Saturday 13 July 2019 09:32 AM IST

തെലുങ്കിലെ ‘യങ് സെൻസേഷൻ’ വിജയ് ദേവരകൊണ്ട എങ്ങനെ മലയാളികൾക്ക് പ്രിയങ്കരനായി മാറി?

Unni Balachandran

Sub Editor

devara334

‘ഇൻകേം  ഇൻകേം ഇൻകേം കാവാലെ

ചാലെ  ഇതി ചാലെ

നീകൈ  നുവ്വേ  വച്ചി വാലാവേ

ഇകപൈ  തിരനാളെ’

അർഥമൊന്നുമറിയാതെയാണെങ്കിലും ഈ പാട്ടു പാടി നടന്നതിന് ‘എന്താ തലയ്ക്കു വട്ടാണോ’ എന്ന ചോദ്യം നേരിട്ടതാണ് ഇപ്പോഴത്തെ കൗമാരപ്പിള്ളേരെല്ലാം. ‘ഗീതാ ഗോവിന്ദം’ എന്ന തെലുങ്ക് സിനിമയിലെ ഈ പാട്ട് മൂളാത്ത ചെറുപ്പക്കാർ ഇല്ലെന്നു തന്നെ പറയാം. തെലുങ്ക് പാട്ട് മലയാളികൾക്കിടയിൽ എങ്ങനെ ഹിറ്റായെന്ന് കണ്ടുപിടിക്കാൻ നോക്കിയാൽ ആ അന്വേഷണം ചെന്നവസാനിക്കുന്നത്, വിജയ് ദേവരകൊണ്ട എന്ന നടനിലാണ്. തെലുങ്ക് സിനിമയിൽ രണ്ട് വർഷം മുൻപ് പുറത്തിറങ്ങിയ ‘അർജുൻ റെഡ്ഡി’ മുതൽ ഇപ്പോൾ റിലീസാകാൻ പോകുന്ന ‘ഡിയർ കോമ്രേഡ്’ വരെ എത്തിനിൽക്കുന്ന  ദേവരകൊണ്ടയുടെ  ചരിത്രം ഒരു കിടിലൻ  മാസ് എന്റർടെയ്നറാണ്.

കഴിഞ്ഞ വർഷമിറങ്ങിയ ‘ഗീതാ ഗോവിന്ദ’ ത്തിലൂടെ തെലുങ്ക് സിനിയിലെ ‘യങ് സൂപ്പർസ്റ്റാർ’ പദവി സ്വന്തമാക്കിയ ശേഷമിപ്പോൾ  ഫോർബ്സ് മാഗസിന്റെ ‘യങ് അച്ചീവേഴ്സ് ഇന്ത്യ’ ലിസ്റ്റിൽ അവസാന മുപ്പതിൽ ഇ ടം പിടിച്ചിരിക്കുകയാണ് വിജയ്.

ചെറിയ കാലയളവിനുള്ളിൽ ഫോർബ്സിന്റെ യങ് അച്ചീവേഴ്സ് ലിസ്റ്റിൽ. എന്തു തോന്നുന്നു?

25 വയസ്സുള്ളപ്പോൾ ആന്ധ്രാബാങ്കിലെ എന്റെ അക്കൗണ്ടിൽ അഞ്ഞൂറു രൂപ തികച്ചില്ലാത്തതുകൊണ്ട് എനിക്ക് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടി വന്നു. അന്ന് അച്ഛൻ എന്നോട് പറഞ്ഞു, 30 വയസ്സിനുള്ളിൽ ഈ പ്രശ്നങ്ങളെല്ലാം  സെറ്റിൽ ചെയ്യണമെന്ന്. ഇന്നിപ്പോ മുപ്പതാം വയസ്സിൽ ഫോർബ്സ് മാഗസിന്റെ അച്ചീവേഴ്സ് ലിസ്റ്റിൽ അവസാന മുപ്പതിൽ എത്തിയിരിക്കുന്നു. നമ്മൾ  ചെറു പ്പവും വീട്ടുകാർ ഹെൽതിയുമായി ഇരിക്കുന്ന സമയത്ത് ഇങ്ങനെയെന്തെങ്കിലും ചെയ്യാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്. ഞാനിത് ട്വിറ്ററിലും കുറിച്ചിരുന്നു. എന്റെ ജീവിതത്തിലെ വലിയൊരു അച്ചീവിമെന്റ് തന്നെയാണിത്, അടുത്ത അഞ്ചു വർഷത്തിൽ ഫോർബ്സിന്റെ കവറിലെത്താൻ ഞാൻ ശ്രമിക്കാം.

ബോയ്സ് സ്കൂൾ ജീവിതമായിരുന്നു എന്നു കേട്ടിട്ടുണ്ട്?

തെലങ്കാനയിലെ അച്ചമ്പേട്ടിലായിരുന്നു വീടെങ്കിലും അ ച്ഛൻ ദേവരകൊണ്ട ഗോവർദ്ധൻ  റാവുവിന്റെയും അ മ്മ മാധവിയുടെയും തീരുമാനം, എന്നെ ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിലെ ബോയ്സ്  സ്കൂളിലാക്കാനായിരുന്നു. അഞ്ച് വയസ്സു മുതൽ  ഹോസ്റ്റലിലായതുകൊണ്ട് എല്ലാ പ്രശ്നങ്ങളും  ഒറ്റയ്ക്കു നേരിടാൻ ചെറുപ്പത്തിലേ ശീലിച്ചു. വീട്ടിൽ നിന്നു മാറി നിൽക്കുന്നതിന്റെ  സ്വാതന്ത്ര്യമുണ്ട്. അടിപിടികൂടുമ്പോൾ  ടീച്ചർ പറയും  ഇനി പ്രശ്നമുണ്ടാക്കിയാൽ വീട്ടിൽ അറിയിക്കുമെന്ന്. അത് കേട്ടാൽ  പിന്നെ അടങ്ങിയിരുന്നോളും.

സ്‌കൂളിൽ ടിവിയോ എന്റർടെയ്ൻമെന്റിനുള്ള മറ്റു വഴികളോ  ഉണ്ടായിരുന്നില്ല. ആകെയുള്ളത് വായിക്കാൻ പത്രങ്ങളും പുസ്തകങ്ങളും പിന്നെ, സ്പോർട്സും. ഒന്നിലും താൽപര്യമില്ലാത്തവർക്കു പോലും ഇത്രയധികം സമയം കിട്ടുമ്പോ ൾ എന്തെങ്കിലുമൊക്കെ ചെയ്യാൻ തോന്നും. അങ്ങനെയാണ് ഞാൻ പെർഫോമിങ് ആർട്സിൽ ഒരു കൈ നോക്കിയത്. സ്കൂൾ സമയത്ത്  നാടകങ്ങളെഴുതി നോക്കും, അഭിനയത്തിലും ചില ശ്രമങ്ങൾ നടത്തും. അന്നെഴുതി വച്ചതൊക്കെ ഓർക്കുമ്പോൾ ഇപ്പോ വല്ലാത്ത ചമ്മലാണ്. എന്നാലും എന്റെ ജീവിതത്തെ മികച്ചതാക്കിയത് ആ ബോയ്സ് സ്കൂൾ കാലഘട്ടം തന്നെയാണ്. ആറാം വയസ്സ് മുതൽ  പതിനഞ്ചാം വയസ്സ് വരെ ഞാനവിടെയായിരുന്നു. അവിടെ വച്ചാണ് കുട്ടിയിൽ നിന്നു മുതിർന്നയാളിലേക്കുള്ള രൂപാന്തരം തുടങ്ങുന്നത്.

അഭിനയം ചെറുപ്പം മുതലേയുള്ള ഇഷ്മായിരുന്നോ?

എപ്പോഴും വിജയിക്കണമെന്ന് മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു. എന്തെങ്കിലും വലുത് ചെയ്യണം, എന്നെകൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയും   എന്നെനിക്കു തന്നെ മനസ്സിലാക്കണമായിരുന്നു. തോന്നുന്നതൊക്ക  ചെയ്തു നോക്കി.  ആദ്യമൊക്കെ കഥ പറയുന്നത് വലിയ ഇഷ്ടമായിരുന്നു. ആൺകുട്ടികൾ  മാത്രമുള്ളൊരു സ്കൂളും അവിടത്തെ രീതികളും  ശീലിച്ച എനിക്ക് തെലങ്കാനയിലെ ബദ്രുക കോളജിലെ മിക്സ്ഡ് ലൈഫ്  ഞെട്ടലായിരുന്നു. ധാരാളം പെൺകുട്ടികളുള്ള ഒരിടത്തു പെട്ടുപോയ അവസ്ഥ. സ്വാഭാവികമായും അവിടെയുള്ള സുന്ദരികളായ പെൺകുട്ടികളോടൊക്കെ ഇഷ്ടം തോന്നും. പ ക്ഷേ, അവരോട് എങ്ങനെ സംസാരിക്കണമെന്നും ഇടപഴകണമെന്നും അറിയില്ല. ആ സമയത്താണ് എന്റെ  ക്യാരക്ടർ  രൂപപ്പെടുന്നത്. ഡിഗ്രി പഠിക്കുന്ന സമയത്ത് എങ്ങനെയോ അഭിനയത്തിൽ ചെന്നുപെട്ടു. ചെയ്തു തുടങ്ങിയപ്പോ എനിക്കത്  ഇഷ്ടപ്പെട്ടു.  ഒരു റോൾ എന്നെ എങ്ങനെ മാറ്റുന്നു, ആ റോളി ന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ള ചിന്തയൊക്കെ  ഇ ഷ്ടമായി. അങ്ങനെ അഭിനയം സീരിയസ്സാക്കി.

devara335

‘സ്റ്റേജ് ഫിയർ’ ഉള്ള ആളായിരുന്നു ?

സ്‌റ്റേജിനെ വല്ലാതെ പേടിച്ച ഒരാളായിരുന്നു ഞാൻ. ഒരുപാട് പേർ മുന്നിൽ നിൽക്കുമ്പോൾ എന്തു ചെയ്യണമെന്ന് കൺഫ്യൂഷനുണ്ടായിരുന്നു. പക്ഷേ, പെർഫോം ചെയ്യാൻ അപ്പോഴും വലിയ താൽപര്യമാണ്. അതുകൊണ്ട്  പേടിയുണ്ടെങ്കിലും  വെറുതേ എല്ലാ  ഐറ്റത്തിനും പേര് കൊടുക്കും. മിക്കപ്പോഴും  വെറുതെ പേരു കൊടുക്കുമെന്നല്ലാതെ നല്ല പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ല.

പക്ഷേ, അവസാന വർഷം ഒരു തിയറ്റർ വർക്‌ഷോപ്പിൽ മൂന്നു മാസത്തേക്ക് ജോയിൻ ചെയ്തു. വർക് ഷോപ്പിന് അവസാനം ചെയ്ത നാടകത്തിൽ , ‘ഷെർലക് ഹോംസ്’  ആയാണ് ഞാൻ അഭിനയിച്ചത്. അതിലെ  അഭിനയം ഇഷ്ടപ്പെട്ട് മറ്റൊരു നാടകത്തിൽ ചാൻസും  കിട്ടി.  അങ്ങനെ പടിപടിയായി അഭിനയത്തിൽ മുൻപോട്ടു പോവുകയായിരുന്നു. ആദ്യത്തെ രണ്ട് സിനിമയിലും ചെറിയ വേഷങ്ങളായിരുന്നു. ആദ്യമായി നായകനായി അഭിനയിച്ച  ‘പീലി ചൊപ്പല്ലു’ ഹിറ്റായി. അതിന് ശേഷമാണ് എല്ലാം മാറ്റിമറിച്ച ‘അർജുൻ റെഡ്ഢി’ എത്തിയത്.  

‘അർജുൻ റെഡ്ഡി’  ഒരു ട്രെൻഡ് സെറ്റർ ആയിരുന്നു. സ്റ്റൈലിലും ഭാഷയിലുമെല്ലാം?

എല്ലാ ഭാഷയിലുമുള്ള സിനിമാ ആസ്വാദകർ എന്നെ ശ്രദ്ധിച്ചത് ‘അർജുൻ റെഡ്ഡിക്കു’ ശേഷമാണ്. ചലഞ്ചിങ് റോൾ തന്നെയായിരുന്നു അർജുൻ റെഡ്ഡിയിലേത്. തിരക്കഥ ക ണ്ട് ഞാനാകെ ഞെട്ടിപ്പോയിരുന്നു. അത്ര മനോഹരമായാണ് അത്  ചെയ്തിരിക്കുന്നത്. ആ കഥാപാത്രത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ പറ്റിയപ്പോൾ അയാൾക്കൊരു സ്‌റ്റൈലും ആറ്റിറ്റ്യൂഡും കൊടുക്കാൻ പറ്റി. കാരണം, എനിക്ക് എഴുതിവച്ചിരിക്കുന്നതൊന്നും ഡയലോഗുകളായി തോന്നിയതേയില്ല, ആ  കഥാപാത്രത്തിന്റെ ഇമോഷനാണ് എന്നെ  കണക്ട് ചെയ്തത്. ആ സിനിമ ചെയ്ത ശേഷം കാര്യങ്ങൾ കുറച്ചുകൂടി ന ന്നായി, സ്ട്രെയ്റ്റ് ഫോർവേർഡായി കാര്യങ്ങളെ കൈകാര്യം ചെയ്യാൻ എനിക്കു കഴിയുന്നുണ്ട്. ഒരു കഥാപാത്രം കൊണ്ടുവന്ന വലിയ ഭാഗ്യമാണത്.

ബോർഡിങ് സ്കൂളും ബുക്കുകളുമൊക്കെയാണ് എന്റെ ഭാഷയെ ഇങ്ങനെയാക്കി മാറ്റിയത്. പുട്ടപർത്തിയിലെ സ്കൂളിൽ പല ഭാഷ സംസാരിക്കുന്ന ധാരാളം കുട്ടികളുണ്ടായിരുന്നു.  മിക്സ്ഡ് കൾച്ചറിലായിരുന്നു എന്റെ വളർച്ച. ഒരു ഭാഷമാത്രം വച്ചു കൂട്ടുകാരോട് ഇടപഴുകാൻ  പറ്റില്ല. അതുകൊണ്ട് തന്നെ  പ്രധാനമായും ഇംഗ്ലിഷായിരുന്നു  സംസാരഭാഷ. വർഷത്തിൽ പത്തു മാസവും സ്കൂളിൽ  നിൽക്കണം. വീട്ടിൽ പോകാൻ കിട്ടുന്നത് രണ്ട് മാസം അവധിക്കാലമാണ്.  വീട്ടിലെത്തുമ്പോള്‍ ഞാൻ തെലുങ്ക് മുഴുവനായും മറന്നുകാണും.  വീട്ടിൽ ഇംഗ്ലിഷ് സംസാരിച്ചു കേൾക്കുമ്പൊ വീട്ടുകാർക്കും സന്തോഷം. അങ്ങനെ കൂടുതലും ഇംഗ്ലിഷായി എന്റെ ഭാഷ. പത്താം ക്ലാസ്സ് കഴിഞ്ഞാണ് ഞാൻ തിരിച്ച് ഹൈദരാബാദിൽ എത്തുന്നതും തെലുങ്ക് വീണ്ടും പഠിക്കുന്നതും. അതിന്റെ കുഴപ്പമെന്താണെന്നു വച്ചാൽ ഞാൻ മാതൃഭാഷ പറയുകയാണെങ്കിൽ ത ന്നെ അതൊരു ഇംഗ്ലിഷ്, ആന്ധ്ര മിക്സ് ഫീലുള്ള ഭാഷയായിരിക്കും. അർജുൻ റെഡ്ഡിയിൽ അതൊരു കാരകട്ർ സ്റ്റൈലായി എന്നതാണ് സത്യം.

അഭിനയിച്ച കഥാപാത്രങ്ങളും വിജയ‌്‌യുമായി എന്തെങ്കിലും സാമ്യം  തോന്നിയിട്ടുണ്ടോ?

എന്റെ ഒരു കഥാപാത്രവും ഞാനല്ല.  പക്ഷേ, എന്റെ  എല്ലാ  ക ഥാപാത്രങ്ങളിലും  ഞാനുണ്ട്.  കുട്ടിക്കാലം  മുതൽ  ഒരുപാട് സംശയങ്ങളും അതിലേറെ സ്വപ്നങ്ങളുമുള്ളയാളായിരുന്നു. അബദ്ധങ്ങളിൽ ചെന്നു ചാടുന്നതൊന്നും  പ്രശ്നമായി തോന്നാറില്ല. ചെയ്തത് തെറ്റാണെങ്കിൽ  സമ്മതിക്കാനും മടിയില്ല. പക്ഷേ, വേറൊരാളുടെ  തെറ്റുമൂലം എനിക്കു  വഴക്കു കേൾക്കുന്നത് തീരെ സഹിക്കാൻ പറ്റാത്ത കാര്യമാണ്. അപ്പോൾ പെട്ടെന്ന് ചൂടാകും. എനിക്കു  ശരിയെന്നു തോന്നുന്നതാണ് ഞാനപ്പൊ ചെയ്യുന്നത്. അർജ്ജുൻ റെഡ്ഢിയുടെ ആ സ്വഭാവം എന്റെ കാര്യത്തിൽ ശരിയാണ്.  

താരപരിവേഷം എൻജോയ് ചെയ്യുന്നുണ്ടോ? വിമർശകരെ എങ്ങനെ നേരിടുന്നു?

devara336

താരമെന്ന തോന്നൽ ചിലപ്പോൾ എനിക്ക്  ഇഷ്ടപ്പെടും, ചിലപ്പോൾ എനിക്കു ദേഷ്യം വരും .പക്ഷേ, പിന്നെയും ഇഷ്ടപ്പെടും. അതങ്ങനെ എന്നെ സീരിയസ്സായി ബാധിക്കുന്നില്ല. വിമർശനങ്ങളോടും അതേ അഭിപ്രായം തന്നെയാണ്.  അതിലൊന്നും  എനിക്കു കുഴപ്പമില്ല. വലിയ വിമർശകരൊക്കെ എന്നേപ്പറ്റി സംസാരിക്കാൻ സമയം കണ്ടെത്തുന്നുണ്ടല്ലോ എന്നോർത്തു സന്തോഷമേയുള്ളൂ.

വിജയ് എന്ന പേരിൽ സൗത്ത് ഇന്ത്യയിൽ രണ്ട് താരങ്ങൾ ഉണ്ട്. ഇളയ ദളപതി വിജയും, വിജയ് സേതുപതിയും...   

അത് വളരെ സന്തോഷമുള്ള കാര്യമാണ്. അവർ ഉണ്ടാക്കിവച്ചിരിക്കുന്ന ‘നല്ല പേരിൽ’ എനിക്കു സന്തോഷമേയുള്ളൂ. ആ പേരിന്റെ ഗമ ഒട്ടും കുറഞ്ഞു പോകാതെ മുൻപോട്ടു പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഏറ്റവും പേടിക്കുന്നതും ഏറ്റവുമധികം സ്വപ്നം കാണുന്നതും എന്താണ്?   

എനിക്കു തോന്നുന്നു എല്ലാ ആണുങ്ങളും പേടിക്കുന്നത് മുടി പോകുമോയെന്നു മാത്രമാണ്, അല്ലാതൊന്നുമില്ല. പക്ഷേ, സ്വപ്നങ്ങൾ ഒരുപാടുണ്ട്, അതെല്ലാം ചെയ്തു തീർക്കണമെന്നുമുണ്ട്. സ്പോർട്സ്, ഭക്ഷണം അതൊക്കെയാണ് സിനിമയല്ലാതെയുള്ള ഇഷ്ടങ്ങൾ. ബൈക്ക് റേസിങ്ങിനോട് ഭ്രാന്ത് തോന്നിത്തുടങ്ങിയിട്ടുണ്ട്, അതെല്ലാം നന്നായി എൻജോയ് ചെയ്യുന്നുമുണ്ട്.

സംഗീതം ഇഷ്ടമുള്ളയാളാണോ?

എന്റെ സിനിമകളിലെ പാട്ടുകൾ ഹിറ്റാകുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഗീതാ ഗോവിന്ദം സിനിമയിലെ  ‘ഇൻകേം ഇ ൻകേം ’ പാട്ടിന് 109  മില്യൺ വ്യൂവേഴ്സായി കഴി‍ഞ്ഞു യൂട്യൂബിൽ. പാട്ട് എൻജോയ് ചെയ്യുമെങ്കിലും പാട്ടിനെ പറ്റിയൊന്നും തീരെ അറിയില്ല. ഏതെങ്കിലും ഒരു പാട്ട് കേൾക്കുമ്പോഴാകും  ഇതുപോലെയുള്ള പാട്ടുകളോടാണ് എന്റെ ക്രേസെന്ന് തോന്നുന്നത്. അത് മാറിക്കൊണ്ടേയിരിക്കും.  

പക്ഷേ, റോക് സ്റ്റാഴ്സും പോപ് സിങ്ങേഴ്സുമൊക്കെ സ്‌റ്റേജ് കയ്യിലെടുത്ത് ആളുകളെ മുഴുവൻ ഹൈപ്പറാക്കുമ്പോ ൾ എനിക്കു തോന്നാറുണ്ട് അവരാണ് യഥാർഥ സൂപ്പർസ്‌റ്റാഴ് സെന്ന്. സ്കൂളില്‍ പഠിക്കുമ്പോൾ മ്യൂസിക് ക്ലാസുകൾക്ക് പോകാനുള്ള ശ്രമമൊക്കെ നടത്തിയിരുന്നു. പക്ഷേ, ക്രിക്കറ്റ് കളിയെ മ്യൂസിക് ക്ലാസ് ബാധിക്കുമെന്ന തോന്നിയപ്പോൾ നൈസായി മാറ്റിവച്ചു. ഇടയ്ക്കൊക്കെ  അതോർത്തു വിഷമം തോന്നാറുണ്ട്. പിന്നെ, എന്റെ സിനിമയിലെ പാട്ടുകളൊക്കെ ഹിറ്റാകുമ്പോഴാണ് ആ വിഷമം മാറി ചിരിയാകുന്നത് .

മലയാള സിനിമകൾ കാണാറുണ്ടോ? മലയാളത്തിലെ ഇഷ്ടപ്പെട്ട ഹീറോസ്?

ദുൽഖർ, ഫഹദ് ഫാസിൽ, നിവിൻ പോളി. ഇവർ മൂന്നുപേരുമാണ് എന്റെ ഫേവറേറ്റ്സ്, അവരുടെ എല്ലാ സിനിമകളും ഞാൻ കാണാറുണ്ട്.

വിജയ് നായകനാകുന്ന മലയാള സിനിമ ഉടൻ പ്രതീക്ഷിക്കാമോ?

രണ്ടു തവണ ഞാൻ കേരളത്തിൽ വന്നിട്ടുണ്ട്. ഒരിക്കൽ മൂന്നാർ തേക്കടി യാത്രയ്ക്കായും മറ്റൊരിക്കൽ ആലപ്പുഴയിലെ റിസോർട് ഹോം സ്‌റ്റേയിലേക്കും.  ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി, നല്ലവരായ ആളുകളാണ് അവിടെയുള്ളത്. എല്ലാവർക്കും  ഭയങ്കര സ്നേഹം. അവിടെയുള്ള കള്ളു ഷാപ്പിൽ പോ യി ചെറിയ മീൻ വറുത്തത് കഴിച്ചു. പിന്നീട് ഒരുപാട് സമയം ഹൗ സ് ബോട്ടിൽ ചെലവിഴിച്ചു, അവിടെയുള്ള ആളുകൾ സെറ്റ് ചെയതു തന്ന കമ്പിൽ കൊളുത്തൊക്കെ കെട്ടി ഒരു ചൂണ്ടയുണ്ടാക്കി മീൻ പിടിക്കുകയും ചെയ്തു.  

കേരളമെന്നു കേൾക്കുന്നതു തന്നെ അത്ര വലിയ സന്തോഷമാണ്. അവിടെ ചെലവഴിച്ച സമയം ഒരുപാട് എൻജോയ് ചെയ്തിട്ടുണ്ട്. കേരളത്തിന് ഒരു മാറ്റവും വരരുത്.  എന്നും ഇങ്ങനെ  മനോഹരമായി നിൽക്കണമെന്നാണ് ആഗ്രഹം.

 എപ്പോഴും ഒരുപാട് ബഹുമാനത്തോടെയാണ് ഞാൻ മലയാള സിനിമയെ നോക്കി കണ്ടിട്ടുള്ളത്.  എന്റെ പുതിയ സിനിമ ‘ഡിയർ കൊമ്രേഡ്’  മലയാളത്തിലും ഡബ്ബ് ചെയ്തിറക്കുന്നുണ്ട്. പക്ഷേ, മലയാള ഭാഷയെ നല്ല പേടിയാണ്. ആ  ഭാഷ സംസാരിക്കാനും മാത്രമുള്ള  അക്രോബാറ്റിക്സ് നേടാൻ എന്റെ നാക്ക് ഇനിയും ഒരുപാട് കഷ്ടപ്പെടേണ്ടിയിരിക്കുന്നു.   

പ്രണയം, വിവാഹം?

ഒരു പെണ്ണിന്റെ പിറകേ ഇഷ്ടമാണെന്ന് പറഞ്ഞ് നടക്കാനൊന്നും എനിക്കു പറ്റില്ല. എനിക്ക്  മാത്രമായി ജനിച്ചവളാണ്  അവൾ  എന്നൊക്കെ പറയുന്നതിലും  കാര്യമില്ല. സ്വന്തം ഇഷ്ടങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താൻ കാമുകിയെയോ ഭാര്യയെയോ പ്രോത്സാഹിപ്പിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. എനിക്കുമുണ്ട് എന്റേതായ ഇഷ്ടങ്ങളും താൽപര്യങ്ങളും. എന്റെ ഭാര്യ അതെല്ലാം മനസ്സിലാക്കുന്നവളും അതിനുവേണ്ടി കഷ്ടപ്പെടാൻ എന്നെ സഹായിക്കുന്നവളും ആകണമെന്ന് ആഗ്രഹമുണ്ട്.

എന്റെ  അച്ഛനും അമ്മയും എന്നോട് എങ്ങനെ പെരുമാറിയോ അതുപോലെ വേണം എനിക്കു കുട്ടികളുണ്ടാകുമ്പോൾ  അവരോട്  പെരുമാറണമെന്നും ആഗ്രഹിക്കുന്നുണ്ട്. എന്നോടും സഹോദരൻ  ആനന്ദിനോടും സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടാറുള്ളത്. എന്നിട്ടും എനിക്കവരോട് ബഹുമാനവും  പേടിയും  ഉണ്ടായിരുന്നു.

ദേഷ്യം തോന്നുന്നത്?

എന്റെ ഇപ്പോഴത്തെ ഷെഡ്യൂൾ കാണുമ്പോൾ. ഒരു ഇരട്ട സഹോദരൻ ഉണ്ടായിരുന്നെങ്കിലെന്നു വരെ ചിന്തിച്ചുപോയിട്ടുണ്ട്. അങ്ങനെയാകുമ്പോ എനിക്ക് വല്യ താൽപര്യമില്ലാത്ത എന്നാൽ, അത്യാവശ്യമായി ചെയ്യേണ്ട പണിയെല്ലാം അവനെക്കൊണ്ട് ചെയ്യിക്കാമല്ലോ.

Tags:
  • Celebrity Interview
  • Movies