രണ്ടു കാലഘട്ടങ്ങളിലായാണ് പഞ്ചാബി ഹൗസിലെ ഉണ്ണിയും രമണനും സിക്കന്ദർ സിങും എല്ലാം ഉണ്ടാകുന്നത്...’’ റാഫിയുടെ ഒാർമയിലേക്ക് മദ്രാസ് മെയിൽ ചൂളം വിളിച്ചു വരുന്നുണ്ട്. ആ ട്രെയിനിൽ കയറാൻ റാഫിക്കൊപ്പം മെക്കാർട്ടിനും ഉണ്ട്.
കയറുന്നതിനു മുന്നേ അൽപം ഫ്ലാഷ് ബാക്...
കൊച്ചിൻ റോസരി ഡാൻസ് അക്കാദമിയുടെ മുറി. കുറച്ചു ദിവസം കഴിഞ്ഞാൽ ഫ്ലവർഷോയിൽ മിമിക്രി ചെയ്യണം. റാഫിയും കലാഭവന്‍ ഹനീഫും ആലോചനയിലാണ്. ഒന്നു രണ്ട് ആർട്ടിസ്റ്റുകൾ കൂടി വേണം. അപ്പോഴാണ് ഉടമ ബാബു പുതിയ ഒരാളെയും കൊണ്ടു വന്നത്.
റാഫി ചോദിച്ചു, ‘എത്ര നാളായി മിമിക്രി തുടങ്ങിയിട്ട്?’
വന്നയാള്‍: ‘ഒരു മണിക്കൂറേ ആയിട്ടുള്ളൂ. ടൗൺഹാളിലെ ചടങ്ങിനു മന്ത്രി വരാന്‍ വൈകി. ബോറടിച്ചിരിക്കുന്ന ആൾക്കാരെ സമാധാനിപ്പിക്കാൻ ഡെപ്യൂട്ടി മേയറിന് തോന്നിയ െഎഡി യയാണ് മിമിക്രി. ഒരു മിമിക്രി ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. കക്ഷിക്ക് ഒരു കൂട്ടു വേണം. മേയറുടെ കൂട്ടുകാരനായിരുന്നു ഞാൻ. എന്നെ കണ്ടതും സ്റ്റേജിലേക്ക് തള്ളിയിട്ടു. ഞാനതു വരെ മിമിക്രി ചെയ്തിട്ടു കൂടി ഇല്ല. സ്റ്റേജിൽ നിന്ന് ഇറങ്ങിയതും ബാബു പിടിച്ച് ഇങ്ങോട്ടു കൊണ്ടു പോന്നു... ’’
കഥ കേട്ട് അന്തം വിട്ടു നിന്ന റാഫി അയാളുടെ പേരു ചോദിച്ചു. അയാള്‍ പറഞ്ഞു, ‘മെക്കാർട്ടിൻ, കൊച്ചിയിലാണ് വീട്.’
പിന്നെ അവർ കൊച്ചിൻ റിലാക്സ് എന്ന മിമിക്രി ട്രൂപ്പ് തുടങ്ങി. അതു കഴിഞ്ഞ് ചിരിയുടെ വീടായ കൊച്ചിൻ കലാഭവനിൽ. പിന്നെ സിനിമയിലേക്ക്.
മദ്രാസ് മെയിൽ വന്നു... റാഫിയും മെക്കാർട്ടിനും അതിൽ കയറി. ബാക്കി റാഫി പറയും.
ആ ജബ ജബാ പയ്യൻ
ഞാനും മെക്കാർട്ടിനും കൂടി ‘ മദ്രാസിലേക്ക്’ പോവുകയായിരുന്നു. രാത്രിയിൽ കയറിയാൽ വെളുപ്പിനെ അവിടെ എത്തും. ചില സമയത്ത് ചെന്നൈ സെന്റട്രലിലെത്താൻ ട്രെയിൻ വൈകും. തമിഴ്നാട്ടിലെ ഏതെങ്കിലും ചെറിയ സ്റ്റേഷനിൽ നിർത്തിയിടും. അന്നും അതുപോലെ പിടിച്ചിട്ടു.
ഞാൻ പുറത്തേക്കു നോക്കിയപ്പോൾ ഒരു പയ്യൻ ട്രെയിനിൽ നിന്ന് ആളുകൾ വലിച്ചെറിയുന്ന ഭക്ഷണപ്പൊതികൾ തിരയുന്നു. കേടായതു കൊണ്ട് ഞങ്ങള്‍ വലിച്ചെറിഞ്ഞ പൊതിയും അവൻ എടുത്തു. ഞാനിതു മെക്കാർട്ടിനെ കാണിച്ചു.
ഞങ്ങൾ ആ പയ്യനെ വിളിച്ചു. വിളി കേട്ട് അവന്‍ അടുത്തേക്ക് വന്നു. നല്ല ഭക്ഷണം കഴിക്കാൻ പറഞ്ഞ് കുറച്ചു പൈസ കൊടുത്തു. പേര് ചോദിച്ചപ്പോൾ ചെവി കേൾക്കില്ല, സംസാരിക്കാൻ പറ്റില്ലെന്ന് ആംഗ്യം കാണിച്ചു.
കുറച്ചു കഴിഞ്ഞ് ട്രെയിൻ മുന്നോട്ടു പോയി. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഞങ്ങൾ വിളിച്ചതു കേട്ടിട്ടാണ് അവൻ വന്നത്. പക്ഷേ, പേരു ചോദിച്ചപ്പോൾ ബധിരനും മൂകനുമാണെന്ന് ആംഗ്യം കാണിച്ചു. അതിൽ ഒരു സിനിമയില്ലേ?
രമണനിലേക്ക് എത്തുന്നു

ആ യാത്രയ്ക്കും വർഷങ്ങൾക്ക് മുൻപ് ഞാൻ കാബൂളിവാലയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്യുന്ന സമയം. ഡൽഹിയിലുള്ള ആശുപത്രിയുടെ കുറച്ചു ഭാഗങ്ങൾ കൊച്ചിയിൽ സെറ്റ് ഇട്ട് ഷൂട്ട് ചെയ്യുന്നു. അതിൽ അഭിനയിക്കാൻ ഒരു ഒറിജിനൽ സിങ്ങിനെ കൊണ്ടുവന്നു. തലേക്കെട്ടും താടിയും ഒക്കെ കണ്ടപ്പോൾ എനിക്ക് ടെൻഷനായി. ഹിന്ദിയിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ടേ?
ഞാൻ തപ്പിതടഞ്ഞ് ഹിന്ദി തുടങ്ങിയപ്പോൾ കക്ഷി പച്ചയ്ക്ക് കൊച്ചി മലയാളം പറയുന്നു. പരിചയപ്പെട്ടപ്പോഴാണ് കൊച്ചിയിലെ പഞ്ചാബി വീടുകളും അവരുെട ലോകവും കൂടു തൽ മനസ്സിലായത്. അതും മനസ്സിൽ കിടന്നു.
വർഷങ്ങൾക്ക് ശേഷം ഞാനും മെക്കാർട്ടിനും തിരക്കഥ ആലോചിക്കുമ്പോൾ ഈ രണ്ടു സന്ദർഭങ്ങളും ഒന്നിച്ചു മനസിലേക്ക് വന്നു. സാമ്പത്തികബുദ്ധിമുട്ടും മറ്റു പ്രയാസങ്ങളും കൊണ്ട് നട്ടം തിരിഞ്ഞ ചെറുപ്പക്കാരൻ. അവന്റെ പേരും വിലാസവും ഒക്കെ മറച്ചു വച്ചു ജീവിക്കുന്നു. അയാൾ സ്വപ്ന തുല്യമായ വീട്ടിലേക്ക് എത്തുന്നു അങ്ങനെയാണ് ഊമയായി മാറിയ ഉണ്ണി പഞ്ചാബി ഹൗസിലേക്ക് എത്തുന്നത്. ഉണ്ണിയും പഞ്ചാബികളും തമ്മിലുള്ള ബന്ധത്തിനു വേണ്ടിയാണ് രമണൻ എത്തിയത്. പക്ഷേ, ആ രമണൻ വർഷങ്ങൾക്കിപ്പുറം ട്രോളന്മാരുടെ രാജാവായി.
രമണൻ എന്നു കേൾക്കുമ്പോഴേ മനസ്സിൽ ഹരിശ്രീ അശോകന്റെ മുഖമേ ഏതു മലയാളിയുടെയും മനസ്സിലേക്ക് വരൂ. രമണനിലേക്ക് അശോകൻ എത്തിച്ചേർന്നതാണ്. ആ കാലത്ത് ജഗതിചേട്ടനും ഇന്നസെന്റു ചേട്ടനും ഇല്ലാതെ ഒരു കോമഡി സിനിമ പൂർണമാകില്ലായിരുന്നു. കൂടുതൽ േഡറ്റുകൾ ആ വശ്യമായി വന്നതോടെ അവരെ കിട്ടില്ലെന്നായി. അങ്ങനെ അ ശോകനിലേക്കും കൊച്ചിൻ ഹനീഫിക്കയിലേക്കും എത്തി.
ഇതിനൊക്കെ ഒരുപാട് എതിർപ്പുകൾ ഉണ്ടായി. പക്ഷേ, നിർമാതാക്കൾ ഞങ്ങൾക്കൊപ്പം ഉറച്ചു നിന്നു. ഒറ്റ കാര്യമേ അവർ ആവശ്യപ്പെട്ടുള്ളൂ; മിസ് കാസ്റ്റിങ് ആകരുത്. ആയിരുന്നില്ലെന്ന് കാലം തെളിയിച്ചു.
ഏതു സ്വപ്നലോകത്തിലും രമണൻ മുഴുകി പോകില്ല. എപ്പോഴും റിയാലിറ്റിയിൽ ഉറച്ചു നിൽക്കുന്ന ആളാണ്. എപ്പോഴും സംശയങ്ങൾ... ഈ ഊമ എങ്ങനെ സംസാരിച്ചു എന്ന് ചോദിക്കും. രമണൻ പറയുന്നതിൽ മണ്ടത്തരം ഉണ്ടായിരിക്കും. പക്ഷേ, അതിൽ സത്യം ഒളിഞ്ഞുകിടപ്പുണ്ട്. അതായിരിക്കാം ട്രോളന്മാർക്ക് ഇഷ്ടപ്പെട്ടത്.’ റാഫി പറയുന്നു.
രമണ ചരിതം
‘ശരിക്കും രമണനെ ജീവിതത്തില്‍ എവിെടയെങ്കിലും കണ്ടിട്ടുണ്ടോ?’ മെക്കാർട്ടിനോടു ചോദിച്ചു.
‘‘രമണനെ പോലെ ഒരാളെ കണ്ടിട്ടില്ല. പക്ഷേ, ഇതുപോലെ മുതലാളിയെ കണ്ണും അടച്ച് വിശ്വസിച്ച് ഒപ്പം നടക്കുന്നവരെ കണ്ടിട്ടുണ്ട്. മുതലാളിയുടെ എല്ലാ സങ്കടത്തിലും ഒപ്പം നിൽക്കും. മണ്ടത്തരം പറയും. പക്ഷേ, ആലോചിച്ചാൽ അതിൽ സത്യവും ഉണ്ടാകും. ആ കഥാപാത്രത്തിന്റെ പേര് ആലോചിച്ചപ്പോഴാണ് രമണൻ എന്ന് വന്നത്.
പൊതുവേ മലയാളികളല്ലാത്ത ആളുകൾ പേരുകൾ തെറ്റിച്ചു പറയാനുള്ള സാധ്യതയുണ്ടല്ലോ. പ്രത്യേകിച്ച് ഹിന്ദി പറയുന്ന പഞ്ചാബികൾ. ആ കാലത്ത് രമണന്റെ മരണം എന്നൊരു നാടകം ഉണ്ടായിരുന്നു. ചിലരത് ‘മരണന്റെ രമണം’ എന്നൊക്കെ തെറ്റിച്ചു പറയും. അതിൽ നിന്നാണ് രമണൻ എന്ന പേരു വന്നത്. സിനിമയിൽ ജനാർദനൻ ചേട്ടൻ രമണൻ എന്നു കേൾക്കുമ്പോ ‘എന്താ മരണനോ’ എന്നു ചോദിക്കുന്നും ഉണ്ട്.
സ്ക്രിപ്റ്റ് പൂർണമായെന്നു മാത്രമല്ല എത്രയോ പ്രാവശ്യം ഞങ്ങൾ വെട്ടിയും തിരുത്തിയും മിനുക്കിയതായിരുന്നു. പക്ഷേ, ‘മുതലാളീ ചങ്ക ചക ചകാ’ എന്ന ഡയലോഗ് ഡബ്ബിങ് ടൈമിൽ ഉണ്ടായതാണ്. അകലെ നിന്നു വരുന്ന ബോട്ടിൽ നിന്നു രമണൻ തോർത്തു വീശി കാണിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ഡബ്ബിങ്ങിനിടയില്‍ ആ ഹിറ്റ് ഡയലോഗ് പിറന്നു.
രമണനും മുതലാളിയും കൂടിയുള്ള സീനുകൾ എഡിറ്റ് ചെയ്ത് കളഞ്ഞിട്ടുണ്ട്. ജീവിതം മുട്ടിനിൽക്കുമ്പോൾ മണ്ടത്തരത്തിലൂടെ ആശ്വസിപ്പിക്കുന്ന കുറേ രംഗങ്ങളും ഉണ്ടായിരുന്നു.
കുറച്ചു മാസങ്ങൾക്കു മുമ്പ് ഹരിശ്രീ അശോകന്റെ പുതിയ വീടു പാലുകാച്ചൽ. റാഫിയും മെക്കാർട്ടിനും രമണന്റെ വീടുകാണാൻ പോയി. തിരിച്ചിറങ്ങിയപ്പോഴാണ് ആ വീടിന്റെ പേരു വായിച്ചത്, ‘പഞ്ചാബി ഹൗസ്.’ രമണന്റെ വീടിന് ഇതിലും മികച്ച ഒരു പേരുണ്ടോ?