Saturday 13 October 2018 02:37 PM IST

‘സ്ത്രീപദ’ത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മടിയനായ വില്ലൻ; സുഭാഷ് മേനോന്റെ വിശേഷങ്ങൾക്കൊപ്പം...

Unni Balachandran

Sub Editor

subhash
ഫോട്ടോ: ബേസിൽ പൗലോ

മലയാള സിനിമാ താരങ്ങളിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ കൃത്യമായ ഒരു പേര് പറയുന്ന അഭിനേതാക്കൾ എണ്ണത്തിൽ കുറവാണ്. പക്ഷേ, നടൻ സുഭാഷിന്റെ പ്രിയതാരങ്ങളുടെ പട്ടികയിൽ രണ്ടുപേരാണ് ഉള്ളത്. സായ്കുമാറും സിദ്ദിക്കും. ‘രണ്ടു പേരും മികച്ച നടന്മാരാണ്. അവരുടെ വില്ലൻ കഥാപാത്രങ്ങളാണ് എനിക്ക് ഏറെ ഇഷ്ടം.’

സ്ഥിരമായി പൊലീസും വില്ലനുമാകുമ്പോൾ സീരിയലിലെ പല നടന്മാരും ഒരേ തരം കഥാപാത്രങ്ങൾ ചെയ്യുന്നത് മടുപ്പാണെന്ന് പറയും. അവിടെയും സുഭാഷ് മേനോന്‍ വ്യത്യസ്തനാണ്. ഇതുവരെ കിട്ടിയതിൽ അധികവും വില്ലൻ കഥാപാത്രങ്ങളാണെങ്കിലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളോടുള്ള ഇഷ്ടം സുഭാഷിന് അവസാനിക്കുന്നില്ല മഴവിൽ മനോരമയിെല ‘സ്ത്രീപദം’ സീരിയലിൽ സതീഷ് ഗോപൻ എന്ന ചിരിയുള്ള വില്ലനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച സുഭാഷ് മേനോന്റെ വിശേഷങ്ങൾക്കൊപ്പം.

വില്ലൻ വേഷങ്ങളോട് എങ്ങനെയാണിത്ര ഇഷ്ടം ?

ആദ്യം തൊട്ടേ വില്ലൻ വേഷമിഷ്ടപ്പെട്ട് ചെയ്തതല്ല. മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, എന്നെ തേടി വന്നതെല്ലാം പൊലീസ് വേഷങ്ങളും നെഗറ്റിവ് ഷേഡുള്ള വേഷങ്ങളും. ടൈപ്കാസ്റ്റ് ചെയ്യപ്പെടുമെന്ന് പേടിച്ച് വരുന്ന അവസരങ്ങൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലല്ലോ. പിന്നീട് അത്തരം കഥാപാത്രങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങി.

സീരിയിലിനു മുൻപുള്ള ജീവിതം?

ഞാൻ പഠിച്ചത് തൈക്കാടുള്ള മോഡൽ സ്കൂളിലും ആർട്സ് കോളജിലുമായിരുന്നു. അച്ഛൻ ഭാസ്കരൻ നായർ കേരള യൂണിവേഴ്സിറ്റിയിൽ ജോലിക്കാരനായിരുന്നു. പക്ഷേ, കുടുംബത്തിന്റെ സാമ്പത്തിക നില അത്ര മെച്ചമായിരുന്നില്ല. അ ച്ഛനും അമ്മ രാജേശ്വരിയും ചേട്ടൻ സുരേഷും ചേച്ചിമാർ ജയലതയും പ്രിയലതയും പിന്നെ, ഇളയവനായ ഞാനും.

പഠനത്തിനൊപ്പം പല ജോലികളും ചെയ്തിട്ടുണ്ട്. വീട്ടിലെ വരുമാനം കൊണ്ട് മാത്രം കാര്യങ്ങൾ സുഗമമായി നടക്കുന്ന അവസ്ഥയില്ലായിരുന്നു. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടു പോകുമ്പോൾ വല്ലാത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നു. അതിൽ നിന്നൊരു ആശ്വാസം എന്ന നിലയിലാണ് നാടക പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.നാട്ടിലെ ക്ലബ്ബുകളിലും നാടക റിഹേഴ്സൽ ക്യാംപുകളിലും ഒക്കെ വെറുതെ പോയിരിക്കും. അവിടെ നടൻമാർക്കു ഡയലോഗ് പറഞ്ഞുകൊടുക്കുന്ന പണിയായിരുന്നു. നാടകം സ്‌റ്റേജിൽ കയറുന്നതിന് തലേ ദിവസം ഒരാൾക്ക് എത്തിച്ചേരാൻ പറ്റില്ലെന്ന് അറിഞ്ഞു. ഡയലോഗറിയാവുന്ന എന്നെയാണ് അവർ പകരക്കാരനാക്കിയത്.

PGD_4627

സ്വന്തം നാട്ടിൽ അരങ്ങേറിയ അമച്വർ നാടകത്തില്‍ അഭിനയിച്ചത് എനിക്കൊരു ക്രെഡിറ്റായി. പരിചയമുള്ള കുറേയാളുകളുടെ മുന്നിൽ കുറച്ച് സമയത്തേക്കെങ്കിലും അവർക്ക് സുപരിചതനല്ലാത്ത ഒരാളായി മാറുക. അങ്ങനെയാണ് അഭിനയമൊരു ആവേശമാകുന്നത്.

നാടകത്തിൽ നിന്നു സീരിയലിലേക്ക്?

നാടകത്തിനോടുള്ള ഇഷ്ടം കൂടി വന്ന സമയത്ത് ക്ലബ്ബും അതിന്റെ ഭാരവാഹികളായ ചേട്ടൻമാരുമെല്ലാം പല വഴിയേ പോയി. അപ്പോഴും എന്റെ ആവേശം കുറഞ്ഞിരുന്നില്ല. ‘ശമനതാളം’ എന്നൊരു നാടകം ഞാൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചു. അത് കണ്ടാണ് പലരും പറഞ്ഞത്, നന്നായി അഭിനയിക്കുമല്ലോ സിനിമയിലോ സീരിയലിലോ ശ്രമിച്ചുകൂടെയെന്ന്. അന്നത്തെ ജീവിത സാഹചര്യം വച്ചു ചിന്തിച്ചപ്പോൾ എനിക്കും തോന്നി, കൂടുതൽ പ്രതിഫലം കിട്ടാൻ അതാണ് നല്ലതെന്ന്.

ചാനലില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴിയാണ് സീരിയലിലെ ടെക്നീഷ്യൻസുമായി പരിചയപ്പെട്ടത്. സംവിധായകൻ ബാലു കിരിയത്തിന്റെ സീരിയലിലാണ് ആദ്യമായി അവസരം കിട്ടിയത്. പക്ഷേ, ‘അവസരം’ തന്നതുകൊണ്ട് തന്നെ പ്രതിഫലം ഉണ്ടായിരുന്നില്ല. രാവിലെ മുതൽ സെറ്റിലെത്തി എല്ലായ്പ്പോഴും സംവിധായകന്റെ കൺവെട്ടത്ത് നിൽക്കും.

മുഴുവൻ നേരവും സീരിയൽ സെറ്റിൽ നിൽക്കേണ്ടിയിരുന്നതുകൊണ്ട് സാമ്പത്തികത്തിനായി മറ്റ് ജോലികൾ ചെയ്യാനും പറ്റാതെയായി. ആ സീരിയലിലെ നായകൻ മണിയൻപിള്ള രാജു ചേട്ടൻ സീരിയലെടുക്കാൻ പോകുന്നുവെന്നറിഞ്ഞ് അവസരം ചോദിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, ചോദിച്ചപ്പോൾ, നായകനായ ചേട്ടന് പോലും ഞാനീ സീരിയലിൽ അഭിനയിക്കുന്നത് അറിയില്ലായിരുന്നുവെന്ന് മനസ്സിലായി. അന്നത്തെ ദിവസത്തിന് എന്റെ കണ്ണീരിന്റെ വിലയായിരുന്നു.

പക്ഷേ, രാജു ചേട്ടൻ സീരിയൽ ചെയ്തപ്പോൾ എന്നോട് സംവിധായകനെ കാണാൻ പറഞ്ഞു. ആ സീരിയലിന്റെ തിരക്കഥാകൃത്ത് ഭാസി മാങ്കുഴിയും എനിക്കു വേണ്ടി ശുപാർശ ചെയ്തു. അഭിനയം ആവേശമാണെങ്കിൽ പണം എനിക്കന്ന് അ ത്യാവശ്യമായിരുന്നു. നടനെന്ന് പേരെടുക്കുക എന്നതിലുപരി കുടുംബത്തിന് താങ്ങാകുക എന്ന ലക്ഷ്യവുമുണ്ട്.

മല്ലികാ സുകുമാരന്റെ മകനായിരുന്നു എന്റെ കഥാപാത്രം. ആദ്യ ദിവസം അഭിനയിച്ചു കഴിഞ്ഞപ്പോൾ എനിക്ക് പ്രൊഡക്‌ഷനിൽ നിന്ന് അഞ്ഞൂറ് രൂപ തന്നു. എന്താണിതെന്ന് അറിയാതെ നിന്നപ്പോൾ, മണിയൻപിള്ള രാജുചേട്ടൻ വന്നു പറഞ്ഞു, ‘നിങ്ങളെ അറിയാത്തതുകൊണ്ടാണ് പ്രതിഫലത്തെ പ റ്റിയൊന്നും ഞാൻ പറയാഞ്ഞത്. പക്ഷേ, നന്നായി പെർഫോം ചെയ്യുന്നുണ്ടെന്ന് മല്ലിക പറഞ്ഞു. നന്നായി വരൂ’. എനിക്കത് വലിയ ആശ്വാസമായിരുന്നു, പ്രതിഫലം കിട്ടിയപ്പോൾ തോന്നിയ സന്തോഷത്തെക്കാളുപരി ഇത്രയും പരിചയ സമ്പത്തുള്ളവർ അംഗീകരിച്ചല്ലോ എന്ന അഭിമാനമായിരുന്നു മുന്നിൽ നിന്നത്. പക്ഷേ, പിന്നീട് ചാൻസ് കിട്ടാതെ വന്നപ്പോൾ ഞാൻ മാർക്കറ്റിങ് ജോലിയിലേക്ക് തിരിഞ്ഞു.

സീരിയലിലേക്കുള്ള മടങ്ങി വരവ് ?

പഴയ പരിചയം വച്ചൊരു അസോഷ്യേറ്റ് വിളിച്ച് ‘സ്ത്രീഹൃദ യം സീരിയലിൽ ഒരു വേഷമുണ്ട്, വേറെയൊരാളെ ഫിക്സ് ചെയ്തിരുന്നതാണ്. അയാൾക്ക് പകരം ചേട്ടൻ വരണം, ഇന്ന് ഷൂട്ട് ചെയ്യേണ്ടതാണെ’ന്ന് പറഞ്ഞു. ഞാൻ പരമാവധി വേണ്ടെന്നു പറഞ്ഞെങ്കിലും അയാൾ വിടുന്ന ലക്ഷണമില്ല. അവസാനം ഒഴിവാക്കാനായി ആയിരം രൂപ പ്രതിഫലം വേണമെന്ന് പറഞ്ഞു. അതും അവർ സമ്മതിച്ചു.

ആദ്യമായാണ് ഒരാൾ വിളിച്ചു റോൾ തന്ന്, എന്റെ പ്രതിഫലം ഞാൻ നിശ്ചയിക്കുന്നത്. മനസ്സിലെ പഴയ ‘തീ’ എരിഞ്ഞു പോയിരുന്നു, അഭിനയം ശരിയാകുമോ എന്ന പേടിയൊന്നുമില്ലാതെ ആരെയും ശ്രദ്ധിക്കാതെയാണ് സീരിയലിലെ ‘അനന്തൻ’ എന്ന കഥാപാത്രമായി ഞാൻ നിന്നത്. അതുകൊണ്ടൊക്കെയാകാം, ആദ്യ സീൻ തന്നെയെല്ലാവർക്കും ഇഷ്ടപ്പെട്ടു.

ആ കഥാപാത്രം ഹിറ്റായി. പിന്നീടാണ് കഥാപാത്രങ്ങൾക്കായി ആളുകൾ എന്നെ ഇങ്ങോട്ടു വിളിച്ചു തുടങ്ങിയത്. പൊലീസ് വേഷങ്ങളായിരുന്നു കൂടുതലും. അങ്ങനെയൊരു പൊലീസ് വേഷത്തിലൂടെയാണ് എനിക്കൊരു പ്രണയമുണ്ടാകുന്നതും. സീരിയലിൽ എന്നെ പ്രണയിക്കുന്ന പെൺകുട്ടി പൊലീസ് സ്‌റ്റേഷനിൽ ചെന്ന് എന്റെ ഫോൺ നമ്പർ ചോദിക്കുന്ന സീനാണു ഷൂട്ട് ചെയ്തിരുന്നത്. അതിന്റെ എഴുത്തുകാരൻ ഒരു പണിയൊപ്പിച്ചു. കഥാപാത്രത്തിന്റെ ഫോൺ നമ്പറായി എന്റെ യഥാർഥ ഫോൺ നമ്പർ എഴുതി വച്ചു. എന്നിട്ടെന്നോട് പറയുകയും ചെയ്തു, നിനക്കിട്ട് ഞാനൊരു പണി വച്ചിട്ടുണ്ടെ ന്ന്. ഒരു വട്ടം പറഞ്ഞുപോകുന്ന ഫോൺ നമ്പർ എനിക്കെന്ത് പ്രശ്നമുണ്ടാക്കാനാണെന്ന് ഞാനും കരുതി.

പക്ഷേ, സീരിയൽ ടെലികാസ്റ്റ് ചെയ്തപ്പോൾ ആ നമ്പർ പറയുന്ന ഭാഗം ആവർത്തിക്കുന്നുണ്ടായിരുന്നു, അതും പതിയെ. അതാരെങ്കിലും ശ്രദ്ധിക്കുമെന്ന് തീരെ വിചാരിച്ചില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം അലഹബാദിൽനിന്ന് എനിക്കൊരു കോൾ വന്നു, ‘ദേവദത്തനല്ലേ’ (കഥാപാത്രത്തിന്റെ പേര്) എന്നും ചോദിച്ച്. അവിടെ നഴ്സായി ജോലി ചെയ്യുന്ന കുറച്ചു മലയാളി പെൺകുട്ടികൾ ഒപ്പിച്ച തമാശ. പക്ഷേ, നമ്പർ ശരിയായതിന്റെ ആവേശത്തിനിടയിൽ സംസാരിച്ച അവരിൽ ഒരാളുടെ ശബ്ദം ഞാൻ ശ്രദ്ധിച്ചിരുന്നു. ലാലിയുമായുള്ള പരിചയം പ്രണയമായി മാറി, പ്രണയം വിവാഹത്തിലെത്തി. അത് സീരിയൽ ജീവിതം എനിക്കു തന്ന മറ്റൊരു ഭാഗ്യം. ഞങ്ങൾക്കൊരു മകളുണ്ട്, സൂര്യ. ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.

കരിയറിൽ ഏറ്റവും പ്രിയപ്പെട്ട വില്ലൻ വേഷം?

‘സ്ത്രീഹൃദയം’ സീരിയലിന്റെ ഷൂട്ടിങ് വേളിയിൽ നടക്കുകയാണ്. ‘അനന്തൻ’ എന്ന വില്ലൻ കഥാപാത്രമായി ഞാൻ ഹിറ്റായി നിൽക്കുന്ന സമയം. അവിടെ ചെറിയ ദ്വീപ് പോലെയുള്ള സ്ഥലത്താണ് ഷൂട്ട്. ഞാനൊരു മണൽതിട്ടയിലേക്ക് നടന്നു വരുന്നതായിരുന്നു സീൻ. ആ സമയം അപ്പുറത്തു നിന്നൊരു വയസ്സായ സ്ത്രീ എന്നെ വിളിച്ച് ‘ഡാ അനന്താ, നിന്റെ അ ച്ഛൻ വന്നിട്ടില്ലേ’യെന്നു ചോദിച്ചു. സീരിയലിൽ എന്റെ അ ച്ഛനായി അഭിനയിക്കുന്ന കൊല്ലം തുളസി ചേട്ടനും വില്ലൻ ടച്ചാണ്, ചേട്ടൻ അന്നവിടെ ഇല്ലായിരുന്നു. ഞാൻ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു, അച്ഛൻ വന്നിട്ടില്ല. പിറകിലോട്ട് കൈ കെട്ടിയാണ് അവർ നിന്നത്. ഞാൻ ഷൂട്ട് കഴിഞ്ഞു ആ സ്ത്രീയുടെ അടുക്കലേക്ക് നടക്കുകയായിരുന്നു.

പെട്ടെന്നൊരാൾ ഓടി വന്നു പറഞ്ഞു, ആ ചേട്ടനെ ഇങ്ങോട്ട് വിടരുതേയെന്ന്. അപ്പോഴേക്കും ആ സ്ത്രീ എന്റെ അടുത്തേക്ക് പാഞ്ഞടുത്ത് പിറകിൽ ഒളിപ്പിച്ചിരുന്ന വലിയ മ ടൽ എനിക്കു നേരെ വീശി. കൃത്യസമയത്തു മാറിയതുകൊണ്ട് തലയിൽ അടി കൊണ്ടില്ല. അപ്പോഴേക്കും ആളുകൾ വന്ന് അവരെ പിടിച്ചു മാറ്റി. അവരുടെ മകനോടി വന്നപ്പോഴാണ് അറിയുന്നത്, ഞാനിവിടെ നിൽക്കുന്നത് കണ്ട് അവരെന്നെന്നെ തല്ലാൻ വേണ്ടി വന്നതാണെന്ന്. വേറെ അസുഖങ്ങളൊന്നും ഉള്ള ആളായിരുന്നില്ല അവർ. സീരിയലിലെ വേഷം അവരെ അത്രയധികം വേദനിപ്പിച്ചിരുന്നു. എന്റെ അഭിനിയത്തിന് കിട്ടിയ ഏറ്റവും വലിയ മെഡലാണ് ആ ‘മടൽ’ .

മനസ്സിലെ വലിയ സ്വപ്നമെന്താണ് ?

സിനിമ തന്നെയാണ് സ്വപ്നം. വില്ലൻ വേഷത്തിലൂടെ സിനിമയിലൊരു വരവറിയിക്കണം. എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് പ്രകാശ് രാജ്. അദ്ദേഹത്തെ പോലെ നായകനെ വിറപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണം. ‘ഗില്ലി’യിലെ പ്രകാശ് രാജിനെ പോലെ ‘ചെല്ലം’ എന്നൊക്കെ നീട്ടി വിളിക്കുന്ന ഒരു രസികൻ വില്ലൻ. അത്യാഗ്രഹമാണോന്നു ചോദിച്ചാൽ, അവസരം തരികയാണെങ്കിൽ അല്ലെന്ന് തെളിയിക്കാമെന്നേ ഞാൻ പറയൂ.