Tuesday 17 August 2021 12:55 PM IST

‘വീട്ടുകാരുടെ മുന്നിൽ പ്രപോസ് ചെയ്യും എന്ന് നിതേഷ് പറഞ്ഞിരുന്നു, സംഭവിച്ചത് മറ്റൊരു സർപ്രൈസ്’

Lakshmi Premkumar

Sub Editor

uthara

ആളുകൾ കുറവാണെങ്കിലും ആരവങ്ങൾക്കു കുറവേതുമില്ല. ഇതാണ് വിവാഹവേദിയിലെ ഇപ്പോഴത്തെ ട്രെൻഡ്. പ്രിയപ്പെട്ട ഒരുപാട് പേർ എന്നതിനപ്പുറം ഏറെ പ്രിയപ്പെട്ട കുറച്ചു പേരിലേക്ക് വിവാഹം ഒതുങ്ങി.

സാഹചര്യങ്ങൾ മാറിയപ്പോൾ എന്നും ഒാർമയിൽ സൂക്ഷിക്കാവുന്ന മനോഹരമുഹൂർത്തമായി തന്നെയാണ് വിവാഹങ്ങൾ ഇപ്പോഴും നടക്കുന്നത്. ആഘോഷങ്ങളും അ വ മനസ്സിൽ നിറയ്ക്കുന്ന സന്തോഷവും ഒട്ടും കുറഞ്ഞുപോയിട്ടില്ല. ഹൽദിയും സംഗീത് നൈറ്റും വിവാഹവും റിസപ്ഷനുമെല്ലാം നിറപ്പകിട്ട് കൂട്ടിയ, സിനിമയെ വെല്ലുന്ന വിവാഹങ്ങൾ‌ തന്നെയായിരുന്നു താരങ്ങളും നടത്തിയത്. കോവിഡ് കാലത്ത് വിവാഹിതരായ ഉത്തര ഉണ്ണിയുടേയും നിതേഷിന്റെയും വിശേഷങ്ങൾ ഇതാ...

മാട്രിമോണിയൽ വഴി വന്ന അറേഞ്ച്ഡ് വിവാഹമായിരുന്നു ഞങ്ങളുടേത്. രണ്ടു വർഷമായി അമ്മ സെർചിങ് തുടങ്ങിയിട്ട്. പക്ഷേ, വെബ്സൈറ്റ് വഴി ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയുമെന്ന ധാരണയോട് എനിക്ക് പൂർണമായും വിയോജിപ്പായിരുന്നു. എന്നാൽ, ഇങ്ങനെയും മനസ്സിനിണങ്ങിയ പങ്കാളി വരുമെന്ന് ഇപ്പോൾ മനസ്സിലായി. നിതേഷിന്റെ വിവാഹ ആലോചന വന്നപ്പോൾ അമ്മ യുടെ നിർബന്ധം മൂലമാണ് ഞാൻ സംസാരിക്കാൻ

തയാറായത്. നിതേഷ് കൊച്ചിയിൽ വന്നു. ഞാനും ചെന്നു. മനസ്സിൽ ആകെ ആശയകുഴപ്പമായിരുന്നു. എന്താ സംസാരിക്കുക, എങ്ങനെയാണ് സംസാരിച്ചു തുടങ്ങുക അങ്ങനെ നൂറ് സംശയങ്ങൾ. പക്ഷേ, ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരിഷ്ടം. ഇതു തന്നെയാണ് എന്റെ പങ്കാളി എ ന്നൊരു തോന്നല്‍.

അദ്ദേഹം സിംഗപ്പൂരിൽ സ്വന്തം ബിസിനസ് ചെയ്യുക യാണ്. ഇടയ്ക്കിടയ്ക്ക് കൊച്ചിയിലും വരാറുണ്ട്. പല തവണ സംസാരിച്ച് ഒരേ വേവ് ആണെന്ന് മനസ്സിലാക്കിയതോടെ പിന്നെ, എല്ലാം പെട്ടെന്നായിരുന്നു.

ഏഴു ദിവസത്തെ ചടങ്ങ്

ഭക്തിനിർഭരമായി വേണം എന്നതു മാത്രമായിരുന്നു എ നിക്ക് വിവാഹത്തെ കുറിച്ചുള്ള കൺസപ്റ്റ്. പക്ഷേ, നിതേഷിന്റെ മനസ്സറിഞ്ഞപ്പോൾ കുറച്ചു കൂടി ആഘോഷത്തോടെ വിവാഹം നടത്താമെന്ന് തോന്നി. വിവാഹത്തിന് മുന്നേ തന്നെ നിതേഷ് കേരളത്തിൽ വരുമ്പോൾ ഞങ്ങൾ കാണും. പതുക്കെ ഞങ്ങൾ സോഷ്യൽ മീഡിയയിൽ റീലുകളൊക്കെ പോസ്റ്റ് ചെയ്തു തുടങ്ങി. നിതേഷും എല്ലാകാര്യത്തിനും വളരെ സപ്പോർട്ടീവാണ്. എന്റെ കലാജീവിതത്തെ ബഹുമാനിക്കുന്നു എന്നതു തന്നെ വലിയ അനുഗ്രഹമാണ്.

സത്യം പറഞ്ഞാൽ 2020 ഏപ്രിലിലേക്ക് തീരുമാനിച്ച വിവാഹമാണ് ഞങ്ങളുടേത്. കൊറോണ ഞെട്ടിച്ചതു കൊണ്ട് ഒരു വർഷം കൂടി വിവാഹം നീട്ടി വച്ചു. 2021 ഏപ്രിൽ അഞ്ചിനാണ് വിവാഹം നടന്നത്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ ഈ കാലം സഹായിച്ചു.

പൂജ ഉൾപ്പെടെ മൂന്നു ദിവസങ്ങളിലായി ഏഴ് ചടങ്ങുകളാണ് ഉണ്ടായിരുന്നത്. ആദ്യ ദിവസം മെഹന്ദി. നിധീഷും അടുത്ത ബന്ധുക്കളും വീട്ടിലേക്ക് വന്നു. എന്റെ കയ്യിൽ പച്ച കുപ്പിവള അണിയിച്ചാണ് ചടങ്ങ് തുടങ്ങിയത്. നിതേഷിന്റെ അമ്മ വൈര വള സമ്മാനിച്ചു. ഞങ്ങളുടെ വീടിനു മുകളിലെ ഡാൻസ് സ്കൂളിലായിരുന്നു ആ പരിപാടി. വീടിന്റെ ചുറ്റുവട്ടത്തുള്ളവരായിരുന്നു പ്രധാന അതിഥികൾ. തിരുവാതിരയൊക്കെ ഉൾപ്പെടുത്തി സ്ത്രീകൾക്കു വേണ്ടിയുള്ള പരിപാടിയായിരുന്നു.

അന്ന് വൈകുന്നേരമായിരുന്നു സംഗീത് നൈറ്റ്. പിറ്റേ ദിവസമായിരുന്നു ഹൽദി. എന്റെ സുഹൃത്തുക്കളെല്ലാമെത്തി. മഞ്ഞനിറമായിരുന്നു തീം. കുറേ ഗെയിംസ് നടത്തി. സത്യം പറഞ്ഞാൽ എനിക്ക് എന്റെ വിവാഹമാണെന്ന് പോ ലും തോന്നിയിരുന്നില്ല. എല്ലാവരും ചേർന്നുള്ള ഒത്തുചേരൽ പോലെയായിരുന്നു,

കടവന്ത്രയിലുള്ള പൊന്നേത്ത് ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്. ഉത്തരാസ്വയംവരം കഥ വരച്ച കേരളാ സാരിയായിരുന്നു ഞാൻ ഉടുത്തത്. താലികെട്ടിയ ശേഷം ക്രൗൺപ്ലാസയിൽ ബാക്കി ചടങ്ങുകൾ നടത്തി. വൈകുന്നേരം റിസപ്ഷനും അതേ സ്ഥലത്തു തന്നെ. സിനിമാ മേഖലയിലെ സുഹൃത്തുക്കളെല്ലാം എത്തിയത് റിസപ്ഷനാണ്. ഓരോ വസ്ത്രങ്ങൾക്കും ഇണങ്ങുന്ന ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്. എന്റെ വിവാഹത്തെ കുറിച്ച്. അമ്മ കുറേയേറെ കാലമായി മനസിൽ കരുതി വയ്ക്കുന്ന കുറച്ച് ആഗ്രഹങ്ങളുണ്ട്, അതിന്റെയെല്ലാം പൂർണത കൂടിയായിരുന്നു ഓരോ ചടങ്ങും.

ഒരുപാട് പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വലിയൊരു ആഘോഷത്തിന് പകരം വിവിധ പരിപാടികളാക്കി വിവാഹത്തെ മാറ്റിയത് കോവിഡ് ആണ്. ഓരോ പരിപാടിക്കും 50 ആളുകളെ വീതം പങ്കെടുപ്പിച്ചു. എല്ലാവരോടും സംസാരിക്കാനും ചിരിക്കാനും വിശേഷം പറയാനും കഴിയുന്ന നല്ല നിമിഷങ്ങളായി മാറി ഒാരോ പരിപാടിയും. വരുന്നവർക്കും വീട്ടിലുള്ളവർക്കും ഒരുപോലെ സന്തോഷിക്കാം.

ചിലങ്ക കെട്ടിയ പ്രപോസൽ

വളരെ കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള നിശ്ചയമായിരുന്നു. വീട്ടുകാരുടെയെല്ലാം മുന്നിൽ വച്ച് പ്രപോസ് ചെയ്യും എന്ന് നിതേഷ് നേര ത്തെ പറഞ്ഞിരുന്നു. പക്ഷേ, സർപ്രൈസായി കാലിൽ ചിലങ്ക കെട്ടി കൊണ്ട് പ്രപോസ് ചെയ്തപ്പോൾ ഞെട്ടിപ്പോയി. ഞാന്‍ ജനിക്കുന്നതിന് മുന്നേ തന്നെ അമ്മ ഗുരുവായൂരിൽ നേർന്നിട്ടുണ്ടായിരുന്നു പെൺകുട്ടിയാണെങ്കിൽ ചിലങ്ക മണികൊണ്ട് തുലാഭാരം നടത്തണം എന്ന്. ഞാനൊരു നർത്തകിയായി തീരാൻ ഏറ്റവും ആഗ്രഹിച്ചതും അമ്മയാണ്. ഈ കഥ നിധീഷിന് അറിയില്ല. അവിചാരിതമായി വിവാഹത്തിലും ചിലങ്ക ഒരു പ്രധാന ഭാഗമായി എന്നത് അദ്ഭുതമാണ്. അന്ന് തന്നെ മോതിരവും മാറി.