Monday 23 November 2020 02:53 PM IST

ധനുഷ് ഇടയ്ക്ക് തമാശയ്ക്ക് പറയും, ‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഗായകൻ ഞാനാണ്’; സൗഹൃദം പറഞ്ഞ് വിജയ്

Sujith P Nair

Sub Editor

vijayee445667hhggd
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, െലാക്കേഷന്‍: ചോപ് േഷാപ്, പനമ്പള്ളി നഗര്‍, െകാച്ചി.

മുടിയും താടിയും നീട്ടിവളർത്തി, കട്ടിക്കണ്ണട വച്ച് പക്കാ വെസ്‌റ്റേൺ ലുക്കിലാണ് വിജയ് യേശുദാസ്. ഒറ്റ നോട്ടത്തിൽ റഫ് ആൻ‍ഡ് ടഫ്. പക്ഷേ, കണ്ണട മാറ്റിയാൽ ആ കണ്ണുകളിലെ നിഷ്കളങ്കത തെളിയും. സംസാരിച്ചു തുടങ്ങുമ്പോൾ വാക്കുകളിൽ കുസൃതി നിറയും. സെൽഫി ചോദിച്ചു വരുന്നവരെ ചേർത്തുനിർത്തി ‘നിന്റെ പേരെന്താടാ’ എന്നു ചോദിച്ചു ചിരിച്ച് പോസ് ചെയ്യുമ്പോൾ വിജയ് തനി കൊച്ചിക്കാരൻ ആകും. 

അഭിനയത്തിലേക്ക് പൂർണമായി മാറുമോ ?

രണ്ടും ഒരുമിച്ചു കൊണ്ടുപോകാനാണ് തീരുമാനം. പലരും വിചാരിച്ചിരിക്കുന്നത് ‘മാരി’യിൽ വില്ലനായി അഭിനയിക്കാൻ കാരണം ധനുഷുമായുള്ള അടുത്ത സൗഹൃദം ആണെന്നാണ്. ശരിക്കും സംവിധായകൻ ബാലാജി മോഹന്റെ നിർബന്ധമാണ് എന്നെ ആ  പ്രൊജക്റ്റിലേക്ക് എത്തിച്ചത്. ‘പടൈവീരൻ’ ആ യിരുന്നു അടുത്ത ചിത്രം. സിനിമയുടെ പ്രിവ്യൂ കണ്ട് ധനുഷ് പറഞ്ഞു, ‘നീ മാരിയിലേക്കാൾ ഒരുപാട് നന്നായി ചെയ്തിട്ടുണ്ടല്ലോ.’ മാരിയിൽ നീയും സംവിധായകനും പറഞ്ഞു തന്നതിന്റെ ഗുണമാണ് അതെന്നായിരുന്നു എന്റെ മറുപടി. 

ധനുഷ് ഇടയ്ക്ക് തമാശയ്ക്ക് പറയും, ‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഗായകൻ ഞാനാണ്.’ അതു സത്യവുമാണ്. ഇവിടുത്തെ ഏതു പ്രഫഷനൽ ഗായകർക്കു കിട്ടുന്നതിനേക്കാളും കൂടിയ തുകയ്ക്കാണ് അവൻ ‘വൈ ദി സ് കൊലവെറി’ പാടിയത്. അവന്റെ ‘സ്‌റ്റാർ‍ഡ’ത്തിനു ലഭിച്ചതാണ് ആ പ്രതിഫലം. 

‘വിവാഹം കഴിഞ്ഞപ്പോൾ സ്വഭാവം മാറി, എന്റെ ആ സ്വപ്നത്തിന് റഹിം എതിരു നിന്നു’; നിവേദും റഹിമും വേർപിരിയുമ്പോൾ

സൗഹൃദങ്ങൾ ഒരുപാടുണ്ടോ ?

തമിഴിൽ യുവൻ ശങ്കർരാജയും അനിരുദ്ധും ഹാരിസ് ജയരാജുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. മലയാളത്തിൽ എം. ജയചന്ദ്രനും ഗോപി സുന്ദറും രതീഷ് വേഗയുമടക്കം കുറേ പേർ. തുടക്കത്തിൽ ഇംഗ്ലിഷിൽ എഴുതി മലയാളം പാട്ടുകൾ പാടുമ്പോൾ ഉച്ചാരണം വലിയ പ്രശ്നമായിരുന്നു. എംജെസി (എം. ജയചന്ദ്രൻ) എല്ലാം പറഞ്ഞു തന്ന് ഒപ്പം നിന്നു. അന്നു തുടങ്ങിയ അടുപ്പമാണ്. ദുൽഖറും പ്രണവും ഫഹദുമൊക്കെ  ഫ്രണ്ട്സ് സർക്കിളിലുണ്ട്. 

സൗഹൃദങ്ങളുടെ ഉള്ളിൽ നിന്നു ജോലി ചെയ്യാനാണ് കൂടുതലിഷ്ടം. അപ്പോൾ വലിയ എനർജി തോന്നും. ഇപ്പോൾ  കൊച്ചി പനമ്പിള്ളി നഗറിൽ രാജ്യാന്തര മെൻസ് ഗ്രൂമിങ് ബ്രാൻഡായ ‘ചോപ് ഷോപ് ബാർബർ ആൻഡ് ബ്രാൻഡ്’ തുടങ്ങിയതു പോലും സൗഹൃദത്തിന്റെ കൈപിടിച്ചാണ്. സൗത്ത് ഇന്ത്യ മുഴുവൻ ചോപ് ഷോപ്പിന്റെ ഫ്രാഞ്ചൈസി തുടങ്ങാനാണ് പദ്ധതി. പാട്ടും അഭിനയവും ഇപ്പോൾ ബിസിനസും. പ്രളയവും കോവിഡുമെല്ലാം നമ്മളെ പുതിയ ജോലികൾ പഠിപ്പിക്കുമെന്നു പറയുന്നതു ചുമ്മാതല്ല. 

സൗഹൃദങ്ങൾ പോലെ തന്നെയാണ് വാഹന ക്രേസും ?

ലോങ്ഡ്രൈവുകൾ‌ വലിയ ഇഷ്ടമാണ്. 2009 ൽ, ദർശന അമേയയെ ഗർഭം ധരിച്ചിരിക്കുന്ന സമയം. ഞാന്‍ െചന്നൈയിലാണ്. അവർ തിരുവനന്തപുരത്തും. ഒരു ദിവസം എനിക്കു തോന്നി നാട്ടിലേക്കു പോണമെന്ന്. അമേയയ്ക്കായി വാങ്ങിയ കുഞ്ഞുടുപ്പുകളും കളിപ്പാട്ടവുമൊക്കെ വണ്ടിയിലാക്കി ഞാൻ തിരുവനന്തപുരത്തേക്കു വിട്ടു. രാത്രി 11ന് വണ്ടിയെടുത്ത് രാവിലെ ഏഴരയോടെ വീട്ടിലെത്തി. അദ്ഭുതമെന്നു പറയട്ടെ, ഞാൻ എത്തിയതിന്റെ പിറ്റേന്ന് ദർശന പ്രസവിച്ചു. ‍ഡോക്ടര്‍മാർ പറഞ്ഞിരുന്ന ഡേറ്റിനേക്കാൾ 20 ദിവസങ്ങൾക്കു മുൻപേ.

ചെന്നൈയിൽ ഞങ്ങൾക്കൊരു ക്രിക്കറ്റ് ടീമുണ്ട്, ‘മദ്രാസ് ഓൾ സ്റ്റാഴ്സ് (മാസ്).’ ഒരിക്കൽ കൊച്ചി അധികാരിവളപ്പിലെ കച്ചേരി കഴിഞ്ഞ് രാത്രിയിൽ കാറെടുത്ത് പോയി പിറ്റേന്ന് ചെന്നൈയിലെത്തി ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്. അന്നാണ് ആദ്യമായി 50 അടിച്ചത്. അപ്പയും പണ്ടു ലോങ് ഡ്രൈവുകൾ ചെയ്യുമായിരുന്നെന്നു കേട്ടിട്ടുണ്ട്. ഓടിച്ചപ്പോൾ ഇഷ്ടം തോന്നിയാണ് ഇപ്പോഴുള്ള ജാഗ്വാർ വാങ്ങിയത്. കാശൊന്നും ഇല്ലാത്തതിനാൽ രണ്ടും കൽപ്പിച്ച് ബാങ്ക് േലാണെടുത്തു വാങ്ങി. അന്നു വെള്ള നിറമായിരുന്നു. പിന്നീട് നീലയാക്കി, ഇപ്പോൾ കറുപ്പാണ്. വീട്ടിൽ ചേട്ടനൊക്കെ ചോദിക്കും, അതു വിൽക്കാറായില്ലേ എന്ന്. ജാഗ്വാറിനു ശേഷം ഓഡി വാങ്ങിയെങ്കിലും അതു വിറ്റു. ഇലക്ട്രിക് കാർ ആണ് ഇപ്പോഴത്തെ ആഗ്രഹം.

Tags:
  • Celebrity Interview
  • Movies