Wednesday 31 July 2019 03:17 PM IST

'മീനില്ലാതെ ചോറ് കഴിക്കാത്ത നായികേ, ഈ പാത്രത്തിൽ ചോറ് മാത്രേ ഉള്ളൂ'; വീട്ടുവിശേഷങ്ങളുമായി ഷഫ്നയും ഗിരീഷും!

Unni Balachandran

Sub Editor

serial000876bj4 ഫോട്ടോ : ബേസിൽ പൗലോ

‘പുലി വരുന്നേ’യെന്നു പറഞ്ഞു നിലവിളിച്ച് ആളുകളെ പറ്റിക്കുന്നവരെപ്പറ്റി ഒരു പഴയ കഥ കേട്ടിട്ടുണ്ടോ? അതിന്റെ ഏറ്റവും പുതിയ വേർഷൻ കാണാൻ മഴവിൽ മനോരമയിലെ ‘ഭാഗ്യജാതകം’ സീരിയൽ ഷൂട്ടിനിടയിലെ ലഞ്ച് ടൈം വിസിറ്റ് ചെയ്താൽ മതി. കഥയുണ്ടാക്കുന്നതും അഭിനയിക്കുന്നതും സീരിയലിലെ നായികാനായകന്മാർ ഇന്ദുലേഖയും അരുണും ചേർന്ന്. 

ഫുൾടൈം  ചിരിച്ചിരിക്കുന്ന നായിക ഷഫ്നയും നായകൻ ഗിരീഷും തമ്മിൽ ഉച്ചനേരമായാൽ തുടങ്ങും അടിയും വഴക്കും. ബഹളം കേട്ട് ആളുകളോടി  വന്നാലോ, ‘പുലി വരുന്നേ’യെന്നു പറഞ്ഞു പറ്റിക്കും പോലെ രണ്ടാളും ചിരിതന്നെ ചിരി. ഇപ്പോഴും ഒരു പുത്തൻ വഴക്കിലാണ് ഇരുവരും. എല്ലാ തവണയും പറഞ്ഞ് പറ്റിക്കുന്ന പുലി ഈ തവണയെങ്കിലും ഈ വഴി വരുമോ ആവോ...

ഗിരീഷ് : നിന്റെ ക്യാരക്ടർ ശരിയല്ല.

ഷഫ്ന : എന്നാൽ നിന്റെ ക്യാരക്ടർ അതിലും മോശമാ.

ഗിരീഷ് : എന്റെ ക്യാരക്ടറിന് എന്തായിപ്പോ പ്രശ്നം?

ഷഫ്ന : എന്റെ ക്യാരക്ടർ മോശമാണെന്നു പറഞ്ഞാൽ പിന്നെ, ഞാൻ വെറുതേ ഇരിക്കുമെന്നു വിചാരിച്ചോ?

ഗിരീഷ് : ഞാൻ സീരിയലിലെ നിന്റെ ക്യാരകട്ർ ഇന്ദുലേഖയെ കുറിച്ചാ പറഞ്ഞത്.

ഷഫ്ന : ഛേ, ഞാൻ വിചാരിച്ചു ഇന്നലെ ഒരു എക്സ്ട്രാ മീൻ കഴിച്ചതിന്റെ പേരിൽ നീ പുതിയ എന്തേലും പ്രശ്നമുണ്ടാക്കാൻ വന്നതാണെന്ന്.

ഗിരീഷ് : അതിനൊക്കെ എന്ത് പ്രശ്നമുണ്ടാക്കാൻ? നിനക്കിവിടെ എപ്പോഴും വലിയ ഡിമാൻഡല്ലേ... വലിയ സിനിമാ നടിയല്ലേ. ഞാൻ വെറും സാധാരണക്കാരൻ.

ഷഫ്ന : നീ സാധാരണക്കാരനായത് നന്നായി. അന്നത്തെ സഞ്ജയ് ദത്ത് സിനിമയെങ്ങാനും കിട്ടിയിരുന്നെങ്കിൽ!!! എന്തൊക്കെ കാണേണ്ടി വന്നേനെ...

ഗിരീഷ് : അതിവിടെ പറയേണ്ട ആവശ്യമെന്താ?

ഷഫ്ന : സത്യത്തിൽ എന്തിനാ നിന്നെ അവർ പുറത്താക്കിയത്?

ഗിരീഷ് : അതെനിക്കിപ്പോഴും അറിയില്ല. സഞ്ജയ് ദത്തിന്റെ ‘വാസ്തവ്’ എന്ന ഹിന്ദി സിനിമയിലേക്കുള്ള റോളായിരുന്നു. അവസാന റൗണ്ട് വരെ പോയതാണ്, സെലക്‌ഷനും കിട്ടി. പക്ഷേ, ആ പ്രോജക്ട് നടന്നില്ല.

ഷഫ്ന : നടന്നിരുന്നെങ്കിൽ എന്തായേനെ ?

ഗിരീഷ് : എന്താകാൻ? എനിക്കും നല്ല ഫൈവ് സ്‌റ്റാ ർ പരിഗണന പോകുന്നിടത്തെല്ലാം കിട്ടിയേനെ...

ഷഫ്ന : എനിക്കിവിടെ എന്ത് ഫൈവ് സ്‌റ്റാർ കിട്ടുന്നെന്നാ പറയുന്നത്? എന്റെ കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള മനസ്സുപോലും കാണിക്കുന്നില്ല. എന്നിട്ടാണ് എന്നെ വില്ലത്തിയാക്കുന്നത്.

ഗിരീഷ് : ഷൂട്ടിന് നീയില്ലെന്നു വിചാരിച്ചിട്ടല്ലേ അങ്ങനെ ചെയ്തത്?

ഷഫ്ന : ഞാനില്ലെന്നു വിചാരിച്ചപ്പോ എന്തെളുപ്പമായി. ഒന്ന് വിളിച്ചു നോക്കാമായിരുന്നല്ലോ...

ഗിരീഷ് : അത്... റെയ്ഞ്ചില്ലായിരുന്നു

serial000876bj

ഷഫ്ന : റെയ്ഞ്ചല്ലടാ മനുഷ്യത്വമാണ് വേണ്ടത്. വെറുതെയല്ല റിയാലിറ്റി ഷോയിൽ അവസരം കിട്ടിയിട്ടും നിനക്കൊന്നും പെർഫോം ചെയ്യാൻ പറ്റാഞ്ഞത്...

ഗിരീഷ് :  അത് പറയരുത്. എനിക്ക് അഭിനയിക്കാൻ അറിയാമോ എന്നു ടെസ്റ്റ് ചെയ്യാനാണ് ഞാൻ ആ റിയാലിറ്റി ഷോയിൽ പോയത്. മൂന്നാമത്തെ റൗണ്ട് ആയപ്പോഴേക്കും എന്റെ ജോലിസ്ഥലത്ത് ലീവിന്റെ പ്രശ്നം കൊണ്ട് റിയൽ ലൈഫിലേക്കു പോയത്. പിന്നീട് ജോലിയുപേക്ഷിച്ചെങ്കിലും.

ഷഫ്ന : അതെന്താ?

ഗിരീഷ് : സിനിമയോടുള്ള ഇഷ്ടംകൊണ്ട് മുംബൈയിലെ ജോലി വിട്ട് കേരളത്തിലേക്കു വരികയായിരുന്നു. എന്നിട്ട് ബിസിനസ് തുടങ്ങി.

ഷഫ്ന : നീയോ? ബിസിനസ്സോ?

ഗിരീഷ് : അതെ, സിനിമാ നടനാകാൻ തീരുമാനിച്ചപ്പോഴേക്കും ഒരു കൈത്താങ്ങിന് എന്തെങ്കിലും ബിസിനസ് വേണമെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ രണ്ട് വ്യത്യസ്ത ബിസിനസ് ഞാൻ ചെയ്തു.

ഷഫ്ന : എന്തായിരുന്നത്?

ഗിരീഷ് :ഒരെണ്ണം സോപ്പും മറ്റേത് ഫോണും. കണ്ണൂർ, കാസർകോട്, വയനാട് എന്നീ മൂന്നു ജില്ലയിലേക്കും സോപ്പ് സപ്ലൈ ചെയ്യണം. സെയിൽ കുറഞ്ഞപ്പോ അവസാനം വണ്ടിക്കു കൊടുക്കാൻ പോലും  കാശില്ലാത്ത അവസ്ഥയിലെത്തി. അങ്ങനെ ലോണെടുത്ത് ട്രക് വാങ്ങി. ഓടിക്കാൻ ഡ്രൈവറെ കിട്ടാത്തതുകൊണ്ട് ഞാൻ തന്നെ ട്രക്ക് ഡ്രൈവറായി. ഇതൊക്കെ ചെയ്തിട്ടും പൊട്ടാനിരുന്ന സോപ്പ് ബിസിനസ് പൊട്ടുകതന്നെ ചെയ്തു. ഫോൺ ബിസിനസും ഇങ്ങനെ തന്നെയായിരുന്നു പെട്ടെന്ന് റിസൽറ്റ് കിട്ടി.

ഷഫ്ന : അപ്പോ നിനക്ക് രണ്ട് കാര്യം മനസ്സിലായില്ലേ?

ഗിരീഷ് : എന്ത്?

ഷഫ്ന : നിനക്ക് അഭിനയിക്കാൻ മാത്രമല്ല ബിസിനസ് ചെയ്യാനും അറിയില്ലെന്ന്.

ഗിരീഷ് : ഇതൊന്നുമല്ലാതെ മൂന്നാമതൊരു കാര്യം എനിക്കറിയാം. പണ്ട് ഞാൻ കുട്ടികളുടെ മാസികയിൽ കഥകളെഴുതുമായിരുന്നു.

ഷഫ്ന : ഇത്രയും പ്രായമുള്ള നീയോ?

ഗിരീഷ് : എന്റെ കുട്ടികാലത്തെ കാര്യമാ പറയുന്നെ. മാസിക അച്ചടിച്ചു വരുമ്പോ ൾ എന്റെ  പേര് അതിൽ കാ ണും. കഥയെഴുതിയതിനുള്ള സമ്മാനം മണി ഓർഡറായാണു തരിക. മുംബൈയിലെ ഞങ്ങളുടെ ഫ്ലാറ്റിൽ മണിയോർഡർ കിട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനായിരുന്നു. അത് വാങ്ങി ഒപ്പിടാൻ അറിയാത്ത പ്രായത്തിൽ ഒപ്പൊക്കെ ഇട്ടു കൊടുത്തിരുന്നത് കിടിലൻ ഓർമയാണ്.

ഷഫ്ന :  ഈ കഥയെനിക്ക്  ഇഷ്ടായി. നല്ല  വർത്താനമൊക്കെ ഈ വായിൽ നിന്നു വരുമെന്ന് ഇപ്പോൾ മനസ്സിലായി.

ഗിരീഷ് : എന്നാണ് നിങ്ങളെ കുറിച്ചൊരു നല്ല വാക്ക് പറയാൻ എനിക്ക് അവസരം തരുന്നത്...

ഷഫ്ന : ദേ , ഇപ്പോൾ തന്നെ തരാല്ലോ.

ഗിരീഷ് : ശോകമാണോ അഡ്വഞ്ചറാണോ?

ഷഫ്ന : അഡ്വഞ്ചറാണ്. പക്ഷേ, എനിക്കിട്ടു നല്ലോരു പണി കിട്ടിയ കഥയാ... ഞാനും ഹസ്ബൻഡും കൂടി നടത്തിയൊരു കിടിലൻ ട്രിപ്പുണ്ടായിരുന്നു, ഹിമാലയത്തിലേക്ക്. ഒന്നും പ്ലാ ൻ ചെയ്യാതെ ഒരു യാത്ര. ആകെ ഡൽഹിയിൽ നിന്നു മണാലിക്കു ഫ്ലൈറ്റ് മാത്രമാണ് ബുക്ക് ചെയ്തിരുന്നത്. ബാക്കിയെല്ലാം തോന്നുന്നതുപോലെ. അവിടെ എത്തിയ സമയം ഗംഭീരമായിരുന്നു. രാവിലെ നന്നായി മഴയും കാറ്റും വൈകിട്ടാകുമ്പോള്‍ മഞ്ഞു വീഴ്ച.

മണാലിയിൽ പാരാഗ്ലൈഡിങ് പ്ലാൻ ചെയ്താണ് ഞങ്ങൾ പോയത്. പക്ഷേ, രാവിലെ നല്ല കാറ്റായിരുന്നതുകൊണ്ട് പാരാഗ്ലൈഡ് ചെയ്യാൻ പറ്റില്ലെന്ന് അവർ പറഞ്ഞു.

ഗിരീഷ് : ഒാഹോ, പാരാ ഗ്ലൈഡിങ് ചെയ്യുന്ന ഭീകര ധൈര്യശാലിയാണ്?

ഷഫ്ന : നല്ല പേടിയാ. ഈ പാരാഗ്ലൈഡിങ് പ്ലാൻ ചെയ്തപ്പോഴെ ഞാൻ പറഞ്ഞിരുന്നു, ബൈക്ക് ട്രിപ്പൊക്കെ പോകാനുള്ളതല്ലേ. പാരാഗ്ലൈഡിങ് ചെയ്ത് എന്തെങ്കിലും പ്രശ്നമായാലോ എന്ന്.

ഗിരീഷ് : പക്ഷേ, യാചനകളൊന്നും ഇ ക്ക ചെവിക്കൊണ്ടില്ല. അവസാനം കാറ്റും മഴയും വന്നു, ഇക്കയ്ക്ക് നിന്നെ രക്ഷിക്കേണ്ടി വന്നു.

ഷഫ്ന : മണാലിയിൽ വച്ച് പാരാഗ്ലൈഡിങ് ചെയ്യാൻ പറ്റാത്ത വിഷമത്തിൽ ഇക്കയും ഞാനും കൂടെ അടുത്ത സ്ഥലമായ കസോളിലേക്കു ബൈക്കിൽ പോകുകയായിരുന്നു. ഇക്കയ്ക്ക് നല്ല വിഷമം ഉണ്ടായിരുന്നു. പോകുന്ന വഴി ഒരുപാട് പേർ പാരാഗ്ലൈഡിങ് വഴി ആകാശത്തൂടെ പറന്നു നടക്കുന്നതു കണ്ടിട്ട് പുറകിലിരുന്ന ഞാൻ പറഞ്ഞു, ഇക്ക ഇത്രയും ആഗ്രഹിച്ചതല്ലേ നമുക്കു വേണമെങ്കിൽ തിരിച്ചു മണാലിയിൽ പോയി പാരാഗ്ലൈഡിങ് ചെയ്യാമെന്ന്. മണാലിയിൽ നിന്നും ഒരുപാട് ദൂരം ചെന്നതുകൊണ്ട് ഇനി ഇക്ക തിരിച്ചുപോകില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ, അപ്പോഴാണ് എന്റെ മുന്നിലേക്ക് ഒരു കൗണ്ടർ പ്രത്യക്ഷപ്പെട്ടത്?

ഗിരീഷ് : ഹിമാലയത്തിലും തമിഴ് സിനിമയിലെ ഗൗണ്ടറോ?

ഷഫ്ന : ഗൗണ്ടറല്ലടാ, കൗണ്ടർ. പാരാഗ്ലൈഡിങ് ചെയ്യാനുള്ള കൗണ്ടർ മണാലിയിൽ നിന്നു കസോളിലേക്കു ഞങ്ങൾ പോകുന്ന റൂട്ടിലുണ്ടായിരുന്നു. അത് കണ്ടതും ഇക്ക വണ്ടി നിർത്തി, പണമടച്ചതൊക്കെ കണ്ണടച്ചു തുറക്കുന്ന സ്പീഡിലായിരുന്നു. പിറകിലിരുന്ന് കളിയാക്കികൊണ്ടിരുന്ന ഞാനാണ് പെട്ടത്. ഇനിയെന്തായാലും പാരാഗ്ലൈഡ് ചെയ്യാതെ  രക്ഷയില്ല. പതിയെ ഡ്രസ്സൊക്കെ ഇട്ട് ഞാൻ റെഡിയാകുമ്പോ ഇക്കയതാ പാരാഗ്ലൈഡിൽ ട്വിസ്റ്റ് ചെയ്യുന്നു, കറങ്ങുന്നു, തിരിഞ്ഞു ചാടുന്നു.

serial000876bj2

ഗിരീഷ് : ഈ പാരാഗ്ലൈഡ് ചെയ്യുമ്പോ ഇൻസ്ട്രക്ടർ കൂടെ ഉണ്ടാകില്ലെ?

ഷഫ്ന : അതൊക്കെയുണ്ട്. ഇക്ക കറങ്ങുന്നതൊക്കെ കണ്ടപ്പോ പുള്ളി എന്നോട് ചോദിച്ചു അങ്ങനെയൊക്കെ ചെയ്യ    ണോന്ന്. എങ്ങനെയെങ്കിലും താഴെ ഇറക്കിയാൽ മതിയെന്നാണ് ഞാൻ അപേക്ഷിച്ചത്.

ഗിരീഷ് : അയ്യേ, ഇതാണോ വല്യ കഥ.

ഷഫ്ന : ഒന്നു പറഞ്ഞു തീർക്കട്ടെ. പക്ഷേ, ജംപ് ചെയ്യുന്ന സമയത്തെ പേടിയൊഴിച്ച് വേറെ പ്രശ്നമൊന്നും ഉണ്ടായില്ല. ഇക്ക ജംപൊക്കെ കഴിഞ്ഞ് താഴെ ഗ്രൗണ്ടിൽ നിൽപുണ്ടായിരുന്നു. ഞാൻ ലാൻഡ് ചെയ്യാൻ നോക്കിയതും
വലിയ കാറ്റ് തുടങ്ങി. ആദ്യം ശരിയാകുമെന്ന് വിചാരിച്ചെങ്കിലും ലാൻഡ് ചെയ്യാൻ പോയ ഞങ്ങൾ കൂടുതൽ ഉയരത്തിലേക്ക് പൊങ്ങി പോയി.

ഗിരീഷ് : എന്നിട്ട്?

ഷഫ്ന : കാറ്റ് കാരണം ഞങ്ങൾ ഓഫ് റോഡ് ഏരിയയിലേക്കു പോയി. ഒട്ടും കൺട്രോൾ ഇല്ലാത്ത അവസ്ഥ. കൂടെയുണ്ടായിരുന്ന ഇൻസ്ട്രക്ടർ പേടിക്കണ്ട എന്ന് പറഞ്ഞെങ്കിലും ഉള്ളിൽ വല്ലാത്തൊരു ടെൻഷൻ. അവസാനം ഒരുപാട് കല്ലും പാറയുമൊക്കെ കിടക്കുന്ന സ്ഥലത്തേക്കു ചെന്ന് ക്രാഷ് ലാൻഡ് ചെയ്തു. ഞാൻ വീണത് മണ്ണിലേക്കായിരുന്നു. പക്ഷേ, ഇൻസ്ട്രക്ടർ പാറക്കല്ലിനു മുകളിൽ അടിച്ചാണ് വീണത്. വലിയ അപകടങ്ങളൊന്നും ഭാഗ്യത്തിന് രണ്ടാൾക്കും ഉണ്ടായില്ല.

ഗിരീഷ് :  ഇക്ക വല്ലാതെ പേടിച്ചു കാണും.

ഷഫ്ന : എവിടുന്ന്. ഞാൻ ആകാശത്ത് കിടന്നു കൈകാലിട്ട് അടിക്കുന്നതു കാണാൻ നല്ല രസമാണെന്നായിരുന്നു ഇക്കയുടെ കമന്റ്.

ഗിരീഷ് :  ബെസ്റ്റ് ഫാമിലി.

ഷഫ്ന : നിനക്ക് മുംബൈ അഡ്വഞ്ചർ കഥയൊന്നും പറയാനില്ലെ?

ഗിരീഷ് : തീർച്ചയായും. ഞാൻ മികച്ചൊരു ‘ഔട്ട് – സ്റ്റാൻഡിങ്’ സ്‌റ്റുഡന്റായി വളരാൻ കാരണമായ സ്ഥലം. മഹാരാഷ്ട്രയിലെ റായ്ഗട്ടിലുള്ള കോപ്പോളി എൻജിനീയറിങ് കോളജിലായിരുന്നു എന്റെ റിച്ച് കോളജ് ലൈഫ്. കോളജിന്റെ പി റകിലൂടെയാണ് ഹൈവേ പോകുന്നത്.  ആ വഴിയാണ് പുണെയിലേക്ക് പോകുന്ന ട്രക്കുകൾ വരുന്നത്. ട്രക്കിന് ലിഫ്റ്റ് അടിച്ചാൽ പുണെ വരെ സുഖമായിട്ടെത്താം.

ഷഫ്ന : ഓട്ടോ കാശ് പോലുമില്ലാത്ത റിച്ച് കോളജ് ലൈഫ്

ഗിരീഷ് : ഇതൊക്കെയൊരു രസമല്ലേ... പക്ഷേ, ഞങ്ങൾ പുണെയ്ക്ക് പോകില്ല, പകരം പോകുന്നത് ലോണാവലി സ്‌റ്റേഷനിലേക്കാണ്. പുണെയിലേക്കു വരുന്ന ട്രെയിനുകളെല്ലാം  കർജത്  റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിടും. കർജതിന്റെ അടുത്ത സ്റ്റേഷൻ  ലോണാവലിയിലേക്ക് വലിയ കയറ്റമാണ്. രണ്ട് ലോക്കമൊട്ടിവ്  ഉപയോഗിച്ചാണ് ട്രെയിൻ മുകളിൽ ലോണാവലി സ്‌റ്റേഷനിലെത്തിക്കുന്നത്.

ഷഫ്ന : ഇതെന്താ പിഎസ്‌സി ക്ലാസ്സോ? മുഴുവൻ പൊതുവിജ്ഞാനം ആണല്ലോ...

ഗിരീഷ് :  മുഴുവനൊന്നു കേൾക്ക്. ഈ ചെല്ലുന്ന ലോക്കമൊട്ടിവുകൾ ലോണാവലി സ്‌റ്റേഷനിൽ നിന്ന് തിരിച്ചു  വരുന്നത് കാലിയായിട്ടാണ്. നല്ല കിടിലൻ ഇറക്കമാണ്. ഇറക്കം തുടങ്ങുന്നതിന് മുൻപു  കുറച്ചു  ഭാഗത്ത് പതുക്കെയാണ് ട്രെയിൻ പോകുക. അതിലേക്ക് ചാടിക്കയറുകയാണ് ഞങ്ങളുടെ ഹോബി.

ഷഫ്ന : അല്ല, വെറുതേ ഈ ട്രെയിൻ കാലിയാക്കിയെന്തിനാ പോകുന്നെ ?

ഗിരീഷ് :  ലോണാവലിക്കും കർജത് സ്‌റ്റേഷനും ഇടയിലുള്ള ഭാഗത്ത് ഒരുപാട് ആദിവാസികൾ താമസിക്കുന്നുണ്ട്. അവരുടെ സൗകര്യത്തിനു വേണ്ടിയാണ് ട്രെയിൻ ലോണാവലി വരെ പോകുന്നത്. പക്ഷേ, തിരികെപ്പോരാൻ ഞങ്ങളും കാട്ടിലെ കുറച്ചു കുരങ്ങൻമാരും മാത്രമേ ഉണ്ടാകൂ. എന്തു രസമാണെന്നോ ആ യാത്ര.

ഷഫ്ന : നിനക്കാകുമ്പോൾ കുര ങ്ങൻമാരുടെ രീതികളൊക്കെ അ റിയാവുന്നതുകൊണ്ട് പെട്ടെന്ന് കമ്പനിയാകാനും പറ്റുമല്ലോ?

ഗിരീഷ് :  അതെ, എനിക്ക് പരിചമുള്ള ഒരാളുടെ ഫെയ്സ്കട്ടും ഉണ്ടായിരുന്നു അവയ്ക്ക്.

ഷഫ്ന : ഓ, ആക്കിയതാണല്ലേ. ഇനി ഞാൻ ഇവിടെ നിൽക്കില്ല. പോവാണ്.

ഗിരീഷ് : അയ്യോ ഷഫ്നാ പോവല്ലേ...

അയ്യോ ഷഫ്നാ പോവല്ലേ.

ഷഫ്ന : എടാ, അന്ന് കുഞ്ഞിപ്രായത്തിൽ ‘ചിന്താവിഷ്ടയായ ശ്യാമള’യിൽ പറഞ്ഞ ഡയലോഗ് വച്ചു കളിയാക്കുന്നത് കഷ്ടമാണ് കേട്ടോ..

ഗിരീഷ് :  ഇപ്പോഴും വ്യത്യാസം ഒന്നുമില്ലല്ലോ?

ഷഫ്ന : ഏയ്... ഞാൻ വളർന്നു വലുതായില്ലേ...

ഗിരീഷ് : പക്ഷേ, ബുദ്ധിക്കു വലിയ മാറ്റമൊന്നുമില്ലല്ലോ...

ഷഫ്ന : ഈശ്വരാ ഇവന് സിനിമയിൽ ചാൻസ് കിട്ടാതെ പോകണേ...

ഗിരീഷ് : വേണ്ട, വേണ്ട. നമുക്ക് പരസ്പര സഹകരണത്തിൽ മുന്നോട്ട് പോകാം. നമ്മൾ ഇപ്രാവശ്യം ഉടക്കുന്നേയില്ല.

ഷഫ്ന : അപ്പോൾ, പുലി ഇപ്രാവശ്യവും വരുന്നില്ല?

ഗിരീഷ് :  ഒരിക്കലുമില്ല സഹോ!!!

_ART4475
Tags:
  • Celebrity Interview
  • Movies