ADVERTISEMENT

‘മമ്മൂട്ടി ഷൈൻ ചെയ്തോട്ടെ,എന്നു ലാലും, ലാലിനെ ഏതു ലെവലിൽ വേണമെങ്കിലും കാണിച്ചോ എന്നും മമ്മൂട്ടിയും സമ്മതം

മോഹന്‍ലാല്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്‍റെ ‘ഹരികൃഷ്ണന്‍സ്.’ 25 വര്‍ഷം മുന്‍പു വിസ്മയം പോലെ സംഭവിച്ച ഒരു സിനിമ തുടങ്ങുകയാണ്. നീണ്ട കാത്തിരിപ്പിനു േശഷം സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമയ്ക്കു വേണ്ടി ഫാന്‍സ് കണ്ണിെലണ്ണയൊഴിച്ചു കാത്തിരുന്നു.

ADVERTISEMENT

‘മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഒരു സിനിമ ഇനി സാധ്യമോ?’ എന്നു സിനിമാലോകവും പ്രേക്ഷകരും സംശയിച്ച കാലത്താണു ഫാസിൽ ‘ഹ രികൃഷ്ണൻസ്’ ഒരുക്കിയത്. മലയാള സിനിമയിലെ വിലയേറിയ മൂന്നു ബ്രാൻഡ് നെയിമുകൾക്കൊപ്പം ബോളിവുഡ് താരനായിക ജൂഹി ചാവ്‌ലയും. 1998 സെപ്റ്റംബർ നാലിനു തിയറ്ററിലെത്തിയ ‘ഹരികൃഷ്ണൻസി’ന് ഇപ്പോൾ സിൽവർ ജൂബിലി. ആലപ്പുഴയിലെ വീട്ടിലിരുന്നു സംവിധായകൻ ഫാസിൽ‌ തന്റെ ഓർമകളുടെ ഫ്രെയിം ആ കാലത്തിലേക്കു തിരിച്ചു പിടിക്കുകയാണ്.

‘‘എന്റെ സിനിമ പശ്ചാത്തലം, മമ്മൂട്ടിയും മോഹൻലാലുമായുള്ള അടുപ്പം, അവര്‍ക്ക് എന്നിലുള്ള വിശ്വാസം, എല്ലാറ്റിനുമുപരി എനിക്ക് എന്നിലുള്ള വിശ്വാസം ഇവയെല്ലാം ചേർന്നാണ് ‘ഹരികൃഷ്ണ ൻസ്’ സംഭവിച്ചത്.’’

ADVERTISEMENT

‘അനിയത്തിപ്രാവ്’ കഴിഞ്ഞു ഞാൻ ഒരു സിനിമ നിർമിച്ചു, ‘സുന്ദരകില്ലാടി.’ അതിന്റെ ഷൂട്ടിങ് പൊളളാച്ചിയിൽ നടക്കുമ്പോൾ ആന്റണി പെരുമ്പാവൂർ കാണാൻ വന്നു. മോഹൻലാലിന്റെ നിർമാണകമ്പനിയായ ‘പ്രണവം ആർ‌ട്സ്’ന് വേണ്ടി ഒരു പടം ചെയ്യണം.

‘‘ലാൽ ആയിരിക്കുമല്ലോ ഹീറോ’’ ഞാൻ ചോദിച്ചു.

ADVERTISEMENT

‘‘ലാൽ സർ ആയിരിക്കണമല്ലോ’’ എന്ന് ആന്റണി.

പെട്ടെന്നു മനസ്സിലൊരു കുസൃതി. ഒരു കൗതുകത്തിനു ചോദിച്ചു, ‘‘മമ്മൂട്ടി കൂടി ആയാലോ ?’’

‘‘സമ്മതിക്കുമോ?’’ ആന്റണിക്കു സംശയം.

‘‘സമ്മതിപ്പിക്കാം.’’ എന്നു ഞാന്‍.

‘‘എങ്കിൽ ലാൽസാറിനെ ഞങ്ങളും സമ്മതിപ്പിക്കാം’’ എ ന്ന് ആന്റണി. വൈകാതെ മറുപടിയെത്തി. ‘‘ലാൽ സാറിന് സമ്മതം.’’ ഞാൻ മമ്മൂട്ടിയെ വിളിച്ചു കാര്യം പറഞ്ഞു. ‘‘താൻ വിളിച്ചതല്ലേ. ഞാൻ വരുന്നു.’’ എന്നു മമ്മൂട്ടിയും പറഞ്ഞതോടെ സിനിമയ്ക്കു തുടക്കമായി.

അന്നെന്റെ മനസ്സിൽ ഒരു ത്രെഡ് ഉണ്ട്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ. ഹരികൃഷ്ണൻ എന്ന കഥാപാത്രമാണ് നായകൻ. മമ്മൂട്ടിയെയാണ് ആ േറാളിലേക്ക് ഉദ്ദേശിച്ചത്. പുതിയ പ്രോജക്ട് വന്നപ്പോൾ, ഹരികൃഷ്ണനെ രണ്ടാക്കി കീറിയാലോ എന്നു ചിന്തിച്ചു. തുല്യ പ്രാധാന്യമുള്ള ഹരിയും കൃഷ്ണനുമാക്കാം. അങ്ങനെ കഥയുടെ ഏകദേശ രൂപമുണ്ടാക്കി. തിരക്കഥയിൽ സഹായിക്കാൻ മധു മുട്ടവും എത്തി. തിരക്കഥ പൂർത്തിയാകും മുൻപേ ഷൂട്ട് തുടങ്ങി. സിനിമയ്ക്ക് മറ്റൊരു പേരും ആലോചിച്ചില്ല. ഹരികൃഷ്ണൻമാരുടെ കഥ, ‘ഹരികൃഷ്ണൻസ് ’

fazil-1

അപ്രാപ്യയായ ഒരു നായിക

ഊട്ടിയിലാണു ഷൂട്ടിങ് തുടങ്ങിയത്. ഇതു മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ ഫാസിലിന്റെയോ പടമല്ല, പകരം ഒരു ‘കുടുംബസിനിമ’യാണെന്നു സ്വിച്ച് ഓൺ ദിവസം തന്നെ തോന്നി. എന്റെ ഭാര്യ റോസിയും മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോഹൻലാലിന്റെ ഭാര്യ സുചിത്രയും അവിടെയുണ്ടായിരുന്നു. എല്ലാവരും ചേർന്ന മനോഹരമായ നിമിഷങ്ങളുടേതായിരുന്നു ആ ദിവസങ്ങൾ. കൊടൈക്കനാൽ, തിരുവനന്തപുരം, ചെന്നൈ, ആലപ്പുഴ ഒക്കെയായിരുന്നു മറ്റു പ്രധാന ലൊക്കേഷനുകൾ.

‘ഹരികൃഷ്ണൻസി’നു വേണ്ടി എടുത്ത ആദ്യ ഷോട്ടിനും യാദൃച്ഛികമായ കൗതുകമുണ്ടായി. മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ നിർത്തി. രണ്ടു പേരും ജൂഹിയുടെ അടുത്തു പോകാൻ ഡ്രസ് ചെയ്തു നിൽക്കുകയാണ്. പരസ്പരം കാണുമ്പോൾ മമ്മൂട്ടിയുടെ ഡയലോഗ്, ‘ഫന്റാസ്റ്റിക്ക്.’ അപ്പോൾ ലാൽ, ‘അസ്സലായിട്ടുണ്ട്.’ രണ്ടാൾക്കും തുല്യ പ്രാധാന്യമുള്ള ഡയലോഗ്. ആ തുല്യത സിനിമയിൽ മൊത്തം കാണാം.

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചു പ്രണയിക്കുന്ന, ര ണ്ടാൾക്കും അപ്രാപ്യം എന്നു തോന്നിപ്പിക്കുന്ന ഒരു നായികയായിരുന്നു മനസ്സിൽ. അങ്ങനെയാണ് അക്കാലത്തെ വലിയ താരമായ ജൂഹി ചാവ്‌ലയിലേക്ക് എത്തിയത്. ഞാനും മോഹൻലാലും പ്രിയദർശനും കൂടി മുംെബെയിൽ പോയി ജൂഹിയെ കണ്ടു. കഥയുടെ ഏകദേശ രൂപം പറഞ്ഞപ്പോൾ തന്നെ അവർക്കു താൽപര്യമായി. അക്കാലത്തു മലയാള സിനിമയ്ക്കു താങ്ങാനാവാത്ത പ്രതിഫലമാണു ജൂഹിക്ക്. പക്ഷേ, ഇങ്ങനെയൊരു വലിയ സിനിമ സംഭവിക്കുന്നതിന്റെ ആവേശത്തിൽ അതിനെക്കുറിച്ചൊന്നും ആരും ആശങ്കപ്പെട്ടില്ല.

അഭിനയിക്കാം എന്നു സമ്മതിച്ച ശേഷം കഥാപാത്രത്തിന്റെ അപ്പിയറൻസിനെക്കുറിച്ചു ജൂഹി ചോദിച്ചു.

‘‘ഗുപ്തന്റെ കൂട്ടുകാരിയാണ് മീര. അവർ ഒരു ഇന്റലക്ച്വൽ ആണ്. അതു ലുക്കിൽ തോന്നണം. മാത്രമല്ല, സിനിമ കണ്ടു കഴിയുമ്പോൾ നിങ്ങൾ ധരിച്ചത് അണിയാൻ പ്രേക്ഷകർക്കു താൽപര്യവുമുണ്ടാകണം.’’ ഞാന്‍ വിശദീകരിച്ചു. നാട്ടില്‍ അധികം കണ്ടിട്ടില്ലാത്ത മോേഡൺ േവഷങ്ങളും ഫ്രിൽ ഒക്കെ വച്ച പ്രത്യേക തരം സാരികളുമാണ് ജൂഹി സിനിമയിൽ ഉപയോഗിച്ചത്. അതെല്ലാം ശ്രദ്ധിക്കപ്പെട്ടു.

ആരും കാണാത്ത മുഖം തേടി

ഞാൻ രാജീവ് മേനോനെ ആദ്യം കാണുന്നത് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളു’ടെ സമയത്താണ്. അന്ന് സ്റ്റെഡി ക്യാം ശരീരത്തിൽ ഘടിപ്പിച്ച് ഓടി നടന്നു ഷൂട്ട് ചെയ്യുന്ന രീതി കാണിച്ചു തരാന്‍ വന്നതാണ് രാജീവ്. ഇയാൾക്കൊരു ഫിലിം സ്റ്റാറിന്റെ ലുക്ക് ഉണ്ടല്ലോ എന്നു മനസ്സില്‍ കരുതിയിരുന്നു. അന്നദ്ദേഹം സിനിമ സംവിധായകനായിട്ടില്ല. പരസ്യചിത്രങ്ങൾ എടുക്കുന്നുണ്ട്. പുകവലി കാരണം അച്ഛൻ കാൻസർ വന്ന് മരണപ്പെട്ടതിനാൽ, സിഗരറ്റിന്റെ മാത്രം പരസ്യങ്ങള്‍ എടുക്കില്ല എന്നു പറഞ്ഞപ്പോള്‍ ആദരവ് തോന്നി. അങ്ങനെ രാജീവ് എന്റെ മനസ്സിലുണ്ടായിരുന്നു.

ഗുപ്തൻ എന്ന കഥാപാത്രത്തിനായി പ്രേക്ഷകർ കണ്ടിട്ടില്ലാത്ത, കൗതുകമുള്ള ഒരു മുഖം വേണം എന്നു തീരുമാനിച്ചു. എപ്പോഴോ രാജീവ് മനസ്സിൽ കയറി വന്നു. സുചിത്രയുടെ അടുത്ത സുഹൃത്താണ് രാജീവ്. സുചിയാണ് സംസാരിച്ചത്. ‘ഫാസിലാണു സംവിധായകനെങ്കിൽ ഞാൻ വരാം’ എന്നായിരുന്നു മറുപടി. കുറച്ചു സീനേ ഉള്ളെങ്കിലും രാജീവ് മനോഹരമായി ചെയ്തു. ‘ചൂട് ചായ ഊതി ഊതി കുടിക്കുന്നതായിരുന്നു ഗുപ്തനിഷ്ടം’ എന്ന ഡയലോഗൊക്കെ പിന്നീടിത്ര ഹിറ്റാകുമെന്നു പ്രതീക്ഷിച്ചില്ല.

പലരെയും പരിഗണിച്ച ശേഷമാണു സുദര്‍ശന്‍ ആയി ചാക്കോച്ചനെ തീരുമാനിച്ചത്. സംഗീതം പഠിച്ചിട്ടുള്ളതിനാ ൽ ‘സമയമിതപൂർവ സായാഹ്നം’ എന്ന ഗാനരംഗത്തിലൊക്കെ ഗുണകരമാകുമെന്നുമോര്‍ത്തു.

പിന്നെ ബേബി ശ്യാമിലി, നെടുമുടി വേണു, വി.കെ.ശ്രീരാമന്‍, കൊച്ചിൻ ഹനീഫ, വേണു നാഗവള്ളി, മണിയൻ പിള്ളരാജു, ഇന്നച്ചൻ, ജഗദീഷ്, റീന, പൂജപ്പുര രവി, ബാബുരാജ് തുടങ്ങി ചെറിയ ചെറിയ റോളുകളിൽ പോലും വലിയ താരങ്ങളാണു വന്നത്.

ആരാണു നല്ല നടൻ

സിനിമ റിലീസ് ചെയ്തു കഴിഞ്ഞ്, ഞാൻ ‘മമ്മൂട്ടിയെ ഫേവർ ചെയ്തു’, ‘മോഹൻലാലിന് കൂടുതല്‍ പ്രാധാന്യം കൊടുത്തു എന്നൊന്നും ആരും പറയരുതെന്നു നിർബന്ധമുണ്ടായിരുന്നു. സീനുകളുെട എണ്ണത്തില്‍ മാത്രമല്ല, ഡയലോഗിൽ പോലും ഇതു ശ്രദ്ധിച്ചു. ഒരാൾ പറയേണ്ട ഡയലോഗ് രണ്ടായി മുറിച്ചു രണ്ടു പേർക്കുമായി കൊടുത്തു. മമ്മൂട്ടി പറയുന്നതിന്റെ തുടർച്ച മോഹൻലാൽ പറഞ്ഞു. മോഹൻലാൽ പറയുന്നതിന്റെ ബാക്കി മമ്മൂട്ടിയും. പറഞ്ഞു വരുമ്പോൾ എവിടെയും ശ്രുതി തെറ്റുന്നില്ല, താളം തെറ്റുന്നില്ല, അഭംഗിയാകുന്നില്ല. രണ്ടും കട്ടയ്ക്ക് കട്ടയ്ക്കാണ്. അവിടെയാണ് ഇവരുടെ അഭിനയ തുല്യതയെ നമ്മൾ വിലയിരുത്തേണ്ടത്.

എന്നിലുള്ള വിശ്വാസം െകാണ്ടാകാം, മോഹൻലാലും മ മ്മൂട്ടിയും ഇതേക്കുറിച്ച് തീരെ ആശങ്കപ്പെട്ടിരുന്നില്ല. ‘മമ്മൂട്ടി വേണമെങ്കിൽ ഷൈൻ ചെയ്തോട്ടെ, എനിക്കൊരു പ്രശ്നവുമില്ല’ എന്നു ലാലും ‘താൻ വേണമെങ്കിൽ ലാലിനെ ഏതു ലെവലിൽ വേണമെങ്കിലും കാണിച്ചോ, എനിക്കു പ്രശ്നമല്ല’ എന്നു മമ്മൂട്ടിയും മൗനസമ്മതം തന്ന പോലെയായിരുന്നു.

എന്തു പറഞ്ഞാലും രണ്ടാളും തയാര്‍. ഒരു കാര്യവും പറ്റില്ലെന്നു പറഞ്ഞിട്ടേയില്ല. ‘പൊന്നേ പൊന്നമ്പിളി’ പാട്ടിന്‍റെ രംഗത്തു മമ്മൂട്ടി ചുവടുവച്ചു ഡാന്‍സ് െചയ്യണം. അതോര്‍ത്ത് എനിക്കൊരു േപടിയും ഉണ്ടായിരുന്നില്ല. സീന്‍ ഷൂട്ട് െചയ്തപ്പോള്‍ മമ്മൂട്ടി വിസ്മയിപ്പിച്ചു കളഞ്ഞു.

പക്ഷേ, കോമഡിയുടെ കാര്യത്തില്‍ അല്‍പം അങ്കലാപ്പായിരുന്നു. മീരയെ ഇംപ്രസ് ചെയ്യിക്കാൻ, എരിവും ഉപ്പും കൂടിയ ഭക്ഷണം കഴിക്കുന്ന സീനിൽ രണ്ടാളും കട്ടയ്ക്ക് കട്ടയ്ക്കാണു നിന്നത്. പരസ്പരം കളിയാക്കുന്ന ഡയലോ ഗ് ഒക്കെ രണ്ടാളും ആസ്വദിച്ചു തന്നെ അഭിനയിച്ചു. മമ്മൂട്ടി പറയുമ്പോൾ മോഹൻലാലും മോഹൻലാല്‍ പറയുമ്പോൾ മമ്മൂട്ടിയും ചിരിയോടു ചിരിയായിരുന്നു. പാന്റിൽ വീണ ചായ ജൂഹി തുടച്ചു കൊടുക്കുമ്പോഴുള്ള മമ്മൂട്ടിയുടെ എക്സ്പ്രഷനും ലാലിന്റെ റിയാക്‌ഷനുമൊക്കെ ഗംഭീരമായി. അങ്ങനെ തമാശകളുടെ പെരളിയാണു സിനിമ. അതിന്റെ മൊത്തം ക്രെഡിറ്റ് മമ്മൂട്ടിക്കും ലാലിനുമാണ്.

‘സമയമിതപൂർവ സായാഹ്നം’ എന്ന പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ ഞാൻ മമ്മൂട്ടിയോടു പറഞ്ഞു. ‘‘ഈ പാട്ട് പഠിച്ചേ പറ്റൂ.’’

‘‘പാട്ട് അങ്ങു പാടിയാ പോരേ’’ എന്നു മമ്മൂട്ടി.

‘‘കംപ്ലീറ്റ് സ്വരങ്ങളാണ് മിസ്റ്റർ’’ എന്നു ഞാൻ.

മോഹൻലാൽ സ്വരങ്ങൾ‍ നന്നായി പാടിക്കളയുമെന്ന് എനിക്കറിയാം. മമ്മൂട്ടിയും ഒപ്പം നിൽക്കേണ്ടേ. എന്തായാലും പാട്ട് മുഴുവനും കുത്തിയിരുന്നു പഠിച്ചു മമ്മൂട്ടി അതിമനോഹരമായി പാടി അഭിനയിച്ചു.

കോമഡിയും പ്രേമവും മാത്രമായാൽ പടം ഓടില്ല. ‘‘പ്രത്യക്ഷത്തിൽ കാണുന്നതു വേറെ എന്തോ ഒരു സംഭവമാണ്. പക്ഷേ, അതിനു പിന്നില്‍ ഗഹനമായ കഥയുണ്ടാകണം’’ എന്നാണു തിരക്കഥ ഒരുക്കുമ്പോൾ ഞാൻ മധു മുട്ടത്തോടു പറഞ്ഞത്. മമ്മൂട്ടിയുടെയും ലാലിന്റെയും ഈ തമാശക്കളികൾക്കെല്ലാം പിന്നിൽ കെട്ടുറപ്പുള്ള കുറ്റാന്വേഷണ കഥയുണ്ട്. അതാണു സിനിമയുടെ ജീവൻ.

ഷൂട്ടിങ്ങിനിടെ മറക്കാനാകാത്ത കുറേയധികം അനുഭവങ്ങളുണ്ട്. ഒരു ദിവസം ഷോട്ട് എടുക്കും മുൻപ് ജൂഹി വ ന്നു പറഞ്ഞു, ‘‘ഈ സിറ്റ്വേഷന്‍ അത്ര പിടികിട്ടുന്നില്ല, വിൽ യൂ പ്ലീസ് ഷോ മീ.’’

ഞാൻ ആ സീനിലെ അവരുടെ ഭാഗം അഭിനയിച്ചു കാണിച്ചു. ഇതു മമ്മൂട്ടിയും ലാലും ശ്രദ്ധിക്കുന്നുണ്ട്. ഞാൻ കാണിച്ചു കൊടുത്തത് ടേക്കിന്‍റെ സമയത്തു കൃത്യമായി ജൂഹി ചെയ്തു. വിസ്മയിപ്പിക്കുന്ന പ്രകടനം. പെട്ടെന്നു ഞാൻ ലാലിനോടും മമ്മൂട്ടിയോടും പറഞ്ഞു, ‘‘ഇതെന്താ ബ്ലോട്ടിങ് പേപ്പർ പോലെ ഒപ്പിയെടുക്കുന്നോ.’’

അതു കേട്ടതോെട ജൂഹിയുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി. വലിയൊരു അംഗീകാരമായാണ് എെന്‍റ വാക്കുകളെ അവർ എടുത്തത്.

fazil-3

ചാൻസ് ചോദിച്ചു ഷാരൂഖ്

പലര്‍ക്കും പലതും ഞാന്‍ അഭിനയിച്ചു കാണിക്കുന്നതു തുടക്കം മുതലേ ജൂഹി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവര്‍ ലാലിനോടും മമ്മൂട്ടിയോടും പറഞ്ഞു, ‘‘ഒരുപാട് സംവിധായകരെ കണ്ടിട്ടുണ്ട്. പക്ഷേ, ഇങ്ങനെ അഭിനയിച്ചു കാണിക്കുന്ന ആരുമില്ല.’’

ആ സമയത്ത് ഏതോ സിനിമയുമായി ബന്ധപ്പെട്ട് ഊട്ടിയിലുള്ള ഷാരൂഖ് ഖാനോടും ജൂഹി ഈ വിവരം പറഞ്ഞു. അടുത്തദിവസം ഷാരൂഖ് ഹരികൃഷ്ണന്‍സിന്‍റെ ലൊക്കേഷനിലെത്തി. ‘സർ, എനിക്കീ സിനിമയില്‍ ഒരു ഷോട്ടെങ്കിവും വേണം. എപ്പോൾ വിളിച്ചാലും വരാം’.

ഞങ്ങൾ ആകെ പരിഭ്രാന്തരായി. ബോളിവുഡിന്‍റെ മെ ഗാ താരമാണ് ഒാഫര്‍ തരുന്നത്. എന്തു ചെയ്യും?

ഒടുവിൽ‌ എെന്‍റ മനസ്സിലൊരു വഴി തെളിഞ്ഞു. മീര ഹരിക്കോ കൃഷ്ണനോ എന്ന ആകാംക്ഷ കത്തി നിൽക്കുമ്പോൾ, ഷാരൂഖ് വന്നു മീരയെ സ്വന്തമാക്കുന്നതായി ഒരു ക്ലൈമാക്സ്. അതിന്റെ ചില സ്റ്റില്ലുകളും എടുത്തു. അപ്പോൾ അടുത്ത പ്രശ്നം. ഷാരൂഖ് ഖാൻ സിനിമയിലുണ്ടെന്ന വാർത്ത പരക്കുന്നതോെട പ്രേക്ഷകർ ഈ ക്ലൈമാക്സ് പ്രതീക്ഷിക്കും. അതു പടത്തിന്റെ കഥാഗതിയിലുള്ള കൗതുകം മുഴുവനും നശിപ്പിക്കും. അങ്ങനെ ‘ഹരികൃഷ്ണൻസിനെ’ രക്ഷപ്പെടുത്താൻ ഷാരൂഖിനെ ഒഴിവാക്കി.

fazil_cvr_edit

മൊത്തം മൂന്ന് ക്ലൈമാക്സ്

എത്ര ബാലൻസ് ചെയ്താലും മീരയെ ആരു സ്വന്തമാക്കുന്നു എന്നതാകും ചർച്ചയാകുക എന്നെനിക്കുറപ്പായിരുന്നു. അതിനാൽ, പടം മൊത്തം കണ്ടിട്ടു തീരുമാനിക്കാം എന്നു കരുതി മൂന്നു ക്ലൈമാക്സുകൾ ചിത്രീകരിച്ചു. ഒന്നിൽ മോഹൻലാൽ മീരയെ സ്വന്തമാക്കുന്നു, മറ്റൊന്നിൽ മീര മമ്മൂട്ടിക്കൊപ്പം. മൂന്നാമത്തെ ക്ലൈമാക്സില്‍ നായിക ഇലയിട്ടു നോക്കുമ്പോൾ ആരുടെ പേരിലാണു വീഴുന്നതെന്നു കാണിക്കുന്നില്ല. അടുത്ത സീനിൽ കാർ ഓടിക്കുന്ന മോഹൻലാലും അടുത്തിരിക്കുന്ന മമ്മൂട്ടിയും ഒരേ സമയം തിരിയുന്നു. ‘ആരാണെന്ന് അറിയണ്ടേ’ എന്ന ചോദ്യത്തോടെ മമ്മൂട്ടി മോഹൻലാലിനെയും മോഹൻലാൽ‌ മമ്മൂട്ടിയെയും ചൂണ്ടുന്നു. കൃത്യമായ ഉത്തരം പറയാതെ അതിനുള്ള അവസരം പ്രേക്ഷകനു വിട്ടു െകാടുക്കുന്ന ഈ െെക്ലമാക്സ് ആയിരുന്നു എനിക്കിഷ്ടം.

എന്നാൽ പ്രിവ്യൂ ഷോ കണ്ട സ്ത്രീകൾക്കൊന്നും മൂന്നാമത്തെ െെക്ലമാക്സ് സ്വീകാര്യമായില്ല. ആരെ സ്വീകരിച്ചുവെന്നു തുറന്നു പറയേണ്ടതായിരുന്നു. ആർക്കൊപ്പമായാലും ഞങ്ങൾക്കൊരു വിഷമവുമില്ലെന്ന് അവർ പറഞ്ഞു. ഞാൻ എഡിറ്ററോടും പ്രൊഡ്യൂസറോടും സംസാരിച്ചു. റിലീസിനുള്ള 36 പ്രിന്റിലെ പതിനെട്ടെണ്ണത്തിൽ മോഹൻലാലിനു മീര സ്വന്തമാകുന്ന െെക്ലമാക്സും ബാക്കി പതിനെട്ടില്‍ മമ്മൂട്ടിയുടേതാകുന്ന ക്ലൈമാക്സും വച്ചു വിട്ടോളാൻ പറഞ്ഞു. അതോടെ എന്റെ പരിപാടി തീർന്നു.

പിന്നീടാണ് ആരും മനസ്സിലോര്‍ക്കാത്ത ഒരു കാര്യം ന ടന്നത്. ഡിസ്ട്രിബ്യൂഷൻ മാനേജർമാർ റപ്രസന്റേറ്റീവ്‌സിനോടു ചോദിച്ചു, ‘ആര്‍ക്കു നായികയെ കിട്ടുന്ന ക്ലൈമാക്സ് വേണം ? മമ്മൂട്ടിക്കോ മോഹൻലാലിനോ’

ആരാധക പിന്തുണ നോക്കി വടക്കു ഭാഗത്തുള്ളവർ മ മ്മൂട്ടി െക്ലെമാക്സും തെക്കു ഭാഗത്തുള്ളവർ മോഹൻലാല്‍ െക്ലെമാക്സും വാങ്ങി റിലീസ് ചെയ്തു. അതു പിന്നീടു വലിയ വിവാദമായി.

ഹരികൃഷ്ണന്‍സിന്‍റെ രണ്ടാം ഭാഗമൊന്നും ഇപ്പോള്‍ മനസ്സിലില്ല. കുറേനാള്‍ കഴിഞ്ഞ്, മമ്മൂട്ടിയും മോഹൻലാലും സമ്മതിച്ചാല്‍ ആലോചിക്കാം. ഹരിക്കോ കൃഷ്ണനോ മീരയിൽ പിറന്ന മകൻ ഈ രണ്ടു കഥാപാത്രങ്ങളുടെ വേരുകൾ തേടി വരുന്നതായൊക്കെ സങ്കൽപ്പിച്ച് ഒരു കഥയുണ്ടാക്കാം. ദുല്‍ഖറിനെയോ പ്രണവിനെയോ ആ നായകനായും െകാണ്ടുവരാം, സമയമാകട്ടെ....

വി.ജി. നകുൽ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ADVERTISEMENT