Thursday 21 September 2023 03:24 PM IST

‘അച്ഛൻ പറഞ്ഞിട്ടുണ്ട്, എന്നെപ്പോലെ ഒരു മോളാണ് അച്ഛന് ദേവനന്ദയും എന്ന്’: പക്വതയോടെ തന്മയയുടെ മറുപടി

V R Jyothish

Chief Sub Editor

thanmaya-sol

ഓണാഘോഷത്തിന് എത്തിയ ഒന്നാം ക്ലാസ്സുകാരിയെപ്പോലെ അണിഞ്ഞൊരുങ്ങി നി ൽക്കുകയാണു പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ ഓണക്കാലം സ്കൂളിന് ഇരട്ടിമധുരത്തിന്റേതാണ്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയിലൂടെ മികച്ച ബാലനടിക്കുള്ള അവാർഡ് നേടിയ തന്മയ സോളിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഫ്ലെക്സ് ബോർഡ് കാണാം, സ്കൂൾ കവാടത്തിൽ തന്നെ. എട്ടാംക്ലാസ്സിലെ സഹപാഠികൾ തന്മയയെ വിളിക്കുന്ന പേരു ചിരിക്കുടുക്കയെന്നാണ്. പക്ഷേ, ഇങ്ങനെയൊരു മിടുക്കി സ്കൂളിലുണ്ടെന്നു മറ്റു ക്ലാസ്സുകളിൽ ഉള്ളവർ അറിഞ്ഞത് അവാർഡ് പ്രഖ്യാപനം വന്നതിനു ശേഷം മാത്രം. ‘‘ക്ലാസിൽ വളരെ അച്ചടക്കമുള്ള എപ്പോഴും ചിരിക്കുന്ന കുട്ടിയാണ് തന്മയ. സിനിമയുടെയോ അഭിനയത്തിന്റെയോ കാര്യമൊന്നും പറയാറില്ല. എന്തായാലും അവളുടെ ക്ലാസ് ടീച്ചർ എന്ന നിലയിൽ വലിയ അഭിമാനം. സന്തോഷം.’’ ക്ലാസ് ടീച്ചർ സന്തോഷ് സർ പറയുന്നു. നാൽപതിലധികം കുട്ടികളുണ്ടു തന്മയയുടെ ക്ലാസിൽ.

‘‘സ്കൂളിന്റെ അഭിമാനമാണു തന്മയ. പഠനത്തിൽ മാത്രമല്ല, ഇതുപോലെ ഓരോ കുട്ടിയും തങ്ങൾക്കു മികവു തെളിയിക്കാവുന്ന മേഖലകൾ കണ്ടെത്തണമെന്നാണു ഞങ്ങളുടെ ആഗ്രഹം.’’ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വിൻസെന്റ് മാഷും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. ലൈലാസും ഒരേ സ്വരത്തിൽ പറയുന്നു.

കൂട്ടുകാർക്കു നടുവിലിരുന്നു തന്മയ സംസാരിച്ചു തുടങ്ങി. എട്ട് സിയിെല ഐഷ മറിയത്തിന്റേതായിരുന്നു ആദ്യചോദ്യം. പിന്നെ, ഒന്നൊന്നായി വന്നു ചോദ്യത്തിരകൾ. സ ഹപാഠികളുടെ ചോദ്യങ്ങൾക്കു വെൺമ നിറഞ്ഞ ചിരിയോടെയാണു തന്മയയുടെ മറുപടികൾ.

അവാർഡ് കിട്ടിയപ്പോൾ എന്തു തോന്നി?

സത്യത്തിൽ അവാർഡ് പ്രതീക്ഷിക്കണില്ലല്ലോ. എന്റെ മാമന്മാരു വന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. ബസ്സിറങ്ങി രണ്ടു കിലോമീറ്റർ നടന്നാണു വീട്ടിൽ പോകുന്നത്. പക്ഷേ, അന്ന് അവരു കാറുമായി വന്നു. അപ്പോൾ എനിക്കു തോന്നി അവാർഡ് കിട്ടിക്കാണും എന്ന്.

തന്മയ അവാർഡ് പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലുമില്ല. ഞങ്ങളുടെ സിനിമയ്ക്ക് അവാർഡ് കിട്ടും എന്നു പ്രതീക്ഷിച്ചിരുന്നു. അച്ഛനും അമ്മയും ഈ സിനിമയ്ക്ക് അവാർഡ് കിട്ടും എന്നു പ്രതീക്ഷിച്ചിരുന്നു. സനൽകുമാർ ശശിധരൻ അങ്കിളിനും ടൊവിനോ അങ്കിളിനും അസീസ് അങ്കിളിനും കനിചേച്ചിക്കുമൊക്കെ അവാർഡ് കിട്ടും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ആ ലിസ്റ്റിൽ പോലും ഞാൻ ഉണ്ടായിരുന്നില്ല.

thanmaya-3

കുടുംബപശ്ചാത്തലമാണോ സിനിമയിലേക്കുള്ള വഴി തുറന്നത്?

കഴക്കൂട്ടത്തിനടുത്തു ചന്തവിളയാണു ഞങ്ങളുടെ വീട്. ഞങ്ങൾക്കു കഴക്കൂട്ടത്ത് ഒരു സ്റ്റുഡിയോ ഉണ്ട്. സോൾ ബ്രദേഴ്സ് എന്നാണു പേര്. അച്ഛൻ അരുൺ സോൾ. അമ്മ ആശ, ചേച്ചി തമന്ന, മുത്തച്ഛൻ കുട്ടപ്പൻ ഇവരാണു വീട്ടിലുള്ളത്. അച്ഛനും അമ്മയും സുഹൃത്തുക്കളും ചേർന്നാണു സ്റ്റുഡിയോ നടത്തുന്നത്. അവിടുത്തെ ജോലികൾ ചിലപ്പോൾ വീട്ടിലിരുന്നും െചയ്യാറുണ്ട്. അതുകണ്ടാണു ഞാൻ വളർന്നത്.

അങ്ങനെ ഫോട്ടോഗ്രഫിയോട് ഇഷ്ടം തോന്നിയിരുന്നു. പിന്നെ, എന്റെ ചേച്ചിയും നന്നായി ഫോട്ടോ എടുക്കും. അവളുടെ പരീക്ഷണ വസ്തുവാണ് ഞാൻ. അങ്ങനെ കുഞ്ഞിലേ ഞാനൊരു മോഡൽ ആയി. അതുകൊണ്ടാകും സിനിമയിൽ അഭിനയിക്കുന്ന സമയത്തൊന്നും യാതൊരു പേടിയും ഉണ്ടായിരുന്നില്ല. സനൽ അങ്കിൾ പറഞ്ഞതുപോലെയൊക്കെ െചയ്യാൻ പറ്റി.

thanmaya-sol-1 അരുൺ സോൾ, ആശ, തന്മയ, കുട്ടപ്പൻ, തമന്ന

ആദ്യമായിട്ടാണോ സിനിമയിൽ അഭിനയിക്കുന്നത്?

സിനിമയിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ഞാൻ പറഞ്ഞില്ലേ ചേച്ചിയുടെ മോഡൽ ആയിരുന്നു എന്ന്. അ തിനു മുൻപു ചേച്ചി സംവിധാനം ചെയ്ത ഷോർട്ട്ഫിലിമിൽ അഭിനയിച്ചു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണത്. അമ്മയാണ് എനിക്കൊരു റോൾ കൊടുക്കാൻ ചേച്ചിയോടു പറഞ്ഞത്. അഞ്ചു മിനിറ്റുള്ള ലഞ്ച് ബ്രേക് എന്ന ആ ഷോർട്ട്ഫിലിമിൽ ഒരു നാടോടിക്കുട്ടിയുടെ വേഷമായിരുന്നു എനിക്ക്. അതു മത്സരത്തിനയച്ച് അന്നു ചേച്ചിക്കു സമ്മാനമൊക്കെ കിട്ടി.

ഈ സിനിമയിലേക്കു വന്നത് എങ്ങനെയായിരുന്നു?

ഞാനന്ന് അഞ്ചാം ക്ലാസ്സിൽ പഠിക്കുകയാണ്. സനൽ അങ്കിളിന്റെ സിനിമയിൽ അച്ഛൻ അസോഷ്യേറ്റായിരുന്നു. ഒ രു ദിവസം സനൽ അങ്കിൾ വീട്ടിൽ വന്നപ്പോൾ ഞാൻ വീടിനു പുറത്ത് ഇരിക്കുകയായിരുന്നു. എന്റെ ദയനീയഭാവത്തിലുള്ള ഇരിപ്പു കണ്ടാണെന്നു തോന്നു അങ്കിൾ അച്ഛനോടു ചോദിച്ചു. ‘ആ കുട്ടി ഏതാണെന്ന്?’ ഇളയമകളാണെന്ന് അച്ഛൻ പറഞ്ഞു. ആ സിനിമയ്ക്കു വേണ്ടി ഒരു ബാലനടിയെ അന്വേഷിക്കുന്നുണ്ടായിരുന്നു അങ്കിൾ. ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. അങ്കിളിന് ഇഷ്ടമായി. അങ്ങനെ ഞാൻ സിനിമയിലെത്തി.

ഒരു പാവപ്പെട്ട കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണ്. അച്ഛനും അമ്മയും നിരന്തരം വഴക്കിടുന്ന കുടുംബം. അവരുടെ വഴക്കു ബാധിക്കുന്നതു മകളെയാണ്. അവൾ സംസാരിക്കാൻ ശേഷിയില്ലാത്തവളായി മാറുന്നു. ആ കുട്ടി ആയിരുന്നു എന്റെ കഥാപാത്രം.

thanmaya-3

എന്താണ് ആ കുട്ടിയുടെ പേര്?

പേരില്ലാത്ത കഥാപാത്രമാണ്. അതുപോലെ സംഭാഷണവുമില്ല. ഉള്ളിൽ നൊമ്പരമാണ്. അതു മുഖത്തു വരണമെന്ന് സനൽ അങ്കിൾ പറഞ്ഞു. എന്റെ സുഹൃത്തുക്കളൊക്കെ പറയുന്നതു ഞാൻ വെറുതെ ചിരി പാഴാക്കിക്കളയുന്ന ആളാണ് എന്നാണ്. പക്ഷേ, ഈ സിനിമയുടെ സെറ്റിൽ ക്യാമറ ഓൺ ആയാൽ പിന്നെ ചിരിയില്ല. റാന്നി, അതിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വച്ചായിരുന്നു ഷൂട്ടിങ്. ഞങ്ങൾ കുടുംബസമേതം അവിടെ ഉണ്ടായിരുന്നു.

അവാർഡ് കിട്ടിയതിനുശേഷം തന്മയയെ സ്കൂളിലേക്കു കാണാനില്ല? സ്വീകരണം ഏറ്റുവാങ്ങാൻ പോയതാണോ?

അവാർഡ് വിവരം അറിഞ്ഞ് ഒരുപാടു പേര് വിളിക്കുന്നുണ്ട്. പലരും വീട്ടിൽ വന്ന് അഭിനന്ദിക്കുന്നു. മന്ത്രി ശിവൻകുട്ടി സാർ ഇവിടെ വന്നല്ലോ? കേന്ദ്രമന്ത്രി മുരളീധരൻ സാർ കഴക്കൂട്ടത്തു വന്നപ്പോൾ ഞങ്ങളെ വിളിപ്പിച്ചു. സുരേഷ് ഗോപി സാറും വീട്ടിലേക്കു വിളിച്ചു. പിന്നെ, ജീവിതത്തിന്റെ പല മേഖലകളിലുള്ളവർ വന്നു. എല്ലാവർക്കും ഒരുപാട് നന്ദി, സന്തോഷം.

മികച്ച ബാലനടിക്കുള്ള അവാർഡ് വിവാദമായല്ലോ? ദേവനന്ദയ്ക്ക് അവാർഡ് കൊടുത്തില്ല എന്നൊക്കെ പറഞ്ഞ്?

അച്ഛൻ പറഞ്ഞിട്ടുണ്ട്; എന്നെപ്പോലെ ഒരു മോളാണ് അ ച്ഛന് ദേവനന്ദയും. അതുകൊണ്ട് അവളെ സഹോദരിയായി കണ്ടാൽ മതി എന്ന്. ഞാൻ അങ്ങനെയാണു കാണുന്നത്. ‘മാളികപ്പുറം’ ഞാൻ കണ്ട സിനിമയാണ്. ദേവനന്ദ നന്നായി അഭിനയിച്ചിട്ടുണ്ട്. നല്ല കഴിവുള്ള കുട്ടിയാണ്. ഒരു പ്രോമിസിങ് ആക്ട്രസ് ആണു ദേവനന്ദ.

വി. ആർ. ജ്യോതിഷ്