Saturday 05 December 2020 03:53 PM IST

‘എപ്പോള്‍ എന്തു കഴിച്ചാലും മൂക്കുമുട്ടെ കഴിക്കാതെ നോക്കണം; ഇച്ചിരി ഗ്യാപ് വയറ്റിലുണ്ടാകുന്നതു നല്ലതാണ്’; സ്ലിമിങ് സീക്രട്ട്സ് പറഞ്ഞ് റിമി ടോമി

Lakshmi Premkumar

Sub Editor

rimhhbbbbb ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മെലി‍ഞ്ഞ് സുന്ദരിയായി തകർപ്പൻ ലുക്കിൽ റിമി ടോമി. ആ സ്ലിമിങ് രഹസ്യങ്ങള്‍ ദാ, കേട്ടോളൂ... 

തടിച്ചുരുണ്ട് നല്ല ഗുണ്ടുമണിയായിരുന്ന റിമി ടോമിയെ ഓർമയില്ലേ? ആ റിമി ആളങ്ങ് അ പ്രത്യക്ഷയായി. ഇപ്പോഴുള്ള റിമി ‘ദ് ന്യൂ റിമി’ യാണ്. കഷ്ടപ്പെട്ട് തടി കുറച്ച് രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിയ മേക്കോവർ റിമി. സംശയമുണ്ടേൽ  കൊച്ചി, ഇടപ്പള്ളിയിലെ റിമിയുടെ വീട് വരെയൊന്ന് പോയി നോക്കാം. ‘ണീം... ണീം ...’ ആ കോളിങ്ങ് ബെല്ലൊന്ന് അടിച്ചു നോക്കാം.  

‘ടൺ ഠഡേയ്!!!’ ബാക്ഗ്രൗണ്ടിൽ ജിംഗിൾസ് മുഴ ങ്ങുമ്പോൾ മുന്നിലതാ റിമി...

‘എന്നെ കണ്ടപ്പോൾ ഞെട്ടിയോ?’ എന്നു റിമിയുടെ ചോദ്യം.

ആരു കണ്ടാലും സത്യമായിട്ടും ഞെട്ടും. കാരണം അ ത്രയും ചേഞ്ച്.  

‘‘ചുമ്മാതൊന്നുമല്ല ഈ ഞെട്ടിക്കൽ. കുറച്ചധികം കഷ്ടപ്പെട്ട് തന്നാ... 68 കിലോയിൽ നിന്ന് കപ്പേം ചക്കേം തിന്നാതെ കഷ്ടപ്പെട്ട് എത്തിയതാണീ 52 കിലോ.’’  പ്രൗഢിയോടെ റിമി പറയുകയാണ്.

കാണുന്നവർക്ക്, കാണുന്നവർക്ക് റിമിയുടെ വണ്ണം കുറഞ്ഞ വഴി അന്വേഷിക്കാനേ സമയമുള്ളൂ. ‘ഓ അതങ്ങ്  താനേ കുറഞ്ഞതാന്നേ’ എന്നൊന്നും പറഞ്ഞ് വിനീത മനസ്കയാകാൻ റിമിയൊട്ട് തയാറുമല്ല. എങ്കിൽ പിന്നെ റിമിയോട് തന്നെയങ്ങു ചോദിച്ചാലോ. ഓ... എന്നതാന്നെ !!!

‘അതേയ്... വേറൊരു കാര്യം കൂടെ പറയട്ടെ.’ പറയുന്നതു രഹസ്യമാണെന്ന മട്ടില്‍ റിമിയൊന്നു കണ്ണിറുക്കുന്നു, ‘കഴിഞ്ഞ ദിവസം ഒരുപാട് പേര് വണ്ണം കുറഞ്ഞതിനെപ്പറ്റി പറഞ്ഞു. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ ഭയങ്കര കഴുത്തുവേദന. ഇനിയിപ്പോള്‍ ഇത് ഒരുപാടു േപരു വായിച്ചു കഴിയുമ്പോഴും കഴുത്തു വേദന വരുമോന്നാ ഒരു പേടി. ഈ കണ്ണു കിട്ടുകാന്നൊക്കെ പറയുകേലേ... ഒള്ളതാണോ??? ഓ... ചുമ്മാതാന്നേ... ’

ഈ ചേഞ്ച്, ഇതെങ്ങനെ സാധിച്ചു ?

അതൊരു മഹാ രഹസ്യമാ. സത്യം പറഞ്ഞാൽ, 2012 മുതൽ ഞാന്‍ ഡയറ്റ് സ്റ്റാർട്ട് ചെയ്തു. ആദ്യം ഫോ ളോ ചെയ്തത് രണ്ട് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്. ഇതിൽ  മധുരം ഒഴിവാക്കുകയാണ് ആദ്യപടി. ചായയും കാപ്പിയും മധുരമിട്ടു കുടിച്ചിട്ട് എട്ടു വർഷമായി. ഈ ഡയറ്റിൽ നമുക്ക്  ഇഷ്ടമുള്ളതെല്ലാം അളവു കുറച്ചു കഴിക്കാം. ചോറ്, ചിക്കൻ കറി,  വൈകിട്ട് ചപ്പാത്തി, ദാൽ  അങ്ങനെ. ആദ്യത്തെ മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ  മാറ്റം വന്നു. എപ്പോഴും 65 കിലോയിൽ തന്നെയാണു നിന്നിരുന്നത്. വെയിങ്മെഷീൻ വാങ്ങി സ്ഥിരമായി നോക്കാൻ തുടങ്ങി. രണ്ടു വർഷം കൊണ്ട് 57 കിലോയില്‍ എത്തി.

2015 ൽ ആ ഡയറ്റ് നിർത്തി. വീണ്ടും ഭക്ഷണം കഴിച്ച് തുടങ്ങി. വാരിവലിച്ച് കഴിച്ച് വീണ്ടും ദേ, 60 കിലോയിലേക്ക്. അന്നേരം തുടങ്ങിയതാണ് ഷേക്ക് ഡയറ്റ്. ഈ ഡയറ്റിൽ ചോറ് കഴിക്കാം. രാവിലേയോ വൈകിട്ടോ ഒരു പ്രോട്ടീൻ ഷേക്ക് കൂടി മെനുവിൽ ഉൾപ്പെടുത്തണം. നല്ല റിസൽറ്റായിരുന്നു. പതുക്കെ അതും മടുത്തു. വീണ്ടും തീറ്റയാരംഭിച്ചു. വണ്ണവും കൂടി.

ഈ സമയത്ത് രണ്ട് മൂന്ന് മാസം കീറ്റോ ഡയറ്റെടുത്തു. കൊളസ്ട്രോൾ കൂടിയപ്പോൾ അതങ്ങു നിർത്തി. ഇപ്പോൾ രണ്ടു വർഷമായി  ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ് ചെയ്യുന്നത്. ഇതിൽ ഞാൻ ഭയങ്കര കംഫർട്ടാണ്. എല്ലാം കഴിക്കാം. അളവ് കുറച്ച്. അതിനൊപ്പം വർക്കൗട്ട് സ്ഥിരമാക്കി.

ഈ കൊറോണ കാലം കൂടി തുടങ്ങിയതോടെ ഒരു ദിവസം പോലും വർക്കൗട്ട് മുടക്കാറില്ല. കാർബോ‌ഹൈഡ്രേറ്റിന്റെ  അളവ് നന്നായി നിയന്ത്രിച്ചു. ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ തോന്നുമ്പോൾ കഴിക്കും. പക്ഷേ, പകരം കൂടുതൽ നേരം വർക്കൗട്ട് ചെയ്യും. മുംബൈയിലുള്ള ഹർഷ എന്ന ലേഡിയാണ് ട്രെയിനർ. വണ്ണം കുറയാൻ ട്രെയിനറിന്റെ കീഴിൽ പരിശീലിക്കണമെന്നത് എനിക്കൊരു പുതിയ പാഠമായിരുന്നു. ഹർഷ നിത്യവും 45 മിനിറ്റ് ചെയ്യേണ്ട വർക്കൗട്ടുകള്‍ വാട്സ്‌ആപ് വഴി അയച്ചു തരും. അവർക്ക് ഞാനൊരു കുഞ്ഞു സെലിബ്രിറ്റിയാണെന്നൊന്നും അറിയില്ല. അതുകൊണ്ടു തന്നെ വളരെ സ്ട്രിക്ടാണ്. ചെയ്യണമെന്നു പറഞ്ഞാൽ ചെയ്തേ മതിയാകൂ.

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എന്നു പറഞ്ഞാല്‍ ?

പല രീതിയിൽ നമുക്ക് ഡയറ്റിങ് ചെയ്യാം. എന്റെ രീതി 16 മണിക്കൂർ ഫാസ്റ്റിങും 8 മണിക്കൂർ ഫൂഡ് കഴിക്കുകയും ചെയ്യുന്നതാണ്. രാവിലെ പത്തിന് തുടങ്ങിയാൽ വൈകിട്ട് ആറു വരെ കഴിക്കും. പിന്നെ, പിറ്റേന്നു േബ്രക്ഫാസ്റ്റ് വരെ ഒന്നും കഴിക്കില്ല. ബ്ലാക് ടീ, ലൈം വാട്ടർ അങ്ങനെ വെള്ളം മാത്രം കുടിക്കാം. ഈ ഡയറ്റെടുക്കുമ്പോള്‍ കഴിയുന്നിടത്തോളം വീട്ടിലുണ്ടാ  ക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. കാർബോ‌ഹൈഡ്രേറ്റ് കൂടിയ ഭക്ഷണം കുറച്ച് കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്താം. ജങ്ക് ഫൂഡ് പൂർണമായി ഉപേക്ഷിക്കണം. പകരം പഴങ്ങളും നട്സുമൊക്കെയാണ് ഞാൻ കഴിക്കുന്നത്. പിന്നെ, പ്രധാനകാര്യം എപ്പോള്‍ എന്തു കഴിച്ചാലും മൂക്കുമുട്ടെ കഴിക്കാതെ നോക്കണം. ഇച്ചിരി ഗ്യാപ് വയറ്റിലുണ്ടാകുന്നതു നല്ലതാണ്.

_REE9720

ഭാവനയായിരുന്നോ മോട്ടിവേഷൻ ?

‘ഒന്ന് മെലിഞ്ഞ് നോക്ക് റിമി’ എന്നു ഭാവന പറഞ്ഞു. അപ്പോ ൾ എനിക്കും തോന്നി ഇതുവരെ തടിയുള്ള അനുഭവം മാത്രമല്ലേ അറിയൂ. മെലിഞ്ഞു നോക്കാം എന്ന്. മാത്രമല്ല, പല വിധ ഡയറ്റുകളെ കുറിച്ചും പറഞ്ഞു തരുന്നത് ഭാവനയാണ്. നിത്യവും വിളിക്കും, സംസാരിക്കും. ഡയറ്റിനെ കുറിച്ച് തന്നെയാണ് കൂടുതലും ഞങ്ങളുടെ സംസാരം.

ഡയറ്റ് മാത്രം പോരാ എക്സർസൈസും വേണ്ടേ ?

എന്റെ പൊക്കം അഞ്ച് അടി രണ്ട് ഇഞ്ച് ആണ്. അതുകൊണ്ട് ഐഡിയൽ വെയിറ്റ് 52 ആയിരിക്കണം. ഇപ്പോൾ ഞാൻ ആ ലക്ഷ്യത്തിൽ എത്തി.  ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തം അതു നിലനിര്‍ത്തുകയെന്നതാണ്. ലോക്ഡൗൺ കാലത്ത് പോലും ഒരു ദിവസവും എക്സർസൈസ് മുടക്കിയിട്ടില്ല. ഓരോ ദിവസവും ഓരോ വർക്കൗട്ട് ആയിരിക്കും. ട്രെയിനർ തരും നമ്മൾ അതുപോലെ അനുസരിക്കും.

മോഹം തോന്നി മെലിഞ്ഞു കഴിഞ്ഞപ്പോള്‍... ?

എന്തേ ഇത്രയും വൈകി ഈ തീരുമാനം എടുക്കാനെന്നു തോന്നി.  2012 വരെ എനിക്കു നല്ല വണ്ണമുണ്ട്. ‘അതുകൊണ്ടിപ്പോൾ എന്താ? ആർക്കാ നഷ്ടം? എന്റെയിഷ്ടമല്ലേ, നിങ്ങളിങ്ങനെ എന്നെ കണ്ടാൽ മതി...’ ഇങ്ങനെ കുറേ സ്‌റ്റേറ്റ്മെന്റുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു മനസ്സ്. സാരിയുടുക്കുമ്പോൾ വയറു തോന്നാതിരിക്കാൻ മുറുക്കി ബെൽറ്റിടും. പലപ്പോഴും സ്റ്റേജ് പ്രോഗ്രാമിനു േപാകുമ്പോള്‍ എല്ലാവരും പറയും സാരിയുടുക്കുന്നതാണ് നല്ലതെന്ന്. പക്ഷേ, മൂന്നും നാലും മണിക്കൂർ ബെൽറ്റിട്ട് ഇരിക്കണമല്ലോ എന്നോർക്കുമ്പോൾ അതു വേണ്ടെന്ന് വയ്ക്കും. അതു മാത്രമല്ല, സ്ക്രീനിൽ എന്നെ കാണുമ്പോൾ ഉള്ളതിലും വണ്ണം കൂടുതലുള്ള പോലെ തോന്നിത്തുടങ്ങി. അങ്ങനെയാണ് ഈ ബെസ്റ്റ് തീരുമാനത്തിലേക്ക് എത്തിയത്.

ജീവിതത്തിൽ ഡയറ്റ് കൊണ്ടു വന്ന മാറ്റം?

ഭക്ഷണം എന്നുമെന്റെ വീക്‌നെസായിരുന്നു. ഒരു പ്ലേറ്റ് നിറയെ ചോറും മീൻകറിയും കഴിച്ചിരുന്ന ഞാൻ പതിയെ പച്ചക്കറികൾ കഴിക്കാൻ തുടങ്ങി. ഇപ്പോൾ ഒരു ബൗൾ നിറയെ പച്ചക്കറി എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തും. നന്നായി വെള്ളം കുടിക്കും. ബെൽറ്റിടാതെ, സാരിയുടുത്ത് പെർഫോം ചെയ്യാ ൻ കഴിയും.

മെലിഞ്ഞപ്പോൾ കൂടുതൽ ഹാപ്പിയായോ ?

അയ്യോ സത്യമാണ്. മെലിഞ്ഞപ്പോൾ ഹാപ്പിനസ് താനേ വ ന്നു. പണ്ടൊക്കെ ഞാൻ എന്തൊക്കെ ഡ്രസ്സുകൾ‘ ശ്ശോ ഇതെനിക്ക് ചേരില്ല’ എന്നു കരുതി മാറ്റി വച്ചിട്ടുണ്ടെന്ന് അറിയുമോ? ഇപ്പോൾ അങ്ങനെയൊരു പ്രശ്നമേയില്ല. പിന്നെ, പണ്ട് എനിക്ക് അടിക്കടി വയറിന് അസുഖങ്ങൾ വരുമായിരുന്നു. ഭക്ഷണം നിയന്ത്രിച്ചതോടെ അതൊക്കെ നോർമലായി. വണ്ണം കുറച്ചതു കൊണ്ടു മാത്രം മാറിയ കാര്യങ്ങളാണ് ഇതൊക്കെ. ഇപ്പോൾ എന്നും വ്യായാമം ചെയ്യുന്നില്ലേ. സ്വാഭാവികമായും ശരീരത്തിലെ ഹാപ്പിനസിന്റെ ഹോർമോൺ വർധിക്കും.

പാട്ട്, അവതാരക, സ്‌റ്റേജ് ഷോ, ഇപ്പോൾ യുട്യൂബ് ചാനലും... ഈ എനർജി പാക്ക്  ?

പാട്ടും നൃത്തവും പണ്ടു തൊട്ടേ കൂടെയുണ്ട്.  അവതാരകയായപ്പോഴും എപ്പോഴും റിയൽ ആയിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.  ചിലപ്പോൾ ഞാൻ കരുതും ഇനി ഇങ്ങനെ വേണ്ട കുറച്ച് സീരിയസായി മാറാം. പക്ഷേ, അപ്പോൾ നമ്മൾ അല്ലാതെയാകും. പറയുന്ന തമാശയൊന്നും ഏൽക്കില്ല. എല്ലാം ഭയങ്കര ഏച്ചുകെട്ടൽ. പിന്നേം പഴയപടിയാകും. ‘ഒന്നും ഒന്നും മൂന്ന്’ ചെയ്തു കൊണ്ടിരിക്കുമ്പോൾ കുറേ എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ ഞാൻ കരുതി, ഇനി കുറച്ചു നാൾ ഒന്ന് മാറി നില്‍ക്കാമെന്ന്. പക്ഷേ, എത്രയോ പേർ കുറച്ചു നേരം മനസ്സു തുറന്ന് ചിരിക്കാനായി ‘ഒന്നും ഒന്നും മൂന്ന്’ കാണാറുണ്ടെന്നു പറയുമ്പോൾ   വീണ്ടും പഴയ പവർ പാക്കിലേക്ക് ഞാനെത്തും.

ഒരിക്കൽ ഞങ്ങളുടെ പ്രൊഡ്യൂസർ പറഞ്ഞു, കേരളത്തിലെ ഒരു കാൻസർ സെന്ററിലെ രോഗികൾക്ക് കീമോയുടെയും ട്രീറ്റ്മെന്റിന്റെയും വേദന മറക്കാൻ എന്റെ എപ്പിസോഡുകളാണ് സ്ഥിരമായി ആ വാര്‍ഡിൽ പ്ലേ ചെയ്യുന്നതെന്ന്. കണ്ണും  മനസ്സുംനിറഞ്ഞുപോയി അതുകേട്ടപ്പോള്‍. ഒരു തരിയെങ്കിലും സന്തോഷം മറ്റൊരാൾക്ക് കൊടുക്കാൻ കഴിയുന്നെങ്കിൽ അതുതന്നെ വലിയ ഭാഗ്യം. ചിലര്‍ വിളിക്കുമ്പോൾ പറയും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഡിപ്രഷൻ സമയങ്ങളിൽ ചിരിക്കാൻ വേണ്ടി മാത്രം റിമിയുടെ പ്രോഗ്രാം കാണാറുണ്ടെന്ന്. അതൊക്കെ കേൾക്കുന്നത് എനിക്കു ഭയങ്കര നിറവാണ്.

ലോക്ഡൗൺ കാലത്ത് തോന്നിയ ഐഡിയയാണ് ‘റിമി ടോമി ഒഫീഷ്യൽ’ എന്ന യുട്യൂബ് ചാനൽ. ‘ഒരു മൗന വേദനയാൽ’ എന്ന് തുടങ്ങുന്ന ഡിവോഷനൽ സോങ് ആണ് ആദ്യം ചെയ്തത്. യുട്യൂബിൽ നിന്നു ലഭിക്കുന്ന വരുമാനത്തേക്കാള്‍ ഇരട്ടിയാണ് ഓരോന്നും ഷൂട്ട് ചെയ്യാനുള്ള ചെലവ്. എന്നാലും എനിക്കിഷ്ടപ്പെട്ടു. പാട്ടുകൾക്കൊപ്പം തന്നെ കുക്കിങ്, ഡയറ്റ്, ട്രാവൽ... അങ്ങനെ എനിക്കു തോന്നുന്നതൊക്കെ ഷൂട്ട് ചെയ്യും. സ്വന്തമായി ചെയ്യുന്ന ആൽബം സോങ്സ് ആണ് പ്രധാന പ്രോജക്റ്റ്, എന്റെ ചാനലിൽ തന്നെയാകും എല്ലാം റിലീസ്.‘സുജൂദല്ലേ’ എന്ന് പാടി അഭിനയിച്ച റൊമാന്റിക് പാട്ടാണ് ലേറ്റസ്റ്റ് റിലീസ്. എല്ലാവർക്കും ഇഷ്ടപ്പെടുന്നു എന്നറിയുന്നതാണ് എന്റെ പ്രചോദനം.  

പിന്നെ,  ഈ എനർജി  എനിക്ക് ജന്മനാ മമ്മിയിൽ നിന്നും കിട്ടിയതാ.  മമ്മി ഈ പ്രായത്തിലും മോഹിനിയാട്ടം പഠിക്കുന്നുണ്ട്. പിയാനോ പഠിക്കുന്നുണ്ട്. തമിഴ് സിനിമകളുടെ കട്ട ഫാനാണ്. മമ്മിക്ക് മുന്നിൽ ഞാനൊന്നുമല്ല.    

സ്ഥിരം ചോദ്യമാണ്, എന്നാലും ഗോസിപ്പുകള്‍...?

പലപ്പോഴും  ഫെയ്സ്ബുക്കിലൊക്കെ എന്നെ കുറിച്ച് വരുന്ന വാർത്തകൾ കണ്ട് ഞാൻ തന്നെ അതിശയിച്ചിട്ടുണ്ട്. പലതും കേൾക്കുമ്പോൾ എനിക്കു പ്രതികരിക്കണമെന്ന് തോന്നും.  പിന്നെ, ഓർക്കും എന്തിന് എന്ന്. േസാഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമ നിർമാണം ഉണ്ടാകണമെന്നാണാഗ്രഹം. ഭാവിയിൽ വരുമെന്നു തന്നെയാണ് പ്രതീക്ഷ. നമുക്ക് ചുറ്റുമുള്ള എത്രയോ പേർക്ക് ഇങ്ങനെ ദുരന്ത അനുഭവം ഉണ്ടാകുന്നുണ്ട്. നിയമങ്ങൾ ശക്തമാകുന്നതു തന്നെയാണ് ആകെയുള്ള പരിഹാരം.

വീണ്ടും ഒരു പഴയ ചോദ്യം കൂടെ...

വിവാഹത്തെ കുറിച്ചല്ലേ... ദൈവമേ, എന്റെ മമ്മിക്കും ഇതേ ചോദ്യമാണ് എന്നോടെപ്പോഴും ചോദിക്കാനുള്ളത്. എന്തായാലും ഇപ്പോൾ അതിനെക്കുറിച്ചു ചിന്തിക്കുന്നേയില്ല. ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളുമൊന്നും ആ രുടേയും കുറ്റമല്ല. ആരെയും കുറ്റപ്പെടുത്തുന്നുമില്ല. ജീവിതത്തിൽ എന്തു സംഭവിക്കുന്നതിനും ഒരു കാരണം ഉണ്ടാകും എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ.  

കൈപ്പുണ്യവും പേര് കേട്ടല്ലോ?

അതെന്നാന്നോ, ഞാനുണ്ടാക്കുന്നതു കൊണ്ടു പറയുവല്ല. ന ല്ല രുചിയാ ഉണ്ടാക്കുന്നതിനൊക്കെ. (സ്വതസിദ്ധമായ പൊട്ടിച്ചിരി).  ഞാൻ കുക്കിങ് വിഡിയോ ചെയ്യാൻ പോകുവാണെന്ന് പറഞ്ഞപ്പോൾ വീട്ടിലെല്ലാവരും എന്തോ വലിയ തമാശ കേട്ട രീതിയിലാണെടുത്തത്. പക്ഷേ, എന്റെ പാലാ സ്‌റ്റൈൽ കുടംപുളിയിട്ട മീൻകറിയും ബീഫ് റോസ്റ്റും നല്ല നെയ്യിൽ ഉലർത്തിയെടുക്കുന്ന ബേസൻ ലഡ്ഡുവുമൊക്കെ കഴിച്ചതോടെയുണ്ടല്ലോ എല്ലാവരുമെന്റെ ഫാൻസായി മാറി. ഇപ്പോൾ ബേസൻ ലഡ്ഡു ഈ വീട്ടിലെ സ്ഥിരം ഐറ്റമാണ്. ഉണ്ടാക്കി ഭരണിയിൽ അടച്ചു വയ്ക്കും. ആ ഭരണി എവിടെയാണെന്ന് ചോദിക്കേണ്ട. പോകാൻ നേരം ഞാൻ എല്ലാവർക്കും ഓരോന്നു തരാം.

തള്ളാണെന്ന് തോന്നില്ലെങ്കിൽ ഒരു കാര്യം പറയാം. കഴിഞ്ഞ ദിവസം ഞാൻ ചുമ്മാ യുട്യൂബിൽ കയറി ബീഫ്റോസ്റ്റിന്‍റെ വിഡിയോകള്‍ േനാക്കി. ആദ്യം വരുന്നതിൽ തന്നെയുണ്ട് ഞാന്‍ േപാസ്റ്റ് െചയ്ത വിഡിയോ. പിന്നെ, ആ വിഡിയോ നോക്കിയാണ് വീട്ടില്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കിയത്.

ഇതുപോലെ ഒരു അതിബുദ്ധി വേറെയും കാണിച്ചു. കോവിഡ് തുടങ്ങിയപ്പോള്‍ ഒാർത്തു, ഇൻസ്റ്റഗ്രാമിൽ സജീവമാണ്, ഇനിയിപ്പോൾ ഫെയ്സ്ബുക് ഡിലീറ്റ് ചെയ്തേക്കാമെന്ന്. ബ്രെയിൻ ചിന്തിച്ചതും കൈ പ്രവർത്തിച്ചു. ലക്ഷകണക്കിന് ഫോളോവേഴ്സുള്ള വെരിഫൈഡ് ഫെയ്സ്ബുക്ക് അക്കൗണ്ട് അങ്ങു പോയിക്കിട്ടി. പിന്നെയാ ബുദ്ധിയുദിച്ചത്. ദേ... ഞാനിപ്പോൾ പുതിയൊരു അക്കൗണ്ട് തുടങ്ങി. എല്ലാവരും ഒന്ന് ലൈക്കടിച്ചിട്ട് പോണേ...

സ്ലിം ആയതിന്‍റെ ഏറ്റവും വലിയ ഗുണം

ഡയറ്റിങ്ങിന് മുൻപ് മാസത്തിൽ രണ്ട് തവണയെങ്കിലും  ആന്റി ബയോട്ടിക്സ് കഴിക്കുന്നയാളായിരുന്നു ഞാൻ. തലയൊന്നു വിയർത്താൽ അപ്പോൾ ജലദോഷം. തൊണ്ടയ്ക്ക് എപ്പോഴും പ്രശ്നം, ഡോക്ടറെ വിളിച്ചു േചാദിക്കുമ്പോൾ അവർ പറയും ഇത്രയും മരുന്നുകള്‍ ഇങ്ങനെ വാരി വിഴുങ്ങല്ലേയെന്ന്. കൃത്യമായ ഡയറ്റ് തുടങ്ങിയതോടെ ആന്റിബയോട്ടിക്സിൽ നിന്ന് മോചനം കിട്ടി.

ഒരു പ്രോഗ്രാം ഏറ്റെടുക്കാൻ േപാലും എനിക്കു പേടിയായിരുന്നു. കാരണം, എപ്പോൾ വേണമെങ്കിലും പനി വരാം. തൊണ്ട പോകാം. പക്ഷേ, ഇപ്പോൾ ഏതു പാതിരാത്രിയിലും എനിക്ക് കുളിക്കാം. എത്ര വിയർത്താലും ജലദോഷം അടുത്തുകൂടെ പോലും വരാറില്ല.

cover-oct1-cmyktif_0001