റോൺസൺ എന്നു കേട്ടാലേ ഇരുകൈകളും കൊണ്ട് ബൈക്ക് കൂളായി ഉയർത്തിയ മസിൽമാനാകും ഓർമ്മയിലേക്ക് വരിക. മിനിസ്ക്രീനിൽ സൂപ്പർ ഹിറ്റായിരുന്ന ‘ഭാര്യ’യിലെ നന്ദൻ മലയാളി കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായത് പെട്ടെന്നായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വരെ എത്തി നിൽക്കുന്ന താരത്തിന്റെ ജീവിതകഥ വനിത ഓൺലൈനിലൂടെ ഒരിക്കൽ കൂടി...
ജീവിതപ്പാതിയായി റോൺസൺ ഒരു സുന്ദരിക്കൊച്ചിന്റെ കൈപിടിച്ചിരിക്കുന്നു. നീരജയാണ് റോണ്‍സന്റെ ജീവിത സഖി. നീരജയും ഒരു സെലിബ്രിറ്റിയാണ് എന്നതാണ് വാർത്തയിലെ കൗതുകം. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും താരമൂല്യവും തിരക്കുമുണ്ടായിരുന്ന ബാലതാരം. കണ്ണീർപാടം, മൂക്കുത്തിയും മഞ്ചാടിയും, ഇനിയൊന്നു വിശ്രമിക്കട്ടെ, ഐ വിറ്റ്നസ് എന്നീ ടെലിവിഷൻ പരമ്പരകളിലും വംശം, മേരാ നാം ജോക്കർ, കല്ലുകൊണ്ടൊരു പെണ്ണ്, അനുരാഗക്കൊട്ടാരം, മുൻപേ പറക്കുന്ന പക്ഷികൾ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിലും നീരജ ബാലതാരമായി തിളങ്ങി.
റോൺസൺ ക്രിസ്ത്യാനിയാണ്. നീരജ ഹിന്ദുവും. അപ്പോൾ പ്രണയവിവാഹം ആണല്ലേ എന്നു ചോദിക്കും മുൻപ് റോൺസന്റെ വാക്കുകൾ കേൾക്കാം. ‘‘ആദ്യമായി വെളിപ്പെടുത്തുന്നു എന്നൊക്കെ പറഞ്ഞാൽ ആളുകൾ കരുതും ഞങ്ങള്‍ പ്രേമിച്ച് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണെന്ന്. പക്ഷേ സത്യം അതല്ല, വീട്ടുകാർ ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ്...’’ . – റോൺസൺ ചിരിയോടെ പറഞ്ഞു തുടങ്ങി.കണ്ടു ഇഷ്ടപ്പെട്ടു

നീരജ ഒരുകാലത്ത് തിരക്കുള്ള ബാലനടിയായിരുന്നു. പിന്നീട് പഠനത്തിൽ ശ്രദ്ധിച്ച്, അഭിനയം നിർത്തി. ഇപ്പോൾ കക്ഷി ഡോക്ടറാണ്. ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്, താൽപര്യമുണ്ടെങ്കിൽ സംസാരിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നേരിൽ കണ്ടു. ഇഷ്ടമായെങ്കിൽ വീട്ടിൽ വന്നു ചോദിക്കാൻ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങൾ ക്രിസ്ത്യൻസും അവർ ഹിന്ദുക്കളുമാണ്. പക്ഷേ അവരുടെ വീട്ടിൽ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവർക്കും സമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിച്ചു. ഞാൻ ഇപ്പോള്‍ ഒരു തെലുങ്ക് സീരിയലിന്റെ തിരക്കിലാണ്. മാസത്തിൽ 15 ദിവസം ഹൈദരാബാദിൽ ഷൂട്ടിങ്ങാണ്. അതിന്റെ ഓട്ടത്തിനിടയിലായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങൾ. എങ്കിലും എല്ലാം ഭംഗിയായി തന്നെ നടന്നു. ഹിന്ദു ചാരപ്രകാരം 2–2–2020 ൽ കൊച്ചിയിൽ നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഈ മാസം 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ചാണ് വിരുന്ന്.

സിനിമാ കുടുംബത്തിലെ ഡോക്ടർ മരുമകൾ
എന്റെത് സിനിമാ കുടുംബവും നീരജയുടെത് ഡോക്ടർ കുടുംബവും ആണ്. നീരജയുടെ അച്ഛനും അമ്മയും അനിയനും ഡോക്ടർമാരാണ്. കൊച്ചിയിലെ ബൈജു ഹോസ്പിറ്റൽ അവരുടേതാണ്. വിവാഹ ആലോചനകള്‍ വന്നു തുടങ്ങിയ കാലത്തേ, എനിക്ക് ഒരു ഡെറ്റോൾ ഫാമിലി വേണ്ട എന്ന് അവള്‍ തമാശയ്ക്ക് പറഞ്ഞിട്ടുണ്ടത്രേ.കാരണം, വന്ന ആലോചനകൾ മൊത്തം ഡോക്ടറർമാരുടെതായിരുന്നു. പക്ഷേ വിധി എനിക്കായി കാത്തുവച്ചത് അതു തന്നെയായി.
ബാലതാരമായി നീരജ കുറേ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കലോത്സവത്തിന് പോകും പോലെ അച്ഛനും അമ്മയും കൂടി കൊണ്ടു പോയിരുന്നതാണ് അഭിനയിക്കാൻ എന്നാണ് കക്ഷി പറയുന്നത്. പിന്നീട് പഠനത്തിൽ ശ്രദ്ധിക്കാൻ അഭിനയം പൂർണമായും നിർത്തി. ഇനി അഭിനയത്തിലേക്ക് മടങ്ങി വരാൻ താൽപര്യമില്ല എന്നും പറയുന്നു.

സംസാരിക്കുമ്പോൾ നീരജ ഫുള്‍ പോസിറ്റീവ് എനർജി തരുന്ന ആളാണ്. അതാണ് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. എന്റെ സീരിയൽസും ഷോസും ഒക്കെ കാണാറുണ്ട്. ഞാൻ ആക്ഷൻ ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം. നല്ല പിന്തുണ നൽകുന്നു. എല്ലാം കൊണ്ടും ഈ പ്രണയദിനം ഞങ്ങൾക്ക് പുതിയൊരു തുടക്കമാണ്. ഒരുപാട് പ്രണയിച്ച് ഒരുമിച്ചു യാത്ര ചെയ്യണമെന്ന പ്രാർഥനയോടെ ഞങ്ങൾ ജീവിതം തുടങ്ങുകയാണ്.