Thursday 11 January 2024 11:44 AM IST

‘വർഷങ്ങൾക്കിപ്പുറം ഞാൻ മമ്മൂക്കയുടെ തൊട്ടടുത്ത്, നിധിപോലൊരു നിമിഷമായിരുന്നു അത്’: ഫാലിമിയിലെ അഭി പറയുന്നു

Ammu Joas

Sub Editor

falimy

‘ഫാലിമി’യിലെ അഭിയായെത്തിയ സന്ദീപ് പ്രദീപിന്റെ വിശേഷങ്ങൾ

സ്കൂൾ നാളിലേ നടൻ

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് അഭിനയത്തിനൊപ്പമുള്ള നടത്തം. സ്കൂൾ സുഹൃത്തായ ആനന്ദിനു സംവിധാനമായിരുന്നു ഇഷ്ടം. എനിക്ക് അഭിനയവും. അങ്ങനെ ഞങ്ങൾ കൂട്ടുകാരെ ഒപ്പം കൂട്ടി ലൂമിയര്‍ ബ്രോസ് എന്ന ഗ്രൂപ്പുണ്ടാക്കി. ഷോർട്ട് ഫിലിമുകൾ ചെയ്തുതുടങ്ങി. ആ ആനന്ദാണ് ‘ഗൗതമന്റെ രഥ’ത്തിന്റെ സംവിധായകൻ ആനന്ദ് മേനോൻ.

ഇരുപതിലേറെ ഷോർട്ട് ഫിലിമിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ആനന്ദ് എഴുതി സംവിധാനം ചെയ്ത്, ഏഴു വർഷം മുൻപു യുടൂബിൽ വന്ന ശാന്തിമുഹൂർത്തം എന്ന ഷോർട്ട് ഫിലിമാണ് ‘ഫാലിമി’യിലേക്ക് എന്നെ എത്തിക്കുന്നത്.

ശാന്തിമുഹൂർത്തം കഴിഞ്ഞ്

പ്ലസ് ടുവിനുശേഷം ബെംഗളൂരുവിൽ വിഎഫ്എക്സ് പഠനത്തിനു ചേർന്ന സമയത്താണ് ‘ശാന്തിമുഹൂർത്ത’ത്തിൽ അഭിനയിക്കുന്നത്. ശാന്തിമുഹൂർത്തം കണ്ടിഷ്ടപ്പെട്ട നിതീഷേട്ടൻ (സംവിധായകൻ നിതീഷ് സഹദേവ്) എന്നെ ഫോണിൽ വിളിച്ചു, ഒട്ടും വൈകാതെ നേരിൽ കാണാനുമെത്തി. മറ്റൊരു സിനിമയായിരുന്നു അന്നു നിതീഷേട്ടന്റെ മനസ്സിൽ. ആ സിനിമ നടന്നില്ലെങ്കിലും ഞങ്ങളുടെ സൗഹൃദം തുടർന്നു. ഇന്നത് എന്റെ കരിയർ ബ്രേക് സിനിമയായ ഫാലിമിയിൽ എത്തിനിൽക്കുന്നു. പ്രേക്ഷകരുടെ ലൈക്കുകൾ ഏറെ നേടിത്തന്ന കല്യാണക്കച്ചേരി വെബ് സീരീസാണ് കരിയറിലെ മറ്റൊരു സ്വീറ്റ് ഹിറ്റ്.

ഇപ്പോൾ ആ മതിലിനിപ്പുറം

ഒരു സിനിമയ്ക്കു വേണ്ടിയേ ഒഡിഷനു പോയിട്ടുള്ളൂ, അതു പതിനെട്ടാംപടിയാണ്. മമ്മൂക്കയുടെ ഒപ്പം ആദ്യ സിനിമ ചെയ്യാനായി എന്നതു വൈക്കംകാരന്‍ കൂടിയായ എനിക്കു ബ്ലോക് ബസ്റ്റർ സന്തോഷം നൽകി.

എന്റെ കുട്ടിക്കാലത്തൊരിക്കൽ മമ്മൂക്ക വീടിനടുത്തു ഷൂട്ടിങ്ങിനു വന്നു. അന്നു ഞാൻ ഒരു മതിലിനപ്പുറം, ആൾക്കൂട്ടത്തിനിടയിൽ എത്തിവലിഞ്ഞു നിന്ന് മമ്മൂക്കയെ കണ്ടിട്ടുണ്ട്. പതിനെട്ടാംപടിയുടെ ഷൂട്ടിങ്ങിനിടെ ഞാനോർത്തു; വർഷങ്ങൾക്കിപ്പുറം ആ ഞാൻ മമ്മൂക്കയയുടെ തൊട്ടടുത്തു നിൽക്കുന്നു. ദൂരെ മതിലിനപ്പുറം നിന്നു കുറേപ്പേർ മമ്മൂക്കയെ നോക്കുന്നു. നിധി പോലൊരു നിമിഷമായിരുന്നു അത്.

പതിനെട്ടാംപടിക്കു ശേഷം അന്താക്ഷരി എന്ന സിനിമയിലും നല്ല വേഷം അഭിനയിക്കാനായി. ഒരു സിനിമ റിലീസാകാനുമുണ്ട്.

ഫാലിമിയിലെ ഫാമിലി

നാലു വർഷം മുൻപേ ഫാലിമിയുടെ പ്രീ പ്രൊഡക്ഷൻ തുടങ്ങിയിരുന്നു. അന്നു മുതൽ ഫാമിലി പോലെ ഞാനീ സിനിമയ്ക്കൊപ്പമുണ്ട്

ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്യുന്നത് എ ന്നെയാണ്. പിന്നീടു ബേസിലേട്ടൻ, ജഗദീഷേട്ടൻ, മ ഞ്ജുചേച്ചി... താരനിര നീണ്ടപ്പോൾ എന്റെ ടെൻഷനും കൂടി. എന്റെ മിസ്ടേക് കാരണം ടേക്കുകളുടെ എണ്ണം കൂടുതരുതെന്നു നിർബന്ധമുണ്ടായിരുന്നു. ‘ഡയലോഗ് കാണാപാഠം പഠിച്ചുപറയേണ്ട, സാഹചര്യം മനസ്സിലാക്കി അഭിനയിച്ചാൽ മതി’യെന്നു പറഞ്ഞ് നിതീഷേട്ടൻ തന്ന ആത്മവിശ്വാസം അതിനു സഹായിക്കുകയും ചെയ്തു.

ജഗദീഷേട്ടന്റെ വഴി

വാരാണസിയിൽ ഷൂട്ടിങ് നടക്കുന്നതിനിടയിൽ ഒരു ദിവസം ജഗദീഷേട്ടനോടു ഞാൻ ചോദിച്ചു. ‘ഇത്ര വർഷത്തെ എക്സ്പീരിയൻസിൽ നിന്ന് എനിക്കു നൽകാനുള്ള ഉപദേശം എന്താണ്?’

ഒരു നിമിഷം എന്നെ നോക്കിയിരുന്ന ശേഷം പറഞ്ഞു ‘നിന്റെ വഴി നീ തന്നെ കണ്ടെത്തും.’ എന്റെ ക ണ്ണുകളിലെ ആശയക്കുഴപ്പം കണ്ടാകാം ജഗദീഷേട്ടൻ തുടർന്നു, ‘നീ ചോദിച്ച ഈ ചോദ്യം പണ്ടു ഞാൻ ശ്രീനിവാസനോടു ചോദിച്ചപ്പോൾ ശ്രീനി എനിക്കു തന്ന ഉത്തരമാണിത്. അന്നെനിക്കും ഒന്നും മനസ്സിലായില്ല. പക്ഷേ, വഴിയേ ആ വഴി ഞാൻ കണ്ടെത്തി.’ ആ വാക്കുകൾ പൊന്നാകട്ടെ.

ഫാമിലി ഹിറ്റ്

അ‍ഞ്ചു വർഷമായി എറണാകുളത്താണു താമസം. അ ച്ഛൻ പ്രദീപ് ദുബായിൽ സെയിൽസ് മേഖലയിലാണ്. അമ്മ സന്ധ്യയും അനിയത്തി സഞ്ജനയും എനിക്കൊപ്പമുണ്ട്.
സിനിമാനടനാകണം എന്നു മാത്രമായിരുന്നു എന്നുമെന്റെ ആഗ്രഹം. ഇതു നന്നായി അറിയാവുന്ന അച്ഛനെയും അമ്മയെയും ഫാലിമിയുടെ വിജയം കാണിക്കാനായി എന്നതു സന്തോഷവും അഭിമാനവുമാണ്. ‘ഇവൻ സിനിമയിൽ രക്ഷപെട്ടോളും’ എന്നൊരു വിശ്വാസം അവർക്കു വന്നിട്ടുണ്ട്. ബാക്കി എല്ലാം പ്രേക്ഷകരുടെ കയ്യിലാണ്, മിന്നിച്ചേക്കണേ...
അമ്മു ജൊവാസ്
ഫോട്ടോ: ജിജിൻ റെജി