‘പാസഞ്ചറി’ൽ തുടങ്ങിയ, രഞ്ജിത് ശങ്കറിന്റെ സിനിമായാത്ര ‘രാമന്റെ ഏദൻ തോട്ട’ത്തിൽ എത്തുന്നു. സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ ഒരു ചെറുപ്പക്കാരൻ ഒറ്റയ്ക്കു നടത്തിയ ആ യാത്രയിലെ അനുഭവങ്ങൾ..
എട്ടു വർഷം മുമ്പാണ് രഞ്ജിത് ശങ്കർ ആ യാത്ര പോയത്. ‘പാസഞ്ചർ’ ചെയ്തതിനു ശേഷം വീണ്ടും ഒാഫിസ് ജോലിയുടെ തിരക്കിൽ മുഴുകിയ നാളുകളിലൊന്നിൽ കംപ്യൂട്ടറിന്റെയും സോഫ്റ്റ്‌വെയറിന്റെയും ലോകത്തു നിന്ന് ഒരു ചേഞ്ചിനു വേണ്ടി നെല്ലിയാമ്പതിയിലേക്ക്. അവിടുത്തെ കാടും കാടിനോട് ചേർന്നു കിടക്കുന്ന റിസോർട്ടും, ഫാം ഹൗസിലെ ആടുകളെ മേയ്ക്കാൻ പരിശീലിച്ച കുരങ്ങനും... എല്ലാം വേറിട്ട അനുഭവമായിരുന്നു. കാറ്റും മരങ്ങളുടെ പച്ചപ്പും തണുപ്പും തഴുകുന്ന മറ്റൊരു ലോകം. ട്രെക്കിങ്ങിനു പോയപ്പോൾ ജീപ്പ് ഒാടിച്ച ഡ്രൈവറും ആ ഫാം ഹൗസ് ഉടമയും, അവിടെ നിന്നു മടങ്ങുമ്പോഴേക്കും കഥാപാത്രങ്ങൾ പോലെ രഞ്ജിത്തിന്റെ മനസ്സിൽ കുടിയേറിയിരുന്നു. ആ പശ്ചാത്തലത്തിൽ ഒരു പ്രണയകഥ നിറയും പോലെ തോന്നി. എന്നെങ്കിലും ആ കഥ സിനിമയാക്കണമെന്നും വിചാരിച്ചു.
‘പ്രേതം’ എന്ന സിനിമയുടെ ഗംഭീരവിജയത്തിനു ശേഷം അടുത്ത സിനിമയെക്കുറിച്ചാലോചിക്കുമ്പോഴാണ്, പെട്ടെന്നാ കഥ രഞ്ജിത്തിന്റെ മനസ്സിലേക്ക് വന്നത്. ‘‘ഇതു ചെയ്യാനുള്ള ധൈര്യം ഇപ്പോഴേ എനിക്കു കിട്ടൂ. ഒരു സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷം നിൽക്കുമ്പോൾ.’’ രഞ്ജിത്ത് പറയുന്നു.
‘‘രാമന്റെ ഏദൻ തോട്ടം മച്വേർഡ് ആയൊരു പ്രണയ കഥയാണ്. ഈ സിനിമ നെല്ലിയാമ്പതിയിൽ തന്നെ ഷൂട്ട് ചെയ്യണമെന്നായിരുന്നു മോഹം. പക്ഷേ, അവിടെ പോയി നോക്കിയപ്പോൾ പണ്ടത്തെ അന്തരീക്ഷം ആകെ മോഡേണായി മാറിയിരുന്നു. അപ്പോഴാണ് സംഗീത സംവിധായകൻ ബിജിബാൽ വാഗമണ്ണിലെ ഒരു റിസോർട്ടിനെക്കുറിച്ചു പറഞ്ഞത്. ഇവിടേക്ക് ആദ്യമായി വന്നപ്പോൾ തന്നെ എന്റ കഥ ഇവിടെ നടക്കുന്നതായി തോന്നി. ടാറിടാത്ത വഴികളും ഒരു കുതിരയുമൊക്കെയായി... ഞാൻ സ്വപ്നത്തിൽ കണ്ട അതേ സ്ഥലം. നെല്ലിയാമ്പതിയിൽ വച്ച് കണ്ടുമുട്ടിയ ഫാം ഹൗസ് ഉടമയും, അവിടുന്നു പരിചയപ്പെട്ട ആ ജീപ്പ് ഡ്രൈവറുമൊക്കെ ചേർന്നാണ് ഇതിലെ നായകനായ രാമൻ മേനോനെന്ന കഥാപാത്രം രൂപപ്പെട്ടത്’’
ജീവിതത്തിൽ കണ്ടുമുട്ടിയവരെയാണോ മിക്ക സിനിമകളിലും കഥാപാത്രങ്ങളാക്കിയിട്ടുള്ളത്?
അതേ. എന്നാലേ ജീവിതവും ആയി റിലേറ്റ് ചെയ്യാൻ പറ്റൂ. ‘പാസഞ്ചറി’ലെ ശ്രീനിയേട്ടന്റെ കഥാപാത്രം മുതൽ പുണ്യാളനിലെ ജോയി വരെ. ആളുകളെ ഞാൻ നന്നായി നിരീക്ഷിക്കാറുണ്ട്. ‘പാസഞ്ചറി’ലെ നായകൻ തീവണ്ടിയിലിരുന്ന് ഉറങ്ങുന്നതും ഉൽസവം കാണാൻ നടക്കുന്നതും എന്റെ കൂട്ടുകാരൻ സുധീന്ദ്രന്റെ സ്വഭാവത്തിൽ നിന്നാണ് പകർത്തിയത്. ‘സൂ സു’വിലെ ജയസൂര്യയുടെ പ്രചോദനവും സുധീന്ദ്രനാണ്. ഒാഫിസിൽ എന്റെ അടുത്തിരുന്നു ജോലി ചെയ്ത കൂട്ടുകാരനായിരുന്നു അവൻ. വിക്ക് എത്ര വലിയ പ്രശ്നമാണെന്ന് അവന്റെ ജീവിതം അടുത്തറിയാവുന്നതുകൊണ്ടാണ് ഞാൻ മനസ്സിലാക്കിയത്. ഇപ്പോ ബെംഗളൂരു ഇൻഫോസിസിലാണു സുധി. അവൻ ആ നിലയിലെത്തിയതൊരു വിജയകഥയാണ്. സിനിമയിലത് ബാങ്കിന്റെ പശ്ചാത്തലത്തിലേക്ക് മാറ്റുകയായിരുന്നു. എനിക്കു നേരിട്ടു പരിചയമുള്ള വ്യക്തിയാണ് മോളി ആന്റിയും.
അധികം പരിചയമില്ലാത്ത കഥയല്ലേ ‘പ്രേത’ത്തിലൂടെ പറഞ്ഞത്?
ഒരു ഹൊറർ ഫിലിം ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ‘നിഴലുകളെ’ന്ന ഹൊറർ സീരിയലാണ് ഞാൻ ആദ്യം ചെയ്യുന്നത്. പ്രേതത്തിന്റെ കഥ വരുന്നത് മൂന്നാലു വർഷം മുമ്പാണ്. ആയിടെ വിദേശത്തു നിന്നുള്ള ഒരു വാർത്ത വായിച്ചു കൗതുകം തോന്നി. മൊബൈലിൽ പ്രേതം വരുന്നു എന്ന വാർത്ത. അതും സൗഹൃദവും ആയി മിക്സ് ചെയ്താൽ നന്നാകുമെന്ന് തോന്നി. പിന്നീടാണ് ജയസൂര്യയുടെ മെന്റലിസ്റ്റിന്റെ കഥാപാത്രം വരുന്നത്. പ്രേതം ചെയ്യാനെനിക്ക് ധൈര്യം തന്നത് അതിലെ ഹ്യൂമർ ആണ്.
മിക്ക സിനിമയിലും പരാമർശിക്കുന്നുണ്ട് സമൂഹത്തിലെ പ്രശ്നങ്ങൾ? വല്ലാതെ രോഷം കൊള്ളുന്ന മനസ്സുണ്ടോ?
വ്യക്തിപരമായി എനിക്ക് ഇത്തരം പ്രശ്നങ്ങളെ തമാശയോടെ നോക്കിക്കാണാനാണിഷ്ടം. വളരെ ഗൗരവത്തിൽ നോക്കീട്ട് കാര്യമില്ല. ‘അർജുനൻ സാക്ഷി’, ‘മോളി ആന്റി റോക്സ്’ ഇതിലൊക്കെ ആ വിഷയം തന്നെ പറയുന്നുണ്ട്. ഒരുപാടു ഗൗരവത്തിൽ സമൂഹത്തിലെ പ്രശ്നങ്ങളെ മനസ്സിലേക്കെടുത്താൽ നമ്മൾ ഫ്രസ്ട്രേഷനടിച്ചു പോകും. സിനിമയിൽ നമുക്ക് പറയാൻ പറ്റുംപോലെ പറയുക. ഇതൊന്നും നമ്മളെ അസ്വസ്ഥമാക്കുന്നില്ല എന്നല്ല. പക്ഷേ, പരിഹാരം ഇല്ല. പിന്നെ, എന്റെ ആറ്റിറ്റ്യൂഡിൽ വന്ന മാറ്റവും ഉണ്ട്. അർജുനൻ സാക്ഷിയിൽ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണ് പുണ്യാളൻ അഗർബത്തീസിൽ ജയസൂര്യയുടെ കഥാപാത്രം പറയുന്നത്. കുറച്ചൂടെ ലൈറ്റ് ആയിട്ടാണെന്നു മാത്രം.
ഒരു സിനിമ മാത്രം ചെയ്യാനാശിച്ചല്ലേ ആദ്യം വന്നത്?
അതേ. സിനിമയിൽ സ്ക്രിപ്റ്റ് എഴുതുകയായിരുന്നു എന്റെ മോഹം. തൃശൂരായിരുന്നു വീട്. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ സ്ക്രിപ്റ്റ് എഴുതി സംവിധായകന്മാരുടെ വീട്ടിൽ പോയി അവരോട് കഥ പറയാറുണ്ടായിരുന്നു. കമൽ സാറും സത്യൻ അന്തിക്കാട് സാറുമൊക്കെ അന്നു തൊട്ടേ എന്റെ സ്ക്രിപ്റ്റ് കേൾക്കാൻ തുടങ്ങിയവരാണ്. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ചെയ്ത ഷോർട്ട് ഫിലിമിനു സമ്മാനം കിട്ടി. അതു ജഡ്ജ് ചെയ്ത സംവിധായകരുടെ സീരിയലിലെഴുതാൻ അവസരം ലഭിച്ചു. എൻജിനീയറിങ് കഴിഞ്ഞ സമയത്താണ് മലയാളത്തിലെ ആദ്യ ഹൊറർ സീരിയലായ ‘നിഴലുകൾ ’ എഴുതുന്നത്. പിന്നീട് കുേറ സീരിയലുകളെഴുതി. ‘അമേരിക്കൻ ഡ്രീംസി’ ന് 2003ലെ മിനി സ്ക്രീനിലെ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ല ഭിച്ചു. പിന്നെ, സീരിയലെഴുത്ത് നമ്മുടെ എഴുത്തിനെ തന്നെ മോശമായി ബാധിക്കുമെന്ന സ്റ്റേജിലെത്തിയതായി തോന്നി. അതു നിർത്തി സിനിമ ചെയ്യാനുള്ള ശ്രമമായി.
എനിക്ക് സിങ്ക് ആയി വർക്ക് ചെയ്യാൻ പറ്റുന്ന ഒരു സം വിധായകനെ കിട്ടിയില്ല. ‘പാസഞ്ചറി’ന്റെ സ്ക്രിപ്റ്റുമായി, ഇവിടെ എന്നെക്കാളൊക്കെ വളരെ നന്നായി ഡയറക്ട് ചെയ്യുമെന്നുറപ്പുള്ള ഒരുപാട് സംവിധായകരെ സമീപിച്ചു. സംവിധായകരും നിർമാതാക്കളും നടന്മാരും ഉൾപ്പെടെ അമ്പതു പേരോടെങ്കിലും പറഞ്ഞിട്ടുണ്ടാവും പാസഞ്ചറിന്റെ കഥ. അവരെല്ലാം നിരസിച്ചപ്പോഴാണ് ഒടുവിൽ ഞാൻ തന്നെ സംവിധാനം ചെയ്താലേ ഇതു യാഥാർഥ്യമാകൂ എന്നു മനസ്സിലായത്. ആ പ്രായത്തിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനോ അസിസ്റ്റന്റ് ഡയറക്ടറാകാനോ സമയമില്ലായിരുന്നു. ഞാനന്ന് ജോലി ചെയ്യുകയാണ്. കല്യാണം കഴിച്ച് ഒരു കുട്ടിയുണ്ടായിരുന്നു. വീടിന്റെ ലോണടയ്ക്കാനുണ്ടായിരുന്നു. ശനിയും ഞായറും അവധി ആണ്. ആ സമയത്ത് സിനിമാ സെറ്റുകളിൽ ചെല്ലും. അങ്ങനെയാണ് പഠിച്ചത്.
ആദ്യ സിനിമയ്ക്കായി അലഞ്ഞ നാളുകളിലെ നിരാശയെ എങ്ങനെ അതിജീവിച്ചു?
ഏറെ നാൾ ഒരാളെ കാണാൻ ശ്രമിച്ചിട്ട് അയാളെ കാണുമ്പോൾ, അയാൾ മോശം അഭിപ്രായം പറയുമ്പോൾ നമ്മൾ ഡൗണാകും. ഇതു നടക്കില്ലെന്ന തോന്നൽ വരും. അതിൽ നിന്ന് കരകയറാൻ ഞാനൊരു വഴി കണ്ടെത്തിയിരുന്നു. ജോബ് ഇന്റർവ്യൂവിന് അപ്ലൈ ചെയ്യുക; അതിനായി എല്ലാം മറന്ന് തയാറെടുക്കുക. എനിക്ക് പോകാൻ വേണ്ടിയല്ല. ആ ജോലി കിട്ടിയിട്ട് വേണ്ടെന്ന് വയ്ക്കുമ്പോ നമുക്കൊരു കോൺഫിഡൻസ് തോന്നും. അങ്ങനെ ആ സമയത്ത് ആറു വർഷത്തിനിടയിൽ ഇവിടുത്തെ പ്രധാനപ്പെട്ട 10 – 12 കമ്പനികളിൽ ഞാൻ ജോലി കിട്ടീട്ടു വേണ്ടെന്ന് വച്ചിട്ടുണ്ട്.
‘പാസഞ്ചറി’ന്റെ കഥ മമ്മൂട്ടിയോടു പറയാൻ ‘പളുങ്കി’ന്റെ ലൊക്കേഷനിൽ പോയതു മറക്കാൻ പറ്റില്ല. 15 മിനിറ്റാണ് അനുവദിച്ച സമയം. ആദ്യമായാണ് ഞാനൊരു ഷൂട്ടിങ് നേരിട്ടു കാണുന്നത്. രാവിലെ തൊട്ട് കാത്തു നിന്ന് രാത്രി എട്ടു മണിക്കാണ് അദ്ദേഹത്തെ കാണാൻ വിളിച്ചത്. കഥ കേട്ട് അദ്ദേഹത്തിനിഷ്ടമായി. ആരു സംവിധാനം ചെയ്യുമെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. ‘‘ലോകത്ത് ഒരാൾക്കേ ഈ സിനിമ സംവിധാനം ചെയ്യാൻ പറ്റൂ. എനിക്ക് മാത്രം.’’ മമ്മുക്ക പൊട്ടിച്ചിരിച്ചു. അദ്ദേഹം പിന്നെ, ബ്ലെസിയോടും മറ്റും പറഞ്ഞു. ഈ ചെറുപ്പക്കാരന്റെ കൈയിൽ നല്ലൊരു കഥയുണ്ട്. അതു സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസവും ഉണ്ട്. ഇനി വേണ്ടതു പരിചയമാണ്. അതുണ്ടാകാൻ അവസരം ഒരുക്കിക്കൊടുക്കണം...’’ ആ വാക്കുകളാണ് മുന്നോട്ടു പോകാൻ ധൈര്യം തന്നത്.
‘അർജുനൻ സാക്ഷി’യുടെ പരാജയത്തിൽ തകർന്നപ്പോൾ, സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരുന്നില്ലേ?
എന്റെ ജീവിതത്തിൽ അതിനു മുമ്പ് വലിയ പരാജയങ്ങളൊന്നും ഉണ്ടായിട്ടില്ലായിരുന്നു. പഠിക്കാൻ അത്യാവശ്യം മിടുക്കനായിരുന്നു. സിനിമയോട് വലിയ താൽപര്യമായിരുന്നിട്ടും എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയപ്പോൾ അതു പഠിക്കാൻ പോയി. ജോലി, കല്യാണം ഇതെല്ലാം വേഗം തന്നെ നടന്നു. സീരിയലിൽ എഴുതി. സ്റ്റേറ്റ് അവാർഡ് കിട്ടി. എല്ലാം അനായാസം എന്റെ ജീവിതത്തിൽ വന്നു ചേരുകയായിരുന്നു. ആദ്യ സിനിമ ‘പാസഞ്ചറി’ന് നല്ല അംഗീകാരം ലഭിച്ചു. അതുവരെ ഞാൻ പരാജയം അറിഞ്ഞിട്ടില്ലായിരുന്നു. ആദ്യത്തെ പരാജയമായിരുന്നു ‘അർജുനൻ സാക്ഷി’. ആ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം എന്റെ മാത്രമായിരുന്നു. ബിഗ് ബജറ്റ് സിനിമ ആയിരുന്നില്ല. എങ്കിലും, നമ്മളെ വിശ്വസിച്ച് പണം മുടക്കിയ ഒരാൾക്കു നഷ്ടം വന്നത് വിഷമിപ്പിച്ചു. അപ്പോൾ ഞാൻ സിനിമയേ ഇനി വേണ്ടെന്ന് വച്ചു. അപ്പോഴാണ് പൃഥ്വിരാജ് പറഞ്ഞത്, നമുക്ക് ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങാമെന്ന്. ‘ഡ്രീംസ് ആൻഡ് ബിയോണ്ട്’ എന്ന പേര് പൃഥ്വിയുടേതാണ്. കമ്പനി എന്റെ പേരിലാണ് തുടങ്ങിയത്. പൃഥ്വി അതിന്റെ സൈലന്റ് പാർട്ണറായിരുന്നു. അങ്ങനെ മോളി ആന്റി റോക്സ് ചെയ്തു. പിന്നീടിങ്ങോട്ട് അതു പിന്തുടരുകയായിരുന്നു. മമ്മുക്കയും ജയസൂര്യയും ഒക്കെ ഈ രീതിയിൽ ഈ കമ്പനിയുടെ ഭാഗമായി. ഇപ്പോൾ ആറാമത്തെ സിനിമയാണു ചെയ്യുന്നത്.
ഒരു കഥ സിനിമയ്ക്കായി തീരുമാനിക്കുന്നതെങ്ങനെ?
സിനിമയായി ചെയ്യണമെഗ്രഹിക്കുന്ന അഞ്ചോ പത്തോ കഥകൾ എല്ലാ കാലത്തും എന്റെ മനസ്സിലുണ്ടാകാറുണ്ട്. ഒരു കഥ തോന്നിയാൽ ഞാനത് എഴുതി വയ്ക്കും. പിന്നെ, അതു മറക്കും. ഒരു മാസം കഴിഞ്ഞ് വീണ്ടും എടുത്ത് നോക്കും. അപ്പോഴുമതെന്നെ എക്സൈറ്റ് ചെയ്യിക്കുന്നെങ്കിൽ മാത്രമേ വീണ്ടും അത് സീരിയസ് ആയി ആലോചിക്കാറുള്ളൂ. എവർ നോട്ട് എന്നൊരു ആപ്പ് ഉണ്ട് ഫോണിൽ. അതിൽ ഞാൻ ചെയ്യാനുദ്ദേശിക്കുന്ന സിനിമകളുടെയെല്ലാം സംഗ്രഹം എഴുതിവച്ചിട്ടുണ്ട്. ഞാനങ്ങനെ ഗംഭീരമായ സിനിമകളൊന്നും ചെയ്തെന്ന് തോന്നിയിട്ടില്ല. ഞാനെഴുതിയ പല സ്ക്രിപ്റ്റുകളും പിന്നീട് വായിച്ചിട്ട്, ഇതു ഞാൻ തന്നെ എഴുതിയതാണോ എന്ന് തോന്നീട്ടുണ്ട്. എഴുത്ത് ഒരു ഗിഫ്റ്റാണ്. ഇപ്പോഴും എഴുതാനിരിക്കുമ്പോ എനിക്ക് പേടിയാണ്. ആ ഗിഫ്റ്റ് പോയോ എന്ന്. പലപ്പോഴും ആരോ നമ്മളെക്കൊണ്ട് എഴുതിക്കുംപോലെയാണ്.
സിനിമയിലെ സൗഹൃദങ്ങൾ?
ഇപ്പോൾ സിനിമയിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കുഞ്ചാക്കോ ബോബൻ ആണ്. കാരണം, ഏറ്റവും പുതുതായി ചെയ്ത സിനിമയിലെ നായകനാണ് ചാക്കോച്ചൻ. രണ്ട് മാസം കഴിഞ്ഞ് ചോദിച്ചാൽ വേറെ ഒരാളായിരിക്കാം. ഇതു ഞാൻ മനഃപൂർവം ചെയ്യുന്നതാണ്. കാരണം ഒരു സിനിമ ചെയ്യുമ്പോ നമ്മൾ അത്രയും അറ്റാച്ച്ഡ് ആവുന്നു. അതു കഴിഞ്ഞാൽ ഒാട്ടോമാറ്റിക്കലി ഞാൻ തന്നെ അതു കട്ടോഫ് ചെയ്യാൻ ശ്രമിക്കാറുണ്ട്. അതു കുറച്ചില്ലെങ്കിൽ സൗഹൃദത്തിൽ അമിത പ്രതീക്ഷകൾ വരും. ടേക്കൻ ഫോർ ഗ്രാന്റഡ് എന്ന അവസ്ഥ വരും. സിനിമയിൽ സ്ഥിരമായ സൗഹൃദമെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നതാണ് സത്യം. ജയസൂര്യ, പൃഥ്വി, മമ്മുക്ക ഇവരോടെല്ലാം നല്ല സൗഹൃദമാണുള്ളത്. പക്ഷേ, ഒരു സിനിമ ചെയ്യുന്ന അവസരത്തിലുള്ളത്ര അടുപ്പം ഇല്ല. ജീവിതത്തിലും സൗഹൃദങ്ങൾ കുറവാണ്. ഞാൻ കുറേയൊക്കെ ലോൺലി ആണ്. ഒരു ജോലിയുമില്ലാത്ത ദിവസമാണെങ്കിൽ രാവിലെ തൊട്ട് വൈകുന്നേരം വരെ വീട്ടിൽ വെറുതേയിരുന്ന് നേരം കളയാനെനിക്കിഷ്ടമാണ്. ഒരു ബോറടിയുമതിൽ തോന്നാറില്ല.
േമാഹിപ്പിക്കുന്ന സിനിമകൾ?
ചില സിനിമകളുടെ പ്രമേയങ്ങളെന്നെ അസൂയപ്പെടുത്താറുണ്ട്. ‘റോജ, ഒാട്ടോഗ്രാഫ്, ഈച്ച, ഇന്നലെ, കാണാമറയത്ത്’ തുടങ്ങിയ സിനിമകൾ. എന്തൊരു വിഷയമാണ്! ആ വിഷയങ്ങളോടാണ് മോഹം തോന്നുന്നത്!
ജോലി രാജി വച്ചപ്പോൾ റിസ്ക് തോന്നിയോ?
സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു. 12 വർഷം ജോലി ചെയ്തു. പുണ്യാളൻ അഗർബത്തീസിനു തൊട്ട് മുമ്പാണ് ജോലി വിട്ടത്. അതിനു മുമ്പുള്ള സിനിമകൾ ചെയ്തത് ലീവെടുത്തായിരുന്നു. ആ രീതി തുടർന്നാൽ ബുദ്ധിമുട്ടാകുമെന്ന് തോന്നി. സിനിമ പരിപൂർണ ഡെഡിക്കഷേൻ വേണ്ട മേഖലയാണ്. റിസ്ക് ഇപ്പോഴും ഉണ്ട്. എന്റെ ഒാരോ സിനിമകളും അതാതു കാലഘട്ടത്തിൽ റിസ്ക് തന്നെ ആയിരുന്നു.
എൻജിനീയറായ രഞ്ജിത്ത് സംവിധായകനായി മാറിയതിൽ ജീവിതത്തെ വഴിതിരിച്ചു വിട്ട ഒരു നിമിഷമുണ്ടോ?
25 വയസ്സിൽ തുടങ്ങിയതാണ് പാസഞ്ചർ എന്ന സ്വപ്നം. ഞാനന്ന് ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. 29 വയസ്സിനു മുമ്പ് ഈ സിനിമ സെൻസർ ചെയ്യണമെന്നു വാശി തോന്നി.അമേരിക്കയിൽ നിന്നൊക്കെ ഒരുപാട് ജോലി ഒാഫറുക ൾ വരുന്നുണ്ട്. പോകാൻ ഒരു പ്രായം ഉണ്ടല്ലോ. ഒരു സിനിമ ചെയ്യണമെന്നേ എനിക്കാഗ്രഹമുണ്ടായിരുന്നുള്ളൂ. അന്നു ഞാൻ ഭാവിയെ കുറിച്ച് ചിന്തിച്ചു. 50 വയസ്സായിക്കഴിഞ്ഞ് കലിഫോർണിയയിലെ കൊള്ളാവുന്ന ഒരു വില്ലയിലോ ഫ്ളാറ്റിലോ ഇരുന്നിട്ട് ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി ആലോചിക്കുമ്പോൾ, ‘അൽപം കൂടി ശ്രമിച്ചിരുന്നെങ്കിൽ ഞാൻ വിചാരിച്ച പോലെ കുറച്ച് സിനിമകളെങ്കിലും ചെയ്യാമായിരുന്നു...’ എന്ന് പശ്ചാത്താപം തോന്നിയാലോ? അങ്ങനെ വന്നാൽ, കുറേ പണമുണ്ടെങ്കിലും എന്റെ ജീവിതം പരാജയമാണെന്നാണർഥം. അപ്പോഴാണ് തീരുമാനിച്ചത്, ഇവിടെ നിന്ന് കഷ്ടപ്പെട്ടായാലും ആഗ്രഹിച്ചതു നേടണമെന്ന്. അതു വളരെ ശക്തമായി. വിഷമം പിടിച്ച തീരുമാനമായിരുന്നു.‘നൗ ഒാർ നെവർ’ എന്ന ഘട്ടം.
അങ്ങനെ ശ്രീനിയേട്ടനെ കാണാൻ പോയി. അദ്ദേഹം അഭിനയിച്ചില്ലെങ്കിൽ ഞാൻ അഭിനയിക്കാമെന്നു വരെ ചിന്തിച്ചിരുന്നു. 15 വയസ്സ് തൊട്ടുള്ള ആഗ്രഹമാണ്. സിനിമ. 29 വയസ്സായി. നമ്മുടെ അതു വരെയുള്ള ഒരു യാത്ര ഉണ്ട്. 14– 15 വർഷം നീണ്ട യാത്ര. ആ യാത്രയിൽ മുഴുവനും നമ്മളൊറ്റയ്ക്കായിരുന്നു. ശ്രീനിയേട്ടനെ കണ്ട് ആ കഥ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘താങ്കളെ പോലൊരാൾ ഈ കഥയുമായി വന്നത് വളരെ നന്നായി.’’ ഞാൻ പറഞ്ഞു: ‘‘ഇത് സംവിധാനം ചെയ്യാൻ ആരുമില്ല. അതുെകാണ്ട് ഞാൻ ഇതു സംവിധാനം ചെയ്യാം. ഇതു നിർമിക്കാനാരുമില്ല. അതുകൊണ്ട് ഞാൻ ഇതു നിർമിക്കാം.’’
ശ്രീനിയേട്ടൻ പറഞ്ഞു: ‘‘ഞാനഭിനയിക്കാം. ഈ സിനിമ ഉണ്ടാകാൻ അവസാനം വരെ നിങ്ങളുടെ കൂടെ നിൽക്കാം.’’ പിന്നെ, ഞാൻ സിനിമ നിർമിക്കാനുള്ള പണം അറേഞ്ച് ചെയ്നുള്ള ശ്രമമായി. വീടും ഒരു ഫ്ളാറ്റും ഉണ്ടായിരുന്നു. ‘ഫ്ളാറ്റ് വിറ്റിട്ടും ബാക്കി ലോണെടുത്തും സിനിമ നിർമിക്കാം. പിന്നീട് വിദേശത്തു പോയി ജോലി ചെയ്ത് ലോൺ തിരിച്ചടയ്ക്കാം.’ അങ്ങനെയാണു ഞാനും ഭാര്യയും ആലോചിച്ചിരുന്നത്.
പിറ്റേന്ന്, കുറച്ചു കൂടി ലോൺ കിട്ടുമോയെന്നറിയാൻ ബാങ്കിലേക്കു കാറോടിച്ചു പോകുകയാണ്. പെട്ടെന്ന് ശ്രീനിയേട്ടന്റെ കോൾ:‘‘രഞ്ജിത്തേ. ഈ സിനിമയുടെ നിർമാണം കൂടി ഏറ്റെടുത്താൽ വലിയ ബുദ്ധിമുട്ടാകും. പൈസയുള്ള ഒരുപാട് പേരുണ്ടല്ലോ ഇവിടെ. ഞാൻ തന്നെ ഒരു നിർമാതാവിനെ അറേഞ്ച് ചെയ്യട്ടെ?’’ ആ നിമിഷമാണ് ജീവിതത്തിലെ വലിയ നിമിഷം. അവിടുന്നിങ്ങോട്ട് അദ്ദേഹം കൂടെ ഉണ്ടായിരുന്നു ആ സിനിമ യാഥാർഥ്യമാക്കാൻ. സിനിമാജീവിതത്തിൽ ഇനി ഞാൻ എത്ര മുന്നോട്ടു പോയാലും, തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും വലിയ നിമിഷം അതാണ്.
ഏറ്റവും സംതൃപ്തി തന്ന സിനിമ?
‘രാമന്റെ ഏദൻ തോട്ടം’. കാരണം, പ്രിയം എപ്പോഴും ഏറ്റവും ഒടുവിൽ ചെയ്ത സിനിമയോടാകും. പിന്നെ, ‘പാസഞ്ചർ’. അതുപോലെയൊരു സിനിമ ഇനി എനിക്ക് ചെയ്യാൻ പറ്റില്ല. അന്നത്തെ ഏറ്റവും വലിയ ഗുണം അറിവില്ലായ്മ ആയിരുന്നു. അറിവുണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി സെയ്ഫ് ആയ സിനിമ ആലോചിച്ചേനേ. അന്നെനിക്ക് അറിയാവുന്ന തിയറ്ററുകൾ തൃശൂരിലെ കുറച്ച് തിയറ്ററുകളും എറണാകുളം പത്മയും മറ്റുമാണ്. ഇപ്പോൾ ഈ ബിസിനസിന്റെ ‘എ ടു ഇസഡ്’ അറിയാം. ആ അറിവ് ഒരു തരത്തിൽ ലിമിറ്റേഷനാണ്. ഇന്ന് ചെയ്താൽ ‘പാസഞ്ചർ’ കുറച്ചു കൂടി ടെക്നിക്കലി പെർഫെക്ട് ആകുമായിരിക്കും. പക്ഷേ, അത്രയും ഹൃദയം അതിലുണ്ടാകില്ല.