Thursday 17 August 2023 03:56 PM IST

‘2012 ൽ മിസ് കേരള, അസിസ്റ്റന്റ് ബാങ്ക് മാനേജർ എന്ന പദവി വിട്ട് സിനിമയിലേക്ക്’: കഷ്ടപ്പെട്ടു നേടിയ കരിയർ: തൻവി പറയുന്നു

Rakhy Raz

Sub Editor

tanvi-ram

ആറു വർഷം കാത്തു കാത്തിരുന്നു സിനിമയിലേക്ക്, നാലു വർഷം കൊണ്ടു വളരെ കുറച്ച്, എന്നാൽ ശ്രദ്ധേയമായ സിനിമകൾ. സോഷ്യൽ മീഡിയ അറ്റാക്കുകളോ, വിവാദങ്ങളോ തീരെ ഇല്ലാത്ത ക്ലീൻ ഇമേജ്... അതാണു ചുരുങ്ങിയ വാക്കുകളിൽ തൻവി റാം എന്ന അഭിനേത്രി.

‘ഞാനൊരു ദേഷ്യക്കാരിയാണ് കേട്ടോ’ എന്നു പറയുമെങ്കിലും പൊതുവേദികളിലോ അഭിമുഖങ്ങളിലോ നിയന്ത്രണം വിട്ടു സംസാരിക്കാറില്ല. ജ നിച്ചതും വളർന്നതും ബെംഗളൂരുവിലാണെങ്കിലും സംസാരത്തിൽ ആംഗലേയ പദങ്ങൾ തീരെ കുറവ്.

‘‘സോഷ്യൽ മീഡിയ അറ്റാക്ക് അനുഭവിക്കേണ്ടി വരാത്തത് എന്താണ് എന്ന് എനിക്കറിയില്ല. പ്രകോപനപരമായ ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. പറയാനുള്ളതു മുഖത്തുനോക്കി പറയുന്ന വ്യക്തിയാണ്.’’ 2018 ന്റെ വിജയഹ്ലാദവും പുതിയ വിശേഷങ്ങളുമായി തൻവി.

രണ്ടാമത്തെ സിനിമയായ 2018 ഇറങ്ങുന്നതു പത്താമത്തെ ചിത്രമായാണ് ?

‘അമ്പിളി’ക്കു ശേഷമാണ് 2018 ലേക്കു വിളി വരുന്നത്. 2019 നവംബറിൽ പതിനഞ്ചു ദിവസത്തോളം ഷൂട്ട് കഴിഞ്ഞു പിരി‍ഞ്ഞ അവസരത്തിലാണു കോവിഡ് ലോക്ക്ഡൗൺ. തുടർന്ന് ഷൂട്ട് ചെയ്യാൻ സാധിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. തീർച്ചയായും ചെയ്യും എന്ന ഉറപ്പ് ജൂഡ് ഏട്ടനും ടീമിനുമുണ്ടായിരുന്നു. ആ സിനിമ എന്താണ് എന്നറിയാവുന്നതുകൊണ്ടു തന്നെ എങ്ങനെയും അത് ഇറങ്ങിക്കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒടുവിൽ എന്റെ പത്താമത്തെ സിനിമയായി അതെത്തി. തിയറ്ററുകളിലും ഒടിടിയിലും വലിയ വിജയം ലഭിച്ചു എന്നതാണ് ഇപ്പോഴത്തെ സ ന്തോഷം.

ഇപ്പോഴും അവസരങ്ങൾ വരുന്നത് അമ്പിളി എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ തന്നെയാണ്. ‘ആരാധികേ...’ എന്ന മനോഹരമായ പാട്ടു കിട്ടിയത് ആളുകളുടെ മനസ്സിൽ നിന്നു മായാതെ നിൽക്കാൻ സഹായിച്ചു. അമ്പിളിയിലെ കുട്ടി എന്ന നിലയിലാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞിരുന്നത്. ഇപ്പോൾ കുട്ടികളൊക്കെ ‘പ്രളയ’ത്തിലെ ചേച്ചിയല്ലേ എന്നു ചോദിച്ചു തുടങ്ങി.

അന്യഭാഷാ കലർപ്പ് തോന്നുന്ന വടക്കൻ മലയാളമാണല്ലോ ?

അച്ഛന്റെ നാട് പാപ്പിനിശ്ശേരിയും അമ്മയുടെ നാട് കൂത്തുപറമ്പുമാണ്. അച്ഛൻ രാമചന്ദ്രൻ, അമ്മ ജയശ്രീ. പത്തൊൻപതാം വയസ്സിൽ ബെംഗളൂരുവിലേക്കു പോന്നതാണ് അച്ഛൻ. അച്ഛന് വീനൈൽ റെക്കോർഡ്സിന്റെ ഷോപ്പ് ആയിരുന്നു. ഞാനും ഏട്ടൻ സംഗീതും വളർന്നത് ബെംഗളൂരുവിലായിരുന്നെങ്കിലും കേരള സമാജത്തിന്റെ സ്കൂളിലാണ് പഠിച്ചത്. ഗെയിംസ് പിരിയഡിൽ താത്പര്യമുള്ളവർക്കു മലയാളം പഠിക്കാനുള്ള സൗകര്യം സ്കൂളിലുണ്ടായിരുന്നു. ആ ക്ലാസ്സിൽ നിന്നാണ് അക്ഷരം പഠിച്ചത്. പത്രങ്ങളും മലയാള മാസികകളും വായിക്കുകയും ടിവിയിൽ മലയാള സിനിമകൾ കാണുകയും ചെയ്തിരുന്നു.

നാട്ടിലെ മലയാളമല്ല സംസാരിക്കുന്നതെന്ന സങ്കടമുണ്ട്. ‘ന’ എന്ന അക്ഷരത്തിന്റെ ഉച്ചാരണം എനിക്കു മലയാളത്തിലേതു പോലെ വരില്ല, കന്നഡയിലേതു പോലെയാണ് ഉച്ചരിക്കുന്നത്. ‘അമ്പിളി’ക്കു വേണ്ടി ഡബ്ബിങ് ചെയ്യുന്ന സമയത്താണ് അതു മനസ്സിലാകുന്നത്. ‘അമ്പിളി’യിൽ എനിക്ക് ഡബ്ബ് ചെയ്യാൻ സാധിക്കാത്തതും അതുകൊണ്ടാണ്. കഴിഞ്ഞ രണ്ടു കൊല്ലമായി ഞാൻ കൂടുതൽ സമയവും നാട്ടിലാണ് നിൽക്കുന്നത്. മലയാളം നന്നാക്കുക എന്നൊരുദ്ദേശം അതിലുണ്ട്. കുമാരി, മുകുന്ദനുണ്ണി അസോസിയേറ്റ്സ്, 2018 എന്നീ സിനിമകളിൽ ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്.

അസിസ്റ്റന്റ് ബാങ്ക് മാനേജർ എന്ന പദവി വിട്ടാണ് സിനിമ പരീക്ഷിച്ചത് ?

സ്കൂളിൽ ഭാവിയിൽ ആരാകും എന്നെഴുതാൻ പറയുമ്പോൾ അഭിനേത്രി എന്നാണ് എഴുതിയിരുന്നത്. വീട്ടിലാരും സിനിമയിലില്ല, ഒരു ഷൂട്ടിങ് പോലും കണ്ടിട്ടില്ല.

2012 ൽ മിസ് കേരള ആയി തിരഞ്ഞെടുക്കപ്പെട്ടതു യാദൃശ്ചികമായിരുന്നു. ബെംഗളൂരുവിൽ മിസ് കേരള ഒാഡിഷൻ വന്നപ്പോൾ കാണാൻ പോയതാണ്. വെറുതേ ഒാഡിഷൻ കൊടുത്തു. നമ്പർ പോലും കൊടുക്കാതെ തിരികെ പോന്നു. ഒാഡിഷൻ നടക്കുന്നത് എവിടെയാണ് എന്നു വിളിച്ചു ചോദിച്ചവരുടെ കോൾ ലിസ്റ്റിൽ നിന്നാണ് നമ്പർ തപ്പിയെടുത്ത് സെലക്ട് ആയി എന്നവർ അറിയിച്ചത്.

ബിബിഎം കോഴ്സ് കഴിഞ്ഞു നിൽക്കുന്ന സമയമായിരുന്നു. ജോലിയും കിട്ടിയിരുന്നു. ഒപ്പം സിനിമാ ഒാഡിഷൻസ് ചെയ്യുന്നുണ്ടായിരുന്നു. നാട്ടിലെ സകല സംവിധായകരുടെയും മെയിൽ ഐഡിയിൽ എന്റെ ഫോട്ടോയും ബയോയും ഉറപ്പായും കാണും. അത്രത്തോളം ശ്രമിച്ചിരുന്നു. എന്നാൽ ആറു വർഷത്തോളം ചാൻസ് ഒന്നും വന്നില്ല.

ആദ്യം ഡോയ്ചി എന്ന ജർമൻ ബാങ്കിലും പിന്നീട് എച്ച്എസ്ബിസിയിലും ആണു ജോലി ചെയ്തത്. ലീവെടുത്തു നാട്ടിൽ വന്ന് ഇടയ്ക്കു ഷോർട് ഫിലിംസ്, ആൽബം, മോഡലിങ് എല്ലാം ചെയ്തിരുന്നു. അമ്പിളിയുടെ ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണ് ജോലി വിട്ടത്. ഡേറ്റ് ഉറപ്പായ ശേഷം. ഷൂട്ട് കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞാണ് സിനിമ ഇറങ്ങുന്നത്. അത്രയും നാൾ വെറുതെയിരുന്നു.

ആ സമയം മറ്റൊരു കാര്യം ചെയ്തു. ഓട്ടിസം ഉള്ള കുട്ടികളെ നൃത്തം പഠിപ്പിച്ചു. അവരുടെ സ്കൂളിൽ വെറുതേ പോയതാണ്. കുട്ടികളെ നൃത്ത മത്സരത്തിനായി തയാറാക്കാനുള്ള പുറപ്പാടിലായിരുന്നു അവർ. അതു ഞാൻ ഏറ്റെടുത്തു. സ്കൂൾ കാലത്തു കുറച്ചുനാൾ നൃത്തം പഠിച്ചിട്ടുണ്ട്. ആ മത്സരത്തിൽ കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. എന്നത്തേക്കും ഓർത്തു വയ്ക്കാവുന്ന സന്തോഷമാണത്.

എല്ലാ സെറ്റിലും പരാതി പരിഹാര സെൽ വേണമെന്നു പറഞ്ഞിരുന്നു ?

ഒരു ചോദ്യത്തിനു നൽകിയ ഉത്തരമായിരുന്നു അത്. ആ പറഞ്ഞതിൽ എന്നെ സംബന്ധിക്കുന്ന കാരണമൊന്നും ഇ ല്ല. സിനിമയിൽ ഞാൻ സഹകരിച്ച എല്ലാ ടീമുകളും വളരെ നല്ലതായിരുന്നു. പറയുന്നത്ര മോശം ഇടം അല്ല മലയാള സിനിമാരംഗം എന്നാണ് തോന്നിയത്. എന്നാൽ തീർച്ചയായും സിനിമയിൽ ഉണ്ടാകേണ്ട ഒന്നാണത്. പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാൻ ഒരു സംവിധാനം മറ്റെല്ലാ മേഖലകളിലും ഉണ്ടല്ലോ.

ബാങ്കിൽ ജോലി ചെയ്തിരുന്നത് യുകെ ഷിഫ്റ്റിലാണ്. രാത്രി പതിനൊന്നരയ്ക്കാണു ജോലി കഴിഞ്ഞിറങ്ങി വീട്ടിലേക്കു വരുന്നത്. ഇരുപത്തിമൂന്നു കിലോമീറ്റർ യാത്ര ചെയ്തു വേണം വീട്ടിലെത്താൻ. ഓഫിസിലെ ക്യാബ് ലഭിക്കുമെങ്കിലും പൂർണ സുരക്ഷ ഉറപ്പാക്കാൻ കഴിയുമായിരുന്നില്ല. എല്ലാ മേഖലയിലും സ്ത്രീകൾ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഈ കാരണങ്ങൾ കൊണ്ടു പെൺകുട്ടികൾ ഭയന്നു മാറാൻ പാടില്ല.

എല്ലാ മേഖലയിലും ഉള്ള പ്രശ്നങ്ങൾ സിനിമയിലും ഉണ്ടാകും. തനിയേ ഡ്രൈവ് ചെയ്താണ് ഞാൻ സെറ്റിലെത്താറുള്ളത്. ഒറ്റയ്ക്ക് ലോങ് ഡ്രൈവ് പോകാനും ഇഷ്ടമാണ്.

tanvi-1

വിവാഹപ്രായമായി എന്നു തോന്നുന്നില്ലേ ?

ചെക്കനെ നോക്കുന്നുണ്ട്. പറ്റിയ ഒരാളെ കിട്ടിയാൽ ഉടൻ കെട്ടാൻ ആണ് പ്ലാൻ. കെട്ടിയാലും സിനിമ വിടില്ല. കഷ്ടപ്പെട്ടു ഞാൻ നേടിയെടുത്തതാണ് ഈ കരിയർ.

സിനിമയിൽ നിന്നുള്ളവരെ വിവാഹം കഴിക്കാൻ താൽപര്യമില്ല. സിനിമ ഒരുപാട് വർക്ക് ചെയ്യേണ്ട മേഖലയാണ്. തിരക്കും അനിശ്ചിതത്വവുമുണ്ട്. രണ്ടുപേരും സിനിമയിൽ നിന്നായാൽ ജീവിതം തിരക്കുകളുടേതു മാത്രമാകും. അതല്ലാതെ ഒരുപാട് നിബന്ധനകളൊന്നുമില്ല. എനിക്കു തോന്നുമ്പോൾ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും തന്നിട്ടുണ്ട്.

രാഖി റാസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ