Friday 29 November 2019 07:21 PM IST

‘ലക്ഷ്മിയുടെ ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം മേക്കപ്പ് ആണ്’; ഇഷ്ടാനിഷ്ടങ്ങൾ പറഞ്ഞ് ശ്രീലക്ഷ്മിയും ജിജിനും

Lakshmi Premkumar

Sub Editor

sree-jiji

അവതാരകയാണ്, നർത്തകിയാണ്, സിനിമാ നടിയാണ് അതിലെല്ലാം ഉപരി മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ പ്രാണനാണ് ശ്രീലക്ഷ്മി ശ്രീകുമാർ. അച്ഛനെ സ്നേഹിച്ച പോലെ തന്നെ മലയാളികൾ ശ്രീലക്ഷ്മിയേയും നെഞ്ചോട് ചേർത്തു. വേദനകളിലും സന്തോഷങ്ങളിലും കൈ പിടിച്ച് ഒപ്പം നിന്നു. റിയാലിറ്റി ഷോയുടെ ഭാഗമായപ്പോൾ ഇരു കൈയ്യും നീട്ടി സ്വികരിച്ചു.

ഇപ്പോഴിതാ ശ്രീലക്ഷമിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മൂഹൂർത്തം സംഭവിച്ചിരിക്കുന്നു. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ ജിജിന്‍ എന്ന കൊമേഴ്സ്യൽ പൈലറ്റിന്റെ ജീവിതസഖിയായി മാറിയിരിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവരുടെയും പ്രിയപ്പെട്ട സ്ഥലമായ ദുബായിലെ ബുക്തൈർ റസ്റ്ററന്റിൽ കാണുമ്പോൾ കല്യാണത്തിന്റെ തിടുക്കങ്ങളൊന്നും ശ്രീലക്ഷ്മിയുടെ മുഖത്തുണ്ടായിരുന്നില്ല. എന്നാൽ ജീവിതത്തിൽ ആദ്യത്തെ ഇന്റർവ്യൂ നൽകുന്നതിന്റെ എല്ലാ ടെൻഷനും ജിജിന്റെ മുഖത്തുണ്ട്.

വിവാഹത്തിനു മുമ്പ് ശ്രീലക്ഷ്മിയും ജിജിനും ‘വനിതയ്ക്കു’ നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം ചുവടെ...

ജിജിന്റെ വീട്ടിലെ മരുമകളായി...

ശ്രീ ലക്ഷ്മി: ജിജിന്റെ ഡാഡിയുടെ പേര് ജഹാംഗീർ എന്നാണ്. അമ്മ ഷീജ. അനിയൻ ഷിജിൻ. ഞങ്ങളുടെ എല്ലാം പേരുകളിൽ ‘എസ്’ ‘ ജെ’ അക്ഷരങ്ങളുടെ കളിയാണ്. ജിജിൻ എപ്പോഴും പറയും, ഭാവിയിൽ ഒരു കമ്പനി തുടങ്ങുമ്പോൾ എസ് ആന്റ് ജെ എന്റർപ്രൈസസ് എന്ന് പേരിടാമെന്ന്. ആരേയും പിണക്കേണ്ടി വരില്ലല്ലോ. മമ്മി നല്ല കുക്കാണ്. അതുകൊണ്ടു തന്നെ എനിക്ക് കുക്കിങ്ങിൽ പ്രത്യേകിച്ച് പരീക്ഷണങ്ങളൊന്നും ചെയ്യാനില്ല. മമ്മി ഓരോന്നും പറഞ്ഞും തരും. പക്ഷേ, ഇനി അതുപോലൊന്നും പോരല്ലോ. ആ വീട്ടിലെ മരുമകളായി കയറി ചെല്ലുമ്പോൾ ചില മാറ്റങ്ങള്‍ ഒക്കെ േവണ്ടേ...

ജിജിൻ: എനിക്ക് ലക്ഷ്മിയുടെ ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം മേക്കപ്പ് ആണ്. കുറച്ചു പൈസയുണ്ടെങ്കിൽ ആർക്കും കൃത്രിമമായി സൗന്ദര്യം ഉണ്ടാക്കാം, പക്ഷേ, നാചുറൽ ബ്യൂട്ടി ബ്ലസിങ്ങാണ്. അനാവശ്യമായി മേക്കപ്പ് ചെയ്യരുതെന്ന് ഞാൻ എപ്പോഴും പറയും. ഇവള്‍ക്കാണെങ്കില്‍ ഒരു കട്ടന്‍കാപ്പി കുടിക്കാന്‍ പുറത്തു േപാകണെമങ്കില്‍ പോലും മേക്കപ്പിടണം.

ശ്രീലക്ഷ്മി: ജിജിന്റെ ഒരേയൊരു നെഗറ്റീവ് ദേഷ്യമാണ്. പിന്നെ, എല്ലാക്കാര്യത്തിലും കൃത്യത പാലിക്കുന്നയാളാണ്. പ ത്തു മണിക്കു കാണാം എന്നു പറഞ്ഞിട്ടുണ്ടെങ്കില്‍, ഞാനെത്തുമ്പോൾ പത്തര പതിനൊന്നൊക്കെയാകും. ജിജിൻ കൃത്യം പത്തടിക്കുമ്പോൾ അവിടെയുണ്ടാകും. നേരം വൈകിയതിന്റെ ചീത്ത വിളി വേറെ. അതുപോലെ തന്നെ രാവിലെ കൃത്യമായി എഴുന്നേൽക്കും. അടുക്കും ചിട്ടയോടും കൂടി എല്ലാം ചെയ്യും. എന്റെ നേരെ ഓപ്പസിറ്റ്. ഞാനാണെങ്കിൽ എപ്പോഴും ചിരിച്ചോണ്ടിരിക്കും. കണ്ണ് നിറഞ്ഞാൽ പോലും ചുണ്ടിൽ ചിരിക്കാൻ ശ്രമിക്കും.

വിശദമായ വായന വനിത രണ്ടാം ലക്കത്തിൽ