Wednesday 28 April 2021 02:45 PM IST

‘അങ്ങനെയൊരു സർപ്രൈസ് പ്രതീക്ഷിച്ചതേയില്ല... ദുൽഖർ അങ്ങനെയാണ് നമ്മുടെ മനസു നിറയ്ക്കും’: സണ്ണി വെയ്ൻ പറയുന്നു

Lakshmi Premkumar

Sub Editor

sunny-wayne

അതേ ചിരി, അതേ കള്ളനോട്ടം, അതേ സംസാരം സിനിമയിൽ ഒന്‍പത് വർഷം പിന്നിടുമ്പോഴും സണ്ണി ആ പഴയ ആള് തന്നെ. ‘സെക്കന്‍ഡ് ഷോ’യിലെ കുരുടിയില്‍ തുടങ്ങി ‘അനുഗ്രഹീതൻ ആന്റണി’യിലും ‘ചതുർമുഖ’ത്തിലും എത്തി നിൽക്കുമ്പോഴും മലയാളികൾക്ക് എന്തോ അന്നുള്ള അതേ ഇഷ്ടമാണ് സണ്ണിയെ.

ചെറിയ ഇടവേളയ്ക്കു ശേഷം സണ്ണിയുടെ രണ്ട് സിനിമകളാണ് ഒന്നിന് പിറകെ ഒന്നായി എത്തിയത്. സിനിമയിൽ സണ്ണി കയ്യടക്കുന്ന വിജയങ്ങളിൽ സ ന്തോഷിക്കുന്ന മറ്റൊരാൾ കൂടിയുണ്ട്. പ്രിയ സുഹൃത്ത് ദുൽഖർ സൽമാൻ.

ഡിക്യു സർപ്രൈസായി ഒരുക്കിയ കേക്ക് മുറിച്ച്, കണ്ണിൽ സ്നേഹക്കടൽ നിറച്ച് അൽപം മധുരം നുകർന്ന് സണ്ണി പറഞ്ഞു തുടങ്ങി. വയനാട്ടിലെ എൻജിനീയർ സിനിമയില്‍ എത്തിയ കഥയല്ല, മറിച്ച് ഒൻപത് വർഷം സിനിമ നൽകിയ സന്തോഷത്തെ കുറിച്ച്.

ദുൽഖർ തന്ന സർപ്രൈസിനെ കുറിച്ച് ?

ദുൽഖർ എപ്പോഴുമിങ്ങനെയാണ്. നമ്മുടെ മനസ്സ് നിറയ്ക്കും. അങ്ങനെയൊരു സർപ്രൈസ് ഞാൻ‌ പ്രതീക്ഷിച്ചതേയല്ല. സിനിമയുടെ വിജയം പങ്കിടാൻ പ്രത്യേകമായി ഒരു കേക്ക് തയാറാക്കി വച്ചിരുന്നു. ഞാനാ കെ സെന്റിമെന്റലായിപ്പോയി. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചത്. അതിൽ പറഞ്ഞ പോലെ തന്നെ എന്റെ ഉയർച്ചയിലും താഴ്ചയിലും ഒരുപോ ലെ കൈ പിടിച്ച് കൂടെ നിന്നയാളാണ് ദുൽഖർ. എ പ്പോഴും ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എന്റെയാശാൻ.

‘അനുഗ്രഹീതൻ ആന്റണി’യും ‘ചതുർമുഖ’വും ഒരേ സമയം. പ്ലാൻ ചെയ്ത റിലീസായിരുന്നോ ?

അല്ല. ഓരോ സിനിമയും ഷൂട്ട് കഴിയുമ്പോൾ ഇതൊക്കെ എന്നായിരിക്കും റീലീസ് ചെയ്യുക എന്നൊരാശങ്ക മനസ്സിലുണ്ടായിരുന്നു. ‘അനുഗ്രഹീതൻ ആന്റണി’ ലോക്ഡൗണിനു മുൻപേ ഷൂട്ടിങ് തീർത്ത പടമാണ്. ‘ചതുർമുഖം ’ 2019 ഡിസംബർ പാതിക്ക് ഷൂട്ട് തുടങ്ങിയ പടമാണ്. 35 ദിവസമേ ഷൂട്ടുണ്ടായിരുന്നുള്ളൂ. അ തിനു ശേഷം ലോക്‌ഡൗൺ വന്നു. എല്ലാം നിശ്ചലമായി. എല്ലാവരും റിലീസിനായിട്ടുള്ള ഒരു വാതിൽ നോക്കിയിരിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടും അടുത്തടുത്ത് റീലീസായത് ദൈവനിശ്ചയം.

ആന്റണിയിലേക്ക് എത്തിയത് എങ്ങനെയാണ് ?

മിഥുൻ മാനുവൽ തോമസിന്റെ ‘അലമാര’ സിനിമയി ൽ വച്ചാണ് ‘അനുഗ്രഹീതൻ ആന്റണി’യുടെ സംവിധായകൻ പ്രിൻസിനെ പരിചയം. മിഥുന്റെ അസിസ്റ്റന്റായിരുന്നു. അന്നേ അറിയാമായിരുന്നു പ്രിൻസ് നല്ല സിനിമകൾ ചെയ്യുമെന്ന്.

എന്നാലും ആദ്യ ചിത്രത്തിലെ നായകൻ ഞാനായിരിക്കുമെന്നൊന്നും സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. നാലു വര്‍ഷം മുൻപാണ് പ്രിൻസ് ഈ കഥ പറയുന്നത്. ഷൂട്ടൊക്കെ തീർന്ന സമയത്ത് ലോക്‌ഡൗണും കൊറോണയും എത്തി. സിനിമ റിലീസ് പിന്നെയും വൈകിയെങ്കിലും ഞങ്ങൾ എന്താണോ പ്രതീക്ഷിച്ചത് അതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

തമിഴിൽ ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ നായിക ഗൗരി മലയാളത്തിലേക്കു വന്നപ്പോൾ?

‘96’ പോലെയൊരു ഹിറ്റ് സിനിമയിൽ നിന്നാണ് ഗൗരി മലയാളത്തിലേക്ക് വരുന്നത്. കഥ ഇഷ്ടമായതു കൊണ്ട് പല ഓഫറുകൾ അവർ വേണ്ടെന്നു വച്ചാണ് ഗൗ രി ആന്റണിയിൽ അഭിനയിക്കാൻ തീരുമാനിച്ചത്.

വളരെ ചെറിയ കുട്ടിയാണെങ്കിലും അവളിത്രയും ബോൾഡായ തീരുമാനമെടുത്തുവെന്നത് ടീമിന് നല്ല എനർജി തന്നു. നമ്മളൊക്കെ ചിലരെ വിശേഷിപ്പിക്കാറില്ലേ, ‘നല്ല കുട്ടി’ യെന്ന്. അതാണ് ഗൗരി. നല്ല കഴിവുള്ള നടി. ‘മുല്ലേ... മുല്ലേ...’ എന്ന ഗാനമാണ് ആദ്യം ഷൂട്ട് ചെയ്ത രംഗം. അതോടെ ഞങ്ങൾ തമ്മിൽ സിങ്കായി.

ചതുർമുഖത്തിൽ മഞ്ജു വാരിയർക്കൊപ്പം?

മഞ്ജു ചേച്ചി ഒരു എനർജി പാക്കാണ്. ആദ്യമായാണ് ഞാനൊരു സിനിമയിൽ മഞ്ജു ചേച്ചിക്കൊപ്പം അഭിനയിക്കുന്നത്. അത്രയും അനുഭവ സമ്പത്തും പ്രതിഭയുമുള്ള വേറൊരു ലെവൽ നടിയാണ് മഞ്ജു വാരിയർ. കൂടെ അഭിനയിക്കുമ്പോൾ എനിക്ക് അൽപം ടെൻഷൻ ഉണ്ടായിരുന്നു. അവരുടെ ഭാഗത്ത് നിന്ന് അഭിനയത്തിൽ ഒരു തെറ്റും വരില്ലെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ, എന്റെ കാര്യത്തിൽ അത്രയും ഉറപ്പ് തോന്നിയില്ല. എന്നാൽ ഒന്നു രണ്ട് രംഗങ്ങൾ കഴിഞ്ഞപ്പോൾ അത് മാറി. ഒപ്പം അഭിനയിക്കുന്നവരിലേക്കും പോസിറ്റിവിറ്റി പകരുന്ന വ്യക്തിത്വമാണ് മഞ്ജു ചേച്ചിയുടേത്.

ഫോട്ടോ: റിച്ചാർഡ് ആന്റണി, ബിനീഷ് ചന്ദ്രൻ

പൂർണരൂപം വനിത ഏപ്രിൽ രണ്ടാം ലക്കത്തിൽ