Friday 21 August 2020 05:06 PM IST

മനുഷ്യനാകാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന മാസ്റ്റര്‍പീസ്! 70 വര്‍ഷങ്ങള്‍ക്കിപ്പുറവും 'അപു' അതിശയക്കാഴ്ച; എനിക്കു പ്രിയപ്പെട്ട സിനിമ

Sreerekha

Senior Sub Editor

WhatsApp Image 2020-08-21 at 7.22.59 AM

എന്റെ പ്രിയ സിനിമ

രഞ്ജിത് ശങ്കർ (സംവിധായകൻ)

ഞാൻ കണ്ടിട്ടുള്ളതിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ...  അതു പറയാൻ എനിക്ക് ഒരുപാട് ആലോചിക്കേണ്ടിവരുന്നില്ല. അത് സത്യജിത് റായ് സംവിധാനം ചെയ്ത അപു ട്രിലോജി ( Apu Trilogy) ആണ്.  'അപുത്രയങ്ങൾ' എന്നറിയപ്പെടുന്ന സിനിമകൾ. പഥേർപാഞ്ചാലി, അപരാജിതോ, അപു സൻസാർ.  

ഇന്ത്യൻ സാഹിത്യത്തിലെ ഇതിഹാസമായ, ബിഭൂതി ഭൂഷൺ ബന്ദോപാദ്ധ്യായയുടെ നോവലുകളെ ആസ്പദമാക്കിയാണ് സത്യജിത് റായ് ഈ ചലച്ചിത്രങ്ങൾ ഒരുക്കിയത്.    

മുൻപ് ഞാൻ കണ്ടിട്ടുള്ളതാണ്  ഈ മൂന്നു   സിനിമകളും. വളരെ ഇഷ്ടപ്പെട്ടവയായി അവയെനിക്കു  തോന്നിയിട്ടുമുണ്ട്. പക്ഷേ, ഇത്തവണ കോവിഡ് കാരണമുള്ള ലോക് ഡൗൺ വന്ന സമയത്ത് വീണ്ടും ഈ മൂന്നു സിനിമകളും ഒരുമിച്ചു കണ്ടപ്പോഴാണ് എത്ര ഉദാത്തവും മനോഹരവുമായ ചലച്ചിത്രങ്ങളാണവയെന്ന് കൂടുതൽ ആഴത്തിൽ തിരിച്ചറിയുന്നത്. 1950 കളിൽ ഇറങ്ങിയ ഈ സിനിമകളുടെ നല്ലൊരു പ്രിന്റ് നമ്മുടെ കൈവശം ഇല്ല എന്നതാണ് കഷ്ടം. എന്നാലിപ്പോൾ ഓൺലൈനിൽ അവയുടെ പുതുക്കിയ വെർഷൻ വാങ്ങാൻ കിട്ടും. അങ്ങനെ വാങ്ങിയ സിനിമകളാണ് ഞാൻ കണ്ടത്. ഈ പുതിയ കാഴ്ചയിൽ

എന്നെ വളരെ വളരെ വളരെ ആകർഷിച്ചു ഈ ചിത്രങ്ങൾ. കൂട്ടത്തിൽ തന്നെ, രണ്ടാമത്തെ സിനിമ 'അപരാജിതോ' ആണ് എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടം തോന്നുന്ന ചിത്രം. മൂന്നാമത്തെ സിനിമ അപു സൻസാറും അതിമനോഹരമാണ്.

 ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ  ബംഗാളിലെ ഒരു സാധാരണ ദരിദ്ര കുടുംബത്തിനു ജീവിതത്തിൽ  നേരിടേണ്ടി വരുന്ന  ബദ്ധപ്പാടുകളും നിസ്സഹായതകളുമാണ് 'പഥേർപാഞ്ചാലി 'യിലെ മുഖ്യ പ്രമേയം. ഹരിഹർ റായ്, ഭാര്യ സർബോജയ, മക്കളായ ദുർഗ, അപു, ഹരിഹർറായിയുടെ വകയിലെ ഒരു അമ്മായിയായ പിഷി എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ദുർഗയുടെയും അപുവിന്റെയും ജീവിതത്തിലൂടെ ബാല്യത്തിന്റെ നിഷ്കളങ്കതയും  കുരുന്നു സ്വപ്നങ്ങളും  റായ് വരച്ചു കാട്ടുന്നു. ഒപ്പം ഇന്ത്യൻ കുടുംബ ജീവിതത്തിന്റെ വൈകാരികതയും താളവും  യഥാർത്ഥ്യങ്ങളുമെല്ലാം ഏറ്റവും ഹൃദയ സ്പർശിയായി മുന്നിൽ തെളിയുന്നു. ദൈനം ദിന ജീവിതത്തെ തന്നെ കാവ്യാത്മകമാക്കി മാറ്റുകയാണ് സത്യജിത് റായ് ഈ സിനിമകളിൽ . പ്രകൃതിയോട് അലിഞ്ഞു ചേർന്നു നിൽക്കുന്നതാണ് ഇതിലെ ജീവിതങ്ങൾ.

അപു ട്രിലോജി വീണ്ടും കണ്ട ശേഷം ഞാൻ സിനിമയിലെ പലരോടും ഇതെക്കുറിച്ച് സംസാരിച്ചു.  അതീവ സിംപിൾ ആയ ഷോട്ടുകളിലൂടെ എത്ര ആഴത്തിലുള്ള ഹൃദയവികാരങ്ങളാണ് മനോഹരമായി പ്രേക്ഷകരിലേക്ക് സംവദിക്കുന്നതെന്ന്    നാം വിസ്മയിച്ചു പോകും. 'അപരാജിതോ'യിൽ അപുവിന്റെ അച്ഛൻ മരിക്കുന്ന സീനുണ്ട്. ഷോട്ട് എടുത്തിരിക്കുന്നതിന്റെ സൗന്ദര്യം,    എഡിറ്റിങ്ങിന്റെ മികവ്, അഭിനേതാക്കളുടെ പ്രകടനം ഇതെല്ലാം വച്ച് ഞാൻ കണ്ടിട്ടുള്ളതിലെ ഏറ്റവും മികച്ച സീനാണതെന്ന് തോന്നിപ്പോയി. അച്ഛൻ മരിക്കുന്ന സീനിൽ നിന്നും നേരേ കാണിക്കുന്നത് അമ്മയുടെ ഒരു ഷോട്ട് ആണ്. കാരണം, അങ്ങനെ കരഞ്ഞിരിക്കാനൊന്നും സമയമില്ല, സാധാരണ മനുഷ്യർക്ക്. ജീവിതം വീണ്ടും  മുന്നോട്ട് ഒഴുകിയേ പറ്റൂ, 'അപരാജിതോ' അവസാനിക്കുന്നതും അമ്മ മരിക്കുന്ന സീനിലാണ്. അതും അങ്ങേയറ്റം ഹൃദയത്തിൽ തൊടുന്ന രംഗമാണ്. അമ്മ മരിക്കാൻ കിടക്കുന്നു. മകനെ കാത്തിരിക്കുകയാണ്. ആ സിനിൽ നിന്ന് ഫേഡ് ഔട്ട് ആയി ഇരുട്ടിലേക്ക് പോകുന്നു. കൊൽക്കത്തയിൽ പഠിക്കുകയാണ് അപു. അമ്മയെ കാണാൻ ആകെ കരഞ്ഞുലഞ്ഞ് അവൻ എത്തുന്നു... അമ്മയുടെ അന്ത്യകർമങ്ങൾ ചെയ്യണം. പക്ഷേ, പരീക്ഷയായതിനാൽ അത് ഇവിടെ ചെയ്യാതെ കൊൽക്കത്തയിൽ ചെയ്യാമെന്ന് പറഞ്ഞ് അവൻ മടങ്ങുകയാണ്. ജീവിതത്തിന്റെ കഠിമായ യാഥാർത്ഥ്യങ്ങൾ പലപ്പോഴും അങ്ങനെയാണല്ലോ. അത്തരം യാഥാർത്ഥ്യങ്ങളിലൂടെയാണ് 'അപു ട്രിലോജി'  മനുഷ്യത്വത്തിന്റെ ഒരു കാവ്യാക്തക സിനിമയായി നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നത്. 

WhatsApp Image 2020-08-21 at 7.22.57 AM

'പഥേർ പാഞ്ചാലി ' 

ബാല്യത്തിന്റെ നിഷ്കളങ്ക യാത്ര കൂടിയാണ്. അതിന്റെ അവസാന ഭാഗത്ത്, അപുവിന്റെ ചേച്ചി ദുർഗ മരിക്കുകയാണ്. കാലവർഷത്തിനു തൊട്ടു മുൻപുള്ള മഴ ! സംഗീത സാന്ദ്രമായ ആ മഴയിൽ  ദുർഗയും അപുവും സന്തോഷത്തോടെ നനഞ്ഞു കുതിരുന്നു. പക്ഷേ, ആ സന്തോഷം വരാനിരിക്കുന്ന ദു:ഖത്തിന്റെ സൂചകം ആണ്. മഴയിൽ  നനഞ്ഞ് പനി പിടിച്ച ദുർഗ്ഗ മരണത്തിനു കീഴടങ്ങുകയാണ്. ദുർഗ വ പനി പിടിച്ചു കിടക്കുമ്പോൾ ജനലരികിലൂടെ മധുര പലഹാര വിൽപ്പന ക്കാരൻ പോകുന്നുണ്ട്. ദുർഗയുടെ വിളറി ക്ഷീണിച്ച നിശ്ചല മുഖത്തേക്കാണ് പിന്നീട് ക്യാമറ തിരിയുന്നത്. രോഗവും മരണവും ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ പോലെ.. പിന്നീട്,

മഴയുടെ വന്യതയിൽ തകർന്ന തന്റെ വീട്ടിലേക്ക് ഹരിഹർ റായ് മടങ്ങിയെത്തുന്നു ... ദുർഗയുടെ മരണശേഷം ഹരിഹറും  കുടുംബവും ആ ഗ്രാമത്തിൽ നിന്നു യാത്ര തിരിക്കുകയാണ്. പോകുന്നതിനു മുൻപ് ദുർഗ മോഷ്ടിച്ച ഒരു മാല അപു വീട്ടിൽ നിന്നു കണ്ടെടുക്കുന്നു. അതു മോഷണം പോയെന്ന പേരിൽ അയൽപക്കത്തെ സ്ത്രീ വന്ന് വലിയ വഴക്കുണ്ടാക്കിയിരുന്നതാണ്. ദുർഗ ഒരിക്കലും അതു ചെയ്യില്ലെന്ന് അമ്മ സർബോജയ അന്ന് തറപ്പിച്ചു പറഞ്ഞിരുന്നതാണ്! പക്ഷേ, കൗമാരത്തിന്റെ ഒരു നിഷ്കളങ്കമായ തെറ്റ് പോലെ ആ മാല.. ! അപു മാല പറമ്പിലെ കുളത്തിലേക്ക് ആരും കാണാതെ എറിഞ്ഞു  കളയുന്നു.. ബാല്യത്തിന്റെ കളങ്കമില്ലാത്ത കുഞ്ഞു തെറ്റു  പോലെ അതും അതുണ്ടാക്കിയ കുഞ്ഞോളങ്ങളും കുളത്തിന്റെ വിശാലതയിൽ മാഞ്ഞു പോകുന്നു.. ഒരുപക്ഷേ, ഒരിക്കലും വിടരാതെ അവസാനിച്ചു പോയ 

ദുർഗയുടെ കൗമാര സ്വപ്നങ്ങൾ പോലെയും.. അതിവൈകാരികതകളിതെ, നാടകീയതകളില്ലാതെ റായ് എത്ര ഹൃദ്യമായിട്ടാണ് ജീവിതത്തെ വരച്ചുകാട്ടിയിരിക്കുന്നത്!

 സിനിമയുടെ ഓരോ ഷോട്ടിനും വിശദീകരണങ്ങളൊന്നും ആവശ്യമില്ല... അത് നമ്മിലുണർത്തുന്നത് പൂർണമായ ജീവിതത്തിന്റെ അനുഭവമാണ്. അതാണ് 'അപു ത്രയ 'ങ്ങളുടെ മഹത്തരതയെന്നു തോന്നുന്നു. 

1955 ലാണ് 'പഥേർ പാഞ്ചാലി '  ഇറങ്ങിയത്. സാങ്കേതികമായി ഇന്നും മികവേറിയതായി ഈ സിനിമകൾ അനുഭവപ്പെടും. ടെക് നിക്കലി 'പഥേർപാഞ്ചാലി ' യെക്കാൾ മികവേറിയതാണ് 'അപരാജിതോ'. കാരണം, വളരെ പരിമിത സാഹചര്യങ്ങളിലും സാമ്പത്തിക ‍ഞെരുക്കത്തിലും നിന്നാണ് സത്യജിത് റായ് തന്റെ ആദ്യ സിനിമ ചിത്രീകരിച്ചിട്ടുള്ളത്. 'അപരാജിതോ'യെക്കാളും സാങ്കേതിക മികവേറിയ സിനിമയാണ് 'അപു സൻസാർ '. 'അപു സൻസാറി'ലെ ഏറ്റവും സുന്ദരമായ ഘടകം അതിലെ പ്രണയമാണ്. അതിൽ അപുവും ഷർമിള ടാഗോറിന്റെ  കഥാപാത്രവും (അപർണ ) തമ്മിലുള്ള പ്രണയ രംഗങ്ങൾ .. എത്ര കാവ്യാത്മകമാണ്!  അതിൽ ഭാര്യ മരിച്ച ശേഷം അയാൾ തീവണ്ടിയുടെ മുന്നിൽ നിന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഷോട്ട് ജീവിതത്തിലെ അതി തീവ്രമായ മുഹൂർത്തങ്ങളെ റായ് ടച്ചിങ്ങായി  പകർത്തിയിരിക്കുന്നതിന്റെ മഹത്തായ ഉദാഹരണമാണ്.

രണ്ടു ഷോട്ട് ആണ് ഈ സീനിൽ ആകെയുള്ളത്. ഇന്നാണെങ്കിൽ ഇത്തരമൊരു സീനിൽ ഭയങ്കര ബഹളങ്ങളൊക്കെ കൊണ്ടു വന്നേനേ.  സിനിമയുടെ അവസാനത്തെ സീനും അതീവ ഹൃദയ സ്പർശി ആണ്.  മകനെ കാണാൻ വരികയാണ് അയാൾ.. ഭാര്യ മരിക്കാൻ കാരണം മകനാണെന്ന ചിന്തയാൽ അയാൾ മകനെ ഇത് വരെ കണ്ടിട്ടിരുന്നില്ല.  അയാൾ പോകാൻ നേരം മകൻ ഓടി വരുന്നു. 'എന്നെ എന്റെ അച്ഛന്റെ അടുത്തേക്കു കൊണ്ടു പോകാമോ ' എന്നു ചോദിച്ചാണ് മകൻ ഓടിയണയുന്നത്. അച്ഛനിലേക്ക് എത്താൻ അയാൾക്കിനിയും  ഒരുപാട് ദൂരമുണ്ടെന്നാണ് ആ സീനിന്റെ  അർഥമെന്നാണ് മനസ്സിലാകുന്നത്. അയാളി നിയും യഥാർത്ഥ  അച്ഛനായിട്ടില്ല. 'നിങ്ങളാരാണ്?'  എന്ന് കുട്ടി ചോദിക്കുമ്പോൾ  'സുഹൃത്ത് ' എന്നാണയാൾ മറുപടി പറയുന്നത്. 'അച്ഛനാകാൻ ഞാൻ പരിശ്രമിക്കാ'മെന്ന്  അയാൾ വാക്കു കൊടുക്കുന്നു. എന്നിട്ടയാൾ കുട്ടിയെ തോളിലേറ്റി പോകുന്നിടത്ത്  സിനിമ അവസാനിക്കുകയാണ്.

 ജീവിതത്തിന്റെ എല്ലാ അംശങ്ങളും ഉൾക്കൊള്ളിച്ചാണ് റായ് ഈ സിനിമകൾ ഒരുക്കിയിരിക്കുന്നത്. ഏറ്റവും മാനുഷികമായ എല്ലാ വികാരങ്ങളും ഏറ്റവും തീവ്രതോയടെ എന്നാൽ തെല്ലും ബഹളമയമല്ലാതെ അതിലുണ്ട്. സ്നേഹം, ബന്ധങ്ങൾ, വീട്, പ്രകൃതി, വേർപാട്, നഷ്ടങ്ങൾ,  പ്രണയം.. മരണം... ! എത്ര  വേദനകളും ആഘാതങ്ങളും സമ്മാനിച്ചാലും വീണ്ടും പ്രതീക്ഷയോടെ തുടർന്നു പോകുന്ന ജീവിതമെന്ന പാട്ട്. അതാണ് അപുവിന്റെ യാത്രയുടെ കഥയായ ഈ മൂന്നു സിനിമകളും. മൂന്നും ഒന്നിച്ച് കാണുമ്പോഴാണ് അവയുടെ പൂർണത നമുക്ക് ഉൾക്കൊള്ളാനാന്നുന്നത്. 

ഏറ്റവും സാധാരണക്കാരനായ ഒരു പ്രേക്ഷകനും ഇത് അങ്ങേയറ്റം മനസ്സിൽ തൊടുന്നു. അതാണ് ഈ സിനിമകളുടെ ഏറ്റവും വലിയ സവിശേഷതയെന്നു തോന്നുന്നു. വലിയ സിനിമാ നിരൂപകനോ കലാവബോധമുള്ളയാളോ ഒന്നും  ആകണമെന്നില്ല ഈ സിനിമകൾ ആസ്വദിക്കാൻ. കാരണം, ദാരിദ്ര്യവും സ്വപ്നങ്ങളും ദു:ഖവും പ്രതീക്ഷയും ഒക്കെ എല്ലാ മനുഷ്യരുടെയും ജീവിതത്തിലെ അവസ്ഥകളാണല്ലോ! ആ അവസ്ഥകളിലൂടെ ഫ്രെയിമുകളെ ഒരു മുത്തുമാല പോലെ കോർത്ത് ജീവിതമെന്ന ഒഴുക്കിനെ  റായ് നമുക്കു മുന്നിൽ ആ വിഷ്കരിക്കുകയാണ്! 

ഇതിലും മികച്ചൊരു സിനിമ ഞാൻ കണ്ടിട്ടില്ല. നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാനും,  കുറച്ചു കൂടി നല്ലൊരു മനുഷ്യനാകാനും  ഈ സിനിമകൾ നമ്മെ പ്രേരിപ്പിക്കും; തൽക്കാലത്തേക്കെങ്കിലും! അതു തന്നെയാണ് ഈ സനിമയുടെ ഈ ഏറ്റവും വലിയ ഉദാത്തത. 

പണ്ഡിറ്റ് രവിശങ്കറാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ദൃശ്യങ്ങളെ അർത്ഥ സാന്ദ്രമാക്കുന്ന, ഓരോ സീനിലെയും ഭാവത്തെ ഉണർത്തുന്ന സംഗീതം ഈ സിനിമകളുടെ ഒഴുക്കിലെ പ്രധാനഘടകമാകുന്നു. ഒാരോ വികാരങ്ങളും സംഗീതത്തിലൂടെ പ്രതിഫലിക്കുന്നു. എഡിറ്റിങ്ങ്, അഭിനേതാക്കളുടെ പ്രകടനം എന്നിവയും അതിമനോഹരമാണ്. എഴുപതോളം വർഷം മുമ്പ് ഇറങ്ങിയ ചലച്ചിത്രമാണെങ്കിലും, ഇപ്പോഴത്തെ ഒരു പ്രേക്ഷകനും ഇതു  കാണുമ്പോൾ അത്ര മനസ്സിൽ തൊടുന്നതെന്തു കൊണ്ടാവും! കാരണം, സ്നേഹം, ദുഖം, ദാരിദ്ര്യം, സ്വപ്നം ... ഇതൊക്കെ എല്ലാ കാലത്തും എല്ലാ മനുഷ്യരുടെയും ജീവിതത്തിലുള്ളതായതു കൊണ്ടാണ്. അവ ഇത്ര ഗംഭീരമായി വന്നിട്ടുള്ള മറ്റൊരു സിനിമ ഉണ്ടെന്നു തോന്നുന്നില്ല.