Tuesday 30 May 2023 12:37 PM IST

‘ആ സിനിമയിൽ നല്ല നടനുള്ള അവാർഡ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു, പക്ഷേ...’: മാഞ്ഞുപോയത് കോഴിക്കോടൻ ശ്വാസം

V R Jyothish

Chief Sub Editor

mammukkoya-kamal

മാമുക്കോയ മടങ്ങുകയാണ്. ജീവിതത്തിൽ ഒരിക്കൽ പോലും അഭിനയിക്കാതെ. പക്ഷേ, സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സുകളിൽ ഇപ്പോഴും അഭിനയം തുടരുന്നു. കല്ലായി കൂപ്പിലെ മരം അളവുകാരൻ, മാമു തൊണ്ടിക്കോട് എന്ന നാടകനടൻ, ൈവക്കം മുഹമ്മദ് ബഷീറിന്റെയും എസ്. കെ. പൊറ്റക്കാടിന്റെയും തിക്കൊടിയന്റെയും സുഹൃത്ത്. മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ. വേഷങ്ങളും അരങ്ങും മാറുമ്പോഴും മാറ്റമില്ലാതെ മനുഷ്യ സ്നേഹം മനസ്സിൽ സൂക്ഷിച്ച പ്രിയനടൻ. അദ്ദേഹവുമൊത്തുള്ള ജീവിതനിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ കമൽ.

ഒരു കോഴിക്കോടൻ ശ്വാസം

റസാക്കും ഞാനും അന്നുകോഴിക്കോട്ടുണ്ട്. ‘പെരുമഴക്കാല’ത്തിന്റെ തിരക്കഥ’ എഴുതിക്കഴിഞ്ഞു. കഥാപാത്രങ്ങളായി ആരൊക്കെ വേണം എന്ന ചർച്ച നടക്കുന്നു. നായികമാരിൽ ഒരാളായ മീരാ ജാസ്മിൻ അവതരിപ്പിച്ച റസിയുടെ ബാപ്പയാണ് അബ്ദു.

ഈ ലോകത്ത് ഏറ്റവും നിസ്സഹായനായ പിതാവ്. മരണശിക്ഷ കാത്തുകഴിയുകയാണ് അയാളുടെ മകളുടെ ഭർത്താവ് അക്ബർ. കൊല്ലപ്പെട്ട രാമരാമ അയ്യരുടെ ഭാര്യ ഗംഗ മാപ്പു നൽകിയാലേ അയാൾ രക്ഷപ്പെടൂ.

mammukkoya-25

മാപ്പിരന്നു കൊണ്ടു ഗംഗയുടെ അഗ്രഹാരത്തിൽ കയറിയിറങ്ങുന്ന റസിയയോടൊപ്പമുണ്ട് അബ്ദുവും. എല്ലാം ഉ ള്ളിലൊതുക്കണം. കണ്ണു കൊണ്ട് അഭിനയിക്കണം.

ആദ്യം നെടുമുടി വേണുവാണു മനസ്സിൽ വന്നത്. പ ക്ഷേ, അത്തരം വൈകാരിക രംഗങ്ങൾ മുൻപും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇനിയാര് എന്ന ചോദ്യമാണു മാമുക്കോയയിലേക്കെത്തിച്ചത്.

കോമഡി ട്രാക്കിൽ അല്ലാതെ മാമുക്കോയയെ അധികം കണ്ടിട്ടില്ല. മാത്രമല്ല മലബാറിന്റെ പശ്ചാത്തലമുള്ള കഥയാണ്, നടൻ എന്ന നിലയിൽ മാമുക്കോയയുടെ കഴിവിൽ എതിരഭിപ്രായവുമില്ല. ഒരു മലബാറി മാപ്പിളയുടെ കാഴ്ചയുമുണ്ട്. അങ്ങനെ ഞങ്ങൾ മാമുക്കോയയെ തീരുമാനിച്ചു. അദ്ദേഹം കഥയോ കഥാപാത്രമോ ഒന്നും ചോദിച്ചില്ല. എത്ര ദിവസം വേണ്ടിവരും എന്നാണു ചോദിച്ചത്. പതിവ് കോമഡി ട്രാക് എന്നാകാം ആദ്യം കരുതിയത്. തിരക്കഥാകൃത്ത് ടി.എ. റസാക്ക് അദ്ദേഹത്തോടു കഥ പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞു ഞങ്ങൾ മാമുക്കോയയെ നേരിട്ടു ക ണ്ടു. കഥാപാത്രത്തെക്കുറിച്ചു വിശദമായി പറഞ്ഞു. ‘ഞാനിത് എടുത്താൽ പൊങ്ങുമോ കമലേ...’ എന്ന് അപ്പോഴാണ് അദ്ദേഹം ചോദിക്കുന്നത്. വലിയ സന്തോഷത്തോടെയാണ് അന്നു മാമുക്കോയ മടങ്ങിപ്പോയത്.

Mamukkoya_nadodikkattu_Vanitha

നിസ്സഹായനായ ഒരാൾ

‘പെരുമഴക്കാല’ത്തിന്റെ ഷൂട്ടിങ് തുടങ്ങി. ആദ്യദിവസം തന്നെ മാമുക്കോയയുടെ അബ്ദു ഞങ്ങളെ ഞെട്ടിച്ചു. അന്നുവരെ സെറ്റിൽ കണ്ടിട്ടുള്ള മാമുക്കോയയേ അല്ല പെരുമഴക്കാലത്തിന്റെ സെറ്റിൽ ഞാൻ കണ്ടത്.

ആളൊഴിഞ്ഞ സ്ഥലത്ത് ഒരു കസേരയിട്ടിരുന്ന മാമു ക്കോയ ഇപ്പോഴും മനസ്സിലുണ്ട്. ആദ്യമൊക്കെ ചില‍ർ കളിയാക്കിയെങ്കിലും പിന്നീടവർ ആ ഭാഗത്തേക്കു പോയില്ല. ഷൂട്ടിങ് കഴിഞ്ഞിട്ടും കുറച്ചുദിവസം മാമുക്കോയ മൗനത്തിലായിരുന്നു. ‘അബ്ദു എന്നെ വിഴുങ്ങിക്കളഞ്ഞു കമലേ...’ എന്നു പിന്നീടൊരിക്കൽ കണ്ടപ്പോൾ മാമുക്കോയ പറഞ്ഞു. പെരുമഴക്കാലം പുറത്തിറങ്ങി. സിനിമ വൻഹിറ്റായി. അതിലെ പാട്ടുകളും അഭിനയവും എല്ലാം സൂപ്പർ ഹിറ്റായി.

സംസ്ഥാനസർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും പല അവാർഡുകളും കിട്ടി. സംസ്ഥാന സർക്കാർ അവാർഡിൽ പ്രത്യേക പരാമർശമാണു മാമുക്കോയയ്ക്ക് ഉണ്ടായിരുന്നത്. അതിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. കാരണം ആ സിനിമയിൽ നല്ല നടനുള്ള അവാർഡ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു എന്നു വേണം കരുതാൻ.

മികച്ച രണ്ടാമത്തെ നടനുള്ള അവാർഡിനായി മാമുക്കോയയെയും ലാലു അലക്സിനെയും പരിഗണിച്ചിരുന്നുവെന്ന് പിന്നീടു കേട്ടു. ഞാൻ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലെ അഭിനയത്തിന് ലാലു അലക്സിനായിരുന്നു അവാർഡ്.

എന്റെ സിനിമാജീവിതത്തിൽ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിൽ ഒരാളായിരുന്നു മാമുക്കോയ.‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’ മുതൽ ഇങ്ങോട്ട് എത്രയോ സിനിമകളിൽ ഞങ്ങൾ ഒരുമിച്ചു.

ഒരു ഉദാഹരണം പറയാം. പ്രാേദശിക വാർത്തകൾ എ ന്ന സിനിമയിലെ പ്രോജക്റ്റർ ഓപ്പറേറ്ററായ ജബ്ബാർ. എല്ലാ നാട്ടിലും ഉണ്ടാവും ഒരു സിനിമാ കൊട്ടകയും അവിടുത്തെ ഹീറോയായ ഓപ്പറേറ്ററും.

ആ സിനിമയുടെ ഷൂട്ടിങ് നടന്നപ്പോൾ ഞാൻ മാമുക്കോയയോടു ചോദിച്ചു. സത്യത്തിൽ നിങ്ങൾക്ക് പണ്ട് ഇതായിരുന്നോ പണി?’

വി.ആർ. ജ്യോതിഷ്

ചിത്രീകരണം : പെൻസിലാശാൻ