വീട്ടിലേക്കെത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ആയിരുന്നു ആ അപകടം. എല്ലാം അവസാനിച്ചു എന്നു തോന്നിയിടത്തു നിന്നു രഞ്ജിമയുടെ അതിജീവനം
‘‘നല്ലൊരു സുഹൃത്തിനെ ജീവിതപങ്കാളിയായി കിട്ടിയാൽ ജീവിതം അടിപൊളിയാണെന്നാണു തോന്നുന്നത്. എന്തു കാര്യത്തിനും എല്ലാ പിന്തുണയുമായി ഒപ്പമൊരാളുണ്ടാകുക എന്നതാണു വലിയ ബോണസ്. ഞാൻ ബെസ്റ്റ് ഫ്രണ്ടിനെയാണ് ജീവിതപങ്കാളിയാക്കിയത്. അതുകൊണ്ട് ഏതൊക്കെ ഘട്ടത്തിൽ എങ്ങനെ പെരുമാറുമെന്നു കൃത്യമായറിയാം.
ഞാനും വിഷ്ണുവും തമ്മിൽ പത്തു വർഷത്തിലേറെയായി സൗഹൃദമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കല്യാണം ആയപ്പോൾ ഒരു ‘കംപ്ലീറ്റ്’ ഫീലാണ് വന്നത്.
പത്താം ക്ലാസ് മുതൽ തമ്മിൽ കാണുന്നതാണ്. ‘ബുജി ടൈപ്’ ആയിരുന്ന അവനോടു സംശയം ചോദിച്ചു ചോദിച്ചാണു കൂട്ടായത്. നല്ല അടിയും കൂടിയിട്ടുണ്ട്. ആറു മാസം മിണ്ടാതെ നടന്നു. അന്നു ഞാൻ മനസ്സിലോർത്തിട്ടുണ്ട് ‘ഇവനെ കെട്ടുന്ന കുട്ടിയുടെ കഷ്ടകാലമായിരിക്കും’ എന്ന്.
വിഷ്ണുവിന് ആദ്യ ചാൻസിൽ തന്നെ പാലക്കാട് എൻഎസ്എസ് ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ അഡ്മിഷൻ കിട്ടി. അടുത്ത വർഷം എൻട്രൻസ് റിപ്പീറ്റ് ചെയ്ത എനിക്കും അവിടെ തന്നെ കിട്ടി. അന്നു കളിയാക്കൽ കിട്ടേണ്ടാ എന്നോർത്തു കൂട്ടുകാരോടൊക്കെ ഞാൻ അവന്റെ വല്യച്ഛന്റെ മോൾ എന്നാണ് പറഞ്ഞിരുന്നത്.
ബിടെക് എസ് 7 പരീക്ഷയ്ക്ക് മുൻപായിരുന്നു പെരിന്തൽമണ്ണയിൽ ഉറ്റസുഹൃത്തിന്റെ കല്യാണനിശ്ചയം. അതിന്റെ രണ്ടു ദിവസം മുൻപ് അമ്മയുടെ പിറന്നാളായിരുന്നു. അതുകൊണ്ടു തൃശൂർ പെരുമ്പിലാവിലെ വീട്ടിലെത്തി അമ്മയെ കാണണം, ദേശവിളക്കിനു താലമെടുക്കണം എ ന്നൊക്കെയോർത്തു പെരിന്തൽമണ്ണയിലെ ചടങ്ങു കഴിഞ്ഞു നാട്ടിൽ പോകാൻ തീരുമാനിച്ചു.
കല്യാണചെക്കന്റെ ബന്ധുക്കൾ കാറിൽ തൃശൂർക്ക് പോകുന്നുണ്ട്. ചടങ്ങു കഴിഞ്ഞ് അവർക്കൊപ്പം യാത്ര പുറപ്പെട്ടു. ബസ് സ്റ്റോപ്പിൽ വിടാമെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ, വീട്ടിൽ കൊണ്ടുവിടാമെന്ന് അവർ പറഞ്ഞു. വീടെത്തുന്നതിനു നിമിഷങ്ങൾ മുൻപായിരുന്നു ആ അപകടം. കാറോടിച്ചിരുന്ന മനോജ് ചേട്ടൻ മരിച്ചു. മുന്നിലേക്കു തെറിച്ചു വീണ എനിക്കു സാരമായ പരിക്ക്. ആദ്യമെത്തിച്ച രണ്ടു ആശുപത്രികളും മടക്കി അയച്ചു. പിന്നീടാണു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുകാലിനും നല്ല വേദന. പരിശോധനകളിൽ വലത്തേ കാലിൽ അനക്കമറിയാം. ഇടത്തേ കാലിൽ ചലനങ്ങൾ അറിയുന്നില്ല. മുഖം ചില്ല് കഷ്ണങ്ങൾ കൊണ്ട് മുറിഞ്ഞിരുന്നു. വലതു കണ്ണിന്റെ പോളയും കീറിയിരുന്നു.
രാത്രി എട്ടു മണിയോടെ കോയമ്പത്തൂരുള്ള ഗംഗ ആ ശുപത്രിയിലേക്കു പോയി. അപ്പോഴേക്കും എന്റെ ബോധം വീണ്ടും പോയി. അവിടെവച്ചാണു നാഡിക്കാണു പരിക്ക് എന്നു മനസ്സിലാക്കുന്നത്. അൽപം മുൻപ് എത്തിച്ചിരുന്നെങ്കിൽ കാൽ മുറിച്ചു കളയേണ്ടി വരില്ലായിരുന്നു എന്നവർ പറഞ്ഞു.
അമ്മ പകർന്ന ധൈര്യം
എന്റെ 21ാം വയസ്സിലാണ് ആ അപകടം. കാൽ മുറിക്കണം എന്നു കേട്ടതും അച്ഛൻ തളർന്നു പോയി. അമ്മ ധൈര്യത്തോടെ പറഞ്ഞു, ‘എന്തു ചെയ്തിട്ടാണെങ്കിലും എന്റെ മോളെ ജീവനോടെ തിരിച്ചു കിട്ടണം.’ രണ്ടു ചേച്ചിമാരുണ്ട് എനിക്ക്. അപകടത്തിന്റെ ഗുരുതരാവസ്ഥ അപ്പോൾ അവരെ അറിയിച്ചിരുന്നില്ല.
ഡോക്ടർമാരുടെ സംഭാഷണത്തിൽ നിന്ന് എനിക്കു കാര്യം മനസ്സിലായി. കാൽ ശസ്ത്രക്രിയ ചെയ്തു മാറ്റുന്നതിനേക്കുറിച്ച് ഡോക്ടർ വിശദീകരിച്ചു തുടങ്ങിയതും ഞാൻ സമ്മതിച്ചു. മുഖത്തെ സർജറിയും അവിടെ തന്നെയാണു ചെയ്തത്. ഒൻപതാം ദിവസം ഡിസ്ചാർജ് ചെയ്തു. വീട്ടുകാരും എന്റെ സുഹൃത്തുക്കളും ആരും എന്റെ മുന്നിൽ വന്നു കരഞ്ഞിട്ടില്ല. അതു തന്നെ വലിയ അനുഗ്രഹമായിരുന്നു. അന്നും വിഷ്ണുവും സുഹൃത്തുക്കൾ വിഷ്ണുരാജും സാലിഹും ഒപ്പമുണ്ടായിരുന്നു. എത്രയും വേഗം കോളജിൽ തിരികെയെത്തണം എന്നായിരുന്നു മനസ്സിൽ. മൂന്നാം മാസം പ്രോസ്തെറ്റിക് ലെഗ് വച്ചു. ബിടെക് എഴുതി എടുത്തു. പിന്നീട് എംടെക് ചെയ്തു. അന്ന് വിവാഹ നിശ്ചയത്തിനു പോയ കൂട്ടുകാരിയുൾപ്പടെയുള്ള സുഹൃത്തുക്കളും അധ്യാപകരും നല്ല പ്രോത്സാഹനമായിരുന്നു. അച്ഛൻ രാജൻ മുൻപ് വിദേശത്തായിരുന്നു, ഇപ്പോൾ നാട്ടിൽ ഓട്ടോ ഡ്രൈവറാണ്. അമ്മ ഷീല. ചേച്ചിമാർ രേഷ്മയും രമിഷയും.
കല്യാണം കഴിഞ്ഞു വന്നതു കുന്നംകുളത്താണ്. വിഷ്ണു ഇപ്പോൾ ദുബായിൽ മെക്കാനിക്കൽ എൻജിനീയറാണ്. അച്ഛൻ, അമ്മ, അനിയൻ അച്ചാമ്മ, അച്ചാച്ഛൻ എന്നിവരടങ്ങുന്നതാണ് വിഷ്ണുവിന്റെ വീട്. എംടെക് കഴിഞ്ഞു ഞാൻ എറണാകുളത്തു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ പിഎസ്‌സിക്ക് തയാറെടുക്കുന്നു. വരയ്ക്കാനും പാട്ട് പാടാനും നൃത്തം ചെയ്യാനും നല്ല ഇഷ്ടമാണ്.
ഡിസെബിലിറ്റി എന്നത് ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന കാര്യമാണ്. പക്ഷേ, ആത്മാർഥമായി സ്നേഹിക്കുന്ന ഒരുപറ്റം ആളുകളുണ്ടെങ്കിൽ ഉറപ്പായിട്ടും നമുക്കു മുന്നോട്ടു പോകാൻ സാധിക്കും. എല്ലാം പഴയതു പോലെയാകില്ല എന്നതു സത്യമാണ്. പക്ഷേ, ചില പുതിയ കാര്യങ്ങൾ നമ്മുടെ മുന്നിൽ തെളിയും. ചിലപ്പോൾ നമ്മളിൽ ഉറങ്ങിക്കിടന്ന പല കഴിവും തിരിച്ചറിയാനും സാധിക്കും. മറ്റുള്ളവരോടു പറയാനുള്ളത്, ഒരാളുടെ അവസ്ഥ കണ്ട് അവരുടെ മുന്നിൽ പോയി സങ്കടനോട്ടങ്ങളും മറ്റും ഒഴിവാക്കുക എന്നു മാത്രമാണ്.
ഇന്നു പല വിലയിലുള്ള പ്രോസ്തെറ്റിക് അവയവങ്ങളുണ്ട്. മൈക്രോ പ്രോസസറുള്ള നൈ ജോയിന്റ് ആണ് ഞാൻ ഉപയോഗിക്കുന്നത്. സ്മാർട് ഐടി എന്നാണ് ഇതിന്റെ പേര്. മൈക്രോ പ്രോസസർ നമ്മുടെ വേഗത മനസ്സിലാക്കി ചെറിയൊരു പുഷ് തരും. നമ്മുടേതല്ലാത്തൊരു കാര്യം ശരീരത്തിൽ വയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് ആദ്യം കുറച്ചുണ്ടാകും. ഞാൻ ഒരു ദിവസത്തിന്റെ വലിയൊരു പങ്കും ഇതു വച്ചു നടക്കാറുണ്ട്.
ഞങ്ങളുടെ സുഹൃത്തു വിഷ്ണുരാജാണ് ‘നിനക്ക് കല്യാണം കഴിച്ചൂടേ’ എന്ന് വിഷ്ണുവിനോടു ചോദിക്കുന്നത്. ഞങ്ങൾ മൂന്നാളും പണ്ടു മുതലേ കട്ട ഫ്രണ്ട്സാണ്. ഞങ്ങളുടെ സൗഹൃദം മുറിഞ്ഞ് പോകരുതെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. വീട്ടുകാർക്കു വിഷ്ണുവിനെ അറിയാം. അവനൊപ്പം ഞാൻ സുരക്ഷിതയായിരിക്കും എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു.
ആദ്യം കല്യാണം എന്നു പറഞ്ഞപ്പോൾ ഷോക് ആയിരുന്നു. അതിനു ശേഷം ഞങ്ങൾ മിണ്ടാതിരുന്നു. അപ്പോഴാണ് അവനെ ശരിക്കു മിസ് ചെയ്യാൻ തുടങ്ങിയത്. അവനില്ലാതെ പറ്റില്ല എന്നു മനസ്സിലായതോടെ ഞാൻ തന്നെയാണ് ഈ കല്യാണം മതി എന്നും പറഞ്ഞത്. നല്ല സുഹൃത്തിനേ നല്ല ജീവിതപങ്കാളിയാകാൻ സാധിക്കൂ എന്നു മനസ്സിലായി.
</p>