മകളുടെ വിവാഹം അതിമനോഹരമാക്കി മാറ്റിയ വിശേഷങ്ങളുമായി ശോഭ കുഞ്ചൻ
കല്യാണം ഒരേയൊരു ആഘോഷം
അംബാനി കുടുംബത്തിലെ വിവാഹ മാമാങ്കത്തെ കുറിച്ചുള്ള ഓരോ വാർത്തയും കൗതുകത്തോടെയാണു നമ്മൾ വായിച്ചത്. നിത അംബാനിയുടെ പേഴ്സനൽ ഡിസൈനറായിരുന്ന സ്വാതി കുഞ്ചന്റെ വിവാഹം പക്ഷേ, ഒരൊറ്റ ചടങ്ങു മാത്രമായി നടത്തിയാണു വ്യത്യസ്തമായത്. മലയാളത്തിന്റെ പ്രിയനടൻ കുഞ്ചന്റെയും പ്രശസ്ത മേക്കപ് ആർട്ടിസ്റ്റ് ശോഭ കുഞ്ചന്റെയും മകളുടെ വിവാഹം ഇങ്ങനെ നടത്തിയതിനു പിന്നിൽ ഒരു കാരണമുണ്ട്. ആ വിശേഷങ്ങൾ ശോഭ കുഞ്ചൻ പറയുന്നു.
‘‘മൂത്ത മകൾ ശ്വേതയുടേത് പ്രണയവിവാഹമായിരുന്നു. ശ്വേതയും മിജു റെമോൾഡും മക്കളുമൊക്കെയായി അടിപൊളിയായി കഴിയുന്നതിനിടെ സ്വാതിക്കു വേണ്ടി ഞങ്ങൾ വിവാഹമാലോചിച്ചു തുടങ്ങി. കുറച്ചധികം ആ ലോചനകൾ വന്നിട്ടും സ്വാതി സമ്മതിച്ചില്ല, അച്ഛനെയും മിജു ചേട്ടനെയും പോലെ ഒരാളെ മാത്രമേ കല്യാണം കഴിക്കൂ എന്നായിരുന്നു അവൾ പറഞ്ഞത്.
ദുബായിൽ നിന്നു വരൻ
എന്റെ അനിയത്തി നിമ്മി കഴിഞ്ഞ വർഷം കാൻസർ ബാധിതയായി മരിച്ചു. നിമ്മിയുടെ മോൾ പൂജ വിവാഹം കഴിഞ്ഞു ദുബായിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. പൂജയുടെ പ്രസവസമയത്ത് അവൾക്കു കൂട്ടിനായി ശ്വേതയും സ്വാതിയും കൂടി പോയി. അവിടെ വച്ചു സ്വാതിയുടെ സുഹൃത്തു സഞ്ജയ് ഹാരിസ് നടത്തിയ ഫാഷൻ ഇവന്റിൽ പങ്കെടുക്കാൻ അവസരം കിട്ടി. ആ ഇവന്റിൽ വച്ചു സഞ്ജയുടെ സുഹൃത്തായ അഭിനന്ദിനെ സ്വാതി പരിചയപ്പെട്ടു. മൂന്നു ദിവസങ്ങൾക്കു ശേഷം ബൈ പറഞ്ഞു പിരിയുമ്പോഴേക്കും രണ്ടുപേരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീടു പലവട്ടം അവർ കണ്ടു സംസാരിച്ചു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ തന്നെ ദുബായിൽ വച്ച് അഭിയെ കണ്ടതും പരിചയപ്പെട്ടതുമൊക്കെ സ്വാതി പറഞ്ഞു. അഭി അച്ഛനെ കാണാൻ നാട്ടിലേക്കു വരുമെന്നും.
കുറച്ചു ദിവസം കഴിഞ്ഞ് അഭി കൊച്ചിയിലെത്തി, സ്വാതിയെ വിവാഹം കഴിച്ചു തരുമോ എന്നു ചോദിച്ചു. നൂറുവട്ടം സമ്മതമായിരുന്നു.സ്വാതിയുടെ പുതിയ മെൻസ് ഷർട്ട് ബ്രാൻഡായ വൈറ്റ് മുസ്താഷിന്റെ റജിസ്ട്രേഷനും മറ്റുമായി തിരക്കുകളുള്ളതു കൊണ്ടു നാലഞ്ചു മാസം കഴിഞ്ഞു വിവാഹം നടത്താമെന്നു തീരുമാനിച്ചു.
അങ്കമാലിക്കാരാണ് അഭിനന്ദിന്റെ കുടുംബം. അച്ഛൻ ബസന്തിനു വിൻഡ് മിൽ ബിസിനസാണ്. അമ്മ ലൗലി ബസന്ത്. അവരുടെ ഇന്റർനാഷനൽ ബിസിനസിന്റെ ആ സ്ഥാനമായ ദുബായ് ഓഫിസും ലണ്ടനിലെ എനോറ വെൻച്വേഴ്സ് എന്ന കമ്പനിയും അഭിയാണു നോക്കിനടത്തുന്നത്. ചേച്ചി അമൃതയും ഭർത്താവ് ഡോ. പ്രശോഭുമൊക്കെ ദുബായിലാണ്. എല്ലാ മാസവും വീട്ടിൽ വന്നു തിരികെ പോകും മുൻപ് അഭി ഗുരുവായൂരിലെത്തി തൊഴും. അങ്ങനെയൊരു യാത്രയുടെ പിറ്റേ ദിവസമാണ് അവർ തമ്മിൽ കണ്ടതെന്നു പറഞ്ഞപ്പോൾ ഗുരുവായൂരപ്പൻ ചേർത്തുവച്ച ബന്ധമാണ് അതെന്നു തോന്നി.
പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി...
ഏപ്രിൽ 21നു വിവാഹം തീരുമാനിച്ചപ്പോൾ തന്നെ ഒറ്റ ചടങ്ങു മതിയെന്നു മോൾ പറഞ്ഞു. മെഹന്ദി, സംഗീത്, ഹൽദി എന്നിവയോടൊന്നും അവൾക്കു താൽപര്യം ഇല്ല. കൊച്ചിയിലെ ചാക്കോളാസ് പവലിയനിലായിരുന്നു വിവാഹം.
കല്യാണത്തിനു കുങ്കുമനിറവും ഗോൾഡനും ചേർന്ന ബനാറസ് സാരിയാണു ശീമാട്ടിയിൽ നിന്നെടുത്തത്. ലേബൽ എമ്മിലെ രേഷ്മയും അനുവും ചേർന്നു ബ്ലൗസ് ഒരുക്കി. സാരിക്കൊപ്പം അണിഞ്ഞ നാലു മാലകളിൽ മൂന്നെണ്ണവും ഞാൻ വർഷങ്ങൾക്കു മുൻപേ ഒരുക്കി വച്ചതാണ്.

10 വർഷം മുൻപു പണിയിച്ചതാണു പവൻ മാല. കുന്ദൻ സർദോസി സ്റ്റൈലിലെ നോർത്ത് ഇന്ത്യൻ മാലയും ഡിസൈൻ നൽകി പണിയിച്ചതാണ്. മയിൽ ഡിസൈനിലുള്ള മാല 20 വർഷം മുൻപു ഭീമയിൽ നിന്നു വാങ്ങിയതും. ചുവപ്പു സാരിക്കു ചേരുന്ന കല്ലുകൾ വച്ച ചെറിയ ചോക്കർ മാത്രം പുതിയതായി മിറാൾഡയിൽ നിന്നു വാങ്ങി. കല്ലുകൾ പതിപ്പിച്ച ജിമിക്കിയുടെ ഡിസൈൻ സ്വാതി വരച്ചു കൊടുത്തു പണിയിച്ചതാണ്. ശ്വേതയാണു മോളെ വിവാഹത്തിനായി ഒരുക്കിയത്. ഞാൻ പൂവു വച്ചുകൊടുത്തു.
എംബ്രോയ്ഡഡ് ലോട്ടസ് മോട്ടിഫുകളുള്ള ഓർഗൻസ സാരിയാണ് അഭി നൽകിയ പുടവ. ആ സാരിയണിഞ്ഞപ്പോൾ വ്യത്യസ്തതയ്ക്കായി ഓഫ് വൈറ്റ് വെയ്‌ൽ ഇട്ടു, അതിൽ സ്വാതിയുടെയും അഭിനന്ദിന്റെയും പേരുകൾ എംബ്രോയ്ഡറി ചെയ്തിരുന്നു. വിവാഹത്തിനു മുൻപ് അഭിയുടെയും മോളുടെയും സുഹൃത്തുക്കൾക്കു മാത്രമായി അതിരപ്പള്ളിയിലെ അഭിയുടെ ഉടമസ്ഥതയിലുള്ള സംരോഹ റിസോർട്ടിൽ ബാച്ചിലർ പാർട്ടി നടത്തി. സ്വാതി തന്നെ ഡിസൈൻ ചെയ്ത വൈറ്റ് ഗൗണാണ് അന്ന് ഇട്ടത്.
വൈറ്റ് മുസ്താഷിന്റെ ലോഞ്ചിങ് ഉടനേയുണ്ട്. ജീവിതത്തിലും കരിയറിലുമുള്ള മോളുടെ പുതിയ ചുവടുവയ്പുകളിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോഷമാണ്.’’
രൂപാ ദയാബ്ജി