Thursday 13 December 2018 02:35 PM IST

സാബു സിറിൾ പങ്കുവയ്ക്കുന്നു, ആ അദ്ഭുതകരമായ അണിയറ രഹസ്യങ്ങൾ

Nithin Joseph

Sub Editor

sabu-c1

മന്ത്രവടി നീട്ടി മഹാനഗരങ്ങൾ സൃഷ്ടിച്ചൊരു മാന്ത്രികന്‍ ഉണ്ട്. അങ്ങ് ദൂരെ അറബിക്കഥകളിലല്ല, ഇങ്ങിവിടെ വെള്ളിത്തിരയിൽ. രാജമൗലിയെന്ന സംവിധായകന്റെ കിറുക്കൻ സ്വപ്നങ്ങൾക്ക് തോളോടുതോൾ ചേർന്നുനിന്ന ആ മായാജാലക്കാരന്റെ പേര് സാബു സിറിൾ. അസാധ്യമെന്ന വാക്കിനെ ശത്രുപക്ഷത്ത് നിർത്തി സാബു സിറിൾ വെല്ലുവിളിച്ചപ്പോൾ തിയറ്ററിൽ  പ്രതിഫലിച്ചത് അദ്ഭുതക്കാഴ്ചകളുടെ പ്രവാഹം. മികച്ച കലാസംവിധായകനുള്ള ദേശീയ പുരസ്കാരം നാലുവട്ടം കൈപ്പിടിയിലൊതുക്കിയ ആ മികവിന്റെ മകുടോദാഹരണങ്ങൾ അനവധി. ചിത്രകഥയിലെ ഭാവനകൾക്ക് ജീവൻ വച്ചതുപോലെ തലയുയർത്തി നിൽക്കുന്ന മഹിഷ്മതിയുടെ കൂറ്റൻ കൊട്ടാരക്കെട്ടുകളും  വെണ്ണക്കല്ലിൽ കൊത്തിയെടുത്ത വിശ്വവിസ്മയമായി ദേവസേനയുടെ കുന്തലദേശത്തെ കൊട്ടാരവും പ്രേക്ഷകലക്ഷങ്ങൾക്ക് സമ്മാനിച്ചത് അദ്ഭുതക്കാഴ്ചകളുടെ തീരാവസന്തം. എതിരാളിയുടെ തലയറുത്തുകൊണ്ട് കുതിക്കുന്ന രഥമായി, ക്ഷണനേരം കൊണ്ട് വാനിൽ പറന്നുയരുന്ന അരയന്നത്തോണിയായി, ആയിരക്കണക്കിനു വീരൻമാർ പട പൊരുതുന്ന യുദ്ധഭൂമിയായി, അശ്വവും ആയുധവുമായി, ബാഹുബലിയിലെ ഓരോ ഫ്രെയിമിലും പ്രതിഫലിക്കുന്നു കലയുടെ ഇന്ദ്രജാലം. മഹിഷ്മതിയുടെ രാജശിൽ‌പി ഇപ്പോൾ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്, വിശ്രമം തെല്ലുമില്ലാതെ.

1000 കോടിയിൽ എത്തിനിൽക്കുന്ന ഇന്ത്യൻ സിനിമ, എങ്ങനെ കാണുന്നു ബാഹുബലിയുടെ വിജയത്തെ?

രാജമൗലിയെന്ന സംവിധായകന്റെ സ്വപ്നം സഫലമായെന്നു പറയുന്നതാകും ഉത്തമം. ബാഹുബലിയുടെ വാണിജ്യ വിജയത്തിലുപരി ഇന്ത്യൻ സിനിമയുടെ വളർച്ചയാണ് ടെക്നീഷ്യനെന്ന നിലയിൽ എനിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നത്. ഈ സിനിമ ഒരു പുതിയ വഴി വെട്ടിയിരിക്കുന്നു, ബജറ്റിനെക്കുറിച്ച് വേവലാതിപ്പെടാതെ സിനിമയെ സമീപിക്കുന്ന സംവിധായകർക്കും നിർമാതാക്കള്‍ക്കും വിജയത്തിലേക്ക് നടന്നുകയറാനുള്ള ആത്മവിശ്വാസത്തിന്റെ വഴി.

sabu-c2

ആദ്യഭാഗത്തിന്റെ കഥ പറയാൻ രാജമൗലി വരുമ്പോൾ അതിത്ര വലിയ പ്രോജക്ടാണെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, കഥ പറയുന്നതിനു മുമ്പ് അദ്ദേഹം ഒരു വെള്ളച്ചാട്ടത്തിന്റെ സ്കെച്ച് എന്നെ കാണിച്ചിട്ട് ഇതുപോലൊന്നാണ് വേണ്ടതെന്ന് പറഞ്ഞു. ആ വെള്ളച്ചാട്ടമാണ് എന്നെ ബാഹുബലിയുടെ ഭാഗമാക്കിയത്. രാജമൗലിയുടെ മനസ്സിലെ ബാഹുബലി എന്താണെന്ന് മനസ്സിലാക്കാൻ ആ സ്കെച്ച് ധാരാളമായിരുന്നു. അതെന്നെ ഏറെ ആകർഷിച്ചു. ഞാൻ ഉടൻതന്നെ സമ്മതം മൂളി. രണ്ടു ഭാഗങ്ങളുടെയും ഷൂട്ട് ഒരുമിച്ച് തീർക്കാനായിരുന്നു തീരുമാനം. പക്ഷേ, രണ്ടാമത്തെ  ഭാഗത്തിന്റെ ചിത്രീകരണം ഞങ്ങൾ പ്രതീക്ഷിച്ചതിലും നീണ്ടുപോയി. അതിനാൽ എനിക്ക് ശങ്കറിന്റെ എന്തിരൻ 2.0 എന്ന സിനിമയുടെ ഭാഗമാകാൻ സാധിച്ചില്ല.

ചിത്രകഥകളോടുള്ള ഇഷ്ടമാണോ മഹിഷ്മതിയും കുന്തലദേശവും വരച്ചുകാട്ടുന്നതിൽ പ്രതിഫലിച്ചിരിക്കുന്നത്?

ഇന്നത്തെ കാലത്തെ കുട്ടികൾക്ക് പ്രിയം കോമിക്സിനോടും സൂപ്പർഹീറോ കാർട്ടൂണുകളോടുമാണ്. എന്നാൽ എന്റെ ചെറുപ്പകാലത്തിന് നിറം നൽകിയത് അമർചിത്രകഥകളായിരുന്നു. രാമായണവും മഹാഭാരതവുമെല്ലാം എനിക്ക് പരിചിതമായത് ചിത്രകഥകളിലൂടെയാണ്. ഓരോ സീൻ പ്ലാൻ ചെയ്യുമ്പോഴും നമ്മൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളും വസ്തുക്കളുമെല്ലാം ഭാവനയിൽ രൂപപ്പെടുത്താൻ സഹായിക്കുന്നത് ഇത്തരം കഥകളാണ്. കൂറ്റൻകൊട്ടാരങ്ങളും യുദ്ധവുമെല്ലാം നമ്മൾ കണ്ടിട്ടുള്ളത് ഈ ചിത്രകഥകളിലാണ്.
ആദ്യഭാഗത്തെ അപേക്ഷിച്ച് കൂടുതൽ ശ്രമകരമായത് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാണ്. മഹിഷ്മതിയിലെയും കുന്തലദേശത്തെയും കൊട്ടാരങ്ങൾ തമ്മിൽ യാതൊരു സാമ്യവും വരാതെ നിർമിക്കുകയെന്നത് പ്രധാനമായിരുന്നു. കുന്തലദേശം ദേവസേന ഭരിക്കുന്ന നാട്ടുരാജ്യമായതിനാൽ നിറത്തിലും രൂപത്തിലും ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിലും വ്യത്യസ്തത നിർബന്ധമായിരുന്നു.

sabu-c4

കൊട്ടാരവളപ്പിൽ പല തരത്തിലുള്ള പൂക്കളുള്ള വലിയ പൂന്തോട്ടം നിർമിച്ചു. ബാഹുബലിയുടെ കൊട്ടാരത്തിനു ചുവപ്പ് നിറം നൽകിയപ്പോൾ ദേവസേനയുടേതിന് മാർബിൾകൊട്ടാരം  പോലെ വെള്ളനിറമാണ് നൽകിയത്. യുദ്ധരംഗത്ത് റാണ ഉപയോഗിക്കുന്ന രഥം നിർമിച്ചിരിക്കുന്നത് ബുള്ളറ്റിന്റെ എൻജിനിലാണ്. രഥത്തിനുള്ളിൽ സ്റ്റിയറിങ്ങുമുണ്ട്. ഉള്ളിലിരുന്ന് ഒരാൾക്ക് ഓടിക്കാവുന്ന തരത്തിലാണ് നിർമാണം. അനുഷ്കയും പ്രഭാസും  മഹിഷ്മതിയിലേക്കു വരുന്ന രംഗത്തിൽ ഒരു തോണി വേണമെന്നതായിരുന്നു സംവിധായകന്റെ ആവശ്യം. ഫാന്റസി മൂഡിലുള്ള രംഗമാണെന്ന്  കേട്ടപ്പോൾ വെള്ളത്തിലും ആകാശത്തും സഞ്ചരിക്കുന്ന തരത്തിലുള്ള അരയന്നത്തോണി നിർമിക്കാമെന്ന് ഞാൻ പറഞ്ഞു. ആ സീൻ കണ്ട് ഒരുപാടു പേർ വിളിച്ച് അഭിനന്ദിച്ചു.  

ഭരതനെന്ന വലിയ സംവിധായകനൊപ്പം ഗംഭീരതുടക്കം. സിനിമയിലേക്കുള്ള രംഗപ്രവേശം എങ്ങനെയായിരുന്നു?

ഞാൻ സിനിമയിലേക്കെത്തുന്നത് വളരെ യാദൃച്ഛികമായിട്ടാണ്. വിഷ്വൽ കമ്യൂണിക്കേഷൻ പഠനം കഴിഞ്ഞ് ഗ്രാഫിക് ഡിസൈനിങ് ഏജൻസി നടത്തുകയായിരുന്നു. ‘അമര’മെന്ന സിനിമയ്ക്കു വേണ്ടി ഞാൻ ഒരു സ്രാവിന്റെ രൂപം ഉണ്ടാക്കിയത് ഭരതേട്ടന് വളരെയധികം ഇഷ്ടപ്പെട്ടു. ഈ പടത്തിന്റെ കലാസംവിധാനം മുഴുവനായി സാബു ചെയ്താൽ മതിയെന്ന് ചേട്ടൻ പറഞ്ഞു. ഞാൻ പിൻമാറാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് എന്നിൽ പൂർണവിശ്വാസമുണ്ടായിരുന്നു. പ്രശസ്ത ചലച്ചിത്രകാരൻ എ. വിൻസെന്റ് എന്റെ അങ്കിളാണ്. വിൻസെന്റ് മാസ്റ്ററുടെ സിനിമകളിൽ ഭരതേട്ടൻ കലാസംവിധായകനായിട്ടുണ്ട്. അതായിരിക്കാം അദ്ദേഹത്തിന് എന്നിൽ വിശ്വാസം തോന്നാൻ കാരണം. അതിനുശേഷം ഭദ്രൻ സംവിധാനം ചെയ്ത അങ്കിൾ ബൺ എന്ന സിനിമയിൽ പ്രവർത്തിച്ചു. പിന്നീടെപ്പോഴോ സിനിമ എന്റെ കംഫർട്ട് സോണായി മാറി.

കരിയറിൽ പ്രധാനപ്പെട്ട ഒന്നല്ലേ പ്രിയദർശനുമായുള്ള കൂട്ടുകെട്ട് ?

‘അമര’ത്തിനു ശേഷം അഞ്ച് സിനിമകൾ ചെയ്തെങ്കിലും സാമ്പത്തികമായി  വലിയ നേട്ടമൊന്നും  എനിക്കുണ്ടായില്ല. സിനിമ  ഉപേക്ഷിച്ച്  പഴയ  ജോലിയിലേക്ക് തിരിയാമെന്നും തമിഴിലോ തെലുങ്കിലോ നല്ല ഓഫറുകൾ വന്നാൽ മാത്രം ചെയ്യാമെന്നും തീരുമാനിച്ചിരുന്ന സമയത്താണ് പ്രിയദർശന്റെ ക്ഷണം വരുന്നത്. ‘കിലുക്കം’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനിച്ച സമയത്തായിരുന്നു ആ വിളി. ‘കിലുക്ക’ത്തിലേതു പോലെ മികച്ച രീതിയിൽ കലാസംവിധാനം ചെയ്യാൻ പറ്റുമോയെന്ന ചോദ്യത്തിന് ഞാൻ ഓകെ പറഞ്ഞു. ‘പറ്റുമെങ്കിൽ കുറച്ച് കൂടി മികവ് കൊണ്ടുവരാമോയെന്ന് നോക്കാം.’ ആ മറുപടി പ്രിയന് ഇഷ്ടമായി. പിന്നീടിങ്ങോട്ട് 71 സിനിമകളിൽ ഞങ്ങളൊരുമിച്ച് പ്രവർത്തിച്ചു. എനിക്ക് ലഭിച്ച നാലു നാഷനൽ അവാർഡുകളിൽ രണ്ടെണ്ണം പ്രിയന്‍ സംവിധാനം ചെയ്ത സിനിമകള്‍ക്കാണ്. ‘തേൻമാവിൻ കൊമ്പത്ത്’, ‘കാലാപാനി’ എന്നീ ചിത്രങ്ങളിലൂടെ തുടർച്ചയായി രണ്ടുവർഷം അവാർഡിന് അർഹനായി. പിന്നീട് 2007–ൽ ‘ഓം ശാന്തി ഓം’ 2010–ൽ ‘എന്തിരൻ’ ഇവയ്ക്കാണ് ദേശീയപുരസ്കാരം ലഭിച്ചത്.

വെല്ലുവിളികളെ ഇത്ര കൂളായി നേരിടുന്നതെങ്ങനെ?

ഏതു ജോലിയിലും വെല്ലുവിളികളെ അതിജീവിക്കാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ പരാജയപ്പെട്ടുവെന്നാണ് അർഥം. ‘കാലാപാനി’യുടെ ഷൂട്ട് നടക്കുന്ന സമയം. ഒരു മാസം  ചെലവിട്ട് നിർമിച്ച സിനിമയുടെ സെറ്റ് കപ്പലിലാണ് ആൻഡമാനിലേക്ക് കൊണ്ടുപോയത്. പോർട്ടിനോടടുക്കാറായപ്പോൾ കപ്പലിനു തീ പിടിച്ചു. കപ്പലിലെ തൊഴിലാളികൾ സാധനങ്ങൾ ഓരോന്നായി കടലിലേക്ക് വലിച്ചെറിയുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്. ഞങ്ങളുടെ അധ്വാനത്തിന്റെ ഒരു ഭാഗം മുഴുവൻ കത്തിത്തീർന്നു. പക്ഷേ, ആ കാഴ്ചയിൽ പകച്ചു നിൽക്കാതെ നഷ്ടമായവയെല്ലാം നിസ്സാരസമയത്തിനുള്ളിൽ പുനർനിർമിച്ചു. കപ്പലിലുണ്ടായിരുന്ന രണ്ട് പഴയ മോറിസ് കാറുകളുടെ ടയറുകളും പൂർണമായി കത്തിനശിച്ചപ്പോൾ പകരം ബുള്ളറ്റിന്റെ ടയറാണ് ഉപയോഗിച്ചത്. എന്നാൽ സിനിമ തിയറ്ററിൽ കണ്ട ഒരാൾക്കും അതിൽ കുറവുകൾ കണ്ടെത്താൻ സാധിച്ചില്ല.

ഗ്രാഫിക്സിന്റെ പ്രാധാന്യം  സിനിമയിൽ കലാസംവിധായകന്റെ പ്രസക്തി കുറയ്ക്കുന്നുണ്ടോ?

sabu-c5

കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സിനിമയിൽ വരുന്നത് സ്വാഭാവികമാണ്. ടെക്നോളജിയെ പ്രയോജനപ്പെടുത്താതിരിക്കുന്നത് വിഡ്ഢിത്തമാണ്. ഗ്രാഫിക്സിന്റെ ഉപയോഗം സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. നമ്മുടെ ജോലിയെ എളുപ്പമാക്കാനും ഗ്രാഫിക്സിന് സാധിക്കും. എന്നാൽ പലപ്പോഴും പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നു. ഗ്രാഫിക്സിനെയും യാഥാർഥ്യത്തെയും വേർതിരിച്ചറിയാൻ ചി ല സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ബാഹുബലിയിൽ ഒരു സീന്‍ പോലും യഥാർഥ മൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിച്ചിട്ടില്ല. എന്നാൽ ഇത് കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകളും വിചാരിക്കുന്നത് മൃഗങ്ങളെ ഗ്രാഫിക്സ് ഉപയോഗിച്ചാണ് ചിത്രീകരിച്ചതെന്നാണ്. ഓരോ രംഗങ്ങളിലും കാണുന്ന മൃഗങ്ങളുടെ അതേ വലുപ്പത്തിലുള്ള രൂപമുണ്ടാക്കിയാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിൽ കാണുന്ന ആനയെ കൃത്രിമമായി നിർമിച്ചതാണ്. കൃത്രിമ ആനയിൽ 10 പേർ കയറിയിരുന്നിട്ട് പുറകിൽ നിന്ന് ആളുകൾ കയർ കെട്ടി വലിച്ചാണ് ആന ചിന്നം വിളിക്കുന്ന രംഗം സൃഷ്ടിച്ചത്. രണ്ടാം ഭാഗത്തിൽ കാളകൾ കൂട്ടമായി വരുന്ന സീനിനു വേണ്ടി 12 കാളകളെ ഉണ്ടാക്കിയെടുത്തു. ബാക്കിയുള്ള കാളകൾ ഗ്രാഫിക്സാണ്. പ്രഭാസ് ഉരുട്ടിക്കൊണ്ടു വരുന്ന രഥം ഫൈബറിൽ നിർമിച്ചിട്ട് ക്രെയിൻ ഉപയോഗിച്ച് ഓടിക്കുകയായിരുന്നു.

മലയാള സിനിമയും മാറ്റത്തിന്റെ വഴിയേ ആണ്. അതിനൊപ്പം താങ്കളെ ഉടൻ കാണാൻ സാധിക്കുമോ?

തൊണ്ണൂറുകളിൽ ഉയർന്ന ബജറ്റിലിറങ്ങിയ മലയാള സിനിമയായിരുന്നു കാലാപാനി. ചിത്രീകരണ സമയത്ത് മോഹൻലാലും പ്രഭുവും പ്രിയദർശനും സന്തോഷ് ശിവനും ഞാനും കൂടി ഒരേ കാറിലാണ് സെറ്റിലേക്ക് യാത്ര ചെയ്തിരുന്നത്. അന്ന് അതൊരു സാധാരണ സംഭവമാണ്. ഒന്നിലധികം കാറുകൾ ഉപയോഗിക്കുന്നതു പോലും ആർഭാടമായിരുന്നു. എന്നാലിന്ന് മലയാളസിനിമ ഒത്തിരി മുന്നോട്ടു പോയി. ‘രണ്ടാമൂഴം’ പോലുള്ള ബിഗ്ബജറ്റ് സിനിമകൾ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. സമയം അനുവദിച്ചാൽ മോഹൻലാൽ നായകനാകുന്ന ‘ഒടിയൻ’ ആയിരിക്കും മലയാളത്തിൽ എന്റെ അടുത്ത ചിത്രം.
‘ബാഹുബലി’യുടെ ജോലികൾ തുടങ്ങിയിട്ട്  അഞ്ചു വർഷമായി. ഇക്കാലമത്രയും കുടുംബവും എനിക്കൊപ്പം ചെന്നൈ വിട്ട് ഹൈദരാബാദിലേക്ക് പോന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് തമിഴ് ചിത്രം ‘സംഘമിത്ര’യാണ്. ബിഗ്ബജറ്റ് സിനിമയാണതും. രണ്ട് ഭാഗങ്ങളായിട്ടാകും റിലീസ്.

കലാരംഗത്തേക്കുള്ള രംഗപ്രവേശം?

അച്ഛൻ സിറിൾ  ആർതർ മാനന്തവാടി സ്വദേശിയാണ്. വാൽപ്പാറ ടീ എേസ്റ്ററ്റിലായിരുന്നു അച്ഛനു ജോലി. ഞാൻ ജനിച്ചതും വളർന്നതും അവിടെയാണ്. അമ്മ സ്ലാൻസാ സിറിൾ കോഴിക്കോട്ടുകാരിയാണ്. സഹോദരി ഷീന, കുടുംബവുമൊത്ത് ചെന്നൈയിലാണ്. അമ്മയുടെ അച്ഛന്‍ ജോർജ് വിൻസെന്റ് രണ്ടാം ലോക മഹായുദ്ധകാലത്ത് റോയൽ ഇന്ത്യൻ നേവിയുടെ ഒഫീഷ്യല്‍ ഫൊട്ടോഗ്രഫറായിരുന്നു. പിന്നീട് അദ്ദേഹം കോഴിക്കോട് ചിത്രാ സ്റ്റുഡിയോ ആരംഭിച്ചു. അമ്മയുടെ സഹോദരനാണ് പ്രശസ്ത ചലച്ചിത്രകാരൻ എ. വിൻസെന്റ്.
എന്റെ സ്കൂൾ വിദ്യാഭ്യാസം കോയമ്പത്തൂരിലായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ മെക്കാനിക്കൽ എൻജിനീയർ ആകാനായിരുന്നു ആഗ്രഹം. പിന്നീട് ചിത്രകലയോടുള്ള താൽപര്യം കൊണ്ട് ചെന്നൈ സ്കൂള്‍ ഓഫ് ആർട്സിൽ വിഷ്വൽ  കമ്യൂണിക്കേഷൻ തിരഞ്ഞെടുത്തു. അച്ഛന്റെ എതിർപ്പുകള്‍ വക വയ്ക്കാതെയായിരുന്നു തീരുമാനം. കുട്ടികൾക്ക് ഡ്രോയിങ് ക്ലാസ് നടത്തിയാണ് പഠനത്തിനും മറ്റുമുള്ള തുക കണ്ടെത്തിയത്. രാത്രി ഒരു മണി മുതൽ രാവിലെ ഏഴു മണി വരെയായിരുന്നു ഉറക്കം. ബാക്കി സമയം  പഠനവും ജോലിയും.

ഇരുപത്തിമൂന്നാം വയസ്സിൽ വിപ്ലവകരമായി വിവാഹം കഴിച്ചു. ഭാര്യ സ്നേഹലത വിൻസെന്റ് മാസ്റ്ററുടെ മകളാണ്, അതായത് എന്റെ സ്വന്തം അങ്കിളിന്റെ മകൾ. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. അന്നവൾക്ക് ഇരുപത്തിയൊന്നു വയസ്സ്. ക്രിസ്ത്യൻ കുടുംബങ്ങളിൽ അമ്മാവന്റെ മകളെ വിവാഹം ചെയ്യുന്ന കാര്യം ചിന്തിക്കാവുന്നതിലും  അപ്പുറമായിരുന്നു. വീട്ടിൽ വലിയ കോലാഹലമായി. അവസാനം മനസ്സില്ലാമനസ്സോടെ വീട്ടുകാർ കല്യാണം നടത്തിത്തന്നു. പള്ളിയിൽ വച്ചായിരുന്നു വിവാഹം. നാലു വർഷം കഴിഞ്ഞ് മകൾ പിറന്നപ്പോഴാണ് പിണക്കങ്ങള്‍ അവസാനിപ്പിച്ച് എല്ലാവരും ഞങ്ങളെ അഗീകരിച്ചത്.

sabu-c3

മനസ്സു പറയുന്ന വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മക്കൾക്കും കൊടുത്തിട്ടുണ്ടോ?

രണ്ട് മക്കളാണ്. മൂത്ത മകൾ ശ്വേത വിഷ്വൽ കമ്യൂണിക്കേഷനു ശേഷം ന്യൂയോർക്കിൽ നിന്നു ഫാഷൻ ടെക്നോളജി പഠിച്ചു. കുറേ സിനിമകളിൽ എന്റെ അസിസ്റ്റന്റായി ജോലി ചെയ്തു. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ അവളാണ്. ഇളയ മകൾ സൗമ്യ സിംഗപ്പൂരിൽ അനിമേഷൻ പഠിച്ചിട്ട് മൂന്നു വർഷം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയിൻമെന്റ്സിൽ ജോലി ചെയ്തു. പിന്നീട് ക്രിഷ് ത്രീ എന്ന സിനിമയിൽ എന്റെ അസിസ്റ്റന്റായി. ഇപ്പോൾ ചേച്ചിയോടൊപ്പം ജോലി ചെയ്യുന്നു. മക്കൾ രണ്ടുപേരും സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ തിരഞ്ഞെടുത്തത്. നാളെ ചിലപ്പോൾ അവരുടെ താൽപര്യങ്ങൾ മാറാം. അവരുടെ ഇഷ്ടങ്ങൾ എന്തുതന്നെയായാലും അതിന് എന്റെ പൂർണപിന്തുണയുണ്ടാകും.
എന്തു ജോലി ചെയ്യുമ്പോഴും നൂറു ശതമാനം ആത്മാർഥതയോടെ ചെയ്യുക. റിസൽട്ടിനെ കുറിച്ചോർത്ത് വേവലാതിപ്പെട്ടാൽ ഒന്നും നടക്കില്ല. വിജയവും പരാജയവും തീരുമാനിക്കുന്നത് നമ്മളല്ല, അത് ദൈവത്തിന്റെ കൈകളിലാണ്.