Saturday 18 July 2020 04:07 PM IST

‘ഒരുപാട് ചിന്തിച്ചു, ഞാനെന്ന വ്യക്തിയെ കുറിച്ച്, എന്നിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച്’; ലോക് ഡൗൺ അനുഭവം പറഞ്ഞ് പ്രയാഗ മാർട്ടിൻ

Lakshmi Premkumar

Sub Editor

prayaga-martin-in55666 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കോവിഡ് കാലവും ലോക്ക് ഡൗണും കട്ടയ്ക്ക് നിന്നപ്പോൾ തന്റെയുള്ളിലും ചില മാറ്റങ്ങളുണ്ടായെന്ന് പ്രയാഗ...

അറിയാമോ ഈ മാറ്റത്തിന്റെ കാരണം

കുറച്ചു തിരിച്ചറിവുകൾ, അതായിരിക്കും ഈ മാറ്റത്തിന് പിന്നിൽ. എപ്പോഴും സംസാരിക്കുന്ന ബഹളം വയ്ക്കുന്ന ആ പഴയ പ്രയാഗയിൽ നിന്നും ചെറിയൊരു ചേഞ്ച് ഉണ്ടായിട്ടുണ്ട്. അതെനിക്ക് മാത്രമല്ല, ഏതെങ്കിലും ജീവിതച്ചെരുവിൽ വച്ച് എല്ലാവർക്കും ഒരിക്കൽ ഉണ്ടാകുന്നതാണ്. നമ്മൾ നമ്മളെ തിരിച്ചറിയുമ്പോഴാണ് അത് സംഭവിക്കുക.

ഇതൊക്കെയാണ് പുതിയ തിരിച്ചറിവുകൾ

നോക്കൂ, ഏത് ആർടിസ്റ്റ് ആയാലും ഒരു പ്രത്യേക സമയം എത്തുമ്പോൾ അവർക്ക് മനസ്സിലാകും ഇനി നമ്മൾ എങ്ങോട്ടാണ് പോകേണ്ടത്, എന്തിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന്. എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ ഞാൻ പഠനവും അഭിനയവും ഒന്നിച്ചായിരുന്നു കൊണ്ടുപോയിരുന്നത്. രണ്ടിനും തുല്യ പ്രാധാന്യം. ഒരു മാസ്റ്റർ ഡിഗ്രി ചെയ്യണം എന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നെങ്കിൽ അഭിനയം എന്നെ സംബന്ധിച്ച് പാഷനാണ്. ഇപ്പോൾ മാസ്‌റ്റേഴ്സ് നല്ല രീതിയിൽ പൂർത്തിയാക്കി. ഇനി എന്റെ പാഷനിലേക്ക് പൂർണമായി ഇറങ്ങണം. ഇപ്പോഴത്തെ മനസ്സ് തൂവൽപോലെ കനംകുറഞ്ഞ ഒന്നാണ്. ഇനി സ്വപ്നങ്ങളിലേക്ക് മെല്ലേ പറന്നിറങ്ങാം.

ലോക് ഡൗൺകാലത്തെ പിറന്നാൾ

ലോക് ഡൗണിൽ ആയിരുന്നു 25ാം ജന്മദിനം കടന്നു പോയത്. ലോകം മുഴുവൻ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ പോകേണ്ടി വരുമെന്നത് ആരെങ്കിലും പ്രതീക്ഷിച്ചതാണോ? ഒന്നും ചെയ്യാതെ എഴുപതോളം ദിവസം വീട്ടിലിരിക്കാമെന്ന് നമ്മൾ പഠിച്ചില്ലേ? ഞാനും വീട്ടിൽ തന്നെയായിരുന്നു. ഏറ്റവും പുതിയ  റിലീസായ ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ തന്നെയുണ്ടായിരുന്നു. അതു ഭാഗ്യമായി. ഓർമ വച്ചതിന് ശേഷം ആദ്യമായിട്ടാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഇത്രയധികം ദിവസം ഇരിക്കുന്നത്. പഠിച്ചതെല്ലാം വീട്ടിൽ നിന്നു പോയി വന്നു തന്നെയാണ്. പക്ഷേ, വേറെ ഒന്നിനും പോകാതെ ഇങ്ങനെ വീട്ടിൽ ഇതാദ്യമാണ്.

സമയം ചെലവഴിച്ചത് ഇങ്ങനെയാണ്

പലരെയും കുക്കിങ്, ഗാർഡനിങ് പരീക്ഷണങ്ങളുമായി സോഷ്യൽ മീഡിയയിൽ കണ്ടു. ഞാൻ അതിനൊന്നും തുനിഞ്ഞില്ല. വായിക്കാൻ ഇഷ്ടമുള്ളയാളാണ്, അതുകൊണ്ട് വായന എന്നുമുണ്ട്. പുതിയതായി കുറേ ബുക്ക് വായിച്ചു എന്നും പറയാൻ പറ്റില്ല. സത്യം പറഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ എന്നെ അറിയാനായി സമയമെടുത്തത് ദാ, ഈ സമയത്താണ്.

ഒരുപാട് ചിന്തിച്ചു. ഞാൻ എന്ന വ്യക്തിയെ കുറിച്ച്, എന്നിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച്, ഭാവിയിൽ ഞാൻ എങ്ങനെയാണ് അറിയപ്പെടേണ്ടത്... ഒരിക്കൽ  പോലും ഇത്രയും ഡീപ്പായി എന്നെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇതുവരെ ചെയ്ത കാരക്ടറുകൾ, എനിക്ക് ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രങ്ങൾ, ഇതിനെല്ലാം പാകമായി എന്നിലെ ഏറ്റവും നല്ല എന്നെ എങ്ങനെ വളർത്തിയെടുക്കാം... അതിന് കുറേ ഉത്തരങ്ങളും കണ്ടെത്തിയിട്ടുണ്ട്.  

എന്റെ വീടിന് എന്നെ മനസ്സിലാകും

വീട്ടിൽ ഞാൻ ഒറ്റമോളാണ്. വീട്ടിൽ എനിക്ക് എത്രത്തോളം വേണമെങ്കിലും കുട്ടിക്കളി കളിക്കാം. ഞാനെന്തു ചെയ്താലും ആരും എന്നെ ജഡ്ജ് ചെയ്യില്ല. കാരണം ഞാനവരുടെ ഒരേയൊരു മകളാണ്. പക്ഷേ, പ്രഫഷനൽ ലൈഫിൽ പ്രത്യേകിച്ചും സിനിമ പോലൊരു ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ കുട്ടിക്കളി കളിക്കാനാകില്ല. എന്റേത് ഒരു സീരിയസ് പ്രഫഷൻ ആണ്. ബഹുമാനം ലഭിക്കേണ്ട ജോലിയാണ്. അവിടെയാണ് ഗിവ് റസ്പെക്ട്, ടേക് റെസ്പെക്ട് പൂർവാധികം ശക്തമാകുന്നത്.

ലോകം മാറും, മാറാതിരിക്കില്ല

എനിക്ക് ബ്രേക് കിട്ടുന്നത് ‘പിസാസ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ്. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ ഇറങ്ങിയതോടെയാണ് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്.

എന്നെ സംബന്ധിച്ച് പോയ വർഷങ്ങളെല്ലാം പ്രിയപ്പെട്ടതാണ്. നമ്മൾ എപ്പോഴും നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുത്താൽ മതി. ഡിപ്രഷനും വിഷമവും ഒന്നും നമ്മളെ വേട്ടയാടില്ല. ഒരേയൊരു ജീവിതമല്ലേ ഉള്ളൂ... ബാലൻസ് ചെയ്യാനാണ് പഠിക്കേണ്ടത്. ഇപ്പോൾ തന്നെ ഇനി നമ്മുടെ ലോകം പ്രി കോവിഡ് എന്നും പോസ്റ്റ് കോവിഡ് എന്നും അല്ലേ അറിയപ്പെടുക. അതിനേ കുറിച്ച് ഓർത്ത് ടെൻഷനടിച്ചിട്ട് കാര്യമുണ്ടോ? പ്രഫഷനിലായാലും ജീവിതത്തിലായാലും എല്ലാ അവസ്ഥകളും നൈമിഷികമാണെന്ന് മനസ്സിലാക്കണം. ജീവിതം ഇനിയും സന്തോഷ സുരഭിലമായി ഒഴുകും.

Tags:
  • Celebrity Interview
  • Movies