Saturday 15 December 2018 11:12 AM IST

ശിക്കാരി ശംഭു തിയറ്ററിലെത്തുന്നതോടെ ‘അയലത്തെ പെൺകുട്ടി’ ഇമേജ് മാറും; കാരണം ശിവദ പറയുന്നു

Ammu Joas

Sub Editor

sshivada002 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

യാത്രകളും ഡ്രൈവിങ്ങുമാണ് സിനിമ കഴിഞ്ഞാലുള്ള എന്റെ ഇഷ്ടങ്ങൾ. ദേ, ‘വനിത’യുടെ കവർ ഷൂട്ടിന് ഇറങ്ങുമ്പോഴും ഒന്നുമാലോചിക്കാതെ എന്റെ സ്വീറ്റ് ഹോണ്ടാ സിറ്റിയുടെ ഡ്രൈവിങ് സീറ്റിലേക്ക് കയറുകയായിരുന്നു. ഇന്ത്യയിലെ ചുറ്റിയടി മുഴുവൻ സ്വയം ഡ്രൈവ് ചെയ്തു തന്നെയാണ്. ഭർത്താവ് മുരളിയും ഞാനും ഫ്രണ്ട്സുമൊത്താണ് യാത്രകളൊക്കെ. കഴിഞ്ഞ ര ണ്ടു കൊല്ലത്തിനിടെ  ന്യൂസിലൻഡ് ഉൾപ്പെടെ എട്ടു സ്ഥലങ്ങളിലേക്കു യാത്ര പോയി. അടുത്ത ബ്രേക്കിലെ ഓസ്ട്രേലിയൻ ട്രിപ്പിനുള്ള ബാഗ് ഇപ്പോഴേ പാക്ക് ചെയ്തുകഴിഞ്ഞു. അയലത്തെ പെൺകുട്ടിയാണ് മലയാളികൾക്ക് ശിവദ. എന്നാൽ ‘ശിക്കാരി ശംഭു’ തിയറ്ററിലെത്തുന്നതോടെ ആ ഇമേജ് മാറും. ശിവദ പറയുന്നു.

ഐ ആം എ മല്ലു ഗേൾ

തമിഴ് സിനിമയോടാണോ കൂടുതലിഷ്ടമെന്ന് പലരും ചോദിക്കാറുണ്ട്. അങ്ങനെയൊന്നുമില്ല കേട്ടോ. മലയാളത്തിലും തമിഴിലും ആറു വീതം സിനിമകൾ ചെയ്തിട്ടുണ്ട്. കരുത്തുറ്റ കഥാപാത്രങ്ങളാണ് തമിഴിൽ നിന്നു കിട്ടിയതെല്ലാം. ‘അതേ കൺകൾ’ എന്ന ചിത്രത്തിൽ വില്ലത്തിയായിരുന്നു, അതിൽ ഫൈറ്റ് സീക്വൻസുമുണ്ടായിരുന്നു. ‘മായ’ സിനിമയുടെ സംവിധായകൻ അശ്വിന്റെ ‘ഇരവാക്കാല’ത്തിൽ എസ്.ജെ. സൂര്യക്കും വാമിക ഗബ്ബിക്കുമൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്
ഞാനിപ്പോൾ

ഹലോ... ചാക്കോച്ചനല്ലേ


ടിവി ചാനലിൽ പ്രോഗ്രാം ആങ്കറിങ് ചെയ്തായിരുന്നു തുടക്കം. പതിവുപോലെ സ്റ്റുഡിയോയിലെത്തിയപ്പോഴാണ് ഇന്ന് സിനിമാതാരവുമായി ലൈവ് ചാറ്റ് ആണെന്നു പ്രൊഡ്യൂസർ  പറയുന്നത്. താരം ആരാണെന്നോ, സാക്ഷാൽ കുഞ്ചാക്കോ ബോബൻ. ആയിടയ്ക്ക് മിക്ക താരങ്ങളെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. പക്ഷേ, എന്റെ ആദ്യ ഗസ്റ്റിന്റെ നായികയാകുന്നത് ഇപ്പോഴാണ്. ‘ശിക്കാരി ശംഭു’വിൽ ചാക്കോച്ചനാണ് നായകൻ. ഇതിലെ എന്റെ കഥാപാത്രത്തെ കുറിച്ചറിഞ്ഞാൽ നിങ്ങൾ ഞെട്ടും, അനിതയെന്ന ഇറച്ചിവെട്ടുകാരിയാണ്


ചക്ക വറുത്തതും ജയേട്ടനും



തമിഴിൽ സൂപ്പർഹിറ്റ് അവസരം വേണ്ടെന്നു വച്ചിട്ടാണ് ‘സൂ... സൂ... സുധിവാത്മീക’ത്തിൽ അഭിനയിച്ചത്. വർഷങ്ങളായി പരിചയമുള്ള ഒരാളോട് സംസാരിക്കുന്ന പോലെയാണ് ജയസൂര്യ സംസാരിക്കുക. ജയേട്ടൻ ഇടയ്ക്ക് ഓരോ പണിയും തരും. ഷൂട്ടിനിടെ ഒരു വീട്ടിൽ പോയി. അവിടെ ചക്ക വറുക്കുന്നതിന്റെ അസ്സൽ മണം. ജയേട്ടനു വേണം, പക്ഷേ, അത് എന്റെ തലയ്ക്കിട്ടു. ‘ദേ, ഈ കുട്ടിക്ക് വേണം...’ എന്നു പറഞ്ഞു കളഞ്ഞു. പിന്നീട് ‘ഇടി’യുടെ സെറ്റിലെത്തിയപ്പോൾ ജയേട്ടൻ വരവേറ്റതു തന്നെ ഈ തമാശ
പറഞ്ഞാണ്.


സാരിയും ഞാനും തമ്മിൽ

sshivada001



 എല്ലാത്തരം വേഷവും ഇഷ്ടമാണെങ്കിലും എത്‌നിക് വെയറാണ് കൂടുതൽ ചേരുന്നതെന്ന് എല്ലാവരും പറയും. ആഘോഷവേളകളിൽ സാരി തന്നെയാണ് തിരഞ്ഞെടുക്കുക. കലപില കൂട്ടി ഓടിനടക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ  ഹെവി സാരികൾ അധികം ഉടുക്കാറില്ല. ലൈറ്റ് വെയ്റ്റ് സാരികളോടാണ് ഇഷ്ടം. സാരി ഉടുത്ത് വരുമ്പോൾ നല്ല ഭംഗിയുണ്ടെന്നു ഫ്രണ്ട്സ് പറയാറുണ്ട്. യോഗയാണ് ഫിറ്റ്നസിന്റെ രഹസ്യം. നാട്യഗുരുക്കന്മാരായ ശാന്ത– ധനഞ്ജയന്മാരുടെ അടുത്ത് നൃത്തവും പഠിക്കുന്നുണ്ട്.

മുരളിയുടെ സ്വന്തം



എട്ടു വർഷം ഞാനും മുര ളീകൃഷ്ണനും സുഹൃത്തുക്കളായിരുന്നു.  രണ്ടു വർഷം മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം. ‘രഘുവിന്റെ സ്വന്തം റസിയ’യിൽ നായകനായാണ് മുരളി സിനിമയിൽ എത്തിയത്. മുരളി ഇപ്പോൾ അഭിനയത്തോടൊപ്പം ബിസിനസും ചെയ്യുന്നുണ്ട്. അച്ഛൻ വിജയരാജൻ ഭെല്ലിൽ എ.ജി.എം ആയിരുന്നു. അന്നും ഇന്നും എന്നെ സപ്പോർട്ട് ചെയ്ത് കൂടെ നടപ്പാണ് അമ്മ കുമാരിയുടെ ജോലി. ചേച്ചി ശ്രീധന്യ കുഞ്ഞുവാവയൊക്കെയായി എറണാകുളത്ത് താമസം.



കൂടുതല്‍ ചിത്രങ്ങള്‍ കാണാം