Saturday 19 October 2019 04:52 PM IST

‘ജാതി, മതം, ജാതകം, ബാങ്ക് ബാലൻസ് ഇത്തരം കണ്ടീഷൻസ് ഒന്നും എനിക്കില്ല’; വിവാഹ സ്വപ്‌നങ്ങൾ പങ്കുവച്ച് രജീഷ വിജയൻ

Sreerekha

Senior Sub Editor

_REE0112-new ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരികൾ സൈക്കിളോടിച്ച് പറക്കുമ്പോൾ രജീഷ അമ്മയോടും അച്ഛനോടും അപേക്ഷിച്ചിട്ടുണ്ട്, ഒരു സൈക്കിൾ വാങ്ങി തരാൻ. പക്ഷേ, സൈക്കിളോടിച്ചാൽ വീണ് അപകടം പറ്റുമെന്ന പേടിയിൽ അമ്മ ഒരിക്കലും ‘യെസ്’ മൂളിയില്ല. 

വർഷങ്ങൾക്കു മുൻപ് മനസ്സിൽ കണ്ട  സ്വപ്നം വളരെ വൈകി ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. പിങ്ക് നിറമുള്ള ഒരു ലേഡി േബർഡ് രജീഷ ഈയിെട സ്വന്തമായി വാങ്ങി. ‘ഫൈനൽസ്’ സിനിമയ്ക്കു വേണ്ടി സൈക്ലിങ് പഠിച്ച ശേഷമാണ് രജിഷ തന്നെ മോഹിപ്പിച്ച ലേഡി ബേർ‍ഡ് സ്വന്തമാക്കിയത്. സിനിമയിൽ ഒളിംപിക്സ് മെഡൽ സ്വപ്നം കാണുന്ന ആലീസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി രജീഷ ജീവിതത്തിലാദ്യമായി സൈക്ലിങ് പഠിച്ചു. പക്ഷേ, അമ്മ പേടിച്ചതു പോലെ തന്നെ ഹൈറേഞ്ചിലെ ഷൂട്ടിങ്ങിനിടെ വീണ് കാലിനു പരിക്കു പറ്റി. ലിഗ്‌മെന്റിന് തകരാറ് വന്നിട്ടും പെയിൻ കില്ലർ കഴിച്ച് വേദന കടിച്ചു പിടിച്ചാണ് രണ്ടാഴ്ചക്കാലം അഭിനയിച്ചത്. എങ്കിലും രജീഷ കൂൾ ആണ്. കാരണം, ഇത്ര സ്ട്രെയിനെടുത്ത് ഒരു ക്യാരക്റ്റർ ചെയ്തതിന്റെ സന്തോഷം വലുതാണ്.

എന്തുെകാണ്ടാണ് ആലീസ് എന്ന കഥാപാത്രത്തോട് ഇഷ്ടം തോന്നിയത്?

‘ഫൈനൽസി’െന്റ സംവിധായകൻ അരുൺ ഈ സിനിമയുടെ കഥ കുറച്ചു കാലം മുൻപേ എന്നോടു പറഞ്ഞതാണ്. യഥാർഥ ജീവിതത്തിൽ നിന്ന് ഇൻസ്പയേർഡ് ആയ കഥയാണെന്നു കേട്ടപ്പോൾ കൗതുകം തോന്നി. ഒരു വർഷം മു ൻപാണ് പറഞ്ഞത്, ആലീസായി എന്നെയാണ് മനസ്സിൽ കണ്ടിരിക്കുന്നതെന്ന്. ആലീസ് എന്തുെകാണ്ടൊക്കെയോ എനിക്ക് വളരെ കണക്‌ഷൻ തോന്നിയ കഥാപാത്രമാണ്. മലയാളത്തിൽ നായികാ കേന്ദ്രീകൃത സ്പോർട്സ് സിനിമകൾ അധികം വന്നിട്ടില്ല. എന്നാലിത് സ്പോർട്സ് മാത്രം ആധാരമാക്കിയുള്ള മൂവിയല്ല. ഫാമിലി ഡ്രാമാ സ്പോർട്സ് മൂവി ആണ്. അച്ഛൻ– മകൾ ബന്ധം ശക്തമാണ് ഈ സിനിമയിൽ.   

സ്പോർട്സുമായി രജീഷയ്ക്കു ബന്ധമുേണ്ടാ?

സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഒാട്ടമൽസരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. കേന്ദ്രീയ വിദ്യാലയത്തിലാണു പഠിച്ചത്. സോണൽ ലെവലിൽ 100, 200, 400 മീറ്റർ മൽസരങ്ങളിൽ ചാമ്പ്യനായിരുന്നു. പിന്നീടെനിക്ക് ആസ്ത്‌മ വന്നതിനാൽ ഒാടാൻ പറ്റാതായി.    

സിനിമയിെല പോലെ സൈക്ലിങ് കമ്പം ഉണ്ടായിരുന്നോ?

സൈക്കിൾ ബാലൻസ് ഒട്ടുമില്ലായിരുന്നു. ആദ്യമായി സൈക്കിളോടിക്കാൻ പഠിക്കുന്നത് ഈ സിനിമയ്ക്കു വേണ്ടിയാണെന്നതാണ് രസം. അഭിരാമി എന്ന സ്റ്റേറ്റ് ലെവൽ സൈക്ലിസ്റ്റിന്റെ കീഴിൽ  ഒരു മാസം പരിശീലനം നടത്തി. നേരിട്ട് സ്പോർട്സ് ൈസക്കിളോടിക്കാനാണു പഠിച്ചത്.

യഥാർഥ ജീവിതത്തിൽ സൈക്ലിങ് സ്വപ്നമുള്ള പെൺകുട്ടികളെ പരിചയമുണ്ടോ? 

ഈ സിനിമയിലഭിനയിച്ചപ്പോൾ അങ്ങനെ കുറെ പേരെ പരിചയപ്പെടാനിടയായി. എന്റെ കൂടെ അഭിനയിച്ച 22 കുട്ടികളും സ്റ്റേറ്റ്, നാഷനൽ, ഇന്റർനാഷനൽ ഇങ്ങനെ പല തലങ്ങളിൽ സൈക്ലിസ്റ്റുകളായിരുന്നു. അവരിൽ ചിലർ ജോലി ചെയ്തു െകാണ്ടാണീ സ്വപ്നം പിന്തുടരുന്നത്. ചിലർ പഠിക്കുകയാണ്. അവരിലൂടെയാണ് ഒരു അത‌്ലിറ്റിന്റെ ബോഡി ലാംഗ്വേജ് പഠിച്ചത്. സൈക്ലിസ്റ്റുകൾക്ക് സേഫ്റ്റി മെഷേഴ്സ് വളരെ കുറവാണ്. നീ ക്യാപ്പ് ഇല്ല. സേഫ്റ്റി ഗിയറില്ല. എൽബോ ക്യാപ്പ് ഇല്ല. ഒരു െഹൽമറ്റ് മാത്രം വച്ചാണ് ഒാടിക്കുന്നത്. ഹൈ സ്പീഡിൽ ചവിട്ടുമ്പോൾ സേഫ്റ്റി മെഷേഴ്സ് ഉണ്ടെങ്കിൽ തടസ്സമാകുമെന്നാണ് യഥാർഥ ൈസക്ലിസ്റ്റുകളുെട അഭിപ്രായം.

ഷൂട്ടിങ്ങിനിടെ സൈക്കിളിൽ നിന്നു വീണ് അപകടം പറ്റിയല്ലോ?

കട്ടപ്പനയിലെ ഷൂട്ടിങ്ങിനിടയിലാണ്. ഹൈറേഞ്ച് പ്രദേശത്ത് സൈക്കിളോടിക്കുന്നത് മറ്റ് സ്ഥലങ്ങളിലേക്കാൾ റിസ്കിയാണ്. ഒരു വലിയ ഇറക്കത്തിൽ ആയിരുന്നു. ടയറിന്റെ ഇടയിലൊരു കമ്പ് പോയതാണ്. ഞാൻ െപട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ അപകടം ഒഴിവായി. അല്ലെങ്കിൽ സ്പൈനൽ ഹെഡ് ഇൻജുറി ആയേനേ.  നല്ല േവദന ഉണ്ടായിരുന്നു. അടുത്തുള്ള ഹോസ്പിറ്റലിൽ പോയപ്പോൾ പറഞ്ഞത് ചതവേയുള്ളൂ എന്നാണ്.

പിന്നീട് കാലിൽ ബ്ലഡ് ക്ലോട്ട് ഉണ്ടായി. പെയിൻ കില്ലർ ക ഴിച്ച് ആ കാലും വച്ച് രണ്ടാഴ്ച വീണ്ടും സൈക്കിൾ ചവിട്ടി. ക ട്ടപ്പനയിലെ ഷെഡ്യൂൾ കഴിഞ്ഞ് കൊച്ചിയിലെത്തിയപ്പോൾ ഞാൻ വീണു പോയി. ആശുപത്രിയിൽ എംആർ‌െഎ സ്കാനെടുത്തപ്പോഴാണറിയുന്നത് കാലിന്റെ രണ്ടു ലിഗ്‌മെന്റും പൊ ട്ടിയിരിക്കുകയാണെന്ന്. ആ കാലും വച്ചാണ് ഞാൻ രണ്ടാഴ്ച സൈക്കിൾ ചവിട്ടിയത്. വേദന ബ്ലഡ് ക്ലോട്ട്കാരണമാണെന്നാണ് ഞാൻ വിചാരിച്ചത്. പിന്നീട് ഈ കാലും വച്ചു തന്നെ പെയ്ൻ കില്ലർ കഴിച്ച് വീണ്ടും 10 ദിവസം കൂടി സൈക്കിൾ ചവിട്ടി.  ഇത്ര കഷ്ടപ്പെട്ട് അഭിനയിച്ചതിന്റെ സംതൃപ്തിയുണ്ട്.

സ്പോർട്സ് താരങ്ങളെ പോലെ ശരിക്കും ബോൾഡ് ആണോ രജീഷയും?

സ്വന്തം അഭിപ്രായം ധൈര്യപൂർവം പറയുക, ‘സ്റ്റാൻഡിങ് ഫോർ യുവർ സെൽഫ്’– അതാണ് ബോൾഡിന്റെ നിർവചനമെങ്കിൽ ഞാൻ ബോൾഡാണ്. അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ മടിയില്ല. എന്നെ ആദ്യമായി കാണുന്നവർ വിചാരിക്കാറുണ്ട് ഭയങ്കര അഹങ്കാരിയാണെന്ന്. പിന്നീട് അടുത്തറിയുമ്പോ പറയും, ‘‘അയ്യോ ഞങ്ങളാദ്യം വിചാരിച്ചത് രജീഷ വല്യ അഹങ്കാരിയാണെന്നാണ്. അങ്ങനെയല്ല കേട്ടോ’’ ഞാനങ്ങനെ അങ്ങോട്ടു കയറി ആരോടും അധികം സംസാരിക്കാറില്ല. അതാവും ഇങ്ങനെയാരു അഭിപ്രായം.    

എപ്പോഴെെങ്കിലും സിനിമയിലെ കഥാപാത്രങ്ങളിൽ യഥാർഥ രജീഷയുടെ അംശങ്ങൾ തോന്നിയിട്ടുണ്ടോ?

ഞാനാണെന്ന് പൂർണമായി തോന്നിയ ഒരു ക്യാരക്റ്റർ ഇതുവരെ വന്നിട്ടില്ല. ജൂൺ ഒരു രീതിയിലും ഞാനല്ല. റിലേറ്റ് ചെയ്യാൻ പറ്റുന്ന മൊമന്റ്സ് വരാം. ‘ജൂണി’ൽ സ്കൂളിൽ പഠിക്കുമ്പോ ഫ്രണ്ട്സിന്റെ കൂടെ ചെലവിടുന്ന നിമിഷങ്ങൾ അങ്ങനെ തോന്നിയിരുന്നു. മുംബൈയിൽ പോകുന്ന സീനിൽ ഞാൻ ഡൽഹിയിൽ പഠിക്കാൻ പോയ സമയത്തെ ഫീൽ അനുഭവപ്പെട്ടു. പിന്നെ, ആ സിനിമയിൽ ജോജുച്ചേട്ടൻ എന്റെ അച്ഛനാണെന്നു ശരിക്കും തോന്നിപ്പോയിട്ടുണ്ട്. സിനിമ തീർന്നപ്പോ ഞാൻ അപ്പാ എന്നു വിളിച്ച് കരഞ്ഞു. സത്യത്തിൽ ഞാനും എന്റെ അച്ഛനും തമ്മിലുള്ള ബന്ധമല്ല  ‘ജൂണി’ലെ കഥാപാത്രത്തിന്റേത്. മറ്റൊരു തരത്തിൽ അതനുഭവപ്പെടുകയായിരുന്നു.    

_REE9736

ജേർണലിസം പഠിക്കാൻ തീരുമാനിച്ചതിനു പിന്നിൽ?

എന്റെ ജീവിതത്തിൽ പല സമയത്തും ഇന്റ്യൂഷൻസ് പോലെ തോന്നാറുണ്ട്. മെഡിസിനു സീറ്റ് കിട്ടിയ സമയത്ത് പെട്ടെന്ന് ഉൾവിളി തോന്നി; ഇതല്ല ഞാ‍ൻ ചെയ്യേണ്ടതെന്ന്. മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്ന കസിൻ ചേട്ടനാണ് മാസ് കമ്യൂണിക്കേഷൻ കോഴ്സിനെക്കുറിച്ചു പറയുന്നത്. ഡൽഹിയിെല കോളജിലാണ് അഡ്മിഷൻ കിട്ടിയത്. ആ സമയത്ത് അച്ഛൻ ഡൽഹിയിൽ ജോലി ചെയ്യുകയാണ്. പേരന്റ്സിന്റെ കൂടെ നിന്നാണ് പഠിച്ചത്. കോഴ്സ് തീരുന്ന സമയത്താണ് നിർഭയ കേസ് സംഭവിക്കുന്നത്. ആ സംഭവത്തോടെ ഡൽഹി സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലെന്ന് തോന്നി. ഞാൻ താമസിക്കുന്നതിന്റെ തൊട്ടടുത്താണീ സംഭവങ്ങളൊക്കെ നടന്നത്. അവിടെ നടന്ന പ്രൊട്ടസ്റ്റുകളിലൊക്കെ ഞാനും പങ്കെടുത്തിരുന്നു. അന്നവിടെ നിൽക്കുന്ന ആൾ എന്ന നിലയിൽ എ ന്നെയാ സംഭവം വല്ലാതെ ഉലച്ചു കളഞ്ഞു. അങ്ങനെയാണു കൊച്ചിയിലേക്കു ഷിഫ്റ്റ് ചെയ്യുന്നതും ആങ്കറായതും.

ആങ്കറായപ്പോൾ ഏറ്റവും ആസ്വദിച്ചു ചെയ്ത് പരിപാടി?

ഞാനൊരു ട്രാവലോഗ് പരിപാടി അവതരിപ്പിച്ചിരുന്നു. നമ്മുടെ നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പോയി ഏറ്റവും സാധാരണക്കാരായ മനുഷ്യരോട് അവർ ഏറ്റവും ഇഷ്ടപ്പെടുന്ന പാട്ട് ഏതാണെന്നു ചോദിക്കുക, ആ പാട്ട് ഇഷ്ടപ്പെടാനുള്ള കാരണം ചോദിക്കുക, എന്നിട്ട്  ആ പാട്ട് പ്ലേ ചെയ്യും.  മിക്കയാളുകളും പറയുന്നത് സെവന്റീസ്, എയ്റ്റീസ്, നയന്റീസിലെ പാട്ടുകളാണ്. അവർ ഈ പാട്ട് ഇഷ്ടപ്പെടാൻ വ്യക്തിപരമായൊരു കാരണം കാണും. പ്രിയപ്പെട്ട ഒരോർമയോ സംഭവമോ എന്തെങ്കിലും... ആ അനുഭവം ഒരു പരിചയവും ഇല്ലാത്ത നമ്മളോട് അവർ പങ്കിടുന്നത് വലിയ ഭാഗ്യമായി തോന്നി.

യാത്രകളോടുള്ള ഇഷ്ടത്തിന്റെ പിന്നിൽ?

അച്ഛന് ആർമിയിൽ ജോലിയായതിനാൽ ഞങ്ങൾ പല സ്ഥലങ്ങളിൽ ജീവിച്ചതിനാലാവാം. പുണെ, മീററ്റ്, അഗർത്തല, പഞ്ചാബ് എന്നിവിടങ്ങളിലാണു സ്കൂളിൽ പഠിച്ചത്. നയൻത്  മുതൽ പ്ലസ് ടു വരെ കോഴിക്കോട് പഠിക്കണമെന്ന് അമ്മയ്ക്കുനിർബന്ധമായിരുന്നു. പേരാമ്പ്രയാണ് നാട്. നാട്ടിൽ ആറേഴു െകാല്ലമേ നിന്നിട്ടുള്ളൂ. ഒറ്റയ്ക്ക് യാത്ര െചയ്യണമെന്ന് വലിയ മോഹമുണ്ട്. ഒരു സോളോ ട്രിപ്പ് ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്.  

വീട്ടിലെ രജീഷയെക്കുറിച്ച്? 

എന്റെ ലൈഫിൽ എന്തു സംഭവിച്ചാലും അച്ഛനോടും അമ്മയോടും തുറന്നു പറയും. അച്ഛൻ വളരെ കൂൾ ആണ്. അമ്മ സ്കൂൾ ടീച്ചറാണ്. കുറച്ച് സ്ട്രിക്റ്റാണ്. അനിയത്തി അഞ്ജുഷ. ഞാനും അനിയത്തിയും തമ്മിൽ സൗഹൃദത്തെക്കാളുപരി വലിയ കെയറിങ് റിലേഷൻഷിപ്പാണ്. ചിലപ്പോ അവളാണ് ചേച്ചി, ഞാൻ അനിയത്തി അങ്ങനെയൊക്കെ തോന്നും.  

_REE0053

ജീവിതത്തിൽ ഒരു ക്രൈസിസ് ഉണ്ടായിട്ടുണ്ടോ?

ക്രൈസിസ് നേരിടാത്ത ആരെങ്കിലും ലോകത്തുണ്ടാകുമോ? എന്റെ ലൈഫിലും ഉണ്ടായിട്ടുണ്ട്. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ അെതാക്കെ നേരിടാൻ പറ്റി. പെട്ടെന്ന് തീരുമാനമെടുക്കാനാകാതെ വിഷമിക്കുന്ന അവസരം പോലും ഒരർഥത്തിൽ വിഷമഘട്ടമാണ്. ക്രൈസിസ് വരുമ്പോൾ എന്നെ ഏറ്റവും സപ്പോർട്ട് ചെയ്തിട്ടുള്ളത്  എന്റെ പേരന്റ്സ് ആണ്. ഞാനേറ്റവും ആഗ്രഹിച്ചതും അവരുെട സപ്പോർട്ട് ആണ്.   

‘ജൂണി’ലെ പോലെ ബ്രേക്കപ്പും അതിന്റെ സങ്കടവും രജീഷയുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടോ?

തീർച്ചയായും. റിലേഷൻഷിപ്പും അതിന്റെ ബ്രേക്കപ്പും.. എല്ലാവരെയും പോലെ ഞാനുമതിലൂടെ കടന്നു പോയിട്ടുണ്ട്. നമുക്ക് ആദ്യം ഇഷ്ടം തോന്നുന്ന ആളിനെ തന്നെ കല്യാണം കഴിക്കുക... അെതാന്നും ഒരിക്കലുമങ്ങനെ സംഭവിക്കാറില്ലല്ലോ.

വിഷാദത്തെ അതീജീവിച്ചതിനെക്കുറിച്ച് പല നടികളും തുറന്ന് പറഞ്ഞതു വാർത്തയായിരുന്നല്ലോ? അത്തരം അനുഭവം നേരിട്ടിട്ടുണ്ടോ?

ഡിപ്രഷനെക്കുറിച്ച് വലിയ മുൻവിധികൾ ഉള്ള സമൂഹമാണ് നമ്മുടേത്. എല്ലാവരും ഇതിനെപ്പറ്റി തുറന്നു സംസാരിക്കുകയാണെങ്കിൽ ഈ ‘ടാബൂ’  മാറും. എനിക്കു ചിലപ്പോ മൂഡ് സ്വിങ്സ് വരാറുണ്ട്. ചിലപ്പോ ഒരു കാരണമില്ലെങ്കിലും ‘ലോ’ ആയി പോകാറുണ്ട്. നമുക്ക് പ്രത്യേകിച്ചു വിഷമങ്ങളൊന്നും ഇല്ലെങ്കിൽ പോലും ഡിപ്രഷൻ വരാം. തലച്ചോറിലെ കെമിക്ക ൽ ഇംബാലൻസാണ് കാരണം. ഒരുപാട് കുഞ്ഞു പ്രശ്നങ്ങൾ ഒന്നിച്ചു കൂടുമ്പോഴും ആകാം. എല്ലാ മനുഷ്യർക്കും ഉണ്ടാകുന്നതുപോലെ ഒക്കെ ഇവയെല്ലാം എനിക്കും സംഭവിച്ചിട്ടുണ്ട്. അതിന് പരിഹാരം തേടി ബന്ധപ്പെട്ട വിദഗ്ധരെ കണ്ടിട്ടുമുണ്ട്. എനിക്കൊരു പനി വന്നുവെന്ന് പറയും പോലെയേ ഇതിനെക്കുറിച്ചു പറയുന്നതും തോന്നുന്നുള്ളൂ.

വിവാഹം സ്വപ്നം കാണാറുണ്ടോ?

വിവാഹം അങ്ങനെ സ്വപ്നം കണ്ടിട്ടില്ല. അറേഞ്ച്ഡ് മാര്യേജ് മിക്കവാറും എന്റെ ചോയ്സ് ആവില്ല. എന്തായാലും വളരെ ലളിതമായ ചടങ്ങ് ആയിരിക്കും എന്റെ കല്യാണം.

എങ്ങനെയുള്ള പുരുഷനോടാണ് രജീഷയ്ക്ക് പ്രണയം തോന്നുന്നത്?

നല്ലൊരു മനുഷ്യൻ ആയിരിക്കണമെന്നു മാത്രം. ഇങ്ങനെയുള്ള ആളാകണംന്ന് കണ്ടീഷൻസ് വച്ച് കാത്തിരുന്നാൽ അങ്ങനെ കിട്ടണമെന്നില്ല. ആ ക്യാരക്റ്റേഴ്സ് ഉള്ളയാളായി തോന്നിയിട്ട്  അടുത്തറിയുമ്പോൾ അതല്ലാതിരിക്കാനും മതി. സിനിമ കാണുമ്പോൾ, പുസ്തകം വായിക്കുമ്പോൾ, ഫ്രണ്ട്സിന്റെ പ്രണയം കാണുമ്പോൾ, നമ്മുടെ അച്ഛനമ്മമാരുടെ ജീവിതം കാണുമ്പോൾ ഒക്കെ നമ്മുടെ ലൈഫിലേക്കു വരാനിരിക്കുന്ന ആളിനെ സ്വപ്നം കാണാറില്ലേ?. 

കൗമാരത്തിൽ കാണുന്ന സ്വപ്നമല്ല ഞാനീ പ്രായത്തിൽ കാണുന്നത്. പക്വതയില്ലാതെ പെരുമാറുന്ന പുരുഷൻമാരെ എനിക്കിഷ്ടമല്ല. ഉള്ളിലൊരു കുട്ടിത്തത്തോടെ പെരുമാറുന്നതല്ല ഉദ്ദേശിച്ചത്. മറ്റുള്ളവരെ കെയർ ചെയ്യാത്ത മെച്വരിറ്റിയില്ലായ്മ. ഉദാഹരണത്തിന്, നിയമങ്ങൾ പാലിക്കാതെ ഷോ കാണിക്കാൻ വേണ്ടി വാഹനമോടിച്ച് മറ്റുള്ളവർക്ക് പ്രശ്നമുണ്ടാക്കുക, മുതിർന്നരോടു ബഹുമാനം കാട്ടാതിരിക്കുക, പാവങ്ങളെ കെയർ ചെയ്യാതിരിക്കുക തുടങ്ങിയ സ്വഭാവം.  നമ്മുെട പ്രവൃത്തികൾ മറ്റൊരാളെ ഹർട്ട് ചെയ്യരുതെന്ന വിചാരമുള്ള, സ്വന്തം സമയവും എനർജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളാണെന്റെ മനസ്സിൽ. ഒരിക്കലും ജാതി, മതം, ജാതകം, ബാങ്ക് ബാലൻസ് ഇങ്ങനെയുള്ള കണ്ടീഷൻസ് ഒന്നും എനിക്കില്ല.   

സ്വപ്നജീവിയാണോ?

ഞാനൊരു വലിയ സ്വപ്നജീവിയാണ്. ഉറക്കത്തിലെ സ്വപ്നവും ദിവാസ്വപ്നവും കാണാറുണ്ട്. ‘രജീഷ’ എന്നാൽ അർഥം ‘റോയൽ ഡ്രീം’ എന്നാണത്രേ! സ്വപ്നം കാണാൻ വേണ്ടിയാണ് ഞാൻ ഉറങ്ങുന്നതെന്നു പോലും പറയാം. ഉറക്കത്തിൽ ഒരു സിനിമ കാണും പോലെ എന്റർടെയ്ൻമെന്റല്ലേ സ്വപ്നം. എന്നെക്കുറിച്ച് ഞാൻ കാണുന്ന സ്വപ്നങ്ങളിലധികവും ഞാ ൻ പല രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നതായാണ്.

Tags:
  • Celebrity Interview
  • Movies