Thursday 03 December 2020 02:27 PM IST

‘കണ്ണും മനസ്സും നിറഞ്ഞുപോയി അതുകേട്ടപ്പോൾ; ഒരു തരിയെങ്കിലും സന്തോഷം മറ്റൊരാൾക്ക് കൊടുക്കാൻ കഴിയുന്നെങ്കിൽ അതുതന്നെ വലിയ ഭാഗ്യം’

Lakshmi Premkumar

Sub Editor

rimiyyrdfcbhvc
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പാട്ട്, അവതാരക, സ്‌റ്റേജ് ഷോ, ഇപ്പോൾ യുട്യൂബ് ചാനലും... ഈ എനർജി പാക്ക് ?

പാട്ടും നൃത്തവും പണ്ടു തൊട്ടേ കൂടെയുണ്ട്. അവതാരകയായപ്പോഴും എപ്പോഴും റിയൽ ആയിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ചിലപ്പോൾ ഞാൻ കരുതും ഇനി ഇങ്ങനെ വേണ്ട കുറച്ച് സീരിയസായി മാറാം. പക്ഷേ, അപ്പോൾ നമ്മൾ അല്ലാതെയാകും. പറയുന്ന തമാശയൊന്നും ഏൽക്കില്ല. എല്ലാം ഭയങ്കര ഏച്ചുകെട്ടൽ. പിന്നേം പഴയപടിയാകും. ‘ഒന്നും ഒന്നും മൂന്ന്’ ചെയ്തു കൊണ്ടിരിക്കുമ്പോൾ കുറേ എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ ഞാൻ കരുതി, ഇനി കുറച്ചു നാൾ ഒന്ന് മാറി നില്‍ക്കാമെന്ന്. പക്ഷേ, എത്രയോ പേർ കുറച്ചു നേരം മനസ്സു തുറന്ന് ചിരിക്കാനായി ‘ഒന്നും ഒന്നും മൂന്ന്’ കാണാറുണ്ടെന്നു പറയുമ്പോൾ വീണ്ടും പഴയ പവർ പാക്കിലേക്ക് ഞാനെത്തും.

ഒരിക്കൽ ഞങ്ങളുടെ പ്രൊഡ്യൂസർ പറഞ്ഞു, കേരളത്തിലെ ഒരു കാൻസർ സെന്ററിലെ രോഗികൾക്ക് കീമോയുടെയും ട്രീറ്റ്മെന്റിന്റെയും വേദന മറക്കാൻ എന്റെ എപ്പിസോഡുകളാണ് സ്ഥിരമായി ആ വാര്‍ഡിൽ പ്ലേ ചെയ്യുന്നതെന്ന്. കണ്ണും മനസ്സുംനിറഞ്ഞുപോയി അതുകേട്ടപ്പോള്‍. ഒരു തരിയെങ്കിലും സന്തോഷം മറ്റൊരാൾക്ക് കൊടുക്കാൻ കഴിയുന്നെങ്കിൽ അതുതന്നെ വലിയ ഭാഗ്യം. ചിലര്‍ വിളിക്കുമ്പോൾ പറയും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഡിപ്രഷൻ സമയങ്ങളിൽ ചിരിക്കാൻ വേണ്ടി മാത്രം റിമിയുടെ പ്രോഗ്രാം കാണാറുണ്ടെന്ന്. അതൊക്കെ കേൾക്കുന്നത് എനിക്കു ഭയങ്കര നിറവാണ്.

ലോക്ഡൗൺ കാലത്ത് തോന്നിയ ഐഡിയയാണ് ‘റിമി ടോമി ഒഫീഷ്യൽ’ എന്ന യുട്യൂബ് ചാനൽ. ‘ഒരു മൗന വേദനയാൽ’ എന്ന് തുടങ്ങുന്ന ഡിവോഷനൽ സോങ് ആണ് ആദ്യം ചെയ്തത്. യുട്യൂബിൽ നിന്നു ലഭിക്കുന്ന വരുമാനത്തേക്കാള്‍ ഇരട്ടിയാണ് ഓരോന്നും ഷൂട്ട് ചെയ്യാനുള്ള ചെലവ്. എന്നാലും എനിക്കിഷ്ടപ്പെട്ടു. പാട്ടുകൾക്കൊപ്പം തന്നെ കുക്കിങ്, ഡയറ്റ്, ട്രാവൽ... അങ്ങനെ എനിക്കു തോന്നുന്നതൊക്കെ ഷൂട്ട് ചെയ്യും. സ്വന്തമായി ചെയ്യുന്ന ആൽബം സോങ്സ് ആണ് പ്രധാന പ്രോജക്റ്റ്, എന്റെ ചാനലിൽ തന്നെയാകും എല്ലാം റിലീസ്.‘സുജൂദല്ലേ’ എന്ന് പാടി അഭിനയിച്ച റൊമാന്റിക് പാട്ടാണ് ലേറ്റസ്റ്റ് റിലീസ്. എല്ലാവർക്കും ഇഷ്ടപ്പെടുന്നു എന്നറിയുന്നതാണ് എന്റെ പ്രചോദനം.

പിന്നെ, ഈ എനർജി എനിക്ക് ജന്മനാ മമ്മിയിൽ നിന്നും കിട്ടിയതാ. മമ്മി ഈ പ്രായത്തിലും മോഹിനിയാട്ടം പഠിക്കുന്നുണ്ട്. പിയാനോ പഠിക്കുന്നുണ്ട്. തമിഴ് സിനിമകളുടെ കട്ട ഫാനാണ്. മമ്മിക്ക് മുന്നിൽ ഞാനൊന്നുമല്ല.

സ്ഥിരം ചോദ്യമാണ്, എന്നാലും ഗോസിപ്പുകള്‍...?

പലപ്പോഴും ഫെയ്സ്ബുക്കിലൊക്കെ എന്നെ കുറിച്ച് വരുന്ന വാർത്തകൾ കണ്ട് ഞാൻ തന്നെ അതിശയിച്ചിട്ടുണ്ട്. പലതും കേൾക്കുമ്പോൾ എനിക്കു പ്രതികരിക്കണമെന്ന് തോന്നും. പിന്നെ, ഓർക്കും എന്തിന് എന്ന്. േസാഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമ നിർമാണം ഉണ്ടാകണമെന്നാണാഗ്രഹം. ഭാവിയിൽ വരുമെന്നു തന്നെയാണ് പ്രതീക്ഷ. നമുക്ക് ചുറ്റുമുള്ള എത്രയോ പേർക്ക് ഇങ്ങനെ ദുരന്ത അനുഭവം ഉണ്ടാകുന്നുണ്ട്. നിയമങ്ങൾ ശക്തമാകുന്നതു തന്നെയാണ് ആകെയുള്ള പരിഹാരം.

Tags:
  • Celebrity Interview
  • Movies