Friday 19 April 2024 02:46 PM IST

‘ചുംബനഭാരത്താൽ താഴ്ന്നു പോയി’; സൈനുവും നജീബും തമ്മിലുള്ള പുഴയിലെ ലിപ് ലോക് സീൻ എഴുതിയത് ഇങ്ങനെ..

V.G. Nakul

Sub- Editor

_DSC1321 ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍

‘ആടുജീവിതം’ സിനിമയുെട രണ്ടാം ഭാഗത്തിന്റെ കഥ സംവിധായകൻ ബ്ലെസി ആദ്യമായി പങ്കിടുന്നു, ഒപ്പം പുത്തന്‍ വിശേഷങ്ങളുമായി അമല പോളും...

നജീബ് എന്ന പ്രവാസിമലയാളിയുെട അതിജീവനത്തിന്‍റെ കഥയാണ് ‘ആടുജീവിതം.’ പക്ഷേ, ആ മഹാഗാഥയ്ക്കു പിന്നിൽ കഥയുടെ വെളിച്ചം തൊടാത്ത മറ്റൊരു ജീവിതമുണ്ട്, നജീബിന്റെ ഭാര്യ സൈനുവിന്‍റെ കാത്തിരിപ്പിന്‍റെയും കണ്ണീരിെന്‍റയും ജീവിതം. 

‘ആടുജീവിതം’ സിനിമയില്‍ സൈനുവായി മാറിയ അമലപോളും സംവിധായകൻ ബ്ലെസിയും വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നു സംഭാഷണം തുടങ്ങും മുൻപ് ബ്ലെസി പറഞ്ഞതു വലിയൊരു രഹസ്യമാണ്, ‘െെസനുവിന്‍റെ ജീവിതം മറ്റൊരു സിനിമയായി വന്നേക്കാം. ആടുജീവിതത്തിന്‍റെ രണ്ടാം ഭാഗം!’  

‘‘ആടുജീവിതത്തിൽ കുറച്ചു സീനുകളിലെ സാന്നിധ്യമാണു സൈനു.’’ ബ്ലെസി പറയുന്നു.  ‘‘പക്ഷേ, അങ്ങനെ ഒതുക്കാവുന്നതല്ല അവളുടെ ജീവിതം. കാത്തിരിപ്പിന്റെ മൂന്നര വർഷങ്ങൾ.  പഞ്ചായത്തിൽ, പൊലീസ് സ്റ്റേഷനിൽ. അങ്ങനെ അറിയാവുന്ന വാതിലുകളിലെല്ലാം നജീബിനെക്കുറിച്ചു തിരക്കി അവൾ അലഞ്ഞു. സൈനു ഗർഭിണിയായിരിക്കെയാണു നജീബിന്റെ വിദേശയാത്ര. അവസാനം ഫോണിൽ സംസാരിച്ചത് ബോംബെയിൽ നിന്നാണ്. 

ആ കാത്തിരിപ്പിനിടയിലാണു നജീബിന്റെ ഉമ്മയുടെ മരണം. അതോടെ ഈ ഭൂമിയിലെ ഒറ്റമരം പോലെയായി അവൾ. സമൂഹത്തിൽ ചിലരുടെ മോശം പെരുമാറ്റം, ദാരിദ്ര്യം... അങ്ങനെ പലതരം വേനലുകൾ സൈനുവിനെ ചുട്ടുപൊള്ളിച്ചു. സങ്കൽപത്തിൽ അവളുടെ സങ്കടങ്ങൾ തിടം വച്ചുവളർന്നു. ആ ജീവിതത്തിന്റെ ആമുഖമാണ് ആടുജീവിതത്തിലെ സൈനു.’’ ഇരമ്പുന്ന മഴയ്ക്കിടയിലെ നിശബ്ദത പോലെ സൈനുവിന്റെ ജീവിതകഥയിലെ ചില രംഗങ്ങൾ ബ്ലെസി പറഞ്ഞു തുടങ്ങി. 

‘‘കഥയിലും മഴയാണ്. നാടാകെ നനഞ്ഞു നിൽക്കുന്നൊരു പകൽ. ഗ്രാമത്തിലെ പോസ്റ്റ് ഓഫിസ് വരാന്തയി ൽ സൈനു. അപ്പോൾ ജീവനക്കാരന്റെ ഒച്ച മാത്രം കേൾക്കാം, ‘എന്തിനാ കുട്ടീ എന്നും ഇവിടെയിങ്ങനെ വന്നു നിൽക്കുന്നേ. എന്തെങ്കിലും കത്തുണ്ടെങ്കിൽ ഞാൻ കൊണ്ടുത്തരില്ലേ’. പിറ്റേന്നും അതേ രംഗം ആവർത്തിക്കപ്പെടുന്നു. വേർപാടിനേക്കാൾ കൊടിയ വേദനയല്ലേ എന്തെന്നറിയാത്ത മാഞ്ഞുപോകൽ.  

മറ്റൊരു രംഗം പലചരക്കുകടയാണ്. ഗർഭിണിയായ സൈനു സാധനങ്ങള്‍ വാങ്ങാൻ നിൽക്കുന്നു. നിത്യേനെ കടം നൽകി മടുത്ത കടക്കാരൻ ചോദിക്കുന്നു.  ‘എന്നാ നീയിതു തിരിച്ചു തരുന്നേ?’

‘ഇക്കാ വരും. വരുമ്പോൾ തരും’ അവളുടെ മറുപടി. ഈ ദുനിയാവിലെ സകല പ്രതീക്ഷയും അപ്പോൾ അവളുടെ സ്വരത്തിലുണ്ട്. കഥയിൽ പിന്നെയും തുടരുകയാണ് മഴ. 

മുറിക്കുള്ളിൽ തനിച്ചിരുന്നു ബോംബെയിൽ നിന്നു ന ജീബെഴുതിയ കത്തു വീണ്ടും വീണ്ടും വായിച്ചു നെഞ്ചോടു ചേർത്തുപിടിച്ചു ജാലകത്തിലൂടെ പുറത്തെ മഴ നോക്കി നിൽക്കുന്നു സൈനു. ചോർന്നൊലിക്കാത്ത ഒരു വീടും ന ല്ല ജീവിതവും കിനാവു കണ്ടത് അവർ ഒരുമിച്ചായിരുന്നല്ലോ. അവളുടെ കൂടി നിർബന്ധത്താലാണല്ലോ നജീബ് മ ണലാരണ്യത്തിലേക്കു പോകുന്നത്... 

മൂന്നര വർഷത്തിനു ശേഷം  കഥയിലെ മഴ  ആദ്യമായി ആനന്ദത്തിന്റെ നനവാകുന്നു. നജീബ് തിരിച്ചുവരുന്നുവെ ന്ന സന്ദേശമറിഞ്ഞു പോസ്റ്റ് ഓഫിസിൽ നിന്നു കൈക്കു‍ഞ്ഞുമായി പാഞ്ഞിറങ്ങി വരുന്ന സൈനു. വാക്കിനെ മുക്കിത്താഴ്ത്തുന്ന ഗദ്ഗദങ്ങൾ. അതിനിടയിൽ പിടിച്ചെടുത്ത ഒ രു ശ്വാസത്തിന്റെ കരുത്തിൽ അവൾ വിളിച്ചു പറയുന്നു,   ‘മാഷേ... ഇക്കാ വരുന്നുണ്ട്’.

ആ ഒാട്ടം ചെന്നു നിൽക്കുന്നത് പലചരക്ക് കടയിലാണ്. അവൾ ബിരിയാണി അരി ചോദിക്കുമ്പോൾ കടക്കാരന്റെ മുഖത്ത് അമ്പരപ്പ്.  അവൾ പറയുന്നു, ‘ഇക്കാ വരുന്നു. എനിക്കു ബിരിയാണി അരി തന്നെ വേണം’.

കഥ ഇത്രയും കേട്ടപ്പോഴെ അമല പോൾ ബ്ലെസിയോട് പറഞ്ഞു.  ‘ബ്ലെസിയേട്ടൻ പറയുന്ന ‍ഡേറ്റ്, എത്ര ദിവസം വേ‌ണമെങ്കിലും ഞാനുണ്ടാകും. ഉറപ്പ്’.

പിന്നെ, കുറച്ചു നേരം അമല നിശബ്ദയായി. കാരണം സൈനുവിന്റെ സങ്കടനിമിഷങ്ങളുടെ ഭാരം അത്രമേൽ അമലയ്ക്കുള്ളിലുമുണ്ട്. ‘‘നജീബിന്റെ കഥ നോവലിലൂടെ എല്ലാവരും വായിച്ചറിഞ്ഞതാണല്ലോ. സിനിമയിലൂടെ അതു കാണുകയും ചെയ്യും. പക്ഷേ, സൈനുവിന്റെ കഥ പറയുക തന്നെ വേണം. എന്റെ ഇപ്പോഴത്തെ കാത്തിരിപ്പ് അതിനു വേണ്ടിയാണ്.’’  

ബ്ലെസി: നജീബ് ഇല്ലാത്ത സൈനുവിന്റെ ജീവിതകഥ മനസ്സിലുണ്ട്. അവളുടെ പ്രതീക്ഷകളും കാത്തിരിപ്പുമാണത്. സിനിമയെ സംബന്ധിച്ച് നോവലിൽ നിന്നു വ്യത്യസ്തമായ ഒരു വൈകാരികത്തുടർച്ച  ആവശ്യമാണ്. അകലെയായിരിക്കുമ്പോൾ നമ്മളെ ഏറ്റവുമധികം സ്പർശിക്കുക പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകളാണ്. ഞാൻ വൈകാരികമായി ചിന്തിക്കുന്ന ആളാണ്. 

സൈനുവിനെ പിരിഞ്ഞിരിക്കുകയെന്നതു നജീബിനെ ആഴത്തിൽ ബാധിച്ചിട്ടുള്ള കാര്യമാണ്. കാത്തിരിക്കാൻ സൈനു ഉണ്ടെന്ന ബോധ്യമാണു നജീബിനെ ആ ദുരിതമൊക്കെ താണ്ടാൻ പ്രാപ്തനാക്കുന്നത്. തിരിച്ചും. നജീബ് മടങ്ങിവരുമെന്ന സൈനുവിന്റെ വിശ്വാസമാണ് അവളെ മുന്നോട്ടു നയിക്കുന്നത്. 

ആ ഫീൽ സിനിമയിൽ വരണമെങ്കിൽ, പ്രേക്ഷകരിലേക്കു പകരണമെങ്കിൽ, അത്രയും അഭിനയശേഷിയുള്ള ഒ രാൾ ആ കഥാപാത്രം ചെയ്യണമെന്നു തോന്നി. അപ്പോൾ മനസ്സിൽ തെളിഞ്ഞ മുഖം അമലപോളിന്റേതാണ്. എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, പല ആർട്ടിസ്റ്റുകളെയും വേണ്ട തരത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന്. അങ്ങനെയൊരാളാണ് അമല. 

‘ആടുജീവിതം’ സിനിമയില്‍ ഒരുപാട് സീനുകളുള്ള  ക ഥാപാത്രമല്ല അമലയുടേത്. ഏതാനും രംഗങ്ങളിൽ പ്രേക്ഷകരുടെ മനസ്സിൽ മായാതെ പതിയണം. അതായിരുന്നു  വെല്ലുവിളി.  അമലയ്ക്ക് അതു മനോഹരമായി സാധിച്ചിട്ടുണ്ട്. 

_DSC2352

ഏറ്റവും വലിയ യാദൃച്ഛികത, നജീബ് നാട്ടിൽ നിന്നു പോകുമ്പോൾ സൈനു ഗർഭിണിയായിരുന്നുവെന്നതു പോലെ, സിനിമ റിലീസ് ആകുമ്പോൾ അമലയും അമ്മയാകാനുള്ള തയാറെടുപ്പിലാണ്.

അമല: കോളജിൽ പഠിക്കുന്ന കാലത്തു സിനിമയിൽ അവസരം തേടി ബ്ലെസിയേട്ടനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്നു വലിയ ആഗ്രഹമായിരുന്നു. ‘ആ ടുജീവിത’ത്തിലൂടെ ആ മോഹം സാധിച്ചു.

കൊച്ചിയിൽ നിന്നു ഡൽഹിയിലേക്കുള്ള   യാത്രയിൽ ഫ്ലൈറ്റിലിരുന്നാണ് ‘ആടുജീവിതം’ നോവൽ വായിച്ചത്. ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ ഞാൻ കരയുകയായിരുന്നു. പിന്നീട് സൈനുവിനെക്കുറിച്ചു ബ്ലെസിയേട്ടൻ വിശദമായി സംസാരിച്ചു. അത്ര മനോഹരമായിരുന്നു ആ ബാക്സ്റ്റോറി. എന്റെ കരിയറിലെ ഒരു ആക്ടിങ് യൂണിവേഴ്സിറ്റിയായിരുന്നു ആടുജീവിതം. പൈസ കൊടുക്കാതെ ഫിലിം സ്കൂളിൽ പോയി പഠിച്ചെന്നു പറയാം. 

ബ്ലെസി: ലോഹിതദാസ് തന്റെ കഥാപാത്രങ്ങൾക്കെല്ലാം വിശദമായ ബാക്സ്റ്റോറി തയാറാക്കുമായിരുന്നു. എത്ര അപ്രധാനമായ വേഷമാണെങ്കിലും അതുണ്ടാകും.  എന്റെ ഓരോ കഥാപാത്രവും എങ്ങനെയായിരിക്കണമെന്നു കൃത്യമായ ധാരണയുണ്ട്. സൈനുവിന്റെ കാര്യത്തിലും അങ്ങനെ തന്നെ. സൈനുവും നജീബും തമ്മിലുള്ള പുഴയിലെ ലിപ് ലോക് സീൻ ഞാൻ എഴുതിയത് ‘ചുംബനഭാരത്താൽ താഴ്ന്നു പോയി’ എന്നാണ്. അതുപോലെ, ആടുജീവിതത്തിന്റെ ഐഡിയ പൃഥ്വിരാജിനോട് ആദ്യം പറയുന്ന കാലത്തേ വിവരിച്ചു കൊടുത്ത  സീനാണു നജീബിന്റെ മീശ സൈനു കടിച്ചെടുക്കുന്നത്. പിന്നീടത് പാട്ട് സീനിൽ ഉൾപ്പെടുത്തി. 

അമല: ആടുജീവിതത്തിന്റെ ഹണിമൂൺ ഫെയ്സിലായിരു ന്നു എന്റെ ഷൂട്ട്. രസകരമായ ദിവസങ്ങള്‍. പിന്നീടാണു ചിത്രീകരണത്തിന്റെ ഗീയർ മാറിയത്. ഇന്ത്യ വിട്ടതോടെ ടീം പ്രതിസന്ധികൾ നേരിട്ടു തുടങ്ങി. ഞാൻ അതെല്ലാം കൃത്യമായി അറിയുന്നുണ്ടായിരുന്നു. സത്യത്തിൽ സൈനുവിന്റെ മാനസിക നിലയിലായി ഞാനും. ഷൂട്ട് കാണാൻ ജോർദാനിലേക്കു പോകാനിരുന്നതാണ്. സാധിച്ചില്ല.

ബ്ലെസി: നാലു വർഷം കൊണ്ടാണു സിനിമ പൂർത്തിയായത്. ഷൂട്ട് ഉണ്ടായിരുന്ന അത്രയും കാലം ലുക്ക് മാറ്റാതെ, സിനിമയ്ക്കൊപ്പം സഞ്ചരിച്ചയാളാണു പൃഥ്വിരാജ്. അക്കാലത്തു മിക്ക സിനിമകളിലും താടി വച്ചാണു പൃഥ്വി അഭിനയിച്ചത്. 

അമല: പൃഥ്വിയുെട അര്‍പ്പണബോധം‍, അതു നമ്മള്‍ കണ്ടു പഠിക്കണം. അദ്ദേഹത്തിന്റെ ഇൻട്രോ സീൻ എടുക്കുന്ന ദിവസമാണു ഞാൻ ആദ്യമായി ലൊക്കേഷനിൽ എത്തുന്നത്. മോണിറ്ററിലൂടെ നോക്കിയപ്പോൾ, ദൂരെ പാലത്തിന്റെ കൈവരിയിൽ പൃഥ്വി ഇരിക്കുന്നു. ടേക്ക് നമ്പർ ഏഴോ, എ ട്ടോ ആണ്. അതിന്റെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ചായയും പഴംപൊരിയുമൊക്കെ കഴിച്ചിരിക്കുന്നത്ര കൂളായുള്ള ഇരിപ്പ്. അധികമാർക്കും അറിയാത്തൊരു കാര്യം പറയാം. ബ്ലെസിയേട്ടനും ഗംഭീര നടനാണ്.  സൈനുവിന്റെ നാണ മൊക്കെ എത്ര മനോഹരമായാണെന്നോ അഭിനയിച്ചു കാണിച്ചത്... ഞാനും പൃഥ്വിയും അതിങ്ങനെ നോക്കി നിൽക്കും. അപ്പോൾ മനസ്സിലേക്കു പ്രണയമൊഴുകി വരും. 

വളരെ ഗൗരവത്തോടെ മാത്രം സംസാരിക്കുന്ന ഈ മനുഷ്യൻ ഉള്ളിന്റെയുള്ളിൽ ഇത്ര റൊമാന്റിക്കാണോ? ശരിക്കും അങ്ങനെ നമുക്കു തോന്നും.

ബ്ലെസി: ഈ സംശയം മുൻപ് പലർക്കും തോന്നിയിട്ടുണ്ട്. ഒരുപാടു പേർ എന്റെ ഭാര്യയോടിതു ചോദിക്കാറുമുണ്ട്. പ്രണയമില്ലെങ്കില്‍‌ ജീവിതത്തിന് എന്താണു സൗന്ദര്യം?

Tags:
  • Celebrity Interview
  • Movies