Friday 03 January 2020 11:12 AM IST

‘എവിടെ ആയാലും അവൾ സന്തോഷമായി ഇരിക്കട്ടേ’; പ്രണയ സാക്ഷാത്കാരത്തിന്റെ കഥ പറഞ്ഞ് ശിഖയും ഫൈസിയും

Lakshmi Premkumar

Sub Editor

shikha ഫോട്ടോ: ബേസിൽ പൗലോ, മുസാർട്ട് പ്രൊഡക്ഷൻസ്

സംഗീതത്തെ സ്നേഹിച്ച് ഒടുവിൽ ജീവിതത്തിലും ആ െപണ്‍കുട്ടി തനിക്ക് കൂട്ടായി വേണമെന്നു തോന്നിയപ്പോൾ അവന്‍ കൂടുതൽ ആലോചിക്കാൻ നിന്നില്ല. നേരെ ചെന്ന് ആ പ്രണയമങ്ങ് അവതരിപ്പിച്ചു. വീട്ടുകാരോ ജാതിയോ മതമോ അവരുടെ ഇഷ്ടത്തിനു വിലക്കു കൽപിച്ചില്ല. അല്ലെങ്കിലും സംഗീതത്തിന് എന്തു മതം?

‘പൂമരം’ സിനിമിലെ ‘ഞാനും ഞാനുമെന്റാളും...’ എന്ന ഒറ്റ പ്രണയഗാനം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയ താരമായ സംഗീത സംവിധായകനാണ് ഈ കഥയിലെ നായകൻ, ഫൈസൽ റാസി. നായിക റിയാലിറ്റി ഷോയിലൂടെ ഹൃദയം കവർന്ന ഗായിക ശിഖ പ്രഭാകർ.

ട്വിസ്റ്റുള്ള സ്‌റ്റോറിയാ... പറയട്ടെ ?

ഫൈസി: ശിഖ പങ്കെടുത്ത ചാനൽ റിയാലിറ്റി ഷോയുടെ സ്ഥിരം പ്രേക്ഷകനായിരുന്നു ഞാൻ. ഭയങ്കര ആരാധനയായിരുന്നു ശിഖയുടെ പാട്ടുകളോട്. വീട്ടിലും അങ്ങനെ തന്നെ. ഉമ്മയ്ക്കും പെങ്ങൾക്കുമെല്ലാം ഒരുപാടിഷ്ടം. ശിഖയെ നേരിൽ കാണണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയൊരു ദിവസം തൃശൂര് റിക്കോർഡിങ് സ്റ്റുഡിയോയിൽ ശിഖയെ കണ്ടു. ആദ്യത്തെ കാഴ്ച അതാണെങ്കിലും ശിഖയ്ക്ക് അത് ഓർമയില്ല.

ശിഖ: സത്യമായിട്ടും എനിക്കത് ഓർമയില്ല. റിക്കോർഡിങ്ങിനു പോയത് ഓർമയുണ്ട്. അവിടെ ഫൈസിയെ പരിചയപ്പെട്ടതൊന്നും ഓർക്കുന്നേയില്ല. അന്ന് എന്റെയൊപ്പം അച്ഛനുണ്ട്. പിന്നീട് ഈ കഥ കേട്ടപ്പോൾ ഞാൻ അച്ഛനോടും ചോദിച്ചു. പക്ഷേ, അച്ഛനും അങ്ങനെയൊരു സംഭവം ഓർമയില്ല.

ഫൈസി: ഇന്നത്തെപ്പോലെ അന്ന് മൊബൈൽ ഫോ ൺ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായിട്ടും ഞാനന്ന് ഒരു സെൽഫി എടുത്തേനേ. ഇപ്പോൾ ദേ... മുന്നിലേക്ക് ഇട്ട് കാണിച്ചു തന്നേനെ.

ഫൈസി: മഹാരാജാസാണ് ഞങ്ങളെ വീണ്ടും ഒരുമിപ്പിച്ചത്. ഞാനവിടെ മ്യൂസിക് രണ്ടാം വർഷം പഠിക്കുകയാണ്.ശിഖ ആദ്യം ഇംഗ്ലിഷിൽ ഒരു ഡി‍ഗ്രി ചെയ്തിരുന്നു. അതിനു ശേഷം മ്യൂസിക് ഡിഗ്രിക്കാണ് മഹാരാജാസിൽ എത്തുന്നത്. ശിഖ പെട്ടെന്നു തന്നെ ഞങ്ങളുടെ കൂട്ടത്തിൽ സിങ്കായി. അങ്ങനെയാണ് സൗഹൃദം തുടങ്ങുന്നത്.

മഹാരാജാസിലെ പാട്ട് ഗ്യാങ്

ശിഖ: മഹാരാജാസിന്റേതായ ഒരു പ്രത്യേകതയുണ്ട്. ഒരേ വേവ് ലങ്തുള്ളവരെ എളുപ്പത്തിൽ കണ്ടെത്താനാകും. ഞാൻ ജോയിൻ ചെയ്ത് കുറച്ചു ദിവസത്തിനകം ഇവരുടെ പാട്ടുകാരുടെ ടീമിനെ പരിചയപ്പെട്ടു. പെട്ടെന്നുതന്നെ വലിയ അടുപ്പമായി. നമുക്ക് ഒരുപാട് മുൻപേ അറിയാവുന്നവരെപ്പോലെ. പാട്ടിനെ കുറിച്ചായിരുന്നു കൂടുതലും സംസാരം. പാട്ടാണെങ്കിലും ചളി പറയാനാണെങ്കിലും എല്ലാത്തിലും നല്ല യോജിപ്പുള്ള ഗ്യാങ്. പക്ഷേ, അന്നേരവും ഫൈസി എനിക്ക് സംതിങ് സ്പെഷൽ ആയിരുന്നു. കാരണം, ഞാനെന്ത് തമാശ പറഞ്ഞാലും ഗ്യാങ്ങിൽ വേറെ ആര് ചിരിച്ചില്ലെങ്കിലും ഫൈസി ചിരിക്കും.

ഫൈസി: ആരും ചിരിച്ചില്ലെങ്കിൽ വിഷമം ആയാലോ എന്ന് കരുതിയാണ് ഞാൻ ചിരിച്ചത്. സത്യം പറഞ്ഞാൽ ചിലതൊക്കെ നല്ല ബോറ് തമാശയായിരിക്കും. പാവമല്ലേ... ഞാൻ കൂടി ചിരിച്ചില്ലെങ്കില് ആകെ ചമ്മി പോവില്ലേ...

ശിഖ: ആ ഇഷ്ടം പതിയെ പ്രണയമായി.

അങ്ങനെയിരിക്കേ പൂമരം വന്നു

ശിഖ: ഞങ്ങൾ കണ്ടു മുട്ടുന്നത്, പ്രണയിച്ചത്, ഫൈസിയുടെ സിനിമാ സ്വപ്നങ്ങൾ പൂവണിയുന്നത് എല്ലാത്തിനും സാക്ഷി മഹാരാജാസാണ്.

ഫൈസി: പൂമരത്തിലെ ഒരൊറ്റ പാട്ടാണ് ജീവിതം മാറ്റി മറിച്ചത്. മഹാരാജാസിൽ വന്ന കാലം മുതൽ തന്നെ പലരും ആ വരികൾ മൂളി നടക്കുന്നതു കേട്ടിരുന്നു. 50 കൊല്ലത്തോളം പഴക്കമുണ്ടാകും ആ പാട്ടിന്. എനിക്ക് അതിനോട് എന്തോ വല്ലാത്ത ഇഷ്ടം തോന്നി. അങ്ങനെയാണ് എന്റേതായ മ്യൂസിക് നൽകിയത്. സംവിധായകൻ എബ്രിഡ് ഷൈൻ കലോത്സവത്തിന് പ്രാധാന്യം നൽകുന്ന സിനിമയുമായി ക്യാംപസിൽ എത്തുമ്പോൾ എങ്ങനെയെങ്കിലും ആ സിനിമയുടെ ഭാഗമാകണമെന്നു മാത്രമേ ആഗ്രഹിച്ചുള്ളൂ. പക്ഷേ, സംഭവിച്ചത് ഒരു അദ്ഭുതമാണ്.

പാട്ട് കേട്ടപ്പോൾ തന്നെ ഷൈൻ ചേട്ടൻ ചോദിച്ചു, ‘ഈ പാട്ട് വേറെ ആരെയേലും കേൾപ്പിച്ചിട്ടുണ്ടോ’? ഞാൻ പറഞ്ഞു, ‘പാട്ട് എല്ലാവർക്കും അറിയാം. പക്ഷേ, ഈ രീതിയിൽ എന്റെ കുറച്ചു കൂട്ടുകാര്‍ മാത്രമേ കേട്ടിട്ടുള്ളൂ’. ‘ഇനിയാരെയും കേൾപ്പിക്കണ്ട. ഈ പാട്ട് ഞാൻ സിനിമയിലെടുത്തു’ എന്നു പറഞ്ഞ് എനിക്ക് കൈ തന്നു. സിനിമയിൽ കാളിദാസിന്റെ സുഹൃത്തുക്കളിലൊരാളായി ഞാൻ ചെറിയ വേഷം ചെയ്തു. അതുപോലെ നായികയുടെ സുഹൃത്തായി ശിഖയും വന്നു.

ശിഖ: അങ്ങനെ എന്നേം സിനിമയിലെടുത്തു.

സംഗീതത്തിന് മതമില്ലല്ലോ

ഫൈസി: എന്റെ വീട്ടിലും ശിഖയുടെ വീട്ടിലും വിവാഹ കാര്യം പറഞ്ഞപ്പോൾ സാധാരണ എല്ലാ വീട്ടിലും ഉണ്ടാകുന്ന പൊട്ടിത്തെറി ഉണ്ടായി. വീട്ടിൽ ഉമ്മയ്ക്ക് എന്റെ സുഹൃത്ത് എന്ന നിലയിൽ ശിഖയെ വലിയ ഇഷ്ടമാണ്. എന്നാൽ ഇനി ജീവിതത്തിൽ മുഴുവൻ ഇവൾ എന്റെ കൂട്ടായി വേണം എന്ന് പറഞ്ഞപ്പോൾ ആകെ പരിഭ്രമമായി. ഉപ്പയുടെ കാര്യവും അങ്ങനെ തന്നെ. ‘ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ആദ്യമായിട്ട് ഞാനൊരു കാര്യം ചോദിക്കുകയാണ്. അതു ചെയ്തു തരണം. ഉപ്പയെ ധിക്കരിച്ച് ഞാൻ വിവാഹം കഴിക്കില്ല. എന്നെങ്കിലും വിവാഹം കഴിക്കുന്നെങ്കിൽ അതു ശിഖയെ മാത്രമായിരിക്കും.’ അതാണ് ഉപ്പയോട് പറഞ്ഞത്.

ശിഖ: നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെയാകട്ടെ എന്നായിരുന്നു എന്റെ അച്ഛന്റെ നിലപാട്. എനിക്ക് എന്തു കാര്യത്തിനും അച്ഛനും അമ്മയും ചേട്ടനും ഒപ്പം വേണം. അവരുടെ അനുവാദമില്ലാതെ ഞാൻ എന്റെ ഇഷ്ടത്തിനു പിന്നാലെ പോകില്ല എന്നാണ് വീട്ടിൽ ഞാൻ പറഞ്ഞത്.

വീട്ടുകാരെല്ലാവരും അനുഗ്രഹിച്ചുള്ള വിവാഹം. അതു മാത്രമായിരുന്നു ആഗ്രഹം. തുടക്കത്തിൽ അമ്മയ്ക്ക് കുറച്ച് ക ൺഫ്യൂഷൻ ഉണ്ടായിരുന്നു. ചേട്ടനാണ് പറഞ്ഞു മനസ്സിലാക്കിയത്. ‘എവിടെ ആയാലും അവൾ സന്തോഷമായി ഇരിക്കുന്നതല്ലേ നമുക്ക് പ്രധാനം’ എന്ന് ചേട്ടൻ അമ്മയോടു ചോദിച്ചു. എന്റെ അമ്മാവന്മാർക്കും ഫൈസിയെ ഇഷ്ടമായി. അതോ ടെ അമ്മ കൂളായി.

കുടുംബം

ഫൈസി : എന്റെ നാട് തൃശ്ശൂര്, കൊരട്ടിയാണ്. ഇപ്പോൾ താമസം കാക്കനാട്. വീട്ടിൽ ഉപ്പ അലി, ഉമ്മ ഷാഹിദ, പിന്നെ എനിക്ക് അനിയത്തിയുണ്ട്. ആമിന ഫൗസി. ഒരുപാട് കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തു ജീവിക്കുന്നയാളുകളല്ല ഞങ്ങൾ രണ്ടു പേരും. ഇപ്പോൾ ഹണിമൂൺ യാത്ര മാത്രം ചെറുതായി പ്ലാൻ ചെയ്യുന്നുണ്ട്.

ശിഖ : എനിക്ക് ബാലിയിൽ പോകണമെന്നാണ് ആഗ്രഹം. ചേട്ടൻ ഷിബിൻ മർച്ചന്റ് നേവിയിലാണ്. ഓരോ തവണ വിളിക്കുമ്പോഴും ഓരോ രാജ്യത്തായിരിക്കും. എന്റെ ബെസ്റ്റ് ഫ്രണ്ടും ചേട്ടനാണ്. ചേട്ടൻ പറഞ്ഞ് പറഞ്ഞ് യാത്ര ചെയ്യാൻ എനിക്കും ആഗ്രഹമാണ്. ഞങ്ങളുടെ വീട് തൃശൂര് പാലിയേക്കരയിലാണ്. അച്ഛൻ പ്രഭാകരൻ സർക്കാർ സർവീസിൽ നിന്നു വിര മിച്ചു. അമ്മ ഉഷ.

പാട്ടാണ് ജീവിതം

ശിഖ: രണ്ടാം ക്ലാസ് മുതൽ പാട്ട് പഠിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് ആയതോടെ സ്‌റ്റേജ് ഷോയും ആൽബങ്ങളും ചെയ്തു തുടങ്ങി. പിന്നെ, റിയാലിറ്റി ഷോയുടെ ലോകത്തേക്കിറങ്ങി. ഗന്ധർവ സംഗീതം, രാഗലയം, മെഗാസ്റ്റാർ എന്നീ പ്രോഗ്രാമുകളിൽ റണ്ണർഅപ്പായി. സ്റ്റാർ സിങ്ങർ സെമിഫൈനൽ വരെയെത്തി. റിയാലിറ്റി ഷോയിലൂടെയാണ് ആളുകൾ തിരിച്ചറിയുന്ന നിലയിലെത്തിയത്.

ഫൈസി: ചെറുപ്പം തൊട്ടേ പാട്ട് കൂടെയുണ്ട്. സ്കൂൾ കാലത്ത് മാപ്പിളപാട്ടായിരുന്നു ഐറ്റം. സൗണ്ട് എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കഴിഞ്ഞ ശേഷമാണ് ബി.എ മ്യൂസിക്കിനു ചേരുന്നത്. ‘പൂമര’ത്തിലെ ഞാനും ഞാനുമെന്റാളും എന്ന പാട്ടോടെ ജീവിതം മാറി.

ഇപ്പോൾ തമിഴ് സിനിമയുടെ വർക്കിലാണ്. സ്വന്തമായി ഒരു മ്യൂസിക് ബാൻഡും ഉണ്ട്. ശിഖ കൂടി വരുമ്പോൾ കുറച്ചു കൂടി ലൈവ് ആകും. ഒരുപാട് കഴിവുണ്ടെങ്കിലും ശിഖയ്ക്ക് അതിനൊപ്പം മടിയുമുണ്ട്.

സംഗീതവും അഭിനയവും

ശിഖ: അഭിനയിക്കാൻ ഇഷ്ടമാണ്. മലയാളത്തിൽ ‘നല്ല പാട്ടുകാരി’ എന്ന സിനിമയിൽ പാടിയിട്ടുണ്ട്. തമിഴിൽ പ്രഭുദേവ നായകനാകുന്ന ‘പൊൻ മാണിക്കവേൽ’ എന്ന സിനിമയിലും പാടി. ഇനിയിപ്പോൾ കുറച്ചു നാൾ കല്യാണവും തിരക്കുമൊക്കെയായിരിക്കുമല്ലോ. അതൊക്കെ കഴിഞ്ഞ്, ആൽബം ചെയ്യാനുള്ള പ്ലാൻ ഉണ്ട്.

ഫൈസി: പണ്ടൊക്കെ സിനിമയിൽ എന്തെങ്കിലും ഒരു മേഖലയിൽ എത്തണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ സ്ക്രിപ്റ്റൊക്കെ എഴുതിയിട്ടുണ്ട്. ഏതു വഴിക്ക് അവസരം വന്നാലും സിനിമയിൽ കയറുക മാത്രമായിരുന്നു ലക്ഷ്യം. ഞാൻ പ്രതീക്ഷിച്ചതിലും മികച്ച എൻട്രി കിട്ടി. അതുതന്നെ അനുഗ്രഹം.