Wednesday 03 October 2018 04:47 PM IST

കലപില കൂട്ടങ്ങൾക്കിടയിൽപ്പെട്ട അനൂപ് മേനോൻ; എപ്പോഴും പൊട്ടിച്ചിരിക്കുന്ന നാലു പെൺകുട്ടികൾ ഒന്നിച്ചപ്പോൾ

Nithin Joseph

Sub Editor

mia ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

നാലു സുന്ദരിമാരുടെ പുഞ്ചിരിയുമായി ഒരു മുഖചിത്രം ഒരുക്കാൻ ഇത്ര ബുദ്ധിമുട്ടാണോ എന്നു തോന്നിപ്പോകും. കളിയും ചിരിയും  കലപിലയും  തീർന്നിട്ടു വേണ്ടേ ഒന്നു ഫോക്കസ് ചെയ്യാൻ എന്ന മട്ടിൽ ക്യാമറ പോലും  മുഖം വീ ർപ്പിച്ചു. എല്ലാ കുരുത്തക്കേടുകളുടെയും ലീഡർ മിയ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം. എല്ലാവരും ഒന്നു സെറ്റായി വരുമ്പോഴേക്ക് ഏതെങ്കിലും കോമഡി ഡയലോഗും പിന്നാലെ  ഹൈ വോൾട്ടേജ് ചിരിയും.

പെട്ടെന്ന്, രംഗം ഒരൽപം സീരിയസായി. ഉടൻ വന്നു മിയയുടെ വക അറിയിപ്പ്. ‘എല്ലാവരും ഇവിടെ ശ്രദ്ധിക്കുക. ഒരു വൻസംഭവം നടക്കാൻ പോകുന്നു. ഞാൻ നിങ്ങളെയെല്ലാം ഇന്റർവ്യൂ ചെയ്യുകയാണ്.’ കേട്ടയുടനെ ഹന്നയും നിസയും മാധുരിയും പൊട്ടിച്ചിരിക്കാൻ തുടങ്ങി. ‘ആരും ചിരിക്കരുത്. ഞാൻ ഭയങ്കര സീരിയസാണ്. ഓരോ ചോദ്യങ്ങളും ശ്രദ്ധിച്ച് കേട്ട് മറുപടി പറയുക. ഉത്തരം തെറ്റിയാൽ ശിക്ഷയുമുണ്ട്.’ മിയ കണ്ണുരുട്ടി.  

ആദ്യം നിസയോടാണ്. ജേർണലിസ്റ്റ് ആയിരുന്നപ്പോൾ കുറെ ഇന്റർവ്യൂ ഒക്കെ ചെയ്തിട്ടില്ലേ? ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്നു പറയൂ?

നിസ: ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ തോന്നി ലോകത്തെ ഏറ്റവും നല്ല ജോലി എന്നു പറഞ്ഞാൽ അത് മാധ്യമപ്രവർത്തനമാണെന്ന്. തിരുവനന്തപുരം പ്രസ്ക്ലബിൽനിന്ന് ജേർണലിസം പ ഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടി. ഒരുപാട് ആളുകളെ കാണാനും ഇന്റർവ്യൂ ചെയ്യാനുമെല്ലാം കഴിഞ്ഞപ്പോൾ ശരിക്കും ത്രില്ലിലായിരുന്നു. തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് ‍ജഗതിച്ചേട്ടനെ ഇന്റർവ്യൂ ചെയ്തു. ഫിലിം ഫെസ്റ്റിവലിന്റെ നടത്തിപ്പിനെ ഇന്റർവ്യൂവിൽ അദ്ദേഹം ശക്തമായി വിമർശിച്ചു. സംഘാടകർ വേണ്ടപ്പെട്ടവർക്കു മാത്രമാണ് ടിക്കറ്റ് വാരിക്കോരി കൊടുക്കുന്നതെന്നും പറഞ്ഞ്... എനിക്കാണെങ്കിൽ ആ സംസാരവും നിൽപും എല്ലാം കണ്ടപ്പോൾ ശരിക്കും ഒരു പൊളിറ്റിക്കൽ സിനിമ കാണുന്ന പോലെ. ഹോ... അതൊക്കെ ഒാർക്കുമ്പോ...

ഏറ്റവുമധികം കഷ്ടപ്പെട്ടത് നളിനി നെറ്റോയെ ഇന്റർവ്യൂ ചെയ്തപ്പോഴാണ്. അന്നവർ ഇലക്‌ഷൻ കമ്മിഷനർ ആണ്. ചെല്ലുമ്പോൾ ഒരു കെട്ട് ഫയലുകൾക്കു മുന്നിൽ സീരിയസ്സായി ഇരിക്കുകയാണ്. എങ്ങനെ തുടങ്ങണം, എന്തു ചോദിക്കണം എന്നറിയാതെ ഞാൻ അൽപം പകച്ചു. പക്ഷേ, സംസാരി ച്ചു തുടങ്ങിയപ്പോൾ പുള്ളിക്കാരി വെരി കൂൾ..  

മിയ:‘ഒന്നിൽ പിഴച്ചാൽ മൂന്ന്’ എന്നൊരു പഴഞ്ചൊല്ലുണ്ട് മലയാളത്തിൽ, ഇല്ലേ മാധുരി...?

മാധുരി: മൂന്നല്ല, നാലെന്ന് വേണം പറയാൻ. മാർട്ടിൻ പ്രക്കാട്ടിന്റെ ‘ചാർളി’യിൽ ടെസ ആകാൻ ആദ്യം എന്നെ പരിഗണിച്ചിരുന്നു. പക്ഷേ, ആ റോൾ ചെയ്തത് പാർവതിയാണ്. അതോർത്താൽ ഇപ്പോഴും സങ്കടം വരും. രണ്ടു വർഷം മുൻപ് വി.കെ പ്രകാശും അനൂപ് മേനോനും വിളിച്ച് സിനിമയിൽ അവസരമുണ്ടെന്ന് പറഞ്ഞു. ‘ഇനിയും ഒരു സിനിമ കൂടി അവസാന നിമിഷം നഷ്ടപ്പെടുത്താൻ വയ്യെ’ന്ന് ഞാൻ  ആദ്യമേ  പറഞ്ഞിരുന്നു. സെലക്ട് ചെയ്തെങ്കിലും ആ പ്രോജക്ട് നടന്നില്ല. അ ങ്ങനെ രണ്ടാമത്തെ അവസരവും കുളമായി. കഴിഞ്ഞ വർഷം സിനിമയിലേക്കു വിളിച്ചപ്പോൾ ഞാൻ മോഡലിങ്ങിന്റെ ഭാഗമായി കൊളംമ്പോയിലായിരുന്നു. ഒടുക്കം, ലാസ്റ്റ്, അവസാനം നാലാമത്തെ ചാൻസിൽ കറങ്ങിത്തിരിഞ്ഞ് ഞാൻ ‘എന്റെ മെഴുകുതിരി അത്താഴങ്ങളു’ടെ ഭാഗമായി.

മിയ: സായ് പല്ലവി, പിന്നെ ഐശ്വര്യ ലക്ഷ്മി, ദേ ഇപ്പോള്‍ ഹന്ന. ഡോക്ടർമാരെല്ലാം സിനിമയിലേക്ക് വരികയാണോ?

ഹന്ന: എന്നെ സിംപിളായിട്ട് വേണേൽ ഡെന്റിസ്‌റ്റെന്നും പറയാം. കർണാടകയിലെ പഠനം കഴിഞ്ഞ് ഒരു വർഷത്തോളം പ്രാക്ടീസ് ചെയ്തു. ആ സമയത്തും മോഡലിങ്ങിലായിരുന്നു താൽപര്യം. കുറെ റാംപ് ഷോകളിൽ പങ്കെടുത്തു. അങ്ങനെയാണ് ‘ഡാർവിന്റെ പരിണാമം’ എന്ന സിനിമ വന്നത്. പിന്നെ ‘രക്ഷാധികാരി ബൈജു’വിൽ ബിജു മേനോന്റെ നായിക. അതിൽ 15 വയസ്സുള്ള കുട്ടിയുടെ അമ്മയായിരുന്നു. പിന്നീട് ഒരുപാട് അമ്മവേഷങ്ങളിലേക്ക് വിളിച്ചു. എന്റെ പ്രായത്തിനൊത്ത ക്യാരക്ടറിൽ ആദ്യമായാണ് അഭിനയിക്കുന്നത്.

mia_2 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മിയ: അമ്മവേഷം രസമല്ലേ, ഞാൻ ആദ്യം അഭിനയിച്ചത് മാതാവായിട്ടാണ്. മനസ്സിലായില്ലേ, യേശുവിന്റെ അമ്മ മറിയം.

ഹന്ന: ‘ബൈജു’ റിലീസായതിനു ശേഷം മൂന്നു മാസം കൊച്ചിയിലെ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തു. ഡോക്ടറുടെ കുപ്പായത്തിൽ കാണുമ്പോഴും ആളുകൾ തിരിച്ചറിയുന്നത് രസമാണ്. പക്ഷേ, ആ ജോലി ചെയ്യുമ്പോൾ ഇടയ്ക്ക് ലീവെടുത്ത് അഭിനയിക്കാനും  മോഡലിങ്ങിനും പോകാൻ പറ്റില്ല. വല്ലപ്പോഴും ഇങ്ങനെ ചെറിയ ബ്രേക് മാത്രം.

മിയ അടുത്ത ചോദ്യം തുടങ്ങും മുൻപേ മൂന്നു പേരും ചേർന്ന് ഇടയ്ക്കു കയറി. ‘മിയ െമഴുതിരി അത്താഴങ്ങളില്‍ വന്ന കഥ ആദ്യം പറയൂ’ എന്നായി.

മിയ: നെടുമ്പാശ്ശേരി എയർപോർട്ടിൽ പുലർച്ചെ മൂന്നു മണിക്ക് ഉറക്കംതൂങ്ങി നിൽക്കുമ്പോഴാണ് ഞാൻ അനൂപേട്ടനെ          കാണുന്നത്. പുള്ളിക്കാരൻ ലണ്ടനിൽ പോയിട്ട് തിരിച്ചു വരികയായിരുന്നു. അടുത്തേക്ക് ചെന്നപ്പോൾ അനൂപേട്ടൻ  ഒന്നും മിണ്ടാതെ എന്റെ  മുഖത്തേക്ക് തുറിച്ചുനോക്കുന്നു. ഞാൻ ആ ദ്യം വിചാരിച്ചത് എന്നെ മനസ്സിലായിട്ടില്ല എന്നാണ്. ‘ഇന്ന് പോയി നന്നായി ഉറങ്ങിയിട്ട് വരൂ. നാളെ നമുക്കൊന്ന് നേരിട്ടു കാണണം. ഒരു കഥ പറയാനുണ്ട്.’ എന്നായിരുന്നു മറുപടി. പിറ്റേന്ന് ഞാൻ ചെന്നു, എന്നെ സിനിമയിലെടുത്തു.

മിയ: ഇനി നമ്മുടെ കൂട്ടത്തിലൊരാൾ ഒരു കഥ പറയും, പഞ്ചപാണ്ഡവൻമാരുടെ കഥ.

മാധുരി: ആ ചോദ്യം എന്നെ ഉദ്ദേശിച്ചുള്ളതാണ്.

ഹന്ന: നിന്നെ ഉദ്ദേശിച്ചാണ്, നിന്നെത്തന്നെ ഉദ്ദേശിച്ചാണ്, നിന്നെ മാത്രം ഉദ്ദേശിച്ചാണ്.

മാധുരി: എനിക്ക് അഞ്ച് ആങ്ങളമാരാണ്. അവരുടെ ഒരേ യൊരു പെങ്ങളാണ് ഞാൻ. ലളിത്, രജത്, വിനീത്, അമിത്, പ്രണിത്. അതിന്റെയിടയ്ക്ക് ഒട്ടും ചേർച്ചയില്ലാത്ത പേരല്ലേ മാധുരി? ഞാനും ഇടയ്ക്ക് അമ്മയോട് ചോദിക്കാറുണ്ട്, എന്റെ പേര് മാത്രമെന്താ ഇങ്ങനെയെന്ന്. എന്നെ എവിടെനിന്നോ ദത്തെടുത്തതാണെന്ന് പറ‍ഞ്ഞ് അവരെല്ലാം കളിയാക്കും. അവർ അ ഞ്ചു പേരും സംഗീതജ്ഞരാണ്. ഞാനും പാട്ടു പാടും.

നിസ: ആകെ മൊത്തം സംഗീതമയമാണല്ലോ. അച്ഛനും അമ്മയും പാട്ടുകാരാണോ?

മാധുരി: അച്ഛൻ മാർക് ബ്രിഗാൻസ ചാർട്ടേഡ് അക്കൗണ്ടന്റാണ്. അമ്മയുടെ പേര് അമിത ബ്രിഗാൻസ. അച്ഛന്റെ നാട് ഗോവ, അമ്മയുടേത് മംഗലാപുരം. ബെംഗളൂരുവിൽ ആർകിടെക്ടായി ജോലി ചെയ്തു ഞാൻ ആദ്യം. മനോവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുകയാണ് ഇപ്പോൾ. യു.കെയിൽ സ്പെഷൽ എജ്യുക്കേഷനിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്നുണ്ട്.

മിയ: ജേർണലിസ്റ്റ്, ഡോക്ടർ, ആർക്കിടെക്ട്, ഈശ്വരാ ... പുലികളുടെ മുന്നിലാണല്ലോ ഈ പാവം ഞാൻ വന്നുപെട്ടത്?

ഹന്ന: നിസ ജേർണലിസ്റ്റ് മാത്രമല്ല, സ്കൂൾടീച്ചറും ആണ്.

നിസ: ഇപ്പോള്‍ മേലാറ്റൂർ ആർ.എച്.എം.എസ് സ്കൂളിലെ മലയാളം ടീച്ചറാണ്. വി.കെ പ്രകാശിന്റെ കെയർഫുൾ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ജേർണലിസം കാലത്ത്  അനൂപ് മേനോനെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് അന്നേ പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ സിനിമയിലേക്ക് വിളിച്ചത്. എന്റെ ഏറ്റവും വലിയ ക്രിട്ടിക് മകൾ സിയയാണ്. ഷൂട്ടിനു മുൻപ് അവൾ എനിക്കൊരു ഉ പദേശം തന്നു. അഭിനയിക്കുമ്പോൾ അമ്മയ്ക്ക് എപ്പോഴെങ്കിലും പേടി തോന്നിയാൽ കണ്ണടച്ച് ‘ഓൾ ഈസ് വെൽ’ എന്ന് മനസ്സിൽ പറഞ്ഞാൽ മതി, എല്ലാം ശരിയാകും.’

മിയ: ഡോക്ടർ എന്താ എപ്പോഴും ഫുഡിനോടു ‘നോ’ പറയുന്നേ? ഭയങ്കര ഹെൽത് കോൺഷ്യസ് ആണോ?

ഹന്ന: ഒരു മോഡലിങ് കോൺടെസ്റ്റിൽ പങ്കെടുക്കാൻ വേണ്ടി കഠിനമായ ഡയറ്റിലാണ്. കഴിഞ്ഞ മൂന്നു മാസംകൊണ്ട് 12 കിലോ കുറച്ചു. സിനിമയിലെ കഥാപാത്രത്തിനു വേണ്ടി വ ണ്ണം വയ്ക്കേണ്ടി വരുമ്പോൾ നന്നായി ഭക്ഷണം കഴിക്കുമായിരുന്നു. അത് കുറയ്ക്കാൻ വീണ്ടും പട്ടിണി കിടക്കും.

മിയ: എനിക്ക് കുക്കിങ് ഇഷ്ടമാണ്, യാത്രകളും. ഈയടുത്ത് ഒരു സ്‌റ്റേജ് ഷോയുടെ ഭാഗമായി അമേരിക്കയിൽ പോയി. കാലങ്ങളായുള്ള ആഗ്രഹമായിരുന്നു സ്കൈ ഡൈവിങ് ചെയ്യണമെന്ന്. മമ്മിക്ക് ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും എന്റെ കൂടെയങ്ങ് കൂടി. താഴേക്ക് ചാടിയിട്ട് പാരച്യൂട്ട് വിരിയാൻ 30 സെക്കൻഡ് സമയമെടുക്കും. ആ കുറച്ച് സമയമുണ്ടല്ലോ.... എന്റെ മോളേ....

മാധുരി: എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം ബീച്ചുകളാണ്. ഇതുവരെ പോകാത്ത സ്ഥലങ്ങളിൽ ഇഷ്ടം ജപ്പാനാണ്. ഇന്ത്യയിലാണെങ്കിൽ കേരളം തന്നെ ഫേവറിറ്റ്. വേറെയൊരു രഹസ്യം പറയാം. ഞാൻ ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അത് ഫഹദിനു പോലുമറിയില്ല. ഫഹദും നിത്യാ മേനോനും അഭിനയിച്ച വാച്ചിന്റെ പരസ്യത്തിൽ പിന്നി ൽ നിൽക്കുന്ന കുറെ പെൺകുട്ടികളിൽ ഒരാൾ.

മിയ: ഇത്രയധികം പ്രാവശ്യം കേരളത്തിൽ വന്നിട്ട് നന്നായി മലയാളം പഠിച്ചോ?

മാധുരി: പിന്നേ... മോരുകറി, മീൻ വറുത്തത്, തോരൻ, അവിയൽ, പുട്ട്, പപ്പടം.

മിയ: അടുത്ത ചോദ്യം കുറച്ച് ബുദ്ധിമുട്ടുള്ളതാണ്. എന്താണ് പ്രണയം? ആദ്യം മലയാളം ടീച്ചർ പറയൂ.

നിസ: മാധവിക്കുട്ടി പ്രണയത്തെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു, ‘എന്റെ പ്രണയം കാട്ടുതേൻ പോലെയാണ്. അതി ൽ വസന്തങ്ങൾ അലിഞ്ഞു ചേർന്നിരിക്കുന്നു.’

ഹന്ന: പ്രണയം നമുക്ക് ഒരുപാട് സന്തോഷം തരും. ഒപ്പം കുറെയധികം വേദനയും തരും. ഇതു രണ്ടും കൂടിച്ചേർന്നുള്ള ഒ രു മനോഹരമായ ഫീലാണ് പ്രണയം.

മാധുരി: പ്രണയമെന്നാൽ ഓർമകളല്ലേ? ഓർമകളിലൂടെയാ ണ് പ്രണയം ജീവിക്കുന്നത്. അതിനെ മനോഹരമാക്കുന്നതും ഓർമകളാണ്. ഇനി മിയ പറ, എന്താണ് പ്രണയം?

മിയ: അതായത്...നമുക്ക് ഒരാളോട് ആദ്യകാഴ്ചയിൽ തോന്നുന്നത് പ്രണയമല്ല, അത് ഇൻഫാക്ചുവേഷനാണ്. പിന്നെ പതിയെ അത് പ്രണയമാകുന്നു. അതിനു ശേഷം അതൊരു റിലേഷൻഷിപ്പ് ആയി മാറും. ഇതൊക്കെ എവിടുന്ന് പഠിച്ചതാണെന്ന് ചോദിക്കല്ലേ, ഞാൻ ചുറ്റിപ്പോകും.

പിന്നെ, മിയ നേരെ നിസയുടെ അടുത്തേക്ക്. തനി പാലാ സ്‌റ്റൈലിൽ ശബ്ദം താഴ്ത്തിയൊരു ചോദ്യം, ‘നേരത്തെ മാധവിക്കുട്ടി പറഞ്ഞതാണെന്നും പറഞ്ഞ് ഏതാണ്ടോ പറഞ്ഞില്ലാരുന്നോ, അത് എന്നതായിരുന്നു? സത്യമായിട്ടും എനിക്കത് മനസ്സിലായില്ലെന്നേ...’

അതായിരുന്നു ഞാൻ കണ്ട ഏറ്റവും നല്ല പ്രണയം

ചിരിയില്‍ പൊതിഞ്ഞ ചോദ്യോത്തരങ്ങളിലേക്ക് പെട്ടെന്നാണ് അനൂപ് മേനോൻ കടന്നു വന്നത്. നാലു നായികമാർക്കും കഥയുടെ സൃഷ്ടാവ് കൂടിയായ നായകനോട് ചോദിക്കാൻ ഒരൊറ്റ ചോദ്യം മാത്രം.

mia_anoop ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘അനൂപേട്ടന്‍ ഈ കഥ എഴുതിയതിനു പിന്നിൽ എന്തെങ്കികിലും കഥകളുണ്ടോ?‌‌’

അനൂപ് മേനോൻ: ഒരിക്കൽ ഞാൻ ഷേമയുമൊത്ത് ഹിമാചൽ പ്രദേശിലേക്ക് ഒരു യാത്ര പോയി. കൊടും മഞ്ഞായതു കൊണ്ട് അവിടെ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. താമസിച്ച ഹോട്ടലിൽ ഞങ്ങളെ കൂടാതെ ഒരു കപ്പിൾ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യം കണ്ടപ്പോഴേ അവരി ൽ എന്തോ പ്രത്യേകത തോന്നി. ഞാൻ ഷേമയോട് പറഞ്ഞു, ‘ഇവർ ഭാര്യയും ഭർത്താവുമായിരിക്കില്ല’ എന്ന്. പിറ്റേന്ന് വൈകിട്ട് ഞാൻ അവരോട് സംസാരിച്ചു. അങ്ങനെയാണ് ആ കഥ അറിയുന്നത്. അദ്ദേഹം ഒരു ഷെഫാണ്, അവർ ഡൽഹിയിൽ മെഴുകുതിരി ഡിസൈനറും. അവർ ഭാര്യയും ഭർത്താവുമല്ല. ഞാൻ ഇതു വരെ കേട്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ ലൗ സ്‌റ്റോറിയായിരുന്നു അവരുടേത്. 

ആ കൊടുംതണുപ്പിൽ എന്നോടു പറഞ്ഞ അവരുടെ കഥയിൽ നിന്നാണ് ‘മെഴുതിരി അത്താഴങ്ങൾ’ ഉണ്ടാകുന്നത്. അവരുടെ ജീവിതം എവിടെയൊക്കെയോ ഒരു നോവ് പടർത്തുന്നുണ്ട്. അത്ര മനോഹരമായ പ്രണയം. ആ ജീവിതം മുഴുവനായി കാണിക്കണമെങ്കിൽ ഒരു സിനിമയൊന്നും മതിയാകില്ല. പക്ഷേ, ഷൂട്ടിങ് സമയത്ത് നിങ്ങളോടൊന്നും ഞാനീ കഥ പറയാഞ്ഞത് എന്താണെന്നോ?   ഓരോ സീനും ഷൂട്ട് ചെയ്യുമ്പോൾ അവരുടെ ജീവിതത്തിലൂടെ  എനിക്കു തനിച്ച് വീണ്ടും സഞ്ചരിക്കാൻ വേണ്ടി.