Monday 18 September 2023 12:09 PM IST

‘നല്ല ജോടിയാണല്ലോ, ശരിക്കും അങ്ങു കല്യാണം കഴിച്ചൂടേ...’: സംവൃത ചേച്ചിയുടെ നാവ് പൊന്നായി: തേജസ്–മാളവിക പ്രണയം

Roopa Thayabji

Sub Editor

thejas-malavika

മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലെ സ്കിറ്റിനു ശേഷം ജഡ്ജസ് കമന്റു പറയുകയാണ്. നടിയും ഞങ്ങളുടെ സ്വീറ്റ് ചേച്ചിയുമായ സംവൃത സുനിൽ ചോദിച്ചതിങ്ങനെ, ‘നല്ല ജോടിയാണല്ലോ, ശരിക്കും അങ്ങു കല്യാണം കഴിച്ചൂടേ...’

ആ നാവു പൊന്നായി എന്നാണു മാളവിക പറഞ്ഞു തുടങ്ങിയത്. പ്രണയത്തിന്റെ കണിക ലവലേശമില്ലാത്ത, അറേഞ്ച്ഡ് മാര്യേജിന്റെ എല്ലാ ത്രില്ലുമുള്ള കല്യാണക്കഥ പറയാൻ അരികിൽ തേജസുമുണ്ട്. മർച്ചന്റ് നേവിയിൽ എൻജിനിയറായ തേജസിന്റെയും നടിയും നർത്തകിയുമായ മാളവികയുടെയും വിവാഹം മേയ് മൂന്നിനായിരുന്നു.

ടൈമിങ് മുഖ്യം ചേട്ടാ...

‘നായികാനായകനിൽ മത്സരിക്കുന്ന സമയത്ത് കൂട്ടത്തിലെ ‘കുട്ടി’യാണു ഞാൻ, കഷ്ടിച്ചു 18 വയസ്സ്. തേജസേട്ടനടക്കമുള്ള ആൺകുട്ടികളെല്ലാം എന്നെക്കാൾ അഞ്ചും ആറും വയസ്സു മൂത്തവർ. അവരോടു ബഹുമാനം കലർന്ന അകലം ഉള്ളതിനാൽ അധികം സംസാരിക്കില്ല. പക്ഷേ, ഡാൻസ് ടീമിടുമ്പോൾ പ്രത്യേകം പറയും, തേജസേട്ടനെ എനിക്കൊപ്പം ഇടല്ലേ, കക്ഷിക്ക് ഒട്ടും ടൈമിങ് ഇല്ല.

സംവൃത ചേച്ചിയുടെ കമന്റു വെറുതേ വിട്ടെങ്കിലും കാര്യങ്ങൾ കല്യാണാലോചനയിലേക്ക് എത്തിയതു കുറേക്കാലം കഴിഞ്ഞാണ്. ഷോ കഴിഞ്ഞു പല വഴിക്കു പിര‍ിഞ്ഞ ഞങ്ങളെല്ലാം ഗ്രൂപ്പിൽ സജീവമായിരുന്നു. ആ സമയത്തു തേജസേട്ടനു വീട്ടിൽ സജീവമായി കല്യാണാലോചന തുടങ്ങി. ഒരു ദിവസം ചേച്ചിയാണ് ‘നമുക്കു മാളുവിനെ നോക്കിയാലോ’ എന്ന് ഏട്ടനോടു ചോദിച്ചത്. പിന്നാലെ എനിക്കു മെസേജിട്ടു, ‘വിവാഹം ആലോചിക്കുന്നതിൽ വിരോധമുണ്ടോ?’

തേജസേട്ടന്റെ അച്ഛൻ ജ്യോതികുമാർ എയർഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു. അവരുടെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ജയജ്യോതി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ടീച്ചറായിരുന്നു അമ്മ മായാദേവി. ചേച്ചി താര ആയുർവേദ ഡോക്ടറും.

നീയെൻ കിനാവോ...

എന്റെ വീട്ടിൽ ഞാനും അമ്മ ഉഷയും മാത്രമേയുള്ളൂ. അച്ഛൻ കൃഷ്ണദാസിനു ബിസിനസ്സായിരുന്നു. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അമ്മയ്ക്ക് ഇഷ്ടമില്ലാത്ത ഒന്നും ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ടു തന്നെ നാടകീയമായാണു വിവാഹാലോചനയുടെ കാര്യം അവതരിപ്പിച്ചത്. ‘എനിക്ക് എപ്പോഴാണ് കല്യാണം നോക്കി തുടങ്ങുക?’ എന്നു ചോദിച്ചപ്പോൾ ‘24, 25 വയസ്സൊക്കെ ആകുമ്പോൾ നോക്കാം’ എന്ന് ഒഴുക്കൻ മട്ടിലായിരുന്നു അമ്മയുടെ മറുപടി. അന്നെനിക്ക് 21 വയസ്സേ ഉള്ളൂ, എറണാകുളം സെന്റ് തെരേസാസിലെ ബിബിഎ പഠനം പൂർത്തിയായിട്ടുമില്ല. ‘നാളും ജാതകവുമൊക്കെ നോക്കി എല്ലാം ഒത്തു വന്നാൽ, സമ്മതമാണെങ്കിൽ ഈ ആലോചന നോക്കിക്കോളൂ...’ എന്നു പറഞ്ഞു തേജസേട്ടന്റെ പ്രപ്പോസൽ അമ്മയ്ക്കു കൈമാറി. എല്ലാം ഒത്തുവന്നു. രണ്ടു കുടുംബങ്ങളും ഒന്നിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായി മൂന്നു വർഷം എല്ലാം സീക്രട്ടാക്കി വച്ചു.

അതായിരുന്നു ഞങ്ങളുടെ പ്രണയകാലം. നേരിൽ കാണാൻ വഴിയില്ല, തേജസേട്ടൻ കപ്പലിൽ അർജന്റീനയിലെങ്ങോ ആണ്. എന്റെ ബർത്ഡേക്കു വീട്ടിൽ ഒരു ഗിഫ്റ്റ് ബോക്സ് വന്നു. തുറന്നപ്പോൾ ഞെട്ടിപ്പോയി. ഫോൺ സംസാരത്തിനിടയിൽ ഞാൻ പറഞ്ഞ ഫേവറിറ്റ് ചോക്ലറ്റുകളും ടെഡ്ഡിയും ഒക്കെയാണതിൽ.

ഇതിനിടെ ചേട്ടൻ നാട്ടിൽ വന്നപ്പോൾ പെണ്ണുകാണലും ചെക്കൻ കാണലും നടന്നു, പാലക്കാടാണ് എന്റെ വീട്, വിവാഹശേഷം കൊല്ലത്തെ തേജസേട്ടന്റെ വീട്ടിലേക്കു വരണമല്ലോ. ഒരു വിപ്ലവമാകട്ടെ എന്നു കരുതിയൊന്നുമല്ല. ‘മാ ളു നേരത്തേ വന്നു വീടൊക്കെ കാണട്ടെ’ എന്നു പറഞ്ഞു ക്ഷണിച്ചത് ഏട്ടന്റെ വീട്ടുകാർ തന്നെയാണ്. ആദ്യത്തെ വരവായതിനാൽ അതിനുള്ള നാളും നേരവുമൊക്കെ നോക്കിയിരുന്നു. അന്നാണു വിവാഹ തീയതി കുറിച്ചത്.

thejas-malavika-2

കല്യാണകച്ചേരി പാടാമെടീ...

കല്യാണത്തിനു മുൻപ് എല്ലാവരെയും കാര്യങ്ങൾ അറിയിക്കാനായി ആദ്യം ഗ്രൂപ്പിൽ മെസേജിട്ടു. പിറകേ ലാൽ ജോസ് സാറിനെ ഞാനും തേജസേട്ടനും കൂടി ഗ്രൂപ് കോൾ ചെയ്തു. ‘ഞാനുദ്ദേശിക്കുന്നതു തന്നെയാണോ നിങ്ങൾ പറയാൻ പോകുന്നത്’ എന്നാണു സാർ ചോദിച്ചത്.

ഒറ്റമോളായതിനാൽ കല്യാണം നന്നായി തന്നെ നടത്തണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. വല്യമ്മയുടെ മോൻ ദീപു ചേട്ടനായിരുന്നു അക്കാര്യത്തിൽ അമ്മയുടെ വലംകൈ. മെഹന്ദിയും ഹൽദിയുമൊന്നും വേണ്ടെന്നും, ഡാൻസും പാട്ടുമായി എല്ലാവരും ആഘോഷമാക്കുന്ന സംഗീത് നൈറ്റ് വേണമെന്നും ഉറപ്പിച്ചിരുന്നു. ബ്ലാക്, റെഡ്, ഗോൾഡ് തീമിലുള്ള സംഗീത് നൈറ്റിൽ ഞാനും തേജസേട്ടനും ഒന്നിച്ചു നൃത്തം ചെയ്തു ഞെട്ടിച്ചു. കല്യാണത്തിനു പേസ്റ്റൽ ‍ഷേഡും റിസപ്ഷനു ബ്ലൂവും തീമാക്കി.

കല്യാണശേഷം ആദ്യയാത്ര തായ്‌ലൻഡിലേക്കായിരുന്നു. പിന്നീടു പോയതു ദുബായിലേക്ക്. അവിടെ വച്ചു ഞങ്ങൾ സ്കൈ ഡൈവിങ് ചെയ്തു. വലിയ യാത്രകൾ മാത്രമല്ല, ചെറുയാത്രകളും ഞങ്ങൾ ആസ്വദിക്കുന്നുണ്ട്.

പെട്ടെന്നൊരു മോഹം തോന്നി തെങ്കാശിയിലേക്കു പുറപ്പെട്ടു, സൂര്യകാന്തി തോട്ടം കാണാൻ. ഗൂഗിൾ മാപ് ഇട്ടു ചേയ്ച് ചോയ്ച് പോയി. യാത്ര തന്നെ ജോലിയാക്കിയ, യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന ഒരാൾക്കൊപ്പം സഞ്ചരിക്കുന്നതിന്റെ ത്രിൽ പറഞ്ഞറിയിക്കാനാകില്ല കേട്ടോ...’

രൂപാ ദയാബ്ജി