Tuesday 27 March 2018 04:52 PM IST

‘‘അതെ, ഞാനുമൊരു മലയാളിയാണ്...’’! മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച തമിഴ് താരസുന്ദരി തൃഷ

Nithin Joseph

Sub Editor

trisha1 ഫോട്ടോ: ശ്യാംബാബു

വിജയ്‌ നായകനായ ‘ഗില്ലി’യിൽ തൃഷയെ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ ചോ ദിച്ചു, ‘ഈ കുട്ടി മലയാളിയല്ലേ...’ ആറു വർഷത്തിനു ശേഷം ഗൗതം മേനോന്‍റെ ‘വിണ്ണൈത്താണ്ടി വരുവായാ’യിൽ ‘ജെസി’യെന്ന ആലപ്പുഴക്കാരിയായി മലയാളം സംസാരിച്ച് തൃഷ വീണ്ടും മലയാളിയുടെ മനസ്സ് കീഴടക്കി. ഇപ്പോഴിതാ, ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്ന േവളയില്‍ തൃഷ തുറന്നു പറയുന്നു, ‘‘അതെ, ഞാനുമൊരു മലയാളിയാണ്...’’

‘കേരളവുമായി എനിക്കുള്ള ബന്ധം പലർക്കുമറിയില്ല. വളർന്നത് ചെന്നൈയിലാണെങ്കിലും എന്റെ പൂർവികരെല്ലാം ഇവിടെയാണ്. ഞങ്ങളുടേത് പാലക്കാടൻ അയ്യർ കുടുംബമാണ്. അച്ഛൻ കൃഷ്ണനും അമ്മ ഉമയും പാലക്കാട് കൽപാത്തിയിലാണ് ജനിച്ചു വളർന്നത്. വീട്ടിലായിരിക്കുമ്പോൾ അവർ രണ്ടാളും സംസാരിച്ചിരുന്നത് മലയാളമാണ്. മുത്തശ്ശിയുടെ വീട് മൂവാറ്റുപുഴയില്‍. മുത്തശ്ശി മരിക്കുന്നതു വരെ വർഷത്തിൽ രണ്ടോ മൂന്നോ തവണ ഞങ്ങള്‍ കാണാൻ വരുമായിരുന്നു. ഇവിടെയല്ല ജീ വിക്കുന്നതെങ്കിലും കേരളം എനിക്ക് സ്വന്തം നാട് തന്നെ.

മലയാളികൾ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ‘ഗില്ലി’യിൽ അഭിനയിച്ചപ്പോഴാണ്. എന്നാൽ, ‘വിണ്ണൈത്താണ്ടി വരുവായാ’ റിലീസായതിനു ശേഷമാണ് കേരളത്തി ൽ ഇത്രയധികം സ്വീകാര്യത കിട്ടിയത്. ഇന്നും മലയാളികൾ എന്നെ കാണുന്നത് മലയാളിക്കുട്ടിയായ ജെസിയായിട്ടാണ്. സിനിമ കണ്ട എല്ലാവരും നല്ല അഭിപ്രായങ്ങൾ മാത്രമാണു പറഞ്ഞത്. കരിയറിലെ മികച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് എ ടുത്താൽ അതിൽ മുൻപന്തിയിൽ തന്നെയുണ്ടാകും ജെസി. സിനിമയുടെ ഷൂട്ടിന് മുപ്പതു ദിവസത്തോളം ആലപ്പുഴയില്‍ ഉണ്ടായിരുന്നു. നല്ല ചൂടുള്ള സമയം. ഒഴിവുദിവസങ്ങളിൽ കരയിലും കായലിലുമായി ഒരുപാടു സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി. പുട്ടും കടലേം അപ്പോം ഒക്കെ വയറു നിറയെ കഴിച്ചു.’

മലയാളത്തിലെ അരങ്ങേറ്റം വൈകാനുള്ള കാരണം?


ഇവിടെ സിനിമയിലേക്കു വിളിക്കുമ്പോഴൊക്കെ ഞാൻ തമിഴിലും തെലുങ്കിലും തിരക്കിലായിരുന്നു. ഇപ്പോഴാണ് സ മയവും സാഹചര്യവും ഒത്തുവന്നത്. ‘ഹേയ് ജൂഡി’ല്‍ എന്നെ ആകർഷിച്ചത് ശ്യാമപ്രസാദ് എന്ന സംവിധായകനാണ്. അഭിനേതാക്കളെ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ വ്യക്തതയുണ്ട് അദ്ദേഹത്തിന്. കുറേ സിനിമകള്‍ കണ്ടുേനാ ക്കി. സ്ത്രീ കഥാപാത്രങ്ങളെ എത്ര മനോഹരമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. അഭിനേതാവെന്ന നിലയിൽ എനിക്ക് ഒ രുപാട് വെല്ലുവിളികളും സാധ്യതകളുമുള്ള കഥാപാത്രമാണ് ‘േഹയ് ജൂഡി’ലെ ക്രിസ്റ്റൽ.

ചെന്നൈയിൽ ഒരു സ്‌റ്റേജ് ഷോയ്ക്കിടെയാണ് നിവിൻ പോ ളിയെ പരിചയപ്പെടുന്നത്. ആ സൗഹൃദം സിനിമയിൽ ഒരുപാട് സഹായിച്ചു. ഏതൊരു സംവിധായകനും പ്രിയപ്പെട്ട നടനാണ് നിവിൻ. ക്യാമറയ്ക്കു മുന്നിലെത്തുമ്പോൾ കഥാപാത്രത്തെ മാത്രമേ അയാളിൽ കാണാൻ സാധിക്കൂ.

സിനിമയിൽ മലയാളം സംസാരിക്കുന്നുണ്ട്. മലയാളം അറിയാമോ?

അച്ഛനും അമ്മയും  മലയാളം പറഞ്ഞിരുന്നെങ്കിലും വീട്ടിലെ സംസാര ഭാഷ തമിഴായിരുന്നു. മുത്തശ്ശിയുടെ അടുത്തു വരുമ്പോൾ പോലും അവര്‍ എന്നോടു സംസാരിച്ചിരുന്നതു തമിഴിലാണ്. മലയാളം കേട്ടാൽ എനിക്കു മനസ്സിലാകും. പക്ഷേ, തിരിച്ചു മറുപടി പറയാൻ അറിയില്ല. പഠിക്കാൻ വളരെ പ്രയാസമുള്ള ഭാഷയാണ് മലയാളം.
‘ഹേയ് ജൂഡി’ന്റെ ഷൂട്ടിങ് സമയത്ത് മലയാളം ഡയലോഗു കൾ മനഃപാഠം പഠിക്കുകയായിരുന്നു. എന്റെ മലയാളം സെ റ്റിൽ ഒരുപാട് പൊട്ടിച്ചിരികൾക്ക് കാരണമായി. നിവിനു മാ യുള്ള കോമ്പിനേഷൻ സീനുകളാണ് ഏറ്റവും വലിയ കോമ ഡി. ഞാൻ ഡയലോഗ് പറയുമ്പോൾ എന്റെ മുഖത്തു നോക്കി യാൽ ഉടൻ നിവിന് ചിരി പൊട്ടും. അതുകൊണ്ട് എനിക്ക് മുഖം തരാതെയാണ് അഭിനയം.

trisha2 ഫോട്ടോ: വെങ്കട്ട് റാം


ഒരു സീനിൽ നിവിനോട് ‘ഞാനിപ്പോ വരാം’ എന്നു പറ യണം. ടേക്കെടുത്തപ്പോൾ മലയാളവും തമിഴും കൂട്ടിക്കുഴച്ച് ഒരുവിധം പറഞ്ഞ് ഒപ്പിച്ചത് ‘ണാൺ ഇപ്പോ വറേൺ’ എന്നായിപ്പോയി. നിവിന്റെ ഡയലോഗിനായി നോക്കിനിന്ന ഞാൻ കേട്ടതൊരു പൊട്ടിച്ചിരി. നിവിന്റെ നിർത്താതെയുള്ള ചിരി കണ്ടിട്ട് തിരിഞ്ഞു നോക്കുമ്പോൾ ക്യാമറയ്ക്ക് പിന്നിൽ ശ്യാം സാറും ചിരിക്കുന്നു. അപ്പോഴാണ് അബദ്ധം പറ്റിയെന്ന് എനിക്കു മനസ്സിലായത്. എനിക്കു വേണ്ടി ഡബ്ബ് ചെയ്തത് ഗായിക സയനോരയാണ്. തിയറ്ററിൽ നിങ്ങൾ കേൾക്കുന്ന മനോഹര ശബ്ദം അവരുടേതാണ്.

സൈക്കോളജിസ്റ്റ് ആകണമെന്ന് ആഗ്രഹിച്ച തൃഷ അപ്രതീക്ഷിതമായാണോ സിനിമയിലെത്തിയത്?

ചെന്നൈയിലാണ് ജനിച്ചതും വളർന്നതും. ഡിഗ്രി പഠിച്ചത് ബി ബിഎ. കോളജിൽ പഠിക്കുമ്പോള്‍ മോഡലിങ് ചെയ്യാറുണ്ടായിരുന്നു. അന്നൊക്കെ ഇഷ്ടപ്പെട്ട കരിയർ ഏതെന്നു ചോദിക്കുമ്പോൾ ‘ക്രിമിനൽ സൈക്കോളജിസ്റ്റ്’ ആകണമെന്നു പറയും. പിന്നെ മോഡലിങ്ങിനോടു പ്രിയം  കൂടിയതോടെ മറ്റെല്ലാം മറന്ന് അതിൽ സജീവമായി. 1999ല്‍ ‘മിസ് മദ്രാസ്’ ആയി. 2001ലെ മിസ് ഇന്ത്യ മൽസരത്തിൽ ബ്യൂട്ടിഫുൾ സ്മൈൽ പുരസ്കാരവും കിട്ടി. അപ്പോഴും സിനിമയൊരു ലക്ഷ്യമായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്കെത്തിയത്.  
‘ജോഡി’യാണ് ആദ്യ സിനിമ. നായിക സിമ്രാന്റെ കൂട്ടുകാരിയായിരുന്നു എന്റെ കഥാപാത്രം. പ്രാധാന്യമില്ലാത്ത വേഷമായതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. സൂര്യ നായകനായ ‘മൗനം പേസിയതേ’യിലൂടെയാണു നായികയാകുന്നത്.

ആദ്യം അവസരം ലഭിച്ച സിനിമ മറ്റൊന്നായിരുന്നില്ലേ?


പ്രിയദർശൻ സംവിധാനം ചെയ്ത ‘ലേസാ ലേസാ’യിൽ ആ ണ് ആദ്യം അഭിനയിച്ചത്. പക്ഷേ, അതിന്‍റെ റിലീസ് പല കാ രണങ്ങളാൽ നീണ്ടുപോയി. അങ്ങനെയാണ്  അരങ്ങേറ്റം മറ്റൊരു സിനിമയിലൂടെയായത്. മലയാളത്തില്‍ സൂപ്പർഹിറ്റായ രണ്ട് സിനിമകളുടെ റീമേക്കുകളിൽ, അതും വ്യത്യസ്ത ഭാഷകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതാണ് മറ്റൊരു രസം. ‘ സമ്മർ ഇൻ ബെത്‌ലഹേമി’ന്‍റെ തമിഴ് റീമേക്കായിരുന്നു ‘ലേസാ ലേസാ’. മലയാള ത്തിൽ മഞ്ജു വാരിയർ ചെയ്ത കഥാപാത്രം.
അക്ഷയ് കുമാർ നായകനായ ‘ഖട്ട മീത്ത’യാണ് എന്റെ ആ ദ്യ ഹിന്ദി സിനിമ.‘വെള്ളാനകളുടെ നാട്’ എന്ന സിനിമയുടെ റീമേക്ക്. അതിൽ ശോഭന ചെയ്ത റോളായിരുന്നു എനിക്ക്. അതു സംവിധാനം ചെയ്തതും പ്രിയദര്‍ശനാണ്. എന്റെ കരിയറിലും ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം.

അഭിമുഖങ്ങളിലെല്ലാം അമ്മയെക്കുറിച്ച് ഏറെ പറയാറുണ്ടല്ലോ? കരിയറിന് അമ്മ നൽകുന്ന പിന്തുണ?

അമ്മ എന്റെ മാനേജർ കൂടിയാണ്. എല്ലാ കാര്യങ്ങളും നോക്കുന്നതും അമ്മയാണ്. സംവിധായകൻ ആക്‌ഷൻ പറയുമ്പോൾ അഭിനയിക്കുക മാത്രമാണ് എന്റെ ജോലി. അതിന് നന്ദി പറയേണ്ടത് അമ്മയോടാണ്. കോൾഷീറ്റ് പ്ലാൻ ചെയ്യുന്നതും ഡേറ്റ് കൊടുക്കുന്നതുമൊന്നും എനിക്കിതുവരെ അന്വേഷിക്കേണ്ടി വന്നിട്ടില്ല. അമ്മയ്ക്ക് ചില സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. അതിലൊരെണ്ണം കമലഹാസനൊപ്പമായിരുന്നു. പക്ഷേ, അതൊന്നും സ്വീകരി ച്ചില്ല. എന്റെ കാ ര്യങ്ങൾ നോക്കിനടത്തുന്നതിലാണ് അമ്മയ്ക്ക് സന്തോഷം. ഞങ്ങൾ ഒരുമിച്ച് ഒരു പരസ്യത്തിൽ അഭിന യിച്ചിട്ടുമുണ്ട്.

നായികമാരുടെ കരിയറിന് നാലോ അഞ്ചോ വർഷം മാത്രം ആയുസ്സുള്ള തമിഴ് സിനിമയിൽ 18 വർഷങ്ങൾ?

നായകൻമാരെ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്ന കഥകൾ, പേരിന് മാത്രമായുള്ള നായികയുടെ സാന്നിധ്യം, വിവാഹം ക ഴിയുന്നതോടെ സിനിമ വിട്ട് പോകുന്ന നടിമാർ. കുറച്ച് കാലങ്ങൾക്കു മുൻപ് ഇതായിരുന്നു നമ്മുടെ സിനിമ. എന്നാലിന്ന്, സിനിമാ മേഖല വലിയ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. ജ്യോതികയെപ്പോലെ, സാമന്തയെപ്പോലെ വിവാഹശേഷവും സിനിമയിൽ സജീവമാകുന്ന നടിമാർ ഒരുപാടു പേരുണ്ട്. സി നിമയിലെ സ്ത്രീകളുടെ പ്രാധാന്യമേറിയിട്ടുണ്ട്. ‘അരുവി’ പോ ലെയുള്ള, പുരുഷ കേന്ദ്രീകൃതമല്ലാത്ത കഥകൾ സൃഷ്ടിക്കപ്പെടുന്നു. അത്തരം സിനിമകളുമായി മുന്നോട്ടു വരാൻ സംവി ധായകർ കാണിക്കുന്ന ധൈര്യത്തിന് പ്രേക്ഷകരും മികച്ച പി ന്തുണ നൽകുന്നു.


എന്റെ കരിയർ ഇത്ര നീണ്ടതാകാൻ പ്രധാന കാരണം തിരഞ്ഞെടുത്ത സിനിമകളാണ്. മണിരത്നത്തിന്റേതടക്കം ഒരുപാട് നല്ല സിനിമകളുടെ ഭാഗമായി. കരിയറില്‍ ഹിറ്റുകളും ഫ്ലോപ്പുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. തമിഴിൽ രജനീകാന്തൊഴികെയുള്ള മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചു. സൂപ്പർസ്റ്റാറുകളു ടെ സിനിമകളോെടാപ്പം തന്നെ നായികാപ്രാധാന്യമുള്ള ഒട്ടേറെ സിനിമകളും കിട്ടി. ഇനി അഭിനയിക്കാനിരിക്കുന്ന ‘കുട്ര പയിർചി’ എന്ന സിനിമ ഇന്ത്യയിലെ ആദ്യ പ്രൈവറ്റ് ഡിറ്റക്ടിവ് ആയ രജനി പണ്ഡിറ്റിന്റെ ജീവിതം ആസ്പദമാക്കി യുള്ളതാണ്.

‘കൊടി’ സിനിമയിൽ വില്ലത്തിയായി. അതിനുശേഷം സിനിമകളൊന്നും റിലീസായില്ല. അവസരങ്ങൾ കുറയാൻ നെഗറ്റീവ് റോൾ കാരണമായോ?

ഞാനേറെ ഇഷ്ടപ്പെടുന്ന വേഷമാണ് ‘കൊടി’യിലേത്. കഥ കേൾക്കുമ്പോൾ എന്റെ നെഗറ്റിവ് റോൾ പ്രേക്ഷകർ അംഗീകരിക്കുമോയെന്ന പേടിയുണ്ടായിരുന്നു. എങ്കിലും റിസ്കെടുക്കാൻ തയാറായി. സിനിമ തിയറ്ററുകളിൽ സ്വീകരിക്കപ്പെട്ടു. ആ സിനിമ മൂലം അവസരങ്ങള്‍ കുറഞ്ഞു എന്നു തോന്നുന്നില്ല. കഴിഞ്ഞ വർഷം നാല് സിനിമകളിൽ അഭിനയിച്ചു. ചിത്രീകരണം പൂർത്തിയായെങ്കിലും ചില സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം അതൊന്നും റിലീസായില്ല. ഈ വർഷം ഒന്നിനു പുറകെ ഒന്നായി അവയെല്ലാം തിയറ്ററുകളിലെത്തും.

ജെല്ലിക്കെട്ട് വിവാദത്തിനിടയിൽ ഒട്ടേറെ എതിർപ്പുകൾ നേരിടേണ്ടി വന്നല്ലോ?


എനിക്ക് വളർത്തുമൃഗങ്ങളെ വളരെയധികം ഇഷ്ടമാണ്. വ ളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘പീറ്റ’ (PETA–പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്) എന്ന സംഘടനയുടെ ഗുഡ്‌വിൽ അംബാസഡറായിരുന്നു. തെരുവുനായ്ക്കളെ ദത്തെടുക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഞാൻ പ്രവർത്തിച്ചത്. മറ്റ് ബന്ധങ്ങളൊന്നും അവരുമായി ഉണ്ടായിരുന്നില്ല.


പിന്നീട് ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത് ഇതേ സംഘടനയാണ്. അതിനെതിരെ തമിഴ്നാട്ടിൽ പ്രക്ഷോഭം രൂക്ഷമായപ്പോൾ ഒരു സംഘമാളുകൾ എന്റെ നേർക്കു തിരിഞ്ഞു. ഞാൻ ജെല്ലിക്കെട്ടിന് എതിരാണെന്ന രീതിയിൽ പ്രചരണങ്ങൾ നടന്നു. ഞാൻ മരിച്ചു എന്നു വരെ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നു. വീടിന് പുറത്തേക്കിറങ്ങാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെടേണ്ട അവസ്ഥ വരെയെത്തി കാര്യങ്ങൾ.

ആരാധകരെല്ലാം ഒരേപോലെ ചോദിക്കാൻ ആഗ്രഹിക്കുന്നൊരു ചോദ്യമുണ്ട്?

ഏതൊരു സെലിബ്രിറ്റിയും നേരിടേണ്ടി വരുന്നൊരു ബോറൻ ചോദ്യമാണ്, ‘എന്നാണ് വിവാഹ’മെന്നത്. പക്ഷേ, ആ ചോദ്യത്തിനു തരാൻ വ്യക്തമായ മറുപടി എന്റെ കൈയിലില്ല. എനിക്കിഷ്ടപ്പെടുന്ന ഒരാളെ കണ്ടെത്തിയാൽ തീർച്ചയായും ഞാൻ വിവാഹം കഴിക്കും. അത് നാളെയാകാം, ഈ മാസമാകാം, ഈ വർഷമാകാം, ചിലപ്പോൾ ഇനിയുമൊരുപാട് നീണ്ടുപോകാം.

ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ യാത്ര  പോകാറുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തും സുഹൃത്തുക്കളുണ്ട്. ന്യൂയോർക്കും ഇറ്റലിയും ഗോവയുമാണ് ഏറെയിഷ്ടമുള്ള സ്ഥലങ്ങൾ. കുട്ടികളുടെ ക്ഷേമത്തിനായുള്ള ‘യുനിസെഫ്’ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഞാനും. പലപ്പോഴും 24 മണിക്കൂർ തികയാതെ വരു ന്നതായി തോന്നും. ഒരു ദിവസത്തിൽ നാല്‍പതു മണിക്കൂറെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്.



‘വനിത’യിലെ ആദ്യചുവട്


തെന്നിന്ത്യന്‍ സൂപ്പര്‍താരമായി വളരുന്നതിനു മുന്‍പ് തൃഷ വനിതയുെട േകാര്‍പറേറ്റ് പരസ്യ ക്യാംപയിനില്‍ മോഡലാ യിരുന്നു. മലയാളി ലുക്കുള്ള മോഡേണ്‍ െപണ്‍കുട്ടിയെ തേ ടിയുള്ള അന്വേഷണമാണ് തൃഷയിലേക്കെത്തിയത്. വനിത െെകയില്‍ പിടിച്ച ചിത്രത്തോടു കൂടിയ പരസ്യബോര്‍ഡുകള്‍ േകരളത്തില്‍ എങ്ങും നിറഞ്ഞു.

‘അതു വനിതയാണെന്ന് എനിക്കറിയില്ലായിരുന്നു.’ ത ന്‍റെ പഴയ മോഡല്‍ ചിത്രങ്ങള്‍ കണ്ട് വിസ്മയിക്കുന്നതിനിടയില്‍ തൃഷ ഒാര്‍ക്കുന്നു.
‘പിന്നീടു സിനിമയിൽ വന്നപ്പോൾ എന്റെ മുഖം മലയാളികൾക്ക് പരിചിതമാകാനും മലയാളിക്കുട്ടിയാണെന്ന് തോന്നാനും കാരണം ഒരു പക്ഷേ, ആ ചിത്രങ്ങളാകാം. അവിടെ നിന്ന് കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. പതിനെട്ട് വർഷങ്ങൾക്കിപ്പുറം, ഞാനും ഒരുപാട് മാറിയിട്ടുണ്ട്. ഇന്ത്യയിലെ നമ്പർ വൺ പ്രസിദ്ധീകരണമായി മാറിയ വനിതയുടെ വളർച്ച എന്റെ വ്യക്തിപരമായ സന്തോഷം കൂടിയാണ്.’


trisha3