Tuesday 30 July 2024 12:08 PM IST : By സ്വന്തം ലേഖകൻ

നിരഞ്ജനാകാൻ കമൽഹാസന്റെയും രജനീകാന്തിന്റെയും വരെ പേരുകൾ, ഒടുവിൽ നിയോഗം പോലെ മോഹൻലാൽ: അക്കഥ

sibi-malayil

‘‘മോഹൻലാലും മഞ്ജുവും േചര്‍ന്നൊരു ഫാന്‍റസി സീന്‍ ഷൂട്ട് െചയ്തിരുന്നു, പക്ഷേ, ആദ്യ േഷാ കഴിഞ്ഞപ്പോള്‍ എനിക്കൊരു േകാള്‍ വന്നു...’’ ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം സിബി മലയിൽ തുറന്നു പറയുന്നു...

കഥ പറഞ്ഞു തുടങ്ങിയാൽ കണ്ണു നനയിച്ചിട്ടേ സിബി മലയിൽ വർത്തമാനം നിർത്തൂ. മുൻപി ൽ നിൽക്കുന്നയാൾ സങ്കടത്തിലായെന്നു തോന്നിയാൽ പൊടുന്നനെയൊരു ട്വിസ്റ്റ് വലിച്ചിടും. അതു കേട്ടാൽ അങ്ങനെയൊക്കെയാണെങ്കിലും ഇങ്ങനെയൊരു സാധ്യതയുണ്ടല്ലോ എന്നു ചിന്തിക്കാൻ തോന്നും. കാൽ നൂറ്റാണ്ടു മുൻപ് 1998 ല്‍ പുറത്തിറങ്ങിയ ‘സമ്മർ ഇൻ ബത്‍ലഹേമി’ന്റെ ഓർമകൾ പങ്കുവച്ചപ്പോഴും അദ്ദേഹം ട്രാക്ക് തെറ്റിച്ചില്ല. ‘‘ബത്‍ലഹേമിനു രണ്ടാംഭാഗം വേണമെന്നുള്ള ആവശ്യം ഏറെക്കാലമായി നേരിടുന്നുണ്ട്. ന്യൂജെന്‍ കുട്ടികള്‍ വരെ അതു ചോദിക്കുന്നുണ്ട്.’’ മെഗാഹിറ്റുകളുടെ സംവിധായകൻ വീണ്ടും സസ്പെൻസിലേക്കു വഴി തുറന്നു.

ഒരു പെൺകുട്ടി രഹസ്യമായി കൊണ്ടു നടക്കുന്ന പ്രണയമാണു സിനിമയുെട െത്രഡ്. െനറ്റിയില്‍ െപാട്ടുകുത്തി, കഴുത്തിലൊരു പിങ്ക് റിബണ്‍ െകട്ടി ഡയാനാ െകാറിയര്‍ സര്‍വീസ് വഴി ബത്‍ലഹേം എസ്റ്റേറ്റിലേക്കു വരുന്ന സുന്ദരി പൂച്ചക്കുട്ടിയിലാണു സിനിമയുെട തുടക്കം. ഒപ്പമുണ്ടായിരുന്ന കത്തില്‍ ഒരു പ്രണയസന്ദേശവും. ‘എന്റെ സുന്ദരൻ കാമുകനെ കാണാൻ ഞാൻ വരുന്നു.’ രവിശങ്കറിന് ആ പ്രേമലേഖനമെഴുതിയ പെൺകുട്ടിയെ സിനിമ തീര്‍ന്നു കഴിഞ്ഞും പ്രേക്ഷകന്‍ തിരിച്ചറിയുന്നില്ല എന്നതാണ് ഏറ്റവും വലിയ സസ്പെന്‍സ്.

‘‘അദൃശ്യ സാന്നിധ്യം അനുഭവപ്പെടും വിധം തിരക്കഥയെഴുതാൻ അപാര കഴിവുള്ള പ്രതിഭയാണു രഞ്ജിത്ത്.’’ സിബി പറഞ്ഞു തുടങ്ങുന്നു. ‘‘തമിഴിൽ ബ്രഹ്മാണ്ഡ സിനിമകൾക്കു തുടക്കം കുറിച്ച നിർമാതാവ് കെ.ടി. കുഞ്ഞുമോൻ ഒരു മലയാള സിനിമ എടുക്കണമെന്ന ആവശ്യവുമായി ഒരിക്കല്‍ എന്നെ സമീപിച്ചു. ജെന്റിൽമാൻ, മുതൽവൻ പോലുള്ള ബിഗ് ബജറ്റ് സിനിമകൾ സൂപ്പർഹിറ്റുകളാക്കിയ നിർമാതാവാണ്. അദ്ദേഹത്തിനു വേണ്ടി സിനിമ ചെയ്യുമ്പോൾ ഞാൻ പിന്തുടർന്നിരുന്ന ഇമോഷനൽ ട്രാക്ക് മാറ്റിപ്പിടിക്കണം.

ഇക്കാര്യം തിരക്കഥാകൃത്തായ രഞ്ജിത്തുമായി സംസാ രിച്ചു. അതിനിടെ ഞങ്ങളൊന്നിച്ചു ‘ഹം ആപ്കെ ഹെ കോ ൻ’ എന്ന സിനിമ കണ്ടു. സല്‍മാന്‍ഖാനും മാധുരിദീക്ഷിതും തകര്‍ത്തഭിനയിച്ച പ്രണയകാവ്യം. അത്രയും കളർഫു ൾ ആയ സിനിമ മലയാളത്തിൽ ഇറങ്ങിയിട്ടില്ല. അങ്ങനെയൊരു സബ്ജക്ട് ആയാലോ എന്നായി ആലോചന.

കഥയുടെ ഔട്ട്‌ലൈൻ തയാറാക്കിയ ശേഷം കെ.ടി. കുഞ്ഞുമോനെ കണ്ടു. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് ആക്‌ഷൻ മൂഡ് ഉള്ള ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ സിനിമയായിരുന്നു. അതെനിക്കു വഴങ്ങില്ല. കാര്യം തുറന്നു പറഞ്ഞു തൽക്കാലം ആ സിനിമയിൽ നിന്നു പിന്മാറി.

പിന്നീടു രഞ്ജിത്തുമായി ചേർന്നു കമൽ ഈ കഥ സിനി മയാക്കാൻ ശ്രമിച്ചു. ‘കുങ്കുമം’ എന്നാണു പേരിട്ടത്. പ്രഭു, ജയറാം എന്നിവരെ നായകന്മാരാക്കാനായിരുന്നു തീരുമാനം. എന്തൊക്കെയോ കാരണങ്ങളാൽ അതും നടപ്പായില്ല.

ഇക്കാലത്താണു തമിഴിൽ സിനിമ ചെയ്യണമെന്ന ആവശ്യവുമായി പ്രശസ്ത സംഗീത സംവിധായകൻ എം. എസ്. വിശ്വനാഥൻ സാറിന്റെ മകൻ ഗോപീകൃഷ്ണൻ എന്നെ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ നിർദേശത്തെ തുടർന്നു തമിഴിലെ ചില തിരക്കഥാകൃത്തുക്കളുമായി ചർച്ച നടത്തിയെങ്കിലും തൃപ്തികരമായ കഥ കിട്ടിയില്ല.

എനിക്കു കമ്യൂണിക്കേറ്റ് ചെയ്യാൻ എളുപ്പമുള്ളവർ എ ഴുതുകയാണെങ്കിൽ കാര്യങ്ങൾ വേഗത്തിലാക്കാൻ സാധിക്കും. അങ്ങനെ ജോൺ പോളിനെ വിളിച്ചു. അദ്ദേഹവുമായി പല കഥകൾ ചർച്ച ചെയ്തിട്ടും ഒത്തു വരാതായപ്പോൾ രഞ്ജിത്തിന്റെ കഥയെക്കുറിച്ചു സൂചിപ്പിച്ചു. രഞ്ജിത്തുമായി ചർച്ച ചെയ്ത ശേഷം ആ കഥ തമിഴിലേക്കു മാറ്റാൻ തീരുമാനമായി. തമിഴിലെ പ്രശസ്ത നടനും എഴുത്തുകാരനുമായ ക്രേസി മോഹനെക്കൊണ്ടു മൊഴിമാറ്റം ചെയ്യിക്കാനായിരുന്നു പ്ലാന്‍.

നായകന്മാരായി ജയറാമും പ്രഭുവും. മഞ്ജു വാരിയർ ഒഴികെയുള്ള കഥാപാത്രങ്ങൾക്കു മഞ്ജുള, മയൂരി, ശ്രീജയ, രസിക എന്നിവര്‍. സംഗീതം വിദ്യാസാഗര്‍. വൈരമുത്തു ഒരു പാട്ടിനു വരിയെഴുതി. ‘നൻപാ നൻപാ’ എന്നാണു സിനിമയ്ക്കു പേരിട്ടത്. ഈ സമയത്ത് എന്റെ ‘പ്രണയവർണങ്ങള്‍’ എന്ന സിനിമയില്‍ അഭിനയിക്കുകയാണു മഞ്ജു. ‘നന്‍പാ നന്‍പാ’ യിലെ അഭിരാമി എന്ന കഥാപാത്രത്തെക്കുറിച്ചു മഞ്ജുവിനോടു സംസാരിച്ചു. ‘ഞാനൊരു റിലേഷൻഷിപ്പിലാണ്. അനുവാദം കിട്ടിയാലേ അഭിനയിക്കാൻ പറ്റൂ.’ മഞ്ജു പിന്മാറാൻ ശ്രമിച്ചു.

മഞ്ജു വാരിയർ എന്ന നടി സിനിമയിൽ ഉയർന്ന നിലയിലേക്കു പോയിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. സിനിമയിൽ നിന്നുള്ള പിന്മാറ്റം കരിയറിനെ ബാധിക്കുമെന്നും വലിയ അവസരങ്ങൾ വരാനിരിക്കുന്നുണ്ടെന്നും മഞ്ജുവിനെ ബോധ്യപ്പെടുത്തി. പിറ്റേന്നു ‘പ്രണയവർണങ്ങളു’ടെ ലൊക്കേഷനിലെത്തിയ മഞ്ജു തമിഴ് സിനിമയി ൽ അഭിനയിക്കാമെന്നു സമ്മതിച്ചു.

ഷൂട്ടിങ് തുടങ്ങി. പ്രഭുവും മഞ്ജുവുമൊത്തുള്ള ഗാന രംഗങ്ങൾ മദ്രാസിലാണു ചിത്രീകരിച്ചത്. പ്രധാന ലൊക്കേഷൻ ഊട്ടിയാണ്. അന്നു പ്രൊഡക്‌ഷൻ കൺട്രോളറും ഇപ്പോൾ നിർമാതാവുമായ എം.രഞ്ജിത്തും ഞാനും കൂടി ഊട്ടിയിലേക്കു പോയി. യാത്രയ്ക്കിടെ പുതിയ സിനിമയുടെ കഥയെക്കുറിച്ചു രഞ്ജിത്ത് ചോദിച്ചു. കേട്ടുകഴിഞ്ഞു നല്ല കഥയാണെന്നും അഭിപ്രായപ്പെട്ടു. പക്ഷേ, കാര്യങ്ങൾ കരുതിയ പോലെയല്ല നടന്നത്. പ്രതീക്ഷിച്ച ചില ഫണ്ട്സ് നിര്‍മാതാവിനു കിട്ടിയില്ല. അങ്ങനെ ആ പ്രൊജക്ട് മൂന്നാമതും മുടങ്ങി.

രഞ്ജിത്ത് കിടന്നെഴുതിയ തിരക്കഥ

‘മറവത്തൂർ കനവി’ന്റെയും പ്രൊഡക്‌ഷൻ കൺട്രോളറായിരുന്നു എം.രഞ്ജിത്ത്. ഒരു ദിവസം മറവത്തൂരിന്‍റെ നിർമാതാവായ സിയാദ് കോക്കറിനോട് ‘നന്‍പാ നന്‍പാ’യു’ടെ കഥ രഞ്ജിത് പറഞ്ഞു.‘മലയാളത്തിലാണെങ്കിൽ നിർമാണം ഞാൻ ഏറ്റെടുക്കാം.’ എന്നായി സിയാദ്. കഥയെഴുതിയ രഞ്ജിത്ത് തന്നെ തിരക്കഥയും എഴുതണമെന്നൊരു നിർദേശം മാത്രമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. മലയാളത്തിലേക്കു മാറിയപ്പോൾ പ്രഭുവിനു പകരം ആ കഥാപാത്രം സുരേഷ് ഗോപിയിലേക്കെത്തി.

ഷൂട്ടിങ്ങിന് ഊട്ടിയിലേക്കു പുറപ്പെടാനുള്ള ദിവസം ര ഞ്ജിത്തിന് കടുത്ത നടുവേദന. ‘യാത്ര ചെയ്യാൻ വയ്യ. വീട്ടിലിരുന്ന് എഴുതിയാൽ മതിയോ?’ രഞ്ജിത്ത് ചോദിച്ചു. ലൊക്കേഷനിൽ രഞ്ജിത്തിന്റെ സാന്നിധ്യമില്ലാതെ മുന്നോട്ടു പോകുക സാധ്യമല്ലെന്ന നിർബന്ധത്തിനു വഴങ്ങി അദ്ദേഹം ഊട്ടിയിലെത്തി. കിടക്ക മാറ്റിയിട്ടു പലകക്കട്ടിലിൽ കമിഴ്ന്നു കിടന്നു തിരക്കഥയെഴുതിയ രഞ്ജിത്തിന്റെ ചിത്രം ഇപ്പോഴും കൺമുന്നിലുണ്ട്.

‘സമ്മർ ഇൻ ബത്‍ലഹേം’ എന്നു പേരിട്ടതു രഞ്ജിത്താണ്. ഡെന്നിസിന്റെ ബത്‍ലഹേമില്‍ നടക്കുന്ന കഥയ്ക്ക് അ തിലും നല്ലൊരു പേരില്ലെന്ന് എല്ലാവരും അംഗീകരിച്ചു.

ബത്‍ലഹേം എസ്റ്റേറ്റിന്റെ ഉടമ ഡെന്നിസിന്‍റെ സുഹൃ ത്താണു രവിശങ്കർ. രവിയുെട മുറപ്പെണ്ണുങ്ങളായ അഞ്ചു സുന്ദരികൾ മുത്തച്ഛനൊപ്പം അവധിക്കാലം ആഘോഷിക്കാൻ വരികയാണ്. കടം കയറി എല്ലാ വഴികളും അടഞ്ഞ രവിയുെട മുന്നിലേക്കാണവര്‍ എത്തുന്നത്. തന്റെ സാഹചര്യങ്ങൾ ഒരിക്കലും ബന്ധുക്കളെ അറിയിക്കാൻ അയാള്‍ ആഗ്രഹിക്കുന്നില്ല. മുറപ്പെണ്ണുങ്ങളിലൊരാളെ വിവാഹം കഴിച്ചാൽ സ്വത്തുക്കൾ തന്നിലേക്കു വന്നു ചേരുമെന്നും കടം വീട്ടാൻ ഇതല്ലാതെ വേറെ വഴിയില്ലെന്നും ഡെന്നിസിനോടു രവി പറയുന്നു. അയാളെ സഹായിക്കാൻ വേണ്ടി ഫാമിന്റെ ഉടമസ്ഥ സ്ഥാനം ഡെന്നിസ് താൽക്കാലികമായി രവിശങ്കറിനു വിട്ടുകൊടുക്കുന്നു.

അഞ്ചു പേരില്‍ ആരാണ് രവിശങ്കറിന്റെ യാഥാർഥ പ്രണയിനിയെന്നറിയില്ല. അതു കണ്ടെത്തിക്കൊടുക്കാമെന്ന് ഡെന്നിസ് വാക്കു നൽകുന്നുണ്ട്. പലപ്പോഴും തൊട്ടടുത്തെത്തുന്നുണ്ടെങ്കിലും അവർക്കതിനു സാധിക്കുന്നില്ല. അതിന്‍റെ കളിചിരിമേളങ്ങളില്‍ കഥ വികസിക്കവെയാണ് അഭിരാമി എന്ന ആമിയുെട ജീവിതത്തിലെ ഒരു വലിയ രഹസ്യം പുറത്തുവരുന്നത്.

മോനായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തിയതു കുതിരവട്ടം പപ്പുവാണ്. ഊട്ടിയിലെ തണുപ്പു സഹിക്കാതെ ശ്വാസം മുട്ടൽ അനുഭവപ്പെട്ട അദ്ദേഹം സങ്കടത്തോെട അഭ്യര്‍ത്ഥിച്ചു, ‘കാലാവസ്ഥ ഒട്ടും പിടിക്കുന്നില്ല‍‍, മോനെ, എന്നെ ഒഴിവാക്കിത്തരണം.’

sibi-4

സിയാദിന്റെ മുൻചിത്രത്തിൽ പ്രധാന വേഷം ചെയ്ത കലാഭവൻ മണിയാണു പിന്നീടു മോനായിയായി അഭിനയിച്ചത്. മുത്തശ്ശനായി ജനാർദനൻ ചേട്ടനും മുത്തശ്ശിയായി സുകുമാരിയമ്മയും ഗംഭീര പ്രകടനം കാഴ്ചവച്ചു.

ഊട്ടിയിലെ ബംഗ്ലാവാണ് ഡെന്നിസിന്റെ വീടായി ചിത്രീകരിച്ചത്. ആ ബംഗ്ലാവിനോടു ചേർന്നു ഹിന്ദി സിനിമയ്ക്കു വേണ്ടി നിര്‍മിച്ച ഔട്ട്ഹൗസും ഞങ്ങള്‍ ഉപയോഗിച്ചു. ഫാമുകളുടെ ചിത്രീകരണം മാട്ടുപ്പെട്ടിയിലായിരുന്നു.

ഐന്തു കസിൻസ് നല്ലിയാവത്

ആമിയെന്ന കഥാപാത്രത്തിന്റെ കന്നട ഡയലോഗ് അക്കാലത്തു ക്യാംപസുകളിൽ തരംഗമായിരുന്നു. ‘ഐന്തു ക സിൻസ് നല്ലിയാരാവതു ഒബ്രുമധുവേ മാടിക്കൊണ്ടേൻ താത്തന്തു പേഴ്സനൽ ആസ്തിയെല്ലാം നിനക്കേ സികിത്തേൻ.’ എന്നായിരുന്നു ആ വാചകം. രഞ്ജിത്ത് എഴുതിയ ഡയലോഗ് കന്നടയിലേക്കു മൊഴിമാറ്റാൻ സഹായിച്ചത് കർണാടകക്കാരിയായ മയൂരിയാണ്. അഞ്ചു കസിൻസിൽ ഒരാളെ വിവാഹം കഴിച്ചാൽ മുത്തശ്ശന്റെ സർവസ്വത്തും നിനക്കു ലഭിക്കുമെന്നാണ് ഇതിന്റെ അർഥം. അതു കണ്ടുപിടിക്കാൻ രവിശങ്കർ നടത്തുന്ന പരിശ്രമങ്ങൾ തിയറ്ററിൽ പൊട്ടിച്ചിരിയുണ്ടാക്കി.

തുള്ളിച്ചാടി നടക്കുന്ന കുസൃതിക്കാരിയാണ് ആമി. അ വളുടെ സന്തോഷത്തിനു പിന്നിൽ ആളിക്കത്തുന്ന പ്രണയവും അതിനു കാരണക്കാരനായി ഒരു യുവാവുമുണ്ട് – നിരഞ്ജൻ. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിരഞ്ജൻ ഒരേയൊരു സീനിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. രവിയേയും ഡെന്നിസിനേയും ഉപേക്ഷിച്ചാണ് നിരഞ്ജനു വേണ്ടി ആമി കാത്തിരിക്കുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നയാൾ അത്രത്തോളം സ്പെഷൽ ആയിരിക്കണം. അ താര്? കമൽഹാസന്റെയും രജനീകാന്തിന്റെയും പേരുകൾ വരെ ഞങ്ങൾ ആലോചിച്ചു.

പിന്നീടൊരു പൊതു അഭിപ്രായം രൂപപ്പെട്ടു, നിരഞ്ജനായി മോഹൻലാൽ മതി. ആ സമയത്തു ബെംഗളൂരുവിലെ ജിൻഡാൽ ആശുപത്രിയിൽ ആയുർവേദ ചികിത്സ കഴിഞ്ഞു താടിയൊക്കെ വളർത്തി സുന്ദരക്കുട്ടനായി വിശ്രമത്തിലാണു ലാല്‍. ഞാനും രഞ്ജിത്തും അവിടെയെത്തി വിവരം പറഞ്ഞു. ‘രണ്ടു ദിവസത്തെ കാര്യമല്ലേ. വരാം,’ ലാൽ വാക്കു നൽകി.

ലാൽ–മഞ്ജു കോംബിനേഷനിൽ ഷൂട്ട് ചെയ്ത രണ്ടു സീനുകൾ ആ സിനിമയിൽ നിന്നു പിന്നീടു വെട്ടി മാറ്റേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി പ്രേക്ഷകർ അറിഞ്ഞിട്ടില്ലാത്ത കാര്യമാണത്.

sibi-1

നിരഞ്ജന്‍റെ മുന്നില്‍ വച്ചു െഡന്നിസ് താലി െകട്ടിയെങ്കിലും അയാളുെട ഭാര്യയായി തുടരാന്‍ ആമി തയ്യാറാകുന്നില്ല. ബന്ധുക്കൾ ഒരുപാട് നിർബന്ധിച്ചിട്ടും അവള്‍ വഴങ്ങുന്നില്ല. ഈ അവസരത്തിൽ ആമിയുെട മുന്നില്‍ സ്വപ് നത്തിലെന്നവണ്ണം നിരഞ്ജൻ പ്രത്യക്ഷപ്പെട്ട് െഡന്നിസിന്‍റെ ഭാര്യയായി ജീവിക്കാന്‍ പറയുന്നതായി ഒരു ഫാന്റസി രംഗം ചിത്രീകരിച്ചിരുന്നു.

സിനിമ റിലീസായ ദിവസം ഞാൻ മദ്രാസിലാണ്. എറണാകുളത്ത് ആദ്യ ഷോ കണ്ടതിനു ശേഷം സിയാദ് കോക്കര്‍ വിളിച്ചു. ‘ബന്ധുക്കള്‍ ആമിയെ നിർബന്ധിക്കുന്ന രംഗവും ലാൽ ഉൾപ്പെടുന്ന ഫാന്റസി സീനും അധികപ്പറ്റായി തോന്നുന്നു. അതൊഴിവാക്കിയാൽ കുറച്ചുകൂടി നന്നാകും.’ സീൻ വെട്ടിമാറ്റിയാൽ പടത്തെ ബാധിക്കുമെന്നു ഞാൻ സംശയിച്ചു. അതിനാൽ, സിയാദിന്റെ ഉടമസ്ഥതയിലുള്ള മൈമൂൺ തിയറ്ററിൽ മാത്രം അടുത്ത മാറ്റിനി ഷോയ്ക്ക് ആ രംഗം കട്ട് ചെയ്ത് പ്രദർശനം നടത്തി നോക്കാന്‍ പറഞ്ഞു. മാറ്റിനി കഴിഞ്ഞ് സിയാദ് വിളിച്ചു. ‘ഒരു പ്രശ്നവുമില്ല. ആളുകൾ ഹാപ്പിയാണ്. അങ്ങനെയൊരു സീൻ ഉണ്ടായിരുന്നതായി എനിക്കു പോലും തോന്നിയില്ല.’ കേരളത്തിലെ എല്ലാ തിയറ്ററുകളിലും പിന്നീടുള്ള ഷോകളിൽ ആ രംഗം നീക്കം ചെയ്തു.

sibi-2

മലൈ കാറ്റ് വന്ത് തമിഴ് പേശുമാ

എന്റെ സിനിമകളിൽ ഏറ്റവും കളർഫുൾ ആണ് ‘സമ്മർ ഇൻ ബത്‍ലഹേം’. ഒരു ഗാനരംഗത്തിൽ മഞ്ജു വാരിയർ ഇരുപതിലേറെ കോസ്റ്റ്യൂമുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെയായിരുന്നു വരികള്‍. ജയറാമും അഞ്ചു സുന്ദരികളും േചര്‍ന്നുള്ള നൃത്തരംഗത്തിനു വിദ്യാസാഗര്‍ നല്‍കിയ ട്യൂൺ േകട്ടു കഴിഞ്ഞ് ഗിരീഷ് ആലോചനയിൽ മുഴുകി. ‘ഏതു വരിയിൽ തുടങ്ങണമെന്ന കാര്യത്തിൽ ഞാനാകെ കൺഫ്യൂഷനിലാണ്...’ ഗിരീഷ് പറ‍ഞ്ഞു. ‘കൺഫ്യൂഷനാണല്ലോ ഈ പാട്ടിന്റെ സിറ്റുവേഷ ൻ...’ എന്നു രഞ്ജിത്ത് ഓർമിപ്പിച്ചു. അടുത്ത നിമിഷം ഗിരീഷ് ആദ്യ വരിയെഴുതി , ‘കൺഫ്യൂഷൻ തീർക്കണമേ...’

ഈ കഥ തമിഴിൽ പ്ലാന്‍ െചയ്യുന്നതിനിടെ തയ്യാറാക്കി വച്ച മനോഹരമായ ഗാനമുണ്ട്. െെവരമുത്തു എഴുതിയ പല്ലവി ഇങ്ങനെയാണ്. ‘മലൈ കാറ്റ് വന്ത് തമിഴ് പേശുമാ...’’ ഈ ഈണം മലയാളത്തിലേക്കു മാറ്റിയാണ് ‘ഒരു രാത്രി കൂടി വിട വാങ്ങവേ...’ എന്ന ഗാനം പിറന്നത്.

സസ്പെൻസിന്റെ ചരടു പൊട്ടാതെ ക്ലൈമാക്സിൽ എത്തിച്ച്, ചോയ്സ് പ്രേക്ഷകർക്കു വിട്ടു കൊടുത്തു കൊണ്ടാണ് സമ്മർ ഇൻ ബത്‌ലഹേം അവസാനിപ്പിച്ചത്. ജ്യോതി, ഗായത്രി ഇവരിലൊരാളാണു രവിശങ്കറിനെ പ്രണയിക്കുന്നത്. അതു പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ആര്? ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് രസികയും മയൂരിയുമാണ്. മയൂരി ഇപ്പോൾ ജീവിച്ചിരിപ്പില്ല. സ്വാഭാവികമായും കഥയുടെ തുടർച്ചയുണ്ടാകേണ്ടതു രസികയിൽ നിന്നാണ്. ശേഷം ഭാഗം സ്ക്രീനിൽ.’’

െെബജു ഗോവിന്ദ്