എന്ന ആദ്യ സിനിമ സമ്മാനിച്ചത്.

റേഡിയോയിൽ പല വിഷയങ്ങൾ കൈകാര്യം ചേയ്യേണ്ടതിനാൽ നല്ല വായന ഉണ്ടാകുമല്ലേ ?

അയ്യോ ഇല്ല. അന്നും ഇന്നും ഞാൻ കാര്യമായി വായിക്കാറേയില്ല. വല്യ പഠിത്തക്കാരിയും ആയിരുന്നില്ല. ബിഎ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പഠിക്കുന്ന സമയത്ത് ഒരു പ്രമുഖ ചാനലിനു വേണ്ടി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ കവർ ചെയ്യാൻ അവസരം കിട്ടി. ഒരു മാസത്തെ പരിപാടി. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളായിരുന്നു അത്. തിരിച്ചു വരാൻ എനിക്ക് സങ്കടമായിരുന്നു.

നല്ല ശമ്പളമുള്ള ജോലി വേണം എന്നും അടിച്ചുപൊളിച്ച് ജീവിക്കണമെന്നും ആ പ്രായത്തിലെ ഏതൊരു പെൺകുട്ടിയേയും പോലെ ആഗ്രഹിച്ചിരുന്നു. ഒരു ശരാശരി പഠിത്തക്കാരിക്ക് വലിയ ശമ്പളം ഉള്ള ജോലി ആര് തരാനാണ് എന്നൊക്കെ ഓർത്തിരിക്കുന്ന കാലത്താണ് റേഡിയോയിൽ നിന്ന് ഓഫർ വരുന്നത്. ദുബായ്‌യിൽ നിന്ന് മലയാളത്തിൽ ആദ്യമായി തുടങ്ങുന്ന എഫ്എം റേഡിയോ. ആഗ്രഹിച്ചതിനേക്കാൾ വലിയ ഓഫർ. പിന്നെ, ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.

അന്നൊക്കെ ഒറ്റയ്ക്ക് വിദേശത്ത് പോയി ജോലി ചെയ്യാനുള്ള ധൈര്യം, അയയ്ക്കാൻ വീട്ടുകാരുടെ മനസ്സ്...?

അച്ഛൻ മരിക്കുന്നതു വരെ ഞങ്ങൾ ദുബായ്‌യിൽ ആയിരുന്നു. അച്ഛന്റെ മരണത്തോടെയാണ് നാട്ടിലെത്തിയതെങ്കിലും ദുബായ് എനിക്ക് ശരിക്കും മിസ് ചെയ്യുന്നുണ്ടായിരുന്നു. വീട്ടിൽ എതിർപ്പുണ്ടായി. പക്ഷേ, ഞാൻ പറഞ്ഞ് മനസിലാക്കി. എന്റെ കുടുംബത്തിൽ നിന്ന് ഒറ്റയ്ക്ക് പുറത്ത് പോയി ജോലി ചെയ്യുന്ന ആദ്യത്തെ പെൺകുട്ടി ഞാൻ ആയിരിക്കും.

nyla-usha5543

അമ്മ എന്റെ കൂടെ ദുബായ്‌യിൽ വന്നു നിന്നു. പിന്നീട് ചേച്ചിയും അനിയനും വന്നു. അങ്ങനെ ഒരിക്കലും പ്രതീക്ഷിക്കാതെ ഞങ്ങളെല്ലാരും തിരിച്ച് ദുബായ്‌യിൽ എത്തി. ചേച്ചി ഇപ്പോൾ അമേരിക്കൻ എക്സ്പ്രസിൽ ജോലി ചെയ്യുന്നു. അനിയൻ ടർക്കിഷ് എയർലൈൻസിലും.

ആഗ്രഹിക്കാതെ നേടിയ കരിയറിൽ പിന്നീട് നൈല തിളങ്ങി, അല്ലേ ?

റേഡിയോയിലെ ജോലി ആദ്യമൊന്നും അത്ര എക്സൈറ്റിങ്  അല്ലായിരുന്നു. കാരണം, എനിക്ക് എന്റെ ശബ്ദം തീരെ ഇഷ്ടമല്ലായിരുന്നു എന്നതാണ്. കുറച്ചു നാൾ ദുബായ്‌യിൽ പോയി അടിച്ചു പൊളിച്ചിട്ട് വരാം എന്ന മനസ്സുമായാണ് പോയത്.

പക്ഷേ, ചെയ്തുതുടങ്ങിയപ്പോൾ ആ കരിയറിനോട് വല്ലാത്ത സ്നേഹമായി. അതിരാവിലെ തുടങ്ങുന്ന ഷോ ആണ് എന്റേത്. രാവിലെ പല മൂഡിലായിരിക്കും പലരും. ചിലപ്പോൾ തലേദിവസത്തെ ടെൻഷനുമായിട്ടായിരിക്കും എഴുന്നേൽക്കുക. നമ്മൾ പോസിറ്റീവ് ആയ കാര്യങ്ങൾ പറയുമ്പോൾ അ വർ നല്ല മൂഡിലാകും. ചിലർ ഡ്രൈവ് ചെയ്യുന്നതിനിടയിലായിരിക്കും വിളിക്കുക. ഭർത്താവും മക്കളും പോയി കഴിഞ്ഞ് ഒറ്റയ്ക്ക് ഇരിക്കുന്ന നേരത്ത് വീട്ടമ്മമാർ വിളിക്കും.

അതുകൊണ്ടൊക്കെ നമ്മളോട് അവർക്ക് ഒരു കൂട്ടുകാരിയോടുള്ള സ്നേഹമാണ്. ഈ സന്തോഷങ്ങളൊക്കെയാണ് റേഡിയോ വേണ്ടെന്ന് കരുതിയ എന്നെ രാവിലെ ആറ് മണി തൊട്ട് പതിനൊന്ന് വരെ നീളുന്ന ബിഗ് ബ്രേക് ഫാസ്റ്റ് ക്ലബ് എന്ന അഞ്ച് മണിക്കൂർ പരിപാടി പതിനഞ്ച് വർഷമായി മടുക്കാതെ ചെയ്യാൻ സഹായിക്കുന്നത് .

സിനിമയിൽ തിരക്കായാൽ പ്രിയപ്പെട്ട റേഡിയോ ഉപേക്ഷിക്കേണ്ടി വരുമല്ലോ?

ടിവി, സിനിമ, സ്റ്റേജ് ഒക്കെ ഞാൻ ചെയ്യുന്നുണ്ടെങ്കിലും ഏറ്റവും ഇഷ്ടം റേഡിയോ ആണ്. ലീവ് ഉള്ളപ്പോൾ സിനിമ ചെയ്യുക എന്നതാണ് ഇപ്പോഴത്തെ രീതി. വർഷത്തിൽ 30 –35 ദിവസം ലീവ് ഉണ്ട്. വീക്കെൻഡ് ലീവ് കൂടി കൂട്ടിയാൽ ഒരു 50–55 ദിവസം കിട്ടും. സിനിമയ്ക്കു വേണ്ടി അത് മാനേജ് ചെയ്ത് എടുക്കുകയാണ്. മാറി നിൽക്കുന്ന ദിവസങ്ങളിൽ സ്ഥിരമായി പ്രോഗ്രാം കേൾക്കുന്നവർക്ക് നമ്മളെ മിസ് ചെയ്യും. പക്ഷേ, ഞാൻ തിരിച്ചു വരുമ്പോൾ അവർ കൃത്യമായി ചോദിക്കും, പുതിയ സിനിമയുടെ വിശേഷങ്ങൾ.

സ്റ്റേജ് ഷോ എത്ര അനായാസമായാണ് നൈല കൈ കാര്യം ചെയ്യുന്നത്  ?

സ്റ്റേജിൽ കയറുമ്പോൾ സത്യത്തിൽ എനിക്ക് നല്ല ടെൻഷനുണ്ട്. വ്യക്തികളെക്കുറിച്ച് പഠിച്ചുള്ള  തയാറെടുപ്പ് തീർച്ചയായും ഉണ്ടാകും. എങ്കിലും  എന്തു പറയണം എന്നൊന്നും ഒരു ധാരണയും ഉണ്ടാകില്ല. പക്ഷേ, മൈക്ക് എടുക്കുമ്പോൾ എവിടെ നിന്നോ എനർജി വരും. ആങ്കർ ചെയ്യുമ്പോൾ വിചാരിച്ചിരിക്കാത്ത സിറ്റുവേഷൻസ് വരാം. അത് കൈകാര്യം ചെയ്യാൻ ജാഗ്രത വേണം. അവാർഡ് ഫങ്ഷനുകളൊക്കെയാണെങ്കിൽ ഏഴെട്ട് മണിക്കൂർ നിന്നുള്ള ജോലിയാണ്. അത് കഴിയുമ്പോൾ ശരിക്കും തളരും. എന്നാലും ഞാനത് ആസ്വദിക്കുന്നുണ്ട്.

പതിനൊന്നു വയസ്സുള്ള ആൺകുട്ടിയുടെ അമ്മ എന്നു ചിന്തിക്കുമ്പോൾ എന്താണ് തോന്നുക?

ഞാൻ നല്ല അമ്മ ആണ് എന്ന് പറയുന്നതിനെക്കാൾ അവൻ ഒരു നല്ല മകനാണ് എന്ന് പറയാനാണ് എനിക്കിഷ്ടം. അമ്മയെ ഒട്ടും ബുദ്ധിമുട്ടിക്കരുത് എന്ന് വിചാരിക്കുന്ന മോനാണ്.  എന്റെ ആർണവ്. എന്റെ വീട്ടിൽ ഒരാൾ പോലും ഇത്ര പാവമായിട്ട് ഇല്ല. ചിലപ്പോൾ അമ്മ ഇത്തിരി ഓവർ ആയി പോയതുകൊണ്ടാകും അവൻ സൈലന്റ് ആയത്. അവന് മിണ്ടാൻ ഞാൻ ഗ്യാപ് കൊടുത്തിട്ടു വേണ്ടേ..

ഇവന്റ്സ്, യാത്രകൾ ഒക്കെ കാരണം അവന്റെ സ്കൂൾ മീറ്റിങ്ങിനൊക്കെ ചിലപ്പോൾ പോകാൻ പറ്റില്ല. ഞാൻ അവനോട് സോറി പറയുമ്പോൾ അവൻ എന്നെ സമാധാനിപ്പിക്കും. ‘അമ്മാ.. ഇറ്റ്സ് ഒക്കെ. യൂ ആർ നോട്ട് ലൈക്ക് അദർ മദേഴ്സ്, യൂ ആർ സോ ഹാർഡ് വർക്കിങ്.. ’ ഇത് കേൾക്കുമ്പോൾ എനിക്ക് സന്തോഷം തോന്നും.

മോൻ  ഇപ്പോൾ  ആറാം ക്ലാസിൽ പഠിക്കുന്നു. അവൻ ഓരോ ദിവസവും വലുതായി വരികയാണല്ലോ എന്നതാണ് എന്റെ ടെൻഷൻ.  പൊക്കം വച്ചു. കുറേ കഴിയുമ്പോൾ മീശ വരും. വലിയ ചെക്കനാകും. ദൈവമേ.. ഇനി ഞാൻ ‘മോം ഓഫ് എ ബിഗ് ബോയ്’ ആകുമല്ലോ എന്നൊരു കുഞ്ഞു വലിയ ടെൻഷൻ.

nyla-new-ush
Tags:
  • Celebrity Interview
  • Movies