Saturday 27 January 2018 04:32 PM IST

ഞാൻ കാത്തിരിക്കുന്ന മൂന്നാം സർപ്രൈസ്; ഐശ്വര്യ പറയുന്നു

Unni Balachandran

Sub Editor

12 ഫോട്ടോ: സരിൻ രാംദാസ്

സെറ്റിൽ ബ്രേക്ടൈമാണ്. എല്ലാവരും സ്മാർട് ഫോണുമായി അവരവരുടെ ലോകത്ത്. പ ക്ഷേ, ഐശ്യര്യ മാത്രം പുസ്തകങ്ങളുമായി മാറിയിരിപ്പാണ്. ഒാരോ പേജും വളരെ ശ്രദ്ധയോടെ വായിക്കുന്നു, മറിക്കുന്നു. കാര്യമെന്താണെന്ന് അന്വേഷിക്കാൻ ചെന്നാൽ പുസ്തകവും മറച്ചുപിടിച്ചൊരോട്ടമാണ്. ഓട്ടത്തിനിടയിൽ തിരിഞ്ഞു നോക്കി കളിയാക്കലും  കൊഞ്ഞനം കുത്തലുമൊക്കെയുണ്ട്. അപ്പോൾ അതാ കാല്‍തെറ്റിയൊരു രസികൻ വീഴ്ച. സെറ്റിൽ കൂട്ട ചിരി. അതിലും ചമ്മലും ചിരിയും നിറഞ്ഞ മുഖവുമായി വീഴ്ചക്കാരിയും.
െഎശ്വര്യ വീണാൽ എല്ലാവർക്കും ഇത്ര സന്തോഷമെന്താണെന്നാണോ?. ‘ഭാര്യ’ സീരിയലിലെ പൊലീസ് ഉദ്യോഗസ്ഥ  സെറ്റിലെ സ്ഥിരം വീഴ്ചക്കാരിയാണത്രേ. വീഴ്ചയുടെ കഥകൾ തുടർക്കഥയായപ്പോൾ ‘നിറം’ സിനിമയിലെ വീഴ്ചക്കാരിയായ ജോമോള്‍ കഥാപാത്രത്തിന്റെ ഇരട്ടപ്പേരും വീണു ‘വേൾഡ് ബാങ്കെന്ന്’. കളിയാക്കലും തമാശകളുമൊക്കെയുണ്ടെങ്കിലും സെറ്റിലെല്ലാവരുടേയും ‘പെറ്റ്’ ആണ് ഐശ്യര്യ.


അഭിനയം പണ്ടു മുതലേ ക്രേസായിരുന്നോ?


കണ്ണൂരിലെ കണ്ണാടിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠിച്ചത്. അച്ഛൻ ചന്ദ്രശേഖരൻ, അമ്മ ജയ, ചേട്ടൻ അമർനാഥ്. ഡാൻസിലും കഥാപ്രസംഗങ്ങത്തിലുമൊക്കെ താൽപര്യം കാണിക്കാൻ തുടങ്ങിയപ്പോൾ ഒരു ദിവസം അമ്മ പറഞ്ഞു,  ‘നിനക്ക് മോണോ ആക്ട് ചെയ്തുകൂടേ’യെന്ന്. ആ ദ്യം ചെയ്തപ്പോ ഫ്ലോപ് ആയെങ്കിലും പിന്നെ, പതിയെ ശരിയാക്കി വന്നു. മോണോ ആക്ട് സ്‌റ്റേറ്റ് ലെവൽ ഫസ്റ്റ് റണ്ണർ അപ്പ് ആയിട്ടുണ്ട്. 2012ൽ നാഷനൽ ഡ്രാമ ഫെസ്റ്റിൽ ബെസ്റ്റ് ആക്ട്രസ്സുമായി. ജാതകപ്രകാരം വിവാഹം നേരത്തെ നടക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് 20ാം വയസ്സിൽ കല്യാണം കഴിഞ്ഞ് മുംബൈയിൽ എത്തിയത്. ഭർത്താവ് മിഥുൻ കണ്ണൻ പാതി മലയാളിയാണ്. ഇപ്പോൾ സോണി  മ്യൂസിക്കിന്റെ ഡിജിറ്റൽ ഹെഡ്.

15 ഫോട്ടോ: സരിൻ രാംദാസ്




കല്യാണത്തിന് ശേഷമായിരുന്നോ സീരിയലിലേക്കുള്ള വരവ്?

ഞാൻ പണ്ട് അഭിനയിച്ചൊരു മ്യൂസിക് ആൽബം മിഥുന്റെ വീട്ടിൽ വച്ച് എല്ലാവരും കൂടി കണ്ടു. എന്റെ കസിൻസും ബന്ധുക്കളുമൊക്കെ കൂടി  ചെയ്ത ‘മണിദീപം’ എന്നൊരു  ഭക്തിഗാന ആൽബമായിരുന്നത്. അതു കണ്ടപ്പോൾ അവിടുത്തെ ബന്ധുക്കൾ പറഞ്ഞു, അഭിനയിക്കാൻ ഇഷട്മുണ്ടെങ്കിൽ കൂടുതൽ ശ്രമിക്കൂ എന്ന്. ഈ സമയത്താണ് സെവൻ ആർട്സ് മോഹൻ വഴി ‘ഭാര്യ’ സീരിയലിലേക്കുള്ള  ഓഫർ വന്നത്. എന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ട് സ്ക്രീൻ ടെസ്റ്റ് ഒന്നും ഇല്ലായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അഭിനയിച്ചു തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ ടെലികാസ്റ്റും ചെയ്തു.

സെറ്റിനെ മുഴുവൻ ചിരിപ്പിക്കുക എന്നതിപ്പോ എന്റെ ഡ്യൂട്ടി പോലെയാ. ഞാൻ വെറുതെ ഇരുന്നാൽ ആരെങ്കിലുമൊക്കെ അടുത്തു വന്നിട്ട് സംസാരിക്കും, എന്നോട് വിശേഷം ചോദിക്കാനൊന്നുമല്ല, കണ്ണൂർ ഭാഷയും മുംബൈയുടെ ഹിന്ദിയും ചേർത്ത് പറയുന്ന ‘സങ്കരഭാഷ’ കേട്ട് ചിരിക്കാനാ. ‘ഭാര്യ’ സീരിയലിന്റെ സെറ്റിൽ വച്ച് സാജൻ സൂര്യ ചേട്ടൻ എന്നെ കൊല്ലാൻ വരുന്ന സീൻ. ഓടുന്നതിനിടയിൽ ഞാൻ വീഴും. സീൻ കട്ടാകും, ഒരു പ്രാവശ്യമൊന്നുമല്ല, പലവട്ടം.  അവസാനം രാവിലെ തുടങ്ങിയ ഷൂട്ടിങ് എന്റെ വീഴ്ച ശരിയാകാത്തതുകൊണ്ട് ലഞ്ച് ബ്രേക് വരെ നീണ്ടു. അന്നു മുതൽ എല്ലാരും കൂടി ‘വേൾഡ് ബാങ്കെ’ന്നു വിളി തുടങ്ങിയതാ, ഇതുവരെ നിർത്തിയിട്ടില്ല.

ജീവിതത്തിൽ ആദ്യമായി ഞാൻ ബൈക്കിന് പിന്നിൽ കയറിയത് സാജൻ സൂര്യ ചേട്ടന്റെ ഒപ്പമാണ്. ഇതുവരെ ബൈക്കിൽ കേറാത്തതുകൊണ്ട് എനിക്ക് വല്ലാതെ പേടിയായിരുന്നു. പക്ഷേ, സീനിൽ ആ ഭാഗം ഒഴിവാക്കാനും പറ്റില്ല. പേടിയാണെന്നൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും ഡയറക്ടർ നിർബന്ധം പറഞ്ഞു. ഔട്ട്ഡോർ ഷൂട്ടായതുകൊണ്ട് കാണാൻ വന്നിരുന്ന ആളുകളും കളിയാക്കി തുടങ്ങി. അവസാനം എന്തും വരട്ടെ എന്നും കരുതി കണ്ണുമടച്ച് കയറി. ഭാഗ്യത്തിന് ആ ഷോട്ട് ഓക്കെയായി.


നായികയായപ്പോൾ ഭക്ഷണം കുറച്ച് മെലിയാനൊന്നും ശ്രമിച്ചില്ലേ?

ഏയ്.. നടിയായതുകൊണ്ട് എനിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. എപ്പോഴും ചിരിച്ചും  ഉറക്കെ സംസാരിച്ചുമൊക്കെയാണ് പണ്ടേ ഞാൻ നടക്കാറുള്ളത്. ദേഷ്യപ്പെട്ടാൽ പോലും തമാശയാകുമോയെന്ന്   പേടിച്ച് അവിടേയും ചിരിക്കുന്നയാളാണ് ഞാൻ.  
പിന്നെ, മിഥുനേട്ടനും മുംബൈയും കഴിഞ്ഞാൽ ഭക്ഷണമാണ് എനിക്കെല്ലാം. പണ്ടു തൊട്ടേ ബിരിയാണിയുംകേക്കുമൊക്കെ  ഇഷ്ടമായതുകൊണ്ട് അതൊക്കെ ഉണ്ടാക്കാനും ഞാൻ ചെറുപ്പത്തിലേ പഠിച്ചിരുന്നു. എന്റെ കൊതികണ്ടിട്ട്  മിഥുനേട്ടൻ  ഒരു പിറന്നാളിന് മൈക്രോവേവ് അവ്നും കേക്ക് ബീറ്ററും ഗിഫ്റ്റ് ചെയ്തിരുന്നു. നാട്ടിലായിരുന്നപ്പോൾ മീൻകറിയും പുട്ടും ചെറുപയറും പായസവുമൊക്കെയായിരുന്നു പ്രിയപ്പെട്ടത്. മുംൈബയിലെത്തിയപ്പോൾ സ്ട്രീറ്റ് ഭക്ഷണങ്ങളോ ടായി  ഇഷ്ടം. മിഥുനേട്ടനുമായി വൈകിട്ടിറങ്ങിയാൽ പാനി പൂരിയും കാലാ ഖട്ടയുമൊക്കെ കഴിച്ച് പോക്കറ്റ് കാലിയാക്കിയിട്ടേ പോകാറുള്ളൂ.
റസ്റ്ററന്റുകളിൽ ഗ്ലോബൽ ഫ്യൂഷൻ, ബാർബിക്യൂ നേഷ ൻ, സോൾകരിയുമൊക്കെയാണ് എന്റെ ഫേവറിറ്റ്. ഒരു ബ്രേക് കിട്ടി മുംൈബയിലെത്തിയാൽ ഈ റസ്റ്ററന്റുകളില്‍ ചെന്ന് ഹാജർ വയ്ക്കാതെ എനിക്കൊരു സമാധാനമില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതെ പിന്നെയെന്ത് സന്തോഷം.


സിനിമയിൽനിന്ന് ഓഫറുകൾ വന്നില്ലേ ?


മുംബൈ യൂണിവേഴ്സിറ്റിയിൽ സൈക്കോളജി ഡിഗ്രി ചെയ്യുകയാണ്. അതുകൊണ്ട് മിക്കപ്പോഴും ഷൂട്ടിന് എത്തുമ്പോൾ പുസ്തകങ്ങളും കൈയിലെടുത്താണ് വരാറുള്ളത്. മാത്രമല്ല ഒന്നാം തീയതി മുതൽ 15ാം തീയതി  വരെ ‘ഭാര്യ’യിലും 16ാം തീയതി  മുതൽ  30ാം തീയതി വരെ ‘മാമാങ്ക’ത്തിലുമാണ്  ഇപ്പോൾ അഭിനയിക്കുന്നത്. അതോടെ എന്റെ ഒരു മാസം തീരും. അതുകൊണ്ട് സിനിമയിലേക്ക് ഇപ്പോൾ ഇല്ല. പക്ഷേ, സിനിമ  ഇഷ്ടമാണ്, ചെയ്യാനും താൽപര്യമുണ്ട്.
       പിന്നെ, നമ്മുടെ സീരിയലുകളും ഇപ്പോൾ മാറി തുടങ്ങിയിട്ടുണ്ട്. സിനിമയിൽ ചെയ്യുന്നതുപോലെ കുറച്ചുകൂടി റിയലിസ്റ്റിക്കായി അഭിനയിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ സംവിധായകർ തരാറുണ്ട്. ഇങ്ങനെതന്നെ ഡയലോഗ് പറയണം, ഇതുപോലെ തന്നെ ചെയ്യണം എന്നിങ്ങനെയുള്ള നിർബന്ധങ്ങൾ മാറിത്തുടങ്ങി. ഹിന്ദി സീരിയലുകൾ ഡബ്ബ് ചെയ്ത് ചാനലിലൂടെ കാണിക്കാൻ തുടങ്ങിയതോടെ നമ്മളും കൂടതൽ ഔട്ട് ഡോർ ഷൂട്ടുകൾ ചെയ്യാറുണ്ട്. കുറച്ചു കൂടി ഫ്രെഷ് ആയാണ് ഇപ്പോൾ സീരിയലുകൾ ജനങ്ങൾക്ക് മുന്നിൽ എത്തുന്നത്.

13 ഫോട്ടോ: സരിൻ രാംദാസ്




ശരിയായി മലയാളം പറയാത്ത ആൾ  എങ്ങനെയാണ് സ്വന്തമായി ‍ഡബ്ബ് ചെയ്യുന്നത് ?


‘ഭാര്യ’യിൽ  മോചിതയെന്നൊരു പൊലീസ് ഓഫിസറിന്റെ  റോളാണ്. അവിടെ കുറച്ച് സ്ട്രോങ് വോയിസ് വേണമല്ലോ. അതുകൊണ്ട്  മറ്റൊരാളാണ് ശബ്ദം നൽകുന്നത്. പക്ഷേ, ‘മാമാങ്കം’ സീരിയലിൽ പാവം കുട്ടി കഥാപാത്രവും, ആർച്ച. സംസാരത്തിൽ വ്യത്യസ്തത വേണമെന്ന് ഡയറക്ടർ പറഞ്ഞു. അതുകൊണ്ട് എന്റെ ശബ്ദം ഉപയോഗിക്കുന്നുണ്ട്.  ഇടയ്ക്ക് കണ്ണൂരിന്റെ ‘പോയിനി’ ‘വന്നിനി’ എന്നൊക്കെ പറയുമ്പോ അവർ ചെവിക്ക് പിടിക്കും. ചിലർ പറയും, വാക്കുകൾക്ക് ഇടയ്ക്ക് ഹിന്ദി ചുവയും വന്നിട്ടുണ്ടെന്ന്.


കണ്ണൂരിൽ നിന്ന് മുംബൈ, തിരുവനന്തപുരം... എവിടെയും അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ്?

ചെറുപ്പത്തിൽ അമ്മയോട് പറയുമായിരുന്നു എന്നെ മുംബൈയിലേക്കോ മറ്റോ കെട്ടിച്ച് അയച്ചാ മതി, എനിക്കവിടെയൊക്കെ കറങ്ങി കാണാനുള്ളതാണെന്ന്. പക്ഷേ, ഇത്ര കൃത്യമായി മുംബൈയിൽ നിന്നൊരാൾ വരുമെന്ന് ഞാൻ വിചാരിച്ചില്ല. ‘മീടൂസി’ എന്നാണ് ഞാൻ മിഥുനേട്ടനെ വിളിക്കുന്നത്. വീട്ടിലൊക്കെ എല്ലാവരും ‘മീട്ടു’ എന്ന് വിളിച്ചപ്പോ എനിക്ക് ചുരുക്കാൻ പേരിലൊന്നും ബാക്കിയില്ലാതായി. അതുകൊണ്ടാണ് വിളിപ്പേര് മീടൂസി എന്നാക്കിയത്.   മടിപിടിച്ചിരുന്ന  എന്നെ മീടൂസിയാണ് സപ്പോർട് ചെയ്തത്. ചെറുപ്പം തൊട്ട് ഏത് പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചാലും ആച്ഛനും അമ്മയും സമ്മതിക്കുമായിരുന്നു, കല്യാണം കഴിഞ്ഞപ്പോൾ അവർക്ക് പകരം മീടുസീ വന്നു. അതുകൊണ്ടാണ് ഞാനിത്ര ഹാപ്പിയായി പറന്നു നടക്കുന്നത്.


ഒരുമിച്ചുള്ള യാത്രകൾ‌ മിസ്സാകില്ലേ ?


മുംബൈയിൽ മിഥുനേട്ടന്റെ കൂടെ പോകുന്ന ഏറ്റവും രസമുള്ള യാത്ര ഷോപ്പിങ്ങാണ്. പാർക്കിങ് പ്രശ്നം കാരണം  ട്രയിനിലാണ് ബാന്ദ്രയിലും മസ്ജിദ് ബൻദറിലുമാണ് ഷോപ്പിങ്ങിന് പോകുക. രാവിലെ എട്ടു മണിക്കിറങ്ങിയാൽ രാത്രിഭക്ഷണവും കഴിഞ്ഞേ വീട്ടിൽ കയറാറുള്ളൂ.
  സർപ്രൈസ് യാത്രകളുടെ ഉസ്താദാണ്  മിഥുനേട്ടൻ. ആദ്യത്തെ വെഡ്ഡിങ്  ആനിവേഴ്സറി ആഘോഷിക്കാൻ കശ്മീരിലാണ് പോയത്. പഠിക്കുമ്പോൾ മുതൽ കശ്മീരെന്ന് കേൾക്കുമ്പോൾ മഞ്ഞൊക്കെ മൂടി കിടക്കുന്ന സ്ഥലവും റോജയിലെ പാട്ടുമൊക്കെ മനസ്സിൽ വരുമല്ലോ.
       ഗുൽമാർഗിൽ  പോകാനായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. പക്ഷേ, ഗൈഡിനോട്  സംസാരിച്ചപ്പോഴാണ്   ഗുൽമാർഗലേക്ക്  ഹോഴ്സ് റൈഡ് ചെയ്തുമാത്രമേ  എത്താൻ  പറ്റൂ എന്നറിയുന്നത്. എനിക്കാകെ പേടിയായി. പക്ഷേ, മിഥുനേട്ടന്‍ നിർബന്ധം പിടിച്ചപ്പോൾ  അവസാനം ഞാന്‍ സമ്മതിച്ചു.
       അവിടെ റൈഡിന് രണ്ടു കുതിരയുടെ കൂടെ ഒരു ഗാർഡ് എന്നാണ്. എന്റെ  പേടി കണ്ടിട്ട് രണ്ടാളുകളെയാണ് ഒപ്പം വിട്ടത്. മുഴുവൻ മഞ്ഞ് വിരിഞ്ഞു നിൽക്കുന്ന മലയിലൂടെ കുതിരയുമായി അങ്ങനെ നീങ്ങിത്തുടങ്ങി. ഞാൻ പേടിയൊക്കെ മറന്നു പതുക്കെ കാഴ്ചകൾ ആസ്വദിക്കുകയാണ്. ഇടയ്ക്ക് ചെളിയടിഞ്ഞ് കുഴഞ്ഞു കിടന്ന ഒരു ഭാഗമുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ മിഥുനേട്ടന്റെ  കുതിര പിറകോട്ട് ചാടി.  ചെളി യിലേക്ക്  മിഥുനേട്ടൻ വീണതു കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്. തൊട്ടു പിന്നാലെ എന്റെ കുതിരയും ചാടി. ദേഹമാസകലം ചെളി പുരണ്ട്  കഷ്ടപ്പെട്ട് ഗുൽമാർഗിലെത്തിയപ്പോൾ മനസ്സിലായി, ഇവിടം മിസ്സ് ആക്കിയാൽ വലിയ നഷ്ടമായിപ്പോയേനേയെന്ന്. അത്ര മനോഹരമായ സ്ഥലമാണ് ഗു ൽമാർഗ്.
രണ്ടാം വിവാഹ വാർഷികം ജയ്പൂരിൽ. പാവകളിയും ക ണ്ട് നിറങ്ങളിൽ മുങ്ങിയ ജയ്പൂരിലെ തെരുവുകളിലെ ഭക്ഷണം കഴിച്ച് കൈ നിറയെ ഷോപ്പിങ് ചെയ്ത്...ആദ്യത്തെ രണ്ടു യാത്രയും  ഒരുപാട്  ആഘോഷിച്ചതുകൊണ്ട് മൂന്നാം ആനിവേഴ്സറിക്കായി ഞാൻ കൊതിയോടെ കാത്തിരുന്നു. പക്ഷേ, ആ ദിവസം ഞാൻ  സീരിയൽ തിരക്കിലും മിഥുനേട്ടൻമുംബൈയിലുമായി കടന്നുപോയി. ഇപ്പോൾ ഇവിടുന്ന് ബ്രേക് കിട്ടാൻ നോക്കിയിരിക്കുകയാണ്. മൂന്നാം സർപ്രൈസിലേക്ക് ടിക്കറ്റുമെടുത്ത് പറക്കാൻ.