Tuesday 16 October 2018 04:04 PM IST

‘ഒരടി ഹീറോയുടെ കരണക്കുറ്റിക്ക് തന്നെ കൊണ്ടു’; ടൊവിനോയെ ‘തല്ലിയ’ സംയുക്ത ഇനി ഡിക്യൂവിനൊപ്പം

Nithin Joseph

Sub Editor

0

വനിത to സിനിമ

സിനിമയിലേക്കുള്ള എൻട്രി ‘വനിത’യിലൂടെയാണ്. വനിതയുടെ ഫാഷൻ പേജിൽ മോഡലായാണ് തുടക്കം. അതിലൂടെയാണ് ആളുകള്‍ എന്നെ അറിയുന്നത്. ‘പോപ്കോൺ’ എന്ന സിനിമയിലേക്കു തിരഞ്ഞെടുത്തത് ആ ഫോട്ടോകൾ കണ്ടിട്ടാണ്.

സിനിമയെന്ന സ്വപ്നം ഒരിക്കലും മനസ്സിൽ ഉണ്ടായിരുന്നില്ല. ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ എൻട്രൻസ് പാസ്സായി. എംബിബിഎസിന് ചേരാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് സിനിമയിൽ എത്തുന്നത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയം വേണ്ടെന്നു വച്ച് വീണ്ടും പഠനത്തിലേക്കു തിരിയാൻ തീരുമാനിച്ചു. ബിഎ ഇക്കണോമിക്സിന് ചേർന്നു. പക്ഷേ, അപ്പോഴാണ് പുതിയ അവസരങ്ങൾ വരുന്നത്. അതോടെ പഠനത്തിന് തൽക്കാലം ബ്രേക്കിട്ടു. അങ്ങനെ ഞാൻ പോലും അറിയാതെ സിനിമ എന്റെ വഴിയായി.

സന്തോഷം plus ആവേശം

നായികയായി രണ്ടു സിനിമകൾ ഒരേസമയം റിലീസാകുന്നതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോൾ, ‘ലില്ലി’യും ‘തീവണ്ടി’യും. അതിലേറെ സന്തോഷം തരുന്നത് രണ്ടു സിനിമ യിലും എനിക്ക് കിട്ടിയത് തികച്ചും വ്യത്യസ്തമായ വേഷങ്ങളാണെന്നതാണ്. ‘ലില്ലി’യിൽ എന്റെ കഥാപാത്രം പൂർണ ഗർഭിണിയാണ്. ആ അവസ്ഥയിൽ കുറേപ്പേർ ചേർന്ന് എന്നെ തട്ടിക്കൊണ്ടു പോകുന്നു. അതൊരു ത്രില്ലിങ് പടമാണ്. ‘തീവണ്ടി’യിൽ തനി നാട്ടിൻപുറത്തുകാരി പെൺകുട്ടി. ഒരു കഥാപാത്രത്തിൽനിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം പ്രയാസമായിരുന്നോ എന്നു പലരും ചോദിക്കാറുണ്ട്. അത് വലിയൊരു അനുഭവമായിരുന്നു. ‘ലില്ലി’യുടെ ഷൂട്ട് കഴിഞ്ഞിട്ടും ആ കഥാപാത്രം എന്റെയുള്ളിൽ തന്നെയുണ്ടായിരുന്നു. അതിൽനിന്ന് പുറത്ത് വരാൻ കൗൺസലിങ്ങിനൊക്കെ പോയി. ‘തീവണ്ടി’യിൽ വന്നപ്പോള്‍ വീണ്ടും ഹാപ്പി മൂഡിലെത്തി.

നായിക of ദുൽഖർ

ഇപ്പോൾ അഭിനയിക്കുന്നത് ദുൽഖർ സൽമാന്റെ ‘ഒരു യമണ്ടൻ പ്രേമകഥ’യിലാണ്. തീവ ണ്ടിയിലെ ‘ജീവാംശമായ്...’ എന്ന പാട്ട് കണ്ടിട്ടാണ് ഈ സിനിമയിലേക്ക് വിളിച്ചത്. ദുൽഖറിന്റെ നായികയാകാൻ അവസരം കിട്ടിയത് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മോഡലായതും പിന്നെ, സിനിമയിൽ എത്തിയതുമെല്ലാം ഇന്നും അദ്ഭുതമാണ്. ഞാൻ ഇടയ്ക്ക് കണ്ണാടിയിൽ നോക്കി എന്നോടു തന്നെ പറയാറുണ്ട്, ‘സംയുക്ത, നീ നടിയായി, നീ ദുൽഖറിന്റെ നായികയായി, നീ ടൊവീനോയുടെ നായികയായി’... എന്നൊക്കെ.

കുറച്ചു കാലം മുൻപു വരെ ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ പോലും താൽപര്യമില്ലാതെ മാറി നിന്നിരുന്ന ഞാൻ ഇന്ന് സിനിമാനടിയായിരിക്കുന്നു.

sam0485

ഓട്ടം at ഉൽസവം

തീവണ്ടിയുടെ ഷൂട്ട് പയ്യോളിയിലായിരുന്നു. ആ സമയത്ത് അവിടുത്തെ അമ്പലത്തിൽ ഉൽസവം നടക്കുന്നു. ഞങ്ങൾക്കെല്ലാവർക്കും ഉൽസവം കാണാൻ മോഹം തോന്നി. ഞാനും ടൊവീനോയും പിന്നെ, ക്രൂവിലുള്ള രണ്ടു പേരും ചേർന്ന് നേരെ ഉൽസവപ്പറമ്പിലേക്ക്. തൊപ്പിയൊക്കെ വച്ച് ചെറിയ ലുക് ചേഞ്ചോടെയാണ് ടൊവീനോ വന്നത്. എന്നിട്ടും ആളുകൾ തിരിച്ചറിഞ്ഞു. അൽപസമയത്തിനുള്ളിൽ നല്ലൊരു ആൾക്കൂട്ടം ചുറ്റും. തിരക്ക് വല്ലാതെ കൂടിയപ്പോൾ ചെറിയൊരു ടെൻഷൻ. പിന്നെയൊന്നും ആലോചിച്ചില്ല. തിരിഞ്ഞു നോക്കാതെ ഒറ്റയോട്ടം.

പുകവലി is ഹാനികരം

തീവണ്ടിയിൽ ടൊവീനോയുടെ കഥാപാത്രം സിഗരറ്റ് വലിക്കുമ്പോൾ ഞാൻ കരണക്കുറ്റിക്ക് തല്ലും. ഒരുപാട് തവണ തല്ലുന്ന സീനുകളുണ്ട്. അതിൽ പല തല്ലുകളും അബദ്ധത്തിൽ ടൊവീനോയുടെ മുഖത്ത് കൊണ്ടിട്ടുണ്ട്. നായകനെ തല്ലുന്ന നായിക എന്നാണ് എല്ലാവരും വിളിക്കുന്നത്. സിഗരറ്റ് വലിക്കുന്നതിന് ഞാൻ ടൊവീനോയെ വഴക്ക് പറയുന്ന ഡയലോഗ് വൈറലായി. അതിന്റെ ഡബ്സ്മാഷ് ഒരുപാടു പേർ ചെയ്തു വൈറലാക്കി.

പക്ഷേ, യഥാർഥ ജീവിതത്തിൽ സിഗരറ്റ് വലിച്ച ആരെയും ഇതുവരെ തല്ലിയിട്ടില്ല, വലിയ രീതിയില്‍ ഉപദേശിച്ചിട്ടുമില്ല. പുകവലി എനിക്കിഷ്ടമില്ലാത്ത കാര്യമാണ്. പക്ഷേ, അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളല്ലേ, അതിൽ നമ്മൾ ഇടപെടുന്നത് ശരിയല്ല. സ്വന്തം ആ രോഗ്യം നോക്കാൻ വേറെ ആരെങ്കിലും പറഞ്ഞു കൊടുക്കണോ...?

സംയുക്ത means റാണി

പാലക്കാട് ചിറ്റൂരാണ് വീട്. അച്ഛൻ ശ്രീനിവാസ്, അമ്മ ശ്രീദേവി. ഞാന്‍ ഒറ്റമോളാണ്. ഞാൻ ജനിക്കുന്നതിനു മുൻപ് തന്നെ എനിക്കു വേണ്ടി അമ്മ മൂന്ന് പേരുകൾ കണ്ടെത്തിയിരുന്നു, സംയുക്ത, സൗപർണിക, വൈശാലി. മൂന്നും ഉത്തരേന്ത്യയിലെ പഴയ റാണിമാരുടെ പേരാണ്.

യാത്രകളും സിനിമയും പുസ്തകങ്ങളുമാണ് എന്റെ ഇഷ്ടങ്ങൾ. സിനിമ ഒരുപാട് കാണാൻ പറഞ്ഞത് ലില്ലിയുടെ സംവിധായകൻ പ്രശോഭാണ്. ഇപ്പോൾ സിനിമ ഇഷ്ടപ്പെടാൻ ഭാഷയൊരു പ്രശ്നമേയല്ല. കൈയിൽ കിട്ടുന്ന സിനിമകളെല്ലാം കുത്തിയിരുന്ന് കാണും. അരുന്ധതി റോയ്‌യുടെ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ ഫേവറിറ്റാണ്. ആ പുസ്തകത്തിന്റെ പേരിനോട് ചേർത്ത് ഞാൻ ‘സംയുക്ത’ എന്ന് എഴുതി വച്ചിട്ടുണ്ട്. ജീവിതത്തിലെ വലിയ സ്വപ്നവും അതു തന്നെയാണ്, ‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാട്ടി’ ആകണം.