Thursday 13 December 2018 02:54 PM IST

ജീവിതത്തിലും ബോൾഡാണ് ‘സ്ത്രീപദ’ത്തിലെ ബാലസുധ‌; നടി ഷെല്ലി കിഷോറിന്റെ വിശേഷങ്ങൾ

Nithin Joseph

Sub Editor

shelly1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല അത്. സീരിയലിൽ മിന്നിത്തിളങ്ങി നിൽക്കുമ്പോൾ കരിയറിൽ നിന്നു ബ്രേക് എടുത്ത തീരുമാനത്തിൽ െഷല്ലി കിഷോറിന് ഇപ്പോഴും തെല്ലും സങ്കടമില്ല. നാലര വർഷത്തെ ഇടവേളയ്ക്കു ശേഷം മഴവിൽ മനോരമയിലെ ‘സ്ത്രീപദം’ സീരിയലിലെ ബാലസുധയായി ഷെല്ലി തിരിച്ചെത്തിയിരിക്കുന്നു. ‘കുങ്കുമപ്പൂവ്’ സീരിയലിലെ ശാലിനിയെന്ന പാവം പെണ്‍കുട്ടി ബാലസുധയായി മാറിയപ്പോൾ ഇത്തിരി ബോൾഡായെന്ന് ആരാധകർ. നാലരവർഷം നീണ്ട ഇടവേളക്കാലത്തെ വിശേഷങ്ങളും സിനിമാസ്വപ്നങ്ങളും പങ്കുവയ്ക്കുന്നു ഷെല്ലി കിഷോർ.

നാലര വർഷം നീണ്ട ബ്രേക്കെടുത്തത് ?

ബ്രേക്കെടുക്കാനുള്ള പ്രധാന കാരണം മോനാണ്. അവൻ ജനിച്ചതിനുശേഷം അവനു വേണ്ടി സമയം നീക്കി വയ്ക്കണമെന്ന് തോന്നി. സീരിയലിന്റെ ഷൂട്ടുള്ള ദിവസം രാവിലെ ആറു മണിക്ക് പോയാൽ തിരിച്ചു വീട്ടിലെത്തുന്നത് രാത്രി വൈകിയായിരിക്കും. പിന്നെ മറ്റൊന്നിനും സമയമുണ്ടാകില്ല. പുറംലോകവുമായി നമുക്ക് യാതൊരു ബന്ധവുമുണ്ടാകില്ല. കുങ്കുമപ്പൂവിൽ ഗർഭിണിയായി അഭിനയിക്കുന്ന സമയത്ത് ഞാൻ ശരിക്കും ഗർഭിണി ആയിരുന്നു. കുങ്കുമപ്പൂവ് തീർന്നപ്പോൾ ഇനി സീരിയൽ അഭിനയം വേണ്ട എന്നു തീരുമാനിച്ചു.
മോന്റെ ചെറിയ പ്രായത്തിൽ എന്റെ ശ്രദ്ധ പൂർണമായും വേണമെന്ന് തോന്നി. എന്നുകരുതി വീട്ടിൽ തന്നെ ഒതുങ്ങിക്കൂടിയിരിക്കാനും താൽപര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് അഭിനയത്തേക്കാൾ എനിക്ക് താൽപര്യം ജോലി ചെയ്യാനായിരുന്നു. കുറച്ചുകാലം നാഷനൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ ജോലി ചെയ്തു. പിന്നീട് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ദുബായിൽ ബിസിനസ് തുടങ്ങിയപ്പോൾ ഞാനും അങ്ങോട്ട് പോയി.

പ്രേക്ഷകർ ബാലസുധയായി അംഗീകരിച്ചു കഴിഞ്ഞല്ലോ?

‘കുങ്കുമപ്പൂവി’നു ശേഷം സീരിയൽ വേണ്ട എന്ന തീരുമാനത്തിലായിരുന്നു. അതിനു ശേഷം തമിഴിൽ ‘തങ്കമീൻകൾ’ എന്ന സിനിമയിൽ അഭിനയിച്ചു. സ്ത്രീപദത്തിൽ അവസരം വന്നപ്പോഴും ആദ്യം സംശയിച്ചു നിന്നു. പക്ഷേ, ഇത്രയും ശക്തമായൊരു കഥാപാത്രം എപ്പോഴും കിട്ടണമെന്നില്ല. വനിതയിലൂടെ മലയാളികൾ മനസ്സാൽ സ്വീകരിച്ച നോവലാണ് ജോയ്സിയുടെ സ്ത്രീപദം. എല്ലാവരും വായിച്ചിട്ടുള്ള നോവൽ. ആളുകളുടെ മനസ്സിൽ നേരത്തെ തന്നെ ആ കഥാപാത്രത്തിന്റെ രൂപം ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. അതിന് ജീവൻ കൊടുക്കുക മാത്രമാണ് എന്റെ ജോലി.

ഇതുവരെ അഭിനയിച്ചിട്ടുള്ളതിൽ എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് സ്ത്രീപദത്തിലെ ബാലസുധ. ‘കുങ്കുമപ്പൂവി’ലെ ശാലിനിയേക്കാൾ ബോൾഡാണ് ബാലസുധ. ആവശ്യമുള്ളിടത്ത് സംസാരിക്കാനും പ്രതികരിക്കാനും അറിയാവുന്ന നാട്ടിൻപുറത്തുകാരി.

കുങ്കുമപ്പൂവിലേക്ക് എത്തുന്നതെങ്ങനെയാണ് ?

‘കുങ്കുമപ്പൂവി’ൽ എത്തിയത് വളരെ യാദൃച്ഛികമായാണ്. വിവാഹശേഷം പിജിക്കു പഠിച്ചു കൊണ്ടിരിക്കുന്ന സമയം. എന്റെ ഭർത്താവ് കിഷോർ ആയിരുന്നു ആ സീരിയലിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ. ശാലിനിയുടെ റോൾ ചെയ്യാൻ പല നടിമാരെയും നോക്കിയെങ്കിലും യോജിച്ച ആളെ കിട്ടിയില്ല. ആ സമയത്താണ് എന്നോട് അഭിനയിക്കാമോ എന്ന് ചോദിച്ചു. ആദ്യം ഞാൻ വലിയ താൽപര്യമൊന്നും കാണിച്ചില്ല. എനിക്ക് സിനിമയോടായിരുന്നു കൂടുതലിഷ്ടം. അവസാനം ചെയ്തു നോക്കിയപ്പോൾ ഓകെ ആയി. അങ്ങനെ ഞാൻ ശാലിനിയായി. വീണ്ടും എട്ടു മാസങ്ങൾക്കു ശേഷമാണ് സീരിയലിന്റെ ഷൂട്ട് തുടങ്ങിയത്. ‘കുങ്കുമപ്പൂവ്’ കഴിഞ്ഞിട്ട് ഇത്ര നാളുകൾ ആയെങ്കിലും പലരും ഇപ്പോഴും ശാലിനി മോളെ എന്ന് വിളിക്കാറുണ്ട്.  

മോനെ പ്രസവിച്ച സമയത്ത് ആശുപത്രിയിൽവച്ച് ഒരമ്മ എന്റെയടുത്ത് വന്നു. അവരുടെ മകളും പ്രസവത്തിനായി വന്നതാണ്. അവർ എന്നോട് പറഞ്ഞതിങ്ങനെയാണ്,  ‘ഞാൻ  മോൾക്കു വേണ്ടി പ്രാർഥിക്കാത്ത ദിവസങ്ങളില്ല. എല്ലാം ശരിയാകും മോളേ. അമ്മ മോളെ തിരിച്ചറിയും. മോള് വിഷമിക്കണ്ട.’ അവരുടെ വാക്കുകളിൽ വല്ലാത്തൊരു നിഷ്കളങ്കത ഉണ്ടായിരുന്നു. അത് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. കാരണം അവരുടെ വാക്കുകളിലും പ്രാർഥനയിലുമെല്ലാം സത്യമുണ്ട്.

സിനിമയിലും സജീവമാകുകയാണോ?

എനിക്ക് സ്വപ്നം നടിയാകണം എന്നായിരുന്നില്ല. താൽപര്യം സിനിമയോടായിരുന്നു. സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ദിലീപ് നായകനായ ‘ഇഷ്ടം’ എന്ന സിനിമയിൽ നവ്യാ നായർ ചെയ്ത നായികയുടെ റോളിലേക്ക് ആദ്യം എന്നെ വിളിച്ചിരുന്നു. എന്നാല്‍ അന്നത് ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ച സമയത്ത് പണ്ട് നഷ്ടപ്പെടുത്തിയ അവസരത്തെക്കുറിച്ച് പറഞ്ഞ് എല്ലാവരും കുറ്റപ്പെടുത്തുമായിരുന്നു. എങ്കിലും എനിക്ക് അതൊരു നഷ്ടമായി ഒരിക്കലും തോന്നിയിട്ടില്ല. ആ സമയത്ത് ശരിയെന്നു തോന്നിയത് അതായിരുന്നു.

നിവിൻ പോളി നായകനായ ‘സഖാവാ’ണ് കുറേ നാളത്തെ ഗ്യാപ്പിനു ശേഷം അഭിനയിച്ച സിനിമ. കമ്മട്ടിപ്പാടത്തിന്റെ എഡിറ്ററായിരുന്ന അജിത്കുമാർ സംവിധാനം ചെയ്ത് രാജീവ് രവി നിർമിക്കുന്ന ‘ഈട’യാണ് അതിനു ശേഷം അഭിനയിച്ച സിനിമ.

‘ഈട’യുടെ ഷൂട്ട് മുഴുവൻ കോഴിക്കോടായിരുന്നു. ആ സമയത്ത് ഒരു കാര്യം മനസ്സിലായി, അവിടെയുള്ള ഭൂരിഭാഗം ആളുകളും ‘സ്ത്രീപദം’ കാണുന്നവരാണ്. ആർക്കും എന്റെ യഥാർഥ പേരറിയില്ല. മുൻപ് എന്നെ ശാലിനിയായി സ്വീകരിച്ചവരെല്ലാം ഇപ്പോൾ ആ സ്ഥാനത്ത് ബാലസുധയായാണ് കാണുന്നത്. പരിചയപ്പെടാൻ വരുന്നവരിൽ ചിലരെല്ലാം ‘ബാല’എന്നാണ് വിളിക്കുന്നത്. കഥാപാത്രത്തിന്റെ പേരിൽ വിളിക്കപ്പെടുന്നത് സന്തോഷമുള്ള കാര്യമല്ലേ? ഞാൻ ആരെയും തിരുത്താറുമില്ല. സിനിമയിലായാലും സീരിയലിൽ ആയാലും കഥാപാത്രം  ശക്തമാണെങ്കിൽ അത് പ്രേക്ഷകരുടെ മനസ്സിൽ പതിയും.

shelly2

തമിഴില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് അധികം അവസരങ്ങൾ തേടിയെത്തിയില്ലേ?

‘തങ്കമീൻകൾ’ എന്ന സിനിമ ചെയ്യുന്നത് 2013– ലാണ്. ഞാൻ തമിഴിലും തെലുങ്കിലും ചെയ്ത ഒരു പരസ്യം കണ്ടിട്ട് സംവിധായകൻ റാം സിനിമയിലേക്ക് വിളിച്ചു. ഒരു കുട്ടിയുടെ അമ്മയായിട്ടാണ് ഞാൻ അഭിനയിച്ചത്. ആദ്യ സിനിമയിൽ അമ്മവേഷം ചെയ്യുന്നത് വലിയ റിസ്കാണെന്ന് എല്ലാവരും പറഞ്ഞു. ഒരിക്കൽ അമ്മവേഷം ചെയ്താൽ പിന്നീടങ്ങോട്ട് എല്ലാ സിനിമയിലും അത്തരം വേഷങ്ങൾ മാത്രമേ തേടിയെത്തൂ എന്നായിരുന്നു എല്ലാവരുടെയും പേടി. പക്ഷേ, എനിക്ക് സിനിമയോടും എന്റെ കഥാപാത്രത്തോടും അത്രയ്ക്ക് ഇഷ്ടം തോന്നിയിരുന്നു. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുമ്പോഴും അമ്മ അവര്‍ക്കു പിന്നിൽ മറഞ്ഞു പോയില്ല. അതായിരുന്നു ആ കഥാപാത്രത്തിന്റെ വിജയം. സിനിമയ്ക്കു വേണ്ടി തമിഴ് പഠിച്ച് സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തു.

ആ സിനിമ ചെയ്തു തീർത്തത് വലിയൊരു സാഹസം തന്നെയായിരുന്നു. നിരവധി തവണ ഷൂട്ടിങ് നിന്നുപോയി. രണ്ടുവർഷത്തോളം ആ സിനിമയ്ക്കു വേണ്ടി കാത്തിരിക്കേണ്ടി വന്നു. പിന്നീട് ഗൗതം വാസുദേവ് മേനോൻ സിനിമയുടെ നിർമാണം ഏറ്റെടുത്തു. ഒത്തിരി നാളുകളുടെ കാത്തിരിപ്പിനു ശേഷമാണ് റിലീസായതെങ്കിലും സിനിമ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തമിഴ്നാട്ടിൽ ആളുകൾ എന്നെ തിരിച്ചറിയാൻ ആ ഒരു സിനിമ ധാരാളമായിരുന്നു. സൈമ അവാര്‍ഡ്സിൽ മികച്ച സഹനടിക്കുള്ള നോമിനേഷൻ ഉണ്ടായിരുന്നു. പിന്നീടും തമിഴിൽ ഓഫറുകൾ വന്നിരുന്നു. എന്നാൽ അതൊന്നും സ്വീകരിക്കാൻ തോന്നിയില്ല.

സീരിയൽ താരങ്ങൾ സിനിമയിൽ എത്തുമ്പോഴുള്ള സമീപനത്തിൽ ബുദ്ധിമുട്ട് തോന്നാറുണ്ടോ?

എല്ലായിടത്തും  അങ്ങനെയാണെന്ന് പറയാൻ സാധിക്കില്ല. എങ്കിലും പൊതുവെ ചില സിനിമകളുടെ സെറ്റിലെങ്കിലും സീരിയലിൽ നിന്നും വരുന്നവരെ അൽപം വില കുറച്ച് കാണാറുണ്ടെന്ന് തോന്നിയിട്ടുണ്ട്. സിനിമയായാലും സീരിയലായാലും നമ്മൾ ചെയ്യുന്നത് ഒരേ ജോലിയാണ്. അവിടെ എല്ലാവരും  തുല്യരാണ്. ‘കുങ്കുമപ്പൂവ്’ സീരിയലിനു ശേഷം  മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകന്റെ പടത്തിലേക്ക് നായികയായി ചാൻസ് കിട്ടി. ഒരു നോവലിനെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അത്. എന്നോട് കഥാപാത്രത്തിന് വേണ്ടുന്ന തയാറെടുപ്പുകൾ നടത്താൻ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് ആ സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോൾ മറ്റൊരാൾ നായികയായി. ആളെ മാറ്റിയ വിവരം എന്നെ വിളിച്ച് അറിയിക്കാൻ പോലും അവർക്ക് തോന്നിയില്ല. അതിന്റെ കാരണം ഇന്നും എനിക്കറിയില്ല.

അഭിനയം അല്ലാതെയുള്ള മറ്റ് ഇഷ്ടങ്ങൾ?

യാത്രകൾ ഇഷ്ടമാണ്. പക്ഷേ, മോൻ ജനിച്ചതിനുശേഷം അധികം യാത്രകളൊന്നും പോകാറില്ല. നടത്തവും പാചകവുമാണ് ഇപ്പോഴത്തെ ഇഷ്ടങ്ങൾ. പാചകമെന്നു പറയാൻ സാധിക്കില്ല. പാചകപരീക്ഷണങ്ങളാണ്. ഫ്രീ ടൈം കിട്ടുമ്പോൾ കൂട്ടുകാരെയെല്ലാം വിളിച്ചുകൂട്ടി എന്തെങ്കിലും പുതിയ ഐറ്റം പരീക്ഷിക്കും. ഏറ്റവും രസമുളള കാര്യം പഠനമാണ്. ഇഷ്ടമുള്ളതൊക്കെ പഠിക്കും. എമിറേറ്റ്സ് ട്രെയിനിങ് കോളജിൽ നിന്ന് എയർപാസഞ്ചർ ഹാൻഡിലിങ് കോഴ്സ് പഠിച്ചു. അതിനു ശേഷം സിംഗപ്പൂരിൽ ഒക്കലഹാമ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ ചെയ്തു. ഇഗ്‌നോയിൽനിന്നാണ് ബി.എ സോഷ്യോളജി പാസായത്. ഇ ഗവേണൻസ് ഡിപ്ലോമ ചെയ്തു. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ എം.എ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സിന്റെ എൻട്രൻസ് എഴുതിയിട്ടുണ്ട്. അത് പാസായാൽ ജെ.എൻ.യുവിൽ പഠിക്കാം.

മകന്റെ വരവ് ജീവിതത്തെ എങ്ങനെയാണ് മാറ്റിയത്?

മോന്റെ പേര് യുവൻ കിഷോർ എന്നാണ്. വീട്ടിൽ ഞങ്ങൾ യുവി എന്ന് വിളിക്കും. നാലര വയസ്സായി. നഴ്സറിയിൽ പോകുന്നുണ്ട്. മോൻ ജനിച്ചതിനു ശേഷം കുറച്ചു നാൾ അഭിനയത്തിൽനിന്നും ബ്രേക്കെടുത്തിരുന്നു. സ്ത്രീപദത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോൾ ഞാൻ അവനെയും സെറ്റിൽ കൊണ്ടുപോയി. അമ്മ എവിടെയാണ് പോകുന്നത്, എന്താണ് ചെയ്യുന്നത് എന്നൊക്കെ അവൻ നേരിട്ട് കണ്ടു മനസ്സിലാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അതോടെ ഇത് അത്ര സുഖമുള്ള പരിപാടിയല്ലെന്നും, വീട്ടിലേതു പോലെ ഓടിച്ചാടി നടക്കാനും കളിക്കാനും പറ്റില്ലെന്നും അവന് മനസ്സിലായി. അങ്ങനെയാണ് മൂപ്പർ അച്ഛന്റെ കൂടെ ഇരിക്കാൻ തുടങ്ങിയത്.

എത്ര തിരക്കുണ്ടെങ്കിലും അവനു വേണ്ടി സമയം മാറ്റിവയ്ക്കാൻ ശ്രദ്ധിക്കാറുണ്ട്. മുമ്പ് ഞാൻ വരാൻ വൈകുമ്പോൾ മോൻ നോക്കി ഇരിക്കുമായിരുന്നു. പക്ഷേ, ഇപ്പോൾ എന്റെ വരവ് അത്ര താൽപര്യമില്ല. ഞാൻ വന്നാൽ മൊബൈലിൽ ഗെയിം കളിക്കാൻ സമ്മതിക്കാത്തതാണ് കാരണം. കിഷോറിന്റെ കൂടെ അവൻ ഫുൾ ഹാപ്പിയാണ്. അച്ഛന്റെ കുക്കിങ്ങും അച്ഛനൊപ്പമുള്ള നടത്തവും അവന് വലിയ ഇഷ്ടമാണ്. അമ്മ നടിയായതു കൊണ്ട് ആ പ്രശസ്തിയുടെ പങ്ക് കുടുംബത്തിനു വേണ്ടെന്നാണ് കിഷോറിന്റെ അഭിപ്രായം. കുട്ടിയാണെങ്കിലും മോന്റെ സ്വാകാര്യതയെ മാനിക്കണമെന്ന് കിഷോർ പറഞ്ഞപ്പോൾ എനിക്കും അത് ശരിയാണെന്ന് തോന്നി. അതുകൊണ്ടാണ് അഭിമുഖങ്ങൾക്കൊപ്പം കുടുംബചിത്രം നൽകാത്തത്.
ഞാനും കിഷോറും ഒരേ മേഖലയിൽ ജോലി ചെയ്യുന്നതു കൊണ്ട് പരസ്പരം മനസ്സിലാക്കാൻ രണ്ടാൾക്കും പ്രയാസമില്ല. അതുകൊണ്ടു ജീവിതം സീരിയൽ പോലെ ‘ശോക’മല്ല.