Saturday 26 June 2021 04:06 PM IST

നീയെന്താ ഇങ്ങനെ ആയത്, അമ്മയും അനിയത്തിയും സൗന്ദര്യമുള്ളവരല്ലേ: വണ്ണത്തിന്റെ പേരിൽ പരിഹാസം: അനുഭവം പറഞ്ഞ് രേവതി

V.G. Nakul

Sub- Editor

revathi-suresh

നീയെന്താ ഇങ്ങനെ ആയത്, അമ്മയും അനിയത്തിയും സൗന്ദര്യമുള്ളവരല്ലേ: വണ്ണത്തിന്റെ പേരിൽ പരിഹാസം: അനുഭവം പറഞ്ഞ് രേവതിഅമിത വണ്ണത്തിൽ നിന്ന് ആരോഗ്യകരമായ ശരീരഭാരത്തിലേക്ക് എത്തിയ അനുഭവം പങ്കുവയ്ക്കുന്നു സിനിമാവീട്ടിലെ പെൺതാരമായ രേവതി സുരേഷ്

ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ നാടകങ്ങളിൽ ആനയുടെയും ഹിപ്പപ്പൊട്ടാ മസിന്റെയും വേഷമേ എനിക്കു കിട്ടിയിട്ടുള്ളൂ. ക്ലാസിലെ മെലിഞ്ഞ കുട്ടിയാകും നായിക. എനിക്കും നായികയാകാമല്ലോ? പിന്നെന്താ അവർ ചാൻസ് ത രാത്തത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. അത്തരം കുഞ്ഞുസങ്കടങ്ങൾ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുമെന്നൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്.’’ വണ്ണത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടിരുന്ന കുട്ടിക്കാലം ഓർത്തുപറയുന്നു രേവതി സുരേഷ്. നടി മേനകയുടെയും നിർമാതാവ് ജി. സുരേഷ് കുമാറിന്റെ മകൾ. നടി കീർത്തി സുരേഷിന്റെ ചേച്ചി.

പ്രിയദർശനൊപ്പം സഹസംവിധായികയായി തുടങ്ങിയ രേവതി ഇപ്പോൾ സ്വതന്ത്ര സംവിധായികയാകുന്നു. വണ്ണത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ട അനുഭവങ്ങളെക്കുറിച്ച് രേവതി എഴുതിയ കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ‘‘പ്ലസ് സൈസ് കാലത്ത് രണ്ടു മണിക്കൂർ തുടർച്ചയായി ഞാൻ സ്റ്റേജിൽ നൃത്തം ചെയ്തിട്ടുണ്ട്. എന്നിട്ടും പരിഹാസത്തിനു കുറവുണ്ടായില്ല. സിനിമയിലെത്തിയിട്ടും അതു തുടർന്നു.

ഒരിക്കല്‍ ലൊക്കേഷനിൽ വച്ച് ഒരു സ്ത്രീ ചോദിച്ചു, ‘അമ്മയും അനിയത്തിയും നല്ല സൗന്ദര്യമുള്ളവരാണല്ലോ. നീ എന്താ ഇങ്ങനെയായത്?’ എന്ന്. മുഖത്തു നോക്കി ഒരാൾ അങ്ങനെ ചോദിച്ചപ്പോൾ മനസ്സ് തകർന്നു പോകും പോലെ തോന്നി. കൗമാരക്കാലത്ത് ഇത്തരം കമന്റുകൾ എനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നു. ഫോട്ടോ എടുക്കാൻ പോലും ആരെയും സമ്മതിച്ചിരുന്നില്ല. ക്യാമറ കണ്ടാൽ ഒാടിയൊളിക്കണമെന്ന തോന്നലായിരുന്നു. ഫാഷനിലും ശ്രദ്ധിക്കാറില്ല. എന്റെ വസ്ത്രങ്ങൾ തിരഞ്ഞെടുത്തു തരുന്നതും ഏതൊക്കെ ആഭരണങ്ങളാണ് മാച്ചിങ് എന്നു പറഞ്ഞു തരുന്നതുമൊക്കെ അനിയത്തി കീർത്തിയാണ്.

ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ തുടക്കത്തിൽ പേടിയായിരുന്നെങ്കിലും പിന്നീട്, ഏറ്റവും വലിയ ഇഷ്ടം ക്യാമറയോടായി മാറി. കുട്ടിക്കാലത്ത് ‘കാശ്മീരം’ എന്ന സിനി മയിൽ മുഖം കാണിച്ചു. പിന്നെ, അഭിനയത്തിന്റെ വഴിക്ക് പോയിട്ടില്ല. സിനിമയുടെ പിന്നണിയിൽ നിൽക്കാനായിരുന്നു മോഹം.

യുഎസിൽ ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് ഇൻ ഫിലിം ആൻഡ് ആനിമേഷൻ പഠിക്കാൻ പോകുന്നത്. അ തിനു ശേഷം വിഷ്വൽ ഇഫക്ട് പഠിച്ചു. മോഷൻ പോസ്റ്റർ ആർട്ടിസ്റ്റായി കുറേക്കാലം അവിടെ ജോലി ചെയ്തു. ‘ബില്ലുബാർബർ’ ആണ് പ്രിയൻ സാറിനൊപ്പം വർക് ചെയ്യുന്ന ആദ്യചിത്രം. കരിയറിൽ ശ്രദ്ധ കൂടിയതിനൊപ്പം പരിഹാസങ്ങൾ അവഗണിക്കാനും പഠിച്ചു. വണ്ണം ശ്രദ്ധിക്കുന്നത് ‘കുഞ്ഞാലി മരയ്ക്കാർ’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ്. ഏറെ നേരമുള്ള നിൽപ്, സമയം തെറ്റിയുള്ള ഭക്ഷണം, ഉറക്കകുറവ് എല്ലാം പ്രശ്നം ആയപ്പോൾ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വണ്ണം കുറയ്ക്കാൻ തീരുമാനിച്ചു.

മാറ്റത്തിന്റെ ഏഴ് മാസം

ശരീരത്തിന്റെ പുതിയ മാറ്റത്തിന് ഞാന്‍ നന്ദി പറയുന്നത് യോഗ ഗുരു താര സുദർശനാണ്. ഭക്ഷണ നിയന്ത്രണവും യോഗയും കൊണ്ട് മാത്രം ഏഴ് മാസത്തിനുള്ളിൽ 20 കി ലോ ഭാരം കുറഞ്ഞു. 100 ൽ നിന്നു 80 ൽ എത്തിയെങ്കിലും ശ്രമം ചിട്ടയോടെ തുടരുന്നു. 65 ൽ എത്തുകയാണ് ലക്ഷ്യം.

എന്നെ യോഗയിലേക്ക് എത്തിച്ചത് അമ്മയാണ്. 10 വർ‌ഷമായി യോഗ തുടങ്ങിയിട്ട്. യാത്രകളും തിരക്കുമാകുമ്പോൾ ഡയറ്റും യോഗയും ഒന്നും കൃത്യമായി നടക്കില്ല.

‘കുഞ്ഞാലി മരയ്ക്കാർ’ ഷൂട്ടിങ് കഴിഞ്ഞപ്പോഴാണ് താരാന്റിയുടെ യോഗ ക്ലാസിൽ ചേർന്നത്. ആദ്യം നേരിട്ട പ്രശ്നം കഠിനമായ ശരീരവേദനയായിരുന്നു. മെഡിറ്റേഷനിരിക്കുമ്പോൾ പോലും വേദന കൊണ്ട് കണ്ണ് നിറഞ്ഞൊഴുകും. ഞാൻ വെജിറ്റേറിയനാണ്. ആന്റി നിർദേശിച്ച ഡയറ്റാണ് ഇപ്പോഴും പിന്തുടരുന്നത്.

ഇതു വായിക്കുന്ന എത്രയോ പേരുണ്ട്, സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ. അവർക്ക് ആത്മവിശ്വാസം കിട്ടാനാണ് ഞാനിത്രയും പറഞ്ഞത്. ഒരു ഘട്ടത്തിൽ സ്വയം വെറുത്തു തുടങ്ങിയ ഞാൻ ഇപ്പോൾ സ്വയം ഇഷ്ടപ്പെടാ ൻ തുടങ്ങിയിരിക്കുന്നു. എല്ലാവരും അങ്ങനെയാകട്ടെ.

പ്രണയം തന്ന ആത്മവിശ്വാസം

ഭർത്താവ് നിതിന്റെ നാട് കോഴിക്കോടാണ്. പഠിച്ചതും വളർന്നതുമൊക്കെ ചെന്നൈയിൽ. ആമസോണിലാണ് ജോലി. നിതിൻ എന്നോട് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ആദ്യം തോന്നിയത് അതിശയമാണ്. പഠനകാലത്തു പോലും ആരും എന്നെ പ്രപ്പോസ് ചെയ്തിട്ടില്ല. വണ്ണമുള്ള കുട്ടികളെ ആരും ഇഷ്ടപ്പെടില്ല എന്ന തോന്നൽ ഉള്ളിൽ ഉണ്ടായിരുന്നു. ഒരിക്കൽ നിതിനോട് തന്നെ നേരിട്ടു ചോദിച്ചു. ‘എന്താണ്, എന്നിൽ കണ്ട സൗന്ദര്യം?’

‘നീ ബോൾഡാണ്. ബ്യൂട്ടിഫുൾ പേഴ്സണാലിറ്റി.’ എന്നായിരുന്നു ഉത്തരം. ആ വാക്കുകൾ ജീവിതത്തിൽ തന്ന ആത്മവിശ്വാസം വളരെ വലുതാണ്.