Thursday 08 August 2019 05:35 PM IST

‘മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച സീരിയൽ നടി!’; കുസൃതി വർത്താനങ്ങളുമായി ശബരിനാഥും ദിവ്യയും

Unni Balachandran

Sub Editor

sabari

ആ സെറ്റിൽ അയാൾ ഒറ്റയ്ക്കായിരുന്നു. സീരിയിൽ ഷൂട്ടിനിടയിലും അയാൾക്ക് ആരുമില്ലായിരുന്നു. എങ്കിലും അയാളുടെ ഓരോ അനക്കങ്ങളും അവർ രണ്ടും നോക്കി ഇരിക്കും. മഴവിൽ മനോരമയിലെ ‘സ്ത്രീപദം’ സീരിയലിൽ ഭർത്താവിനെ സംശയിക്കുന്ന ജയസുധയുടെ റോളിൽ അഭിനയിക്കുന്ന ദിവ്യയും പാവം ഭർത്താവ് മനോജിന്റെ വേഷമിടുന്ന ശബരിനാഥുമാണ് അയാളുടെ അനക്കങ്ങൾ ശ്രദ്ധിക്കുന്ന രണ്ടു പേർ. ഈ ‘അയാൾ’ എന്നു പറയുന്നതോ, സെറ്റിന്റെ അയൽപക്കത്തെ പ്ലാവിലുണ്ടായൊരു പാവം വരിക്ക ചക്കയും. ഒരു വഴക്കുമില്ലാത്ത ‘സീരിയലിൽ സെറ്റിലെ’ ജോടികളുടെ തമാശകളും അവരുടെ ചക്ക കഥയുമിതാ...

ശബരി : അതൊരു വരിക്ക ചക്കയുടെ കഥയായിരുന്നു.

ദിവ്യ : ഇതെന്താ ഇങ്ങനെയൊരു ഇൻട്രൊഡക്‌ഷൻ ?

ശബരി : കഥാപ്രസംഗം സ്‌റ്റൈൽ പിടിച്ചതാ. സിനിമയിലേ ആരും എന്നെ ശ്രദ്ധിക്കുന്നില്ല, അപ്പോൾ പുതിയ മേച്ചിൽ പുറങ്ങളിൽ അലഞ്ഞ് നോക്കണമല്ലോ.

ദിവ്യ : അതെ, സംസാരം തുടങ്ങിയതല്ലേയുള്ളൂ. അതിനിടയിൽ നിങ്ങളൊരു അലമ്പനാണെന്നു തെളിയിക്കണോ?

ശബരി: ഓഹ്, ഇതാണ് ആളുകളുടെ നിലവാരം ഇടിഞ്ഞതിന്റെ കുഴപ്പം. വെറുതെ തെറ്റിദ്ധരിക്കും.

ദിവ്യ : പിന്നെ, തെറ്റിദ്ധരിക്കാതെ. ഒരു ചക്കയുടെ കഥ പറയാൻ പറഞ്ഞിട്ടു വെറുതേ ചളിയടിച്ചോണ്ടിരിക്കുന്നതു കണ്ടാൽ ദേഷ്യം വരില്ലേ.

ശബരി: എടോ, കഥയിലല്ല കാര്യം. നമ്മൾ ഡയലോഗടിച്ച് ശ്രദ്ധ നേടണം. മനസ്സിലായോ?

ദിവ്യ : എന്തിന് ? അതിന്റെ ആവശ്യമൊന്നുമില്ല...

ശബരി : നിങ്ങൾക്ക് അങ്ങനെയൊക്കെ പറയാമല്ലോ. വല്യ നടിയല്ലേ, മമ്മൂട്ടിയുടെ അമ്മയായിട്ട് അഭിനയിച്ചയാളുടെ അടുത്ത് ഞാൻ വെറുതെ ഡയലോഗടിച്ചു. ഐ ആം സോറി.

ദിവ്യ : ദേ, വെറുതെ കളിയാക്കരുതേ. ‘പുള്ളിക്കാരൻ സ്‌റ്റാറാ’ സിനിമയിൽ മമ്മൂക്കയുടെ ചെറുപ്പം കാണിക്കുമ്പോൾ ഞാനാണ് അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ചത്. എന്നുവച്ച് എന്നെ എല്ലാവരും അറിയണമെന്നുണ്ടോ?

ശബരി : ഉണ്ടോന്നോ? പ്രശസ്തയായ ടിവി ആങ്കർ, ആർജെ... ഇത്രയ്ക്കു പോപ്പുലറായ ദിവ്യയെ ഇനിയാരെല്ലാം അറിയണം?

ദിവ്യ : അങ്ങനെയെങ്കിൽ സ്യൂട്ട്കെയ്സിന്റെ ബലത്തിൽ മലയാള സീരിയൽ ശാഖയെ പിടിച്ചു കുലുക്കിയ ശബരിയെ കുറിച്ച് എനിക്കും പറയാനുണ്ട്.

ശബരി : പറയുന്നത് എന്തായാലും പത്തിരട്ടിയാക്കി പറഞ്ഞേക്കണേ...

ദിവ്യ : ശബരിചേട്ടനെ കണ്ട് ഒരു ഡയറക്ടർ പറഞ്ഞു നാളെ ഷൂട്ടിങ് സെറ്റിലോട്ട് വരണമെന്ന്. എന്തു പ റഞ്ഞാലും ഓകെ അടിക്കുന്ന ശബരിചേട്ടൻ അവിടെയും സമ്മതം മൂളി. സെറ്റിലെത്തിയ ചേട്ടനോട് പത്തു സ്യൂട്ട്കെയ്സും എടുത്തോണ്ട് നടന്നു പോകാൻ ഡയറക്ടർ പറഞ്ഞു. ചേട്ടന്റെ മനോഹരമായ നടത്തം കണ്ട് ആ ഡയറക്ടർ പറഞ്ഞു, ഇതാണ് നമ്മുടെ നടൻ!!!

ശബരി : പത്ത് സ്യൂട്ട്കെയ്സും എടുത്തോണ്ടു നടക്കാൻ ഞാനാര് ലോഡിങ് തൊഴിലാളിയോ? പത്തിരട്ടിയാക്കി പറയാൻ പറഞ്ഞത് എനിക്കിട്ടു തന്നെ വച്ചല്ലേ. വളരെ സ്മാർട്ട് ലുക്കുള്ള എന്നോട് ഒരു പാസിങ് ഷോട്ടിൽ സ്യൂട്ട്കെയ്സുമായി പോകുന്ന ബാങ്ക് മാനേജരായി അഭിനയിക്കാനാണ് പറഞ്ഞത്. എന്റെ അഭിനയം കണ്ട് റോൾ വലുതാക്കി. അല്ലാതെ പല പണിയുമെടുത്തിട്ട് അവസാനം അഭിനയിക്കാൻ വന്നവനല്ല ഞാൻ.

ദിവ്യ : കണ്ടോ, മനസ്സിലിരുപ്പ് കണ്ടോ. ഇങ്ങനെ ഷോ കാണിക്കാൻ നടക്കുന്നൊരു മനുഷ്യൻ. പല ജോലിയും ചെയ്തു സീരിയലിൽ വന്നതുകൊണ്ട് എന്താണ് പ്രശ്നം?

ശബരി: വേറെ കുഴപ്പമൊന്നുമില്ല. അഞ്ച് മിനിറ്റ് കൊണ്ടു പറയേണ്ട ഡയലോഗ് ഒരു മിനിറ്റിൽ പറഞ്ഞു തീർക്കും. കത്തിച്ചുവിട്ടതുപോലെയാണ് പോക്ക്.

ദിവ്യ : അത് ഞാൻ റേഡിയോ ജോക്കി ആയിരുന്നതു കൊണ്ടല്ലേ...?

ശബരി : റാപ്പിഡ് ഫയർ റൗണ്ടിൽ നിൽക്കുന്ന പോലെയാണ് ദിവ്യയോട് സംസാരിക്കുമ്പോൾ.

ദിവ്യ : എന്നാൽ റാപ്പി‍ഡ് ഫയർ റൗണ്ട് ഒന്നുമല്ലെങ്കിലും ഞാ ന്‍ ചില ചോദ്യങ്ങൾ ചോദിക്കാം. സത്യസന്ധമായി ഉത്തരം പറയണം. ‘96’ സിനിമയിലെ പോലെ ഒരു പ്രേമകഥ ചേട്ടനു ണ്ടെന്ന് കേട്ടിട്ടുണ്ട് അത് സത്യമാണോ?

ശബരി : കഥ ഏകദേശം അതുപോലെ തന്നെ. പക്ഷേ, കാലഘട്ടം മാറും. ഇതൊരു 90 ലെ പ്രണയകഥയാണ്

ദിവ്യ : അടിപൊളി...

ശബരി : പത്താം ക്ലാസിലെ ടൂർ. പത്തിലെ എല്ലാ ഡിവിഷനിലെയും പിള്ളേര് ഒരുമിച്ചു പോകുന്ന ടൂർ.

ദിവ്യ : ഊട്ടി കൊടൈക്കനാൽ അല്ലായിരുന്നോ സ്ഥലങ്ങൾ ?

ശബരി : സോറി, ഊഹം പാടെ തെറ്റി. മൂന്നാറായിരുന്നു സ്ഥലം. പെൺകുട്ടിയുടെ പേര് പറയാൻ നിർവാഹമില്ല, ചോദിക്കരുത്.

ദിവ്യ : കഥയിലേക്ക് വരൂ.

ശബരി : രാവിലെ തിരക്കിട്ട് എല്ലാവരും കുളിയാണ്. ഫുൾ ബ ഹളം. എല്ലാം ഒതുങ്ങിയിട്ട് കുളിക്കാമെന്ന് വിചാരിച്ച ഞാൻ അവസാനം ലേറ്റ് ആകുമെന്ന അവസ്ഥയായി. ബസ് ഉടനെ പോകും. എല്ലാവരും കുളിച്ചു കഴിയാറുമായി. അപ്പോഴാണ് ആ ശബ്ദം ഞാൻ ആദ്യമായി കേട്ടത്.

‘ശബരി എന്റെ ബാത്റൂമിൽ കുളിച്ചോളൂ’ എന്നൊരു പറച്ചിൽ. തോർത്തും പിടിച്ചു കുളിക്കാൻ റെഡിയായി നിന്നിരു ന്നതു കൊണ്ട് എനിക്ക് ഒത്തിരി ഞെട്ടാൻ തോന്നിയില്ല. ഞാ ൻ ലേഡീസിന്റെ ബാത്റൂമിലേക്കു കുളിക്കാൻ പോയി. കുളി കഴിഞ്ഞിറങ്ങുമ്പോഴതാ...

ദിവ്യ : ഏതാ... പറാ...

ശബരി : അവൾ ചായയുമായി എന്നെ കാത്തു നിൽക്കുന്നു.

ദിവ്യ : ഛേ, വെറുതെ...

ശബരി : സത്യം. ഞാനത് വാങ്ങി കുടിച്ചു. ചൂടായിരുന്നോ ആ ചായയ്ക്ക്, എനിക്കറിയല്ല. ഒന്നും അറിഞ്ഞില്ല എന്നു പറ യുന്നതാണ് സത്യം. പിന്നീടുള്ള നിമിഷങ്ങളിൽ മനസ്സ് പറക്കാൻ തുടങ്ങി. ബസിൽ ഒരു സൈഡിൽ ടൂ സീറ്ററും അപ്പുറത്തെ സൈഡിൽ ത്രീ സീറ്ററുമാണ്. അവൾ ത്രീ സീറ്ററിന്റെ രണ്ടാമത്തെ സീറ്റിലും ഞാൻ ടൂ സീറ്ററിന്റെ ആറാമത്തെ സീറ്റിലും. നോട്ടങ്ങൾ, ചെറിയ ചിരികൾ, അതൊക്കെ പ്രണയമാണോ എന്നു അറിയാൻ പോലും പറ്റാത്ത തരത്തിലുള്ള അവസ്ഥയും.

ദിവ്യ : ആഹാ, പ്രണയം ഏതു ചളിയനെയും കവിയാക്കും എന്ന് പറയുന്നത് എത്ര സത്യമാണ്.

ശബരി : ബസിൽ നിന്ന് ഇറങ്ങുമ്പോൾ എന്തെങ്കിലും കുശലം. തിരിച്ചു കയറുമ്പോൾ കഴിച്ചോ എന്നൊരു ചോദ്യം. അത്രയൊക്കെയേ ഉള്ളായിരുന്നു. പക്ഷേ, അതു പോലും ടൂറിൽ വന്ന ബാക്കി കൂട്ടികളും അധ്യാപകരും ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല. അതാണല്ലോ പ്രണയത്തിന്റെ ഒരു ‘ഇത്’.

തിരിച്ച് ബസിൽ കയറാൻ പോയപ്പോൾ സാർ പറഞ്ഞു, ‘ശബരി ഇനി മൂൻ സീറ്റിൽ ഇരുന്നാൽ മതി’. കാരണം ചോദിച്ചപ്പോൾ, അങ്ങനെ പ്രത്യേകിച്ചു കാര്യമൊന്നുമില്ല പോയി മുൻ സീറ്റിൽ ഇരിക്കാൻ ശാസിച്ചു. കുട്ടികൾക്കെല്ലാം കാര്യം മനസ്സിലായി. ചമ്മൽ അവളുടെ മുഖത്തും. അതോ എന്നോടുള്ള ദേഷ്യമാണോ? അറിയില്ല... അവളെ കാണാതിരിക്കാൻ തുടങ്ങിയതു മുതൽ ഞാൻ പിന്നെയും ടെൻഷനിലായി. നാളെ ടൂറിന്റെ അവസാനത്തെ ദിവസമാണ്...

ദിവ്യ : എന്തൊര് അവസ്ഥയാണ്... എന്റമ്മോ...

ശബരി : രാത്രിയായി... രണ്ട് ഫ്ലോറാണ് കോട്ടേജ്. ആദ്യത്തെ ഫ്ലോറിൽ അധ്യാപകരും ബോയ്സും. രണ്ടാമത്തെ ഫ്ലോറിൽ ഗേൾസും ടീച്ചേഴ്സും. രാത്രി കൂട്ടുകാരനോടു കാര്യം പറഞ്ഞു, എനിക്കവളെ കാണണം. എല്ലാരോടും ഒൻപതു മണിക്ക് ഉറങ്ങാനാണ് നിർദേശം. പക്ഷേ, ഞാൻ ഉറങ്ങിയില്ല. എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോൾ ഞാൻ മുറിവിട്ടിറങ്ങി. ഡോർ തുറന്നു പുറത്തിറങ്ങുമ്പോൾ അവൾ മുകളിലെ മുറിയിൽ നിന്നും ഇറങ്ങുന്നു. മുകളിൽ നിന്ന് അവളെന്നെ നോക്കി. വരാ ന്തയിലൂടെ നടന്നു വന്ന്, പടികളിലിറങ്ങി എന്റെയടുത്തെത്തും വരെ നോക്കി. എന്നിട്ടവൾ ഒരുപാടു നേരം കരഞ്ഞു.

ദിവ്യ : അപ്പോഴും നിങ്ങൾ പൊട്ടനെ പോലെ നിന്നു കാണും.

ശബരി : തീർച്ചയായും. എനിക്കു മനസ്സിലാകുന്നില്ല. ഞാൻ കാരണം നാണംകെട്ടതിന്റെ പേരിലാണോ അവൾ കരയുന്നതെന്ന് ആലോചിച്ചു.

ദിവ്യ : ബെസ്റ്റ്... എന്താടോ നന്നാകാത്തെ...

ശബരി : അവസാനം ഓട്ടോഗ്രാഫ് ബുക്കിൽ അവൾ എനിക്കെഴുതി തന്നു, ‘മരത്തിൽ നിൽക്കുമ്പോഴെ ഇലകളെ നോക്കി യെല്ലാവരും ചിരിക്കു, താഴെ വീണാൽ ആരും നോക്കില്ലെന്ന്’

ദിവ്യ : അതും നിങ്ങൾക്കു മനസ്സിലായില്ലെന്നു പറയരുത്.

ശബരി : പറയും, ഞാനത് വാങ്ങി മിണ്ടാതിരുന്നു.

ദിവ്യ : എന്നിട്ട്?

ശബരി : അവസാനം അവൾ ഒരു പേപ്പറിൽ മിക്കി മൗസ് – ഡൊനാൾഡ് ഡക്ക് ജോടികളുടെ പടം വരച്ചു. എന്നിട്ട് അതിൽ എ ഴുതി ‘യെസ്, മിസ്റ്റർ നാഥ് എന്ന്’, കൂടെയൊരു പൂവും തന്നു. എന്നിട്ടവൾ പോയി. പിന്നെ, ഞങ്ങൾ കണ്ടിട്ടില്ല.

ദിവ്യ : ആ കുട്ടി രക്ഷപ്പെട്ടു. തനിക്കൊന്നു പൊട്ടി കരഞ്ഞൂടേടോ. ഇത്രയൊക്കെ ചെയ്തിട്ടും അവളെ മനസ്സിലാക്കാതെ.

ശബരി : ഇത് കേട്ടാല്‍ തോന്നും ഇയാൾ വലിയ കാമുകി ആയിരുന്നെന്ന്.

ദിവ്യ : ആയിരുന്നു. ആരാണ് അങ്ങനെ അല്ലാത്തത്. പ്രേമിച്ചിട്ടുമുണ്ട്, പ്രേമിക്കുന്ന ആളുകളെ പറ്റാവുന്നത്ര സഹായിച്ചിട്ടുമുണ്ട്. അല്ലാതെ പേടിച്ചിരുന്നിട്ടില്ല. ഇയാളെപ്പോലെ...

ശബരി : എന്നാൽ നീയാ കഥ പറഞ്ഞേ...

ദിവ്യ : ഇന്ന് കഥ പറയാൻ വേണ്ടിയല്ല ഞാൻ അന്ന് പ്രേമിച്ചത്. നിർബന്ധമാമെങ്കിൽ ഒരു ക്ലാസ് കട്ട് ചെയ്യൽ കഥ പറയാം.

ശബരി : മതി, പറഞ്ഞാട്ടേ.

ദിവ്യ : ‘നന്ദനം’ സിനിമ ഇറങ്ങിയ സമയം. ഞാനന്ന് കോളജിലാണ്. എങ്ങനെയെങ്കിലും ‘നന്ദനം’ കാണുകയെന്നതാണ് ആവശ്യം. കൃഷ്ണഭക്ത എന്ന നിലയിൽ അതെന്റെ ‘പ്രിവിലെജ്’ ആണല്ലോ?

ശബരി : തീർച്ചയായും.

ദിവ്യ : അങ്ങനെ സിനിമ കാണാനായി ഞാൻ നൈസായി ക്ലാസ് കട്ട് ചെയ്തു ഫ്രണ്ട്സിന്റെ കൂടെ പോയി. പക്ഷേ, കറ്ക്ട് ആ ദിവസം തന്നെ വീട്ടുകാർക്ക് എന്നോട് സ്നേഹം കൂടി. ‘നന്ദനം’ കാണണമെന്നുള്ള എന്റെ മോഹം നടത്തിത്തരാൻ, എന്നെ വിളിക്കാനവർ അവർ കോളജിൽ വന്നു.

ശബരി : വളരെ മികച്ചൊരു ‘ഇത്’ ആയിപ്പോയി.

ദിവ്യ : കോളജിൽ വന്നപ്പോൾ ഞാന്‍ അവിടെയില്ല. ഉച്ചയ്ക്ക് ലീവ് പറഞ്ഞിട്ട് ഞാൻ സിനിമയ്ക്ക് പോയെന്ന് കൂടുതൽ അന്വേഷണത്തിൽ അവർ കണ്ടെത്തി. ഇതൊന്നുമറിയാതെ സിനിമ കണ്ട് ഞാൻ വീട്ടിലെത്തുമ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു. സിറ്റൗട്ടിൽ ഇട്ടിരുന്ന സോഫയിൽ കിടന്നു ഞാൻ നന്നായി ഉറങ്ങി. കാറിന്റെ സൗണ്ട് കേട്ട് എണീക്കുമ്പോൾ അച്ഛനും അമ്മയും അനിയനുമൊക്കെ വന്നിരിക്കുന്നു. ഞാൻ അ വരുടെയടുത്ത് ഭയങ്കര ചൂടാകൽ.

ശബരി : ഒരിക്കലും ചെയ്യരുതായിരുന്നു.

ദിവ്യ : ഞാൻ അറിയുന്നില്ലല്ലോ. അമ്മ അപ്പോ നൈസായിട്ടു പറഞ്ഞു, ഞങ്ങളൊരു സിനിമ കാണാൻ പോയതാണ് ‘നന്ദനം’ എന്ന്. ആ സ്പോട്ടിലെ ഭാവാഭിനയത്തിൽ ഞാൻ പിടിച്ചു നിന്നെങ്കിലും വീടിനുള്ളില്‍ കയറിയ ശേഷം‘ കാർമുകിൽ വർണന്റെ ചുണ്ടിൽ’ എന്ന പാട്ടിന്റെ അവസാനം കരയുന്നതു പോലെ ‘കൃഷ്ണാ’ എന്നും പറഞ്ഞ് അമ്മയുടെ അടികൾ ഞാൻ ഏറ്റുവാങ്ങി.

ശബരി : അല്ല, ഇതുവരെ ദിവ്യ കുക്കിങ് ക്ലാസിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ?

ദിവ്യ : കുക്കിങ് ക്ലാസ്സോ?

ശബരി: ദിവ്യ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചികൾ ഈ നാട് അറിയട്ടെ.

ദിവ്യ : എന്താ ഈ പറയുന്നത്...

ശബരി : എനിക്കത് പറയണം. അടുക്കള ചീത്തയാകുമോന്നു പേടിച്ചു ദിവ്യ അറിയാതെ പോ ലും ഒരു കറിയും ഉണ്ടാക്കാറില്ലെന്ന സത്യം.

ദിവ്യ : പിന്നേ,അമ്മയില്ലാത്തപ്പൊ ഞാനാണ് പാചകം.

ശബരി : അമ്മയില്ലാത്തപ്പൊ ഭക്ഷണം ഉണ്ടാക്കുന്നത് ദിവ്യ അല്ല, ഓൺലൈൻ ഫൂഡ് ഡെലിവറി അല്ലേ.

ദിവ്യ : അല്ല. ഫൂഡിന്റെ കാര്യം പറഞ്ഞപ്പഴാ ഓർത്തത്, നമ്മൾ തുടങ്ങിയത് ചക്കയുടെ കഥ പറയാനല്ലേ...

ശബരി : ഇതുവരെയത് പറഞ്ഞില്ലല്ലേ... നന്നായി പഴുത്തു കിടക്കുന്നൊരു ചക്കയുണ്ടായിരുന്നു സീരിയൽ ഷൂട്ട് നടക്കുന്ന വീടിന്റെ അയൽപക്കത്ത്. എന്നും ഞങ്ങൾ പറയും, എന്നാണോ ആ ചക്ക കഴിക്കാൻ പറ്റുകയെന്ന്. അങ്ങനെ വളരെ സംഘർ ഷഭരിതമായ സീൻ ഷൂട്ട് ചെയ്യുന്ന ദിവസം. ഒരു കാക്ക ആ ചക്ക കൊത്തിതിന്നാനുള്ള ശ്രമം തുടങ്ങി. സീനാണെന്ന് ഓർക്കാതെ ഞാൻ വിളിച്ചു പറഞ്ഞു. ‘അയ്യോ എന്റെ ചക്ക പോയേ’

ദിവ്യ : പക്ഷേ, ചക്ക പോയില്ല. ഞാൻ ഓടി, അയൽപക്കക്കാരുമായി സംസാരിച്ചു. അങ്ങനെ ഞങ്ങൾ ആ ചക്ക സ്വന്തമാക്കി.

ശബരി : ഷൂട്ട് തുടങ്ങിയ അന്നു മുതൽ കണ്ണിൽ പ്ലാവില കൊണ്ടു വരച്ചിട്ട സ്വപ്നം.