Tuesday 17 December 2019 05:05 PM IST

‘ഉപ്പയെ ധിക്കരിച്ച് വിവാഹം കഴിക്കില്ല, വിവാഹം കഴിക്കുന്നെങ്കിൽ അതു ശിഖയെ മാത്രമായിരിക്കും’; ഫൈസി–ശിഖ പ്രണയം പൂവണിഞ്ഞ നിമിഷം

Lakshmi Premkumar

Sub Editor

shikha

സംഗീതത്തെ സ്നേഹിച്ച് ഒടുവിൽ ജീവിതത്തിലും ആ െപണ്‍കുട്ടി തനിക്ക് കൂട്ടായി വേണമെന്നു തോന്നിയപ്പോൾ അവന്‍ കൂടുതൽ ആലോചിക്കാൻ നിന്നില്ല. നേരെ ചെന്ന് ആ പ്രണയമങ്ങ് അവതരിപ്പിച്ചു. വീട്ടുകാരോ ജാതിയോ മതമോ അവരുടെ ഇഷ്ടത്തിനു വിലക്കു കൽപിച്ചില്ല. അല്ലെങ്കിലും സംഗീതത്തിന് എന്തു മതം?

‘പൂമരം’ സിനിമിലെ ‘ഞാനും ഞാനുമെന്റാളും...’ എന്ന ഒറ്റ പ്രണയഗാനം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയ താരമായ സംഗീത സംവിധായകനാണ് ഈ കഥയിലെ നായകൻ, ഫൈസൽ റാസി. നായിക റിയാലിറ്റി ഷോയിലൂടെ ഹൃദയം കവർന്ന ഗായിക ശിഖ പ്രഭാകർ.

സംഗീതത്തിന് മതമില്ലല്ലോ

ഫൈസി: എന്റെ വീട്ടിലും ശിഖയുടെ വീട്ടിലും വിവാഹ കാര്യം പറഞ്ഞപ്പോൾ സാധാരണ എല്ലാ വീട്ടിലും ഉണ്ടാകുന്ന പൊട്ടിത്തെറി ഉണ്ടായി. വീട്ടിൽ ഉമ്മയ്ക്ക് എന്റെ സുഹൃത്ത് എന്ന നിലയിൽ ശിഖയെ വലിയ ഇഷ്ടമാണ്. എന്നാൽ ഇനി ജീവിതത്തിൽ മുഴുവൻ ഇവൾ എന്റെ കൂട്ടായി വേണം എന്ന് പറഞ്ഞപ്പോൾ ആകെ പരിഭ്രമമായി. ഉപ്പയുടെ കാര്യവും അങ്ങനെ തന്നെ. ‘ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ആദ്യമായിട്ട് ഞാനൊരു കാര്യം ചോദിക്കുകയാണ്. അതു ചെയ്തു തരണം. ഉപ്പയെ ധിക്കരിച്ച് ഞാൻ വിവാഹം കഴിക്കില്ല. എന്നെങ്കിലും വിവാഹം കഴിക്കുന്നെങ്കിൽ അതു ശിഖയെ മാത്രമായിരിക്കും.’ അതാണ് ഉപ്പയോട് പറഞ്ഞത്.

ശിഖ: നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെയാകട്ടെ എ ന്നായിരുന്നു എന്റെ അച്ഛന്റെ നിലപാട്. എനിക്ക് എന്തു കാര്യത്തിനും അച്ഛനും അമ്മയും ചേട്ടനും ഒപ്പം വേണം. അവരുടെ അനുവാദമില്ലാതെ ഞാൻ എന്റെ ഇഷ്ടത്തിനു പിന്നാലെ പോകില്ല എന്നാണ് വീട്ടിൽ ഞാൻ പറഞ്ഞത്.

വീട്ടുകാരെല്ലാവരും അനുഗ്രഹിച്ചുള്ള വിവാഹം. അതു മാത്രമായിരുന്നു ആഗ്രഹം. തുടക്കത്തിൽ അമ്മയ്ക്ക് കുറച്ച് ക ൺഫ്യൂഷൻ ഉണ്ടായിരുന്നു. ചേട്ടനാണ് പറഞ്ഞു മനസ്സിലാക്കിയത്. ‘എവിടെ ആയാലും അവൾ സന്തോഷമായി ഇരിക്കുന്നതല്ലേ നമുക്ക് പ്രധാനം’ എന്ന് ചേട്ടൻ അമ്മയോടു ചോദിച്ചു. എന്റെ അമ്മാവന്മാർക്കും ഫൈസിയെ ഇഷ്ടമായി. അതോടെ അമ്മ കൂളായി.

കൂടുതൽ വായന വനിത നവംബർ രണ്ടാം ലക്കത്തിൽ

Tags:
  • Celebrity Interview