Wednesday 03 April 2024 03:08 PM IST

‘മഞ്ഞുമ്മൽ കണ്ടിറങ്ങിയ ഉടൻ അമ്മ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു, മുതിർന്നശേഷം എനി നൽകിയ ആദ്യ ഉമ്മ’: വിഷ്ണു രഘു: സ്റ്റാർ ചാറ്റ്

Ammu Joas

Sub Editor

manjummal-vishnu

മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ ജിൻസനായി തകർത്തഭിനയിച്ച വിഷ്ണു രഘുവിന്റെ വിശേഷങ്ങൾ

ഇതെന്റെ ഒൻപതാമത്തെ സിനിമ

സംവിധായകൻ രാജീവ് രവി ഞങ്ങളുടെ കുടുംബ സുഹൃത്താണ്. ഞാൻ പത്താം ക്ലാസ്സി ൽ പഠിക്കുമ്പോഴാണ് രാജീവേട്ടനെ ആദ്യമായി കാണുന്നത്. അന്നു മുതൽ അദ്ദേഹത്തിന്റെ ചുറ്റുവട്ടത്തു ഞാനുണ്ട്. ബെംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടെ നാടായ ചേന്ദമംഗലത്ത് വന്നപ്പോഴാണ് ‘അന്നയും റസൂലും’ സിനിമയുടെ ഷൂട്ട് വൈപ്പിനിൽ നടക്കുന്നുണ്ടെന്ന് അറിയുന്നത്. വെറുതേ ഷൂട്ട് കാണാൻ പോയതാണ്. രാജീവേട്ടൻ എന്നെ സിനിമാഫ്രെയിമിലാക്കി. പിന്നീട് ‘സ്റ്റീവ് ലോപ്പസി’ലും വേഷം തന്നു. ‘കമ്മട്ടിപ്പാട’ത്തിലെ കഥാപാത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അങ്ങനെയങ്ങനെ എട്ടു സിനിമകളിലായി ചെറിയ വേഷങ്ങൾ. എന്റെ ഒൻപതാമത്തെ സിനിമയാണു മഞ്ഞുമ്മൽ ബോയ്സ്...

മഞ്ഞുമ്മൽ കൂട്ടത്തിലേക്ക്...

കമ്മട്ടിപ്പാടം സിനിമയുടെ അസിസ്റ്റന്റ് ഡയ റക്ടർ ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകൻ ചിദംബരം. ആ സൗഹൃദമാണ് എന്നെ മഞ്ഞുമ്മൽ ബോയ് ആക്കിയത്.

ചിദംബരത്തിന്റെ ആദ്യ സിനിമയായ ‘ജാ ൻ എ മനി’ൽ ഒരു ചെറിയ വേഷമുണ്ടെന്ന് പ റഞ്ഞിരുന്നെങ്കിലും അതു നടന്നില്ല. അന്നു ഞാ ൻ പറഞ്ഞിരുന്നു ‘നിന്റെ അടുത്ത സിനിമയിൽ ഞാൻ അസിസ്റ്റന്റ് ആകും’ എന്ന്. പക്ഷേ, അ വൻ എന്നെ ആക്ടർ ആക്കി. തിരക്കഥ വായിച്ചപ്പോൾ മുഴുനീള കഥാപാത്രമാണെന്നും സ്ക്രീൻ സ്പേസ് ഉണ്ടെന്നും മനസ്സിലായി. സന്തോഷത്തിനൊപ്പം പേടിയും കൂടി. മറ്റു പത്തു പേർക്കൊപ്പം പിടിച്ചുനിൽക്കണമല്ലോ...

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ട്

2006 കാലഘട്ടത്തിലുള്ള കോസ്റ്റ്യൂമൊക്കെ ഇട്ട് കൊടൈക്കനാൽ ലൊക്കേഷനിലെത്തി. ആദ്യ ഷോട്ടിൽ പക്ഷേ, എനിക്ക് ഷർട് തന്നെയില്ല. കുതിരയെ ‘ജയൻ സ്റ്റൈലിൽ’ തടവുന്ന ആ സീൻ. ഷോട്ടെടുക്കുമ്പോൾ ഷൂട്ട് കാണുന്നവരുടെയെല്ലാം ശ്രദ്ധ എന്നിലേക്കാണ്. കൊടൈക്കനാൽ മുഴുവൻ എന്നെ ശ്രദ്ധിക്കുന്നുവെന്ന തോന്നൽ ഒരു കുളിരു തന്നെയായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ വച്ചു ഞാൻ കരയുന്ന ഒരു സീൻ ഉണ്ട്. വിങ്ങിപ്പൊട്ടി കരയുകയാണ്. ഒരു ടേക്ക് കഴിഞ്ഞപ്പോൾ ശ്രീനാഥ് ഭാസി അടുത്തു വന്നു പറഞ്ഞു, ‘എടാ, നിനക്ക് ജിൻസനെ അറിയില്ലേ? അവൻ ഇങ്ങനെ കരയില്ല. അവന്റെ കരച്ചിലിൽ പോലും കലിപ്പുണ്ടാകും.’ അങ്ങനെ പരസ്പരം പ്രോത്സാഹിപ്പിച്ചാണു ഞങ്ങൾ അ ഭിനയിച്ചത്.

അമ്മ നൽകിയ ‘ആദ്യത്തെ ഉമ്മ’

മഞ്ഞുമ്മലിന്റെ ഡബ്ബിങ് പുരോഗമിക്കുന്നതിനിടയിലാണ് അമ്മ ശോഭയ്ക്ക് ഹാർട്ട് അറ്റാക്ക് വന്നത്. അമ്മ ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയപ്പോഴേക്കും അച്ഛൻ രഘുവിന്റെ ആരോഗ്യസ്ഥിതി മോശമായി. ഞാനാകെ ത ളർന്നു പോയിരുന്നു.

ഞാൻ പത്താം ക്ലാസ് പാസ്സാകും വരെ അ ച്ഛനും അമ്മയും വളരെ സ്ട്രിക്റ്റ് ആയിരുന്നു. അതിനുശേഷം എന്നെ എന്റെ ഇഷ്ടത്തിനു വിട്ടു. എന്നിൽ പൂർണവിശ്വാസം അർപ്പിച്ച അവർക്കൊപ്പമിരുന്ന് ഈ സിനിമ കാണണമെന്നതു വലിയ മോഹമായിരുന്നു. അതു സഫലമായി. കണ്ടിറങ്ങിയ ഉടൻ അമ്മ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. ഞാൻ മുതിർന്നശേഷം അമ്മയെനിക്കു നൽകിയ ആദ്യ ഉമ്മ. കട്ട സപ്പോർട്ടുമായി ഒരാൾ കൂടിയുണ്ട്, അനിയത്തി വീണ.

കമൽഹാസൻ സാറിനൊപ്പം സമയം പങ്കിടാൻ കഴിഞ്ഞു എന്നതാണ് മഞ്ഞുമ്മൽ തന്ന സ്വപ്നത്തേക്കാൾ സുന്ദരമായ മറ്റൊരു സന്തോഷം.

അമ്മു ജൊവാസ്

ഫോട്ടോ: അഭിജിത് അജിത്കുമാർ