Saturday 30 September 2023 11:47 AM IST

‘നീ എന്തൊരു ദുഷ്ടനാ മോനേ...’: സിനിമ കണ്ട് സ്വന്തം അമ്മ പോലും ചോദിച്ചു: വിഷ്ണു അഗസ്ത്യ... സ്റ്റൈലൻ വില്ലൻ

Roopa Thayabji

Sub Editor

agasthya-villain

അടിയോടടി ആർഡിഎക്സ്

ആർഡിഎക്സിലെ മൂന്നു നായകന്മാരെ വിറപ്പിച്ച കൊ ടും വില്ലനായ പോൾസണാകാൻ സംവിധായകൻ നഹാസ് ഹിദായത്ത് ആദ്യം തേടിയതു മറ്റു ഭാഷകളിൽ ഉള്ളവരെയാണ്. എനിക്കു നറുക്കു വീണപ്പോൾ സ്വപ്നം സത്യമായതു പോലെ തോന്നി. ഷെയ്ൻ, പെപ്പെ, നീരജ്, ബാബു ആന്റണി... ആ ക്‌ഷൻ ഹീറോകൾക്കൊപ്പം ‘അടിച്ചു’നിൽക്കാനായത് ആ ടീമിന്റെ സപ്പോർട്ട് കൊണ്ടാണ്.

ഒരു സുപ്രധാന രംഗത്തിൽ പെപ്പെയുടെ തലയിൽ ചെടിച്ചട്ടി അടിച്ചു പൊട്ടിക്കണം. ചട്ടി കയ്യിലെടുത്തതും പെപ്പെ ഒറ്റ ഡയലോഗ്, ‘ധൈര്യമായി അടിച്ചോ. ടേക് ഓക്കെ ആയില്ലെങ്കിൽ വീണ്ടും അടിക്കേണ്ടി വരും.’ പിന്നെ ഒന്നും നോക്കിയില്ല, ഒറ്റയടിക്ക് ടേക് ഓക്കെ. സിനിമ കണ്ടവരുടെ ഉള്ളിൽ കൊടും വില്ലനായി എന്നെ പ്രതിഷ്ഠിച്ചതിൽ ആ രംഗത്തിനു വലിയ പ്രാധാന്യമുണ്ട്. അത്ര ഭയാനകവും ഭീകരവുമായിരുന്നു അത്. തിയറ്ററിലിരുന്നു സിനിമ കണ്ടിട്ട് എന്റെ സ്വന്തം അമ്മ പോലും ചോദിച്ചു, ‘നീ എ ന്തൊരു ദുഷ്ടനാ മോനേ’.

ലുക്ക് മാറി, ലക്കും...

ആർഡിഎക്സിലെ വില്ലൻ വേഷത്തിലേക്കു പരിഗണിക്കാനായി ചെല്ലുമ്പോൾ താടി നീട്ടിയ ലുക്ക് ആയിരുന്നു. ആ കൂടിക്കാഴ്ചയിൽ തന്നെ മെലിഞ്ഞൊരാളാണു സംവിധായകന്റെ മനസ്സിലെന്നു തോന്നി. രണ്ടാഴ്ച കൊണ്ടു ‍ഭാരം ആറു കിലോ കുറച്ചു. അടുത്ത കൂടിക്കാഴ്ചയിൽ കഥാപാത്രത്തിന്റെ കണ്ണിന്റെ പ്രത്യേകതയെ കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞു, അതോടെ പ്രതീക്ഷ കൂടി. രണ്ടു ദിവസത്തിനുള്ളിൽ ഞാൻ തന്നെയാണ് പോൾസൺ എ ന്ന് സംവിധായകന്റെയും നിർമാതാവ് സോഫിയ പോളിന്റെയും ഉറപ്പു കിട്ടി. പിന്നാലെ 76 കിലോയിൽ നിന്ന് 62 കിലോയായി ഭാരം കുറച്ചു. ആദ്യം ഷൂട്ട് ചെയ്തത് പുതിയ കാലത്തെ ലുക്ക് ആണ്. ഫ്ലാഷ്ബാക്കിലെ പോൾസൺ ആകാൻ വേണ്ടി ക്ലീൻ ഷേവ് ചെയ്തു. ഇപ്പോൾ ലുക്ക് മാത്രമല്ല, ലക്കും മാറിയെന്നു തന്നെ പറയാം.

ഇൻസോംനിയ നൈറ്റ്സ്

ഒരിക്കൽ പോലും സ്റ്റേജിൽ കയറിയിട്ടില്ലാത്ത എനിക്കു ചാനലിൽ ജോലി ചെയ്യുന്ന കാലത്താണു സിനിമാ മോഹം തോന്നിയത്. ജോലി വിട്ട് ആക്ട് ലാബിൽ ചേർന്നു. അവിടെ നിന്നു കിട്ടിയ ചങ്ക് അമൽ തമ്പിയുമായി ചേർന്നാണ് അനാട്ടമി ഓഫ് എ കാമുകൻ ചെയ്തത്.

റിലീസായ ആദ്യത്തെ വർക് അതാണെങ്കിലും ആളുകൾക്കിടയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഇൻസോംനിയ നൈറ്റ്സ് എന്ന സീരീസ് ആണ്. ജീവിതത്തിലെ തിരിച്ചടികളെ തുടർന്നു ഡിപ്രഷനടിച്ചു നടക്കുന്ന നായകനായി അതിൽ അഭിനയിച്ചെങ്കിലും സിനിമയിൽ ചാൻസ് കിട്ടാത്തതോർത്ത് എന്റെ ഉറക്കം നഷ്ടപ്പെട്ടിട്ടില്ല. മോശം ചിന്തകൾ വരുന്നുണ്ടെന്നു എനിക്കു തന്നെ തോന്നിയാൽ ഫ്രണ്ട്സിനൊപ്പം കൂടും. അതോടെ എല്ലാം മറക്കും.

ടോക്സിക് അല്ലേയല്ല

ഇൻസോംനിയ നൈറ്റ്സിനു ശേഷം വന്നതു മിക്കതും ടോക്സിക് കഥാപാത്രങ്ങൾ ആണ്, ആവറേജ് അമ്പിളി ഒക്കെ അതിൽ പെടും. ആളൊരുക്കം, മറഡോണ, ഇര, കുപ്രസിദ്ധ പയ്യൻ, ഫ്രീഡം ഫൈറ്റ് എന്നീ സിനിമകളിലും വേഷം കിട്ടി. ‘ആയിരത്തൊന്നു നുണകളി’ൽ ആണ് ഒട്ടും ടോക്സിക് അല്ലാത്ത വേഷം ചെയ്തത്. ആ സമയത്താണ് രഞ്ജൻ പ്രമോദ് സർ വിളിച്ചത്, ‘ഓ ബേബി’ യിലെ സ്റ്റാൻലിയാകാൻ. അതു ബ്രേക്ക് ആയി.

സുഹൃത്തുക്കളാണ് എന്റെ ധനം. ‘ക്ഷമയാണു സിനിമയിൽ ഗുണം ചെയ്യുന്നത്’ എന്നു പറഞ്ഞത് അവരാണ്. പുരുഷപ്രേതത്തിനു ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

അഗസ്ത്യ വെറൈറ്റിയല്ലേ

കൊല്ലം അഞ്ചലിനടുത്ത് അഗസ്ത്യക്കോട് ആണു നാട്. നാടിന്റെ പേരിൽ നിന്നാണ് അഗസ്ത്യ കടമെടുത്തത്. അച്ഛൻ വിജയൻ ആർമിയിലായിരുന്നു, അമ്മ ഗീത. അനിയൻ ഷൺമു ഒരു അമേരിക്കൻ കമ്പനിയുടെ ഇൻഫോപാർക്കിലെ ഓഫിസിലാണു ജോലി ചെയ്യുന്നത്.

പഠനമൊക്കെ രസമാണ്. എൽകെജിക്കു ചേർന്നതു ശ്രീനഗറിലെ സ്കൂളിലാണ്. അവിടെ നിന്നു വാളകം, വാളക്കോട്, കരുകോൺ വഴി എരുമേലി എംഇഎസ് കോളജിലെത്തി. ബിബിഎ പാസ്സായതിനു ശേഷം സ്വകാര്യചാനലിൽ ജോലി. പിന്നെ സിനിമയും.

രൂപാ ദയാബ്ജി