Thursday 24 December 2020 12:13 PM IST

വീടുകളിൽ നിന്നാണല്ലോ ‘പുരുഷനാണ് വലുത്’ എന്ന ബോധം കുട്ടികളിലേക്ക് എത്തുന്നത്; അമ്മമാർ മുൻകയ്യെടുത്താലേ അതിന് മാറ്റമുണ്ടാകൂ: ; സക്കറിയയും കെ. രേഖയും തമ്മിലുള്ള സംഭാഷണം

Tency Jacob

Sub Editor

zakkariya223443 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സക്കറിയയുെട തിരുവനന്തപുരം പ്രസ് ക്ലബ് റോഡിലുള്ള അപാര്‍ട്മെന്‍റ് നിറയെ ആരും െകാതിക്കുന്ന കൗതുകവസ്തുക്കളുണ്ട്. 53 വിദേശരാജ്യങ്ങളില്‍ നടത്തിയ യാത്രകള്‍ക്കിടയില്‍ വാങ്ങിക്കൂട്ടിയതാണ് അവയെല്ലാം. മുറിയുെട പല ഭാഗങ്ങളിലായി തൂത്തു തുടച്ച്, ഭംഗിയായി അവ അടുക്കിവച്ചിട്ടുമുണ്ട്. ഗൃഹാലങ്കാരത്തില്‍ നിപുണകളായ െപണ്ണുങ്ങള്‍ക്കു േപാലും അസൂയ തോന്നും വിധം.

‘‘എന്റെ ഭാര്യ ലളിതയിൽ നിന്നു കിട്ടിയ കഴിവാണിത്.’’ സക്കറിയ പറയുന്നു. ‘‘വീടാകെ അലങ്കോലപ്പെടുത്തുന്ന പ്രകൃതക്കാരനായിരുന്നു ഞാന്‍. ഏതു കസേരയെടുത്താലും അതിലെന്റെ കുറേ വസ്ത്രങ്ങളും പുസ്തകങ്ങളും കാണും. ഡൽഹിയിൽ ഭാര്യയുമൊത്തു ജീവിക്കുന്ന സമയത്താണ് ഇന്റീരിയർ എങ്ങനെ മനോഹരമാക്കണമെന്നു പഠിക്കുന്നത്. അവരെന്നെ പഠിപ്പിച്ചു, ഞാൻ പഠിച്ചു. ഇപ്പോള്‍ അവർ അടുത്തില്ലാത്തപ്പോഴും ഞാനതു പാലിക്കുന്നുണ്ട്. ഡൽഹിക്കാലത്ത് ആറു വീടോ മറ്റോ മാറിയിട്ടുണ്ട്. ഓരോ വീടു മാറുമ്പോഴും ഓരോന്നും എവിടെ വയ്ക്കണമെന്ന് അവർ പറഞ്ഞു തരും, പഠിപ്പിക്കും. പിന്നെ, പിന്നെ നമുക്കതു സ്വയം തോന്നിത്തുടങ്ങും.

ഞാൻ കോളജിൽ ചേർന്നു കഴിഞ്ഞാണ് വീട്ടിലെ ചാണകം മെഴുകിയിരുന്ന തറ സിമന്റിടുന്നത്. അന്നെല്ലാം ഉയരം കുറഞ്ഞ വെട്ടമില്ലാത്ത വീടുകളാണല്ലോ. അതുകൊണ്ടുതന്നെ ആ മുറിയിലെ ഇന്റീരിയർ നമ്മുടെ കാഴ്ചകളിലില്ല. വീടുകളില്‍ വെളിച്ചം നിറയുമ്പോള്‍ ഒാരോന്നും വയ്ക്കുന്നതിനു സ്ഥാനം വരികയാണ്. എന്റെ അമ്മയ്ക്ക് സ്ത്രീധനം കിട്ടിയ അലമാര ഇവിടെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചപ്പോഴാണ് അതെത്ര ഭംഗിയുള്ള കൊത്തുപണികളുള്ളതാണെന്ന് തിരിച്ചറിയുന്നത്.’’

ഭാഷാപിതാവിന്‍റെ അനുഗ്രഹം െതാട്ട എഴുത്തച്ഛന്‍ പുരസ്കാരം േനടിയ നിറവിലാണ് സക്കറിയ. കഥാകാരി കെ. രേഖയുമായി മണിക്കൂറുകള്‍ നീണ്ട സംസാരത്തിനിടയില്‍ കൂടുതല്‍ പറഞ്ഞതും സ്ത്രീകളെക്കുറിച്ചാണ്. തന്നെ മാറ്റി മറിച്ചതും മുന്നോട്ടു നടത്തിയതും പലതും പഠിപ്പിച്ചതും എഴുത്തുകാരനായി വളർത്തിയതും എല്ലാം പെണ്ണുങ്ങളാണ് എന്നു പറയാൻ മടി കാണിക്കാത്ത പുരുഷൻ.

ആത്മരക്ഷയ്ക്ക് അമ്മയോ സഹോദരിയോ കാമുകിയോ എന്നാണല്ലോ. ആരാണ് സഹായകമായത്?

എന്റെ വളർച്ചയിൽ സ്ത്രീകൾക്ക് നിർണായക സ്ഥാനമുണ്ട്. ജീവിതത്തിലെ ആപൽസന്ധികളിലെല്ലാം മിക്കവാറും സ്ത്രീകളാണ് തുണച്ചിട്ടുള്ളത്. അവരെന്നെ മുന്നോട്ടു കൂട്ടിക്കൊണ്ടു പോകും. അമ്മ ത്രേസ്യക്കുട്ടിയും ഭാര്യ ലളിതയുമൊക്കെ അതിൽപ്പെടും. ഇംഗ്ലിഷിൽ എഴുതാൻ തുടങ്ങിയത് എന്റെ ജീവിതത്തിലെ വഴിത്തിരിവാണ്. ‘തെഹൽക്ക’യില്‍ എഡിറ്ററാ യിരുന്ന ഷോമ ചൗധരിയാണ് അതിനു പ്രേരിപ്പിച്ചത്. തെഹൽക്കയുടെ ഓൺലൈൻ മാഗസിനു വേണ്ടി സൗത്ത് ഇന്ത്യയെ പറ്റിയുള്ള ഒരു കോളം നിർബന്ധിച്ച് എഴുതിപ്പിച്ചു. അതുപോലെ ഞാൻ എഴുതിയതിൽ വച്ച് ഏറ്റവും പ്രിയപ്പെട്ട മൈസൂരിലെ ഓർമകളും. വായനക്കാരുടെ ശകാരം കേട്ട ആദ്യ രതിക്കഥയും ഷോമയാണ് എഴുതിച്ചത്. ഇംഗ്ലിഷായതുകൊണ്ട് കുഴപ്പം വരാൻ വഴിയില്ല എന്നാണു പറഞ്ഞത്. പക്ഷേ, അങ്ങനെയായിരുന്നില്ല.

സക്കറിയ കഥകളിലെ പെണ്ണുങ്ങൾ നല്ല ചങ്കുറപ്പുള്ളവരാണ്. ജനിച്ചു വളർന്ന നാടായ ഉരുളികുന്നത്തെയും പാലായിലെയും സ്ത്രീകളാണോ അതിനു കാരണം?

ഉരുളികുന്നത്ത് വളരെ സൗഹൃദത്തോടെ ഇടപെടുന്ന ഗ്രാമീണ സ്ത്രീകളാണുള്ളത്. കുട്ടിക്കാലത്ത്, ചാമ്പങ്ങ പറിക്കാനും കളിക്കാനും നടന്നിരുന്നത് കൂടെ പഠിച്ചിരുന്ന പെൺകുട്ടികൾക്കൊപ്പമായിരുന്നു. പത്തു പതിനഞ്ചു വയസ്സു വരെ ആൺകുട്ടികളും പെൺകുട്ടികളും ഒരേ കടവിലാണു കുളിച്ചിരുന്നത്. ഒ രു ലാഘവത്വം അവിടുത്തെ സ്ത്രീകൾക്കുണ്ടായിരുന്നു.

എന്റെ അമ്മയും കരുത്തയായ സ്ത്രീയായിരുന്നു. അമ്മായിമാരും എളേമ്മമാരും പേരമ്മമാരും ചുറ്റുവട്ടത്തുള്ള സ്ത്രീകളുമെല്ലാം തന്റേടമുള്ളവരായിട്ടു തന്നെയാണ് കണ്ടിരിക്കുന്നത്. എന്നാൽ, അവരൊന്നുമല്ല എന്റെ കഥകളിലെ സ്ത്രീകൾ. ഞാൻ പല ഇടങ്ങളിലായി കണ്ടുമുട്ടിയ, എന്റെ ഭാര്യയടക്കമുള്ള നിശ്ചയദാർഢ്യമുള്ള സ്ത്രീകളാണത്. സ്വാതന്ത്ര്യമുള്ള, നൈസർഗികമായി അങ്ങനെതന്നെ വളരുന്ന സ്ത്രീകൾ. പെണ്ണുങ്ങൾ നാണം കുണുങ്ങുന്നത് കേരളത്തിൽ മാത്രമേ ക ണ്ടിട്ടുള്ളൂ. ഇപ്പോൾ അതു കുറഞ്ഞെന്നു തോന്നുന്നു. കേരളത്തിൽ വേണമെന്നു വച്ചാൽ സ്ത്രീകൾക്കു ശക്തരാകാൻ പറ്റും. അങ്ങനെയാകണം എന്നാണ് ആഗ്രഹം.

താങ്കളുടെ തലമുറയിലെ എഴുത്തുകാർ പൊതുവേ സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് ആലോചിക്കുന്ന ത് കണ്ടിട്ടില്ല. പക്ഷേ, സക്കറിയ കഥകളിൽ തുടക്കം മുതൽതന്നെ ആ സമീപനം ഉണ്ടായതെങ്ങനെയാണ് ?

അതു ബോധപൂർവം ഉണ്ടാക്കിയെടുത്തതു തന്നെയാണ്. തമാശയൊക്കെ പറഞ്ഞ് പെണ്ണുങ്ങളെ രസിപ്പിച്ച് പിന്നീട് രണ്ടെണ്ണം അടിച്ചിരിക്കുമ്പോൾ അവരെക്കുറിച്ചു ഗോസിപ്പുണ്ടാക്കി തള്ളിപ്പറയുന്ന പുരുഷസ്വഭാവമുണ്ടല്ലോ, അതായിരുന്നു ഞാനും. പ്രവാസത്തിൽ കണ്ടുമുട്ടിയ സ്ത്രീകളാണ് എന്നിലൊരു മാറ്റം ഉണ്ടാക്കിയത്. ബോംബെയിലുള്ള പൂർണിമാ റാവു എന്ന സ്ത്രീയാണ് എന്നെ വഴിതിരിച്ചവരിൽ ഒരാൾ. സുഹൃത്ത് അനന്തകൃഷ്ണന്റെ ദില്ലിയിലെ വീട്ടിൽ ഞങ്ങൾ മൂന്നുപേരും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവരെന്നോടു പറഞ്ഞു, ‘താൻ വലിയ എഴുത്തുകാരനൊക്കെയാകും, പക്ഷേ, സ്ത്രീകളെക്കുറിച്ചുള്ള തന്റെ ആറ്റിറ്റ്യൂഡ് അത്ര ശരിയല്ല.’

zakhariya223_0001

ഞാൻ ചോദിച്ചു‘അതിലെന്താണ് പ്രശ്നം?’

‘നിങ്ങൾ ഒരു ഹിപ്പോക്രാറ്റാണ്. ഇങ്ങനെ തമാശയായി കാണേണ്ട വ്യക്തികളല്ല സ്ത്രീകൾ.’ എന്നു പറഞ്ഞവര്‍ വഴക്കുണ്ടാക്കി. ഒരാൾ നേരിട്ട് എന്നോടങ്ങനെ പറയുന്നത് ആദ്യമായിട്ടായിരുന്നു. അതെന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തി.

അസംതൃപ്തരായ ഭാര്യമാരാണല്ലോ കഥകളിൽ ?

അതിനൊരു കാരണമുണ്ട്. എന്റെ അഭിപ്രായത്തിൽ ഒട്ടനവധി പുരുഷൻമാരും മഹാബോറൻമാരാണ്. അടിക്കുകയും ഇടിക്കുകയുമൊന്നും  ചെയ്യുന്നില്ലെങ്കിലും  പുരുഷ  മേധാവിത്വം മനസ്സിൽ വച്ചുകൊണ്ട് സ്ത്രീകളെ കൊച്ചാക്കുന്ന തരത്തിലുള്ള സംസാരവും പെരുമാറ്റവും ചെയ്യുന്ന ആണുങ്ങളുണ്ട്. ഞാനും ഭാര്യയും ഒരുമിച്ചു ജീവിച്ചിരുന്ന കാലഘട്ടത്തിൽ അങ്ങനെയൊരു സംഭവവും ഉണ്ടായിട്ടില്ല എന്ന് എന്റെ ഭാര്യ പറയുമെന്നാണു വിശ്വാസം. രണ്ടു വർഗം പുരുഷന്മാരാണ് ഇന്ത്യയിലുള്ളത്. തീരെ നട്ടെല്ലില്ലാതെ ഭാര്യയ്ക്ക് കീഴടങ്ങി നിൽക്കുന്ന പുരുഷന്മാരും ‘കല്യാണം കഴിഞ്ഞുപോയി ഇനിയിപ്പോ ജീവിച്ചു പോകാതെ പറ്റുമോ ’എന്നു ചിന്തിക്കുന്നവരും. അപ്പോൾ, ബുദ്ധിയുള്ള പെണ്ണുങ്ങൾ അസംതൃപ്തരായിരിക്കും. സ്ത്രീകളോടു സ്നേഹമായിട്ടും സന്തോഷമായിട്ടും ജീവിച്ചു പോകുന്ന പുരുഷന്മാരും ധാരാളം ഉണ്ട്.

കഥകളിൽ പ്രണയത്തിന്റെ ലോല ഭാവത്തിനേക്കാൾ രതിയാണല്ലോ കൂടുതൽ?

ശരിയാണ്. പ്രണയം ‘ചർവിത ചർവണം’ എന്ന പരുവത്തിലായി തീർന്നു. എവിടെ നോക്കിയാലും അതിനെക്കുറിച്ചുള്ള വാഴ്ത്തലുകളാണ്. ബോറടിച്ചു എന്നുള്ളതാണ് സത്യം. ബഷീറും മാധവിക്കുട്ടിയും എത്ര മനോഹരമായാണ് ജീവിതഗന്ധിയായ പ്രണയം പറഞ്ഞിരിക്കുന്നത്. മറ്റുള്ളവരൊക്ക അതിനെയിട്ടു കുഴച്ചു. പ്രണയം ഉണ്ടാകുന്ന സമയത്തു മാത്രമാണ് പുതിയതായി തോന്നുന്നത്.

വളരെ അപൂർവം ആളുകളേ രതി ഡയറക്ടായി അവതരിപ്പിച്ചിട്ടുള്ളൂ. ‘എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷൻ’ എന്ന എന്റെ ഇംഗ്ലിഷ് നോവലിൽ അശ്ലീലമാക്കാതെ രതി പറയാൻ പറ്റി എന്നുള്ളതാണ് സന്തോഷം. വെൺമണി മഹനൊക്കെ കൂസലില്ലാതെ ഭംഗിയായി രതിയെ അവതരിപ്പിച്ചു. പിന്നീടു വന്ന യാഥാസ്ഥിതികത്വമാണ് അതിനെ ഇങ്ങനെ വൃത്തികേടാക്കിയത്.

എഴുതിയതിൽ ഏറെ ഇഷ്ടപ്പെട്ട സ്ത്രീകഥാപാത്രം?

‘എന്തുണ്ട് വിശേഷം പീലാത്തോസിൽ’ ഒരു കേട്ടെഴുത്തുകാരിയുണ്ട്. അവളാണ് നിശബ്ദമായിരുന്ന് കാര്യങ്ങളെല്ലാം മാനിപുലേറ്റ് ചെയ്യുന്നത്.

യാത്രകളാണോ ആനന്ദം?

ഞാൻ ആദ്യം തനിച്ചു യാത്ര െചയ്യുന്നത് പതിനഞ്ചാം വയസ്സിൽ മൈസൂരിൽ ചേട്ടന്റെ അടുത്തേക്കാണ്. അവിടെ സെന്റ് ഫിലോമിനാസ് കോളജിലാണ് ഡിഗ്രിക്കു ചേരുന്നത്. ഉരുളികുന്നത്തു നിന്നു ബസിൽ കയറി പാലായിൽ, അവിടെ നിന്നു കോട്ടയം. പിന്നെ, കൊച്ചിയിലെത്തി തീവണ്ടി കയറണം. നാലു രൂപ ഇരുപതു പൈസയാണ് ടിക്കറ്റ് ചാർജ്. മിക്കവാറും സീറ്റൊന്നും കാണില്ല. പിറ്റേന്ന് ഉച്ചയ്ക്ക് െബംഗളൂരു ചെല്ലും. അവിടുന്ന് അടുത്ത ട്രെയിനിൽ കയറി മൈസൂരിലെത്തണം.അപ്പൻ എസ്. കെ. പൊറ്റക്കാടിന്റെ ആരാധകനായിരുന്നു. വീട്ടിൽ അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ഉണ്ടായിരുന്നു.അതു വായിച്ചാണ് എനിക്കും യാത്രകളിൽ രസം കയറുന്നത്. മടങ്ങി വന്ന് എഴുതുമ്പോഴാണ് യാത്രയുെട ആനന്ദം അനുഭവിക്കുന്നത്. കൊറോണയില്ലായിരുന്നെങ്കിൽ ഇപ്പോൾ യാത്രയിലായിരുന്നേനെ.

യാത്രകളില്‍ പലതരം സ്ത്രീകളെ കണ്ടിട്ടുണ്ടാകുമല്ലോ. ഏതു രാജ്യത്താണ് സ്ത്രീയുടെ അവസ്ഥ ഏറ്റവും നന്നായി തോന്നിയിട്ടുള്ളത്?

എല്ലായിടത്തും സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുണ്ട്. ക്യൂബയിലും സ്കാൻഡനേവിയൻ രാജ്യങ്ങളിലുമായിരിക്കാം ഒരുപക്ഷേ, സ്ത്രീകൾക്ക് ഏറ്റവുമധികം സമത്വം ലഭിക്കുന്നത്. പല രാജ്യങ്ങളിലും സ്ത്രീകളെ പ്രധാന ഉപഭോക്താക്കളായി ക ണ്ടാണ് സാമൂഹിക സംവിധാനങ്ങൾ തന്നെ ഉണ്ടാക്കുന്നത്. ഞാൻ പുരുഷൻ, നീ സ്ത്രീ എന്ന ചിന്തയൊന്നും ചൈനയിൽ തികച്ചുമില്ല. സ്ത്രീകൾക്ക് സമുന്നത സ്ഥാനം കൊടുത്തില്ലെങ്കിൽ രാജ്യത്തിന്റെ പുരോഗതി താഴോട്ടാണെന്നു വിശ്വസിക്കുന്നതു കൊണ്ടാണ് യൂറോപ് പോലെയുള്ള രാജ്യങ്ങൾ അവർക്ക് അർഹിക്കുന്ന സ്ഥാനം കൊടുത്തത്. അമേരിക്കയിലൊക്കെ ഡിവോഴ്സ് ചെയ്യുമ്പോൾ ഭർത്താവിന്റെ സ്വത്ത് ലഭിക്കുന്ന തരത്തിലാണ് വിവാഹം കരാർ ചെയ്യപ്പെടുന്നതു േപാലും. മെലാനിയ ഡിവോഴ്സ് ചെയ്താൽ ട്രംപ് പാപ്പരായേക്കാമെന്നതാണ് സത്യം. പക്ഷേ, ഇവിടെ അങ്ങനെയല്ല കാര്യങ്ങൾ.

_REE2972

സ്ത്രീകളിൽ ഇഷ്ടം തോന്നാത്തതും തോന്നിയതുമായ കാര്യങ്ങൾ എന്തൊക്കെയാണ്?

കാമുകിയിലാണെങ്കിലും ഭാര്യയിലാണെങ്കിലും പൊസസ്സീവ്നെസാണ് ഇഷ്ടം തോന്നാത്തത്. പുരുഷന്മാരിലും അതു ധാരാളമുണ്ട്. സ്ത്രീകളെ കുറ്റം പറയാൻ പറ്റില്ല, അവരുടെ സ്വാതന്ത്ര്യം കൂടിയാണത്. ഒന്നോ രണ്ടോ പ്രസവം കഴിയുന്നതോെട, ‘ഓ ഇനി ഒരുങ്ങുന്നതെന്തിനാ, ആരെ കാണിക്കാനാ’ എന്നൊരു മട്ട് പെണ്ണുങ്ങളിൽ കാണാറുണ്ട്. മറ്റുള്ളവരെ ആകർഷിക്കാനല്ല, നമുക്കു തന്നെ വേണ്ടി ഒരുങ്ങേണ്ടതുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. സീരിയസായി പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ നേരെ വാ നേരെ പോ മട്ടുകാരികളാണ് സ്ത്രീകൾ. അതെനിക്കിഷ്ടമാണ്. പൊതുവിൽ അവരിൽ നുണകളും കുതന്ത്രങ്ങളും കുറവാണ്. പിന്നെ, ഏതു രംഗത്തും ചില എക്സപ്ഷന്‍സ് കാണുമല്ലോ.

യേശുവിനെക്കുറിച്ചു പല കഥകളും എഴുതിയിട്ടുണ്ടല്ലോ?

യേശുവിനെ ഞാൻ ഒരു മനുഷ്യനായിട്ടാണ് കാണുന്നത്. നല്ലവനായ, വൃത്തിയുള്ള ചിന്തകളുള്ള, നന്നായി കഥ പറയുന്ന ഒരു മനുഷ്യൻ. ഇസ്രായേലി പാരമ്പര്യമനുസരിച്ച് റബ്ബി (ഗുരു)യായിരുന്നു അദ്ദേഹം. ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ സ്ത്രീകളെ പരിഗണിക്കാതെ, പന്ത്രണ്ട് പുരുഷന്മാരെ തിരഞ്ഞെടുത്തതു മാത്രമാണ് അദ്ദേഹം െചയ്ത െതറ്റ് എന്നെനിക്കു തോന്നുന്നു. യേശുവിനു ദേഷ്യപ്പെടേണ്ടി വരുന്ന സന്ദർഭങ്ങളിലൊക്കെ തന്നെ ശിഷ്യന്മാർ ഒരു കാരണമാണ്. സ്ത്രീകൾക്കു വേണ്ടി നിലയുറപ്പിച്ച മനുഷ്യനാണ്.

മലയാളിയുടെ സദാചാര സങ്കൽപം താങ്കളെ അസ്വസ്ഥനാക്കുന്നതായി തോന്നിയിട്ടുണ്ട് ?

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുകയും ചാടിക്കയറി അഭിപ്രായം പറയുകയും ചെയ്യുന്ന സ്വഭാവം എവിടെ നിന്നാണു വന്നതെന്നു മനസ്സിലാകുന്നില്ല. അതു ഭർത്താവിന്റെയും ഭാര്യയുടെയും കാര്യത്തിലാണെങ്കിൽ പോലും പാടില്ലാത്തതാണ്. ഒരു തരം ലൈംഗിക വൈകൃതം, ധാർമിക അധഃപതനം എന്നിവയായി അതിനെ കാണാം. ഇണ ചേരുന്ന നായ്ക്കളെ കല്ലെറിയുന്ന ഒരു സമൂഹമാണ് മലയാളിയുടേത്. യന്ത്രങ്ങൾക്കു പോലും ബഹുമാനം കൊടുക്കുന്ന നാടാണ് തമിഴ്നാട്. കഴുകി വൃത്തിയാക്കി മാലയിട്ട് ഒരു ചന്ദനത്തിരി കത്തിച്ചു പ്രാർഥിച്ചിട്ടേ ഓടിക്കുന്ന വാഹനം അവൻ സ്റ്റാർട്ടാക്കുകയുള്ളൂ.

പുരുഷന്മാർക്കുള്ളതു പോലെ സ്ത്രീകൾക്കും മനസ്സു തുറക്കാൻ ഇടങ്ങൾ വേണ്ടേ?

വീടിന്റെ പിന്നാമ്പുറങ്ങളിലും കുളിക്കടവുകളിലും കല്യാണവീട്ടിലെ ചായ്പുകളിലും ഒക്കെ ഒത്തുകൂടിയിരുന്നാണ് സ്ത്രീകൾ പണ്ടുകാലത്തു ഗോസിപ്പ് പറഞ്ഞിരുന്നത്. പുരുഷന്മാർക്ക് ഷാപ്പുകളും ബാറുകളും ഉണ്ടായിരുന്നു. അവൻ ഒന്നടിച്ചു കഴിഞ്ഞാൽ റിലാക്സഡായി ഉള്ളിലുള്ളതെല്ലാം പുറത്തു വ രും. സോഷ്യൽ മീഡിയയാണ് സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ നൽകുന്നത്.

കേരളത്തിലെ സ്ത്രീ എങ്ങനെയാണ്  മാറേണ്ടത്?

വീടുകളിൽ നിന്നാണല്ലോ ‘പുരുഷനാണ് വലുത്’ എന്ന ബോധം കുട്ടികളുടെ തലയ്ക്കകത്തേക്ക് അടിച്ചു കയറ്റി കൊടുക്കുന്നത്. അമ്മമാർ മുൻകയ്യെടുത്തു മാറ്റിയെടുത്തെങ്കിലേ രക്ഷയുള്ളൂ. പെട്ടെന്നൊരു മാറ്റം ഉണ്ടാകില്ല. അല്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ മാറ്റിക്കൊണ്ടുവരണം.

സ്ത്രീകൾ നർമബോധം കുറഞ്ഞവരാണോ?

കോമഡി ഷോ കാണുമ്പോള്‍ ആണുങ്ങളേക്കാൾ നന്നായി ചിരിക്കുന്നത് പെണ്ണുങ്ങളാണ്. പക്ഷേ, എഴുത്തിൽ അവർക്കു നര്‍മം കൊണ്ടുവരാൻ പറ്റുന്നില്ലെങ്കിൽ അതവരുടെ പ്രശ്നമാണ്. വായനാ പരിശീലനം ഒരു കാരണമാകാം. എന്റെ അപ്പൻ നർമത്തിന്റെ ഇഷ്ടക്കാരനാണ്. ഞാൻ കൂട്ടിവായിക്കാൻ തുടങ്ങിയ നാൾ തൊട്ട് നർമ പുസ്തകങ്ങൾ വായിച്ചു തുടങ്ങിയിട്ടുണ്ട്. അക്കാലത്തു വീട്ടിൽ വരുത്തിയിരുന്ന മാസികയിൽ ‘വിനോദ വിശറി’ എന്നൊരു വിഭാഗമുണ്ടായിരുന്നു. എന്നെ കുട്ടിക്കാലത്തു വളരെ ചിരിപ്പിച്ച ഒരു തമാശയുണ്ട്. ഒരു കുടിയനു വീടിന്റെ വാതില്‍ തുറക്കാനായി താക്കോൽ ഇടാൻ പറ്റുന്നില്ല. അതുവഴി വന്ന പൊലീസുകാരൻ ‘സഹായിക്കണോ’ എന്നു ചോദിക്കുമ്പോൾ കുടിയന്‍ പറയും, ‘അതു വേണ്ട, ഈ വാതിലൊന്നു നേരെ നിര്‍ത്തി തന്നാൽ മതി.’

പൊതുമണ്ഡലത്തിൽ ഏറ്റവും ആകർഷിച്ച സ്ത്രീ വ്യക്തിത്വം ആരാണ്?

അക്കാമ്മ ചെറിയാനാണ് എന്റെ മനസ്സിൽ കടന്നു വരുന്ന പവർഫുൾ വുമൺ. കാഞ്ഞിരപ്പള്ളിയിലെ സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു അവർ. ഭർത്താവ് വി.വി വർക്കിയും     മന്ത്രിസഭയിലുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ നിന്നു പിന്മാറിയ ശേഷമാണ് അവരെ ഞാൻ പരിചയപ്പെടുന്നത്. തേക്കാത്ത ചുമരും നിലവുമുള്ള ചെറിയൊരു കുടുസ്സു മുറിയിലാണ് അ വർ ആ സമയത്തു ജീവിച്ചിരുന്നത്. ഒരു മേശയിട്ട് അതിലാണ് പാചകവും കാര്യങ്ങളുമൊക്കെ.ഞാന്‍ രണ്ടുമൂന്നു തവണ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. ചെല്ലുമ്പോൾ ചക്ക വേവിച്ചതൊക്കെ തരും. അറിവും അനുഭവജ്ഞാനവും എല്ലാം കൂടി േചര്‍ന്ന് ഇരുത്തം വന്ന അവരുടെ മുഖത്തെ മഹത്വം ഇപ്പോഴും ഓർമയുണ്ട്.

പിന്നത്തെ തലമുറയിൽ ഞാൻ ‘ചേച്ചി’ എന്നു വിളിക്കുന്ന മാധവിക്കുട്ടിയാണ് അമ്പരപ്പിച്ചിട്ടുള്ളത്. തോന്നുന്നതു ചെയ്യുകയും വായിൽ വന്നത് പറയുകയും എഴുതുകയും ചെയ്യുന്ന ഒരു പവർഫുൾ വ്യക്തിത്വം.

‘ഒരു എഴുത്തുകാരി അപഹരിക്കപ്പെടുന്നു’ എന്ന കഥയൊക്കെ ചേച്ചിയെ കുറിച്ചുള്ളതാണ്. ഞാനത് അവരെ വായിച്ചു കേൾപ്പിച്ചിട്ടുണ്ട്.

ഒരുപാട് ആരാധികമാരുണ്ടെന്നു കേട്ടിട്ടുണ്ട്. അവരുടെ സ്നേഹമാണോ ഈ ചെറുപ്പത്തിന്റെ രഹസ്യം?

ആരാധികമാരുണ്ടെന്നു ഞാനും കേട്ടിട്ടുണ്ട്. എനിക്കതിനെക്കുറിച്ചു കൂടുതൽ അറിവില്ല. എഴുത്തുകാരെ നിലനിർത്തിക്കൊണ്ടു പോകുന്ന ശക്തികളിലൊന്ന് വായനക്കാർ തന്നെയാണ്. പിന്നെ, മലയാളിക്ക് വാർധക്യത്തിന്റെ എല്ലാ അടയാളങ്ങളും വച്ചു വണങ്ങുന്ന ഒരു സ്വഭാവമുണ്ട്. എനിക്കതിനോടു എതിർപ്പാണ്. ദീപക് ചോപ്രയാണ് ഇക്കാര്യത്തിൽ എന്റെ ഗുരു. വയസ്സാകുമ്പോൾ വയസ്സാകട്ടെ, എന്നുവച്ച് വിളിച്ചു വ രുത്തേണ്ട കാര്യമില്ലല്ലോ.

IMG-20200918-WA0017

ഭാര്യയും മകളും

ലളിതയ്ക്കു മലയാളം ഇഷ്ടമാണ്. നന്നായി പറയുകയും അത്യാവശ്യം വായിക്കുകയും എഴുതുകയും ചെയ്യും. എന്നെക്കുറിച്ചു വരുന്നതെല്ലാം വായിക്കും. പാലായിൽ വന്ന് എന്റെ അമ്മയോടും ബന്ധുക്കളോടും സംസാരിച്ചാണ് അവരതു പഠിച്ചെടുത്തത്. ഭാഷകൾ പെട്ടെന്നു പഠിച്ചെടുക്കാനുള്ള മിടുക്ക് അവർക്കുണ്ട്. അഞ്ചു ഭാഷകൾ വളരെ നന്നായി പറയും. തമിഴാണ് മാതൃഭാഷ. െബംഗളൂരുവിൽ ജീവിച്ചതു കൊണ്ട് കന്നഡ അറിയാം. വീട്ടില്‍ സഹായിയായി വന്നിരുന്ന ആന്ധ്രാക്കാരിയോടു സംസാരിച്ചു തെലുങ്കും നന്നായി പറയും. ഹിന്ദിയും ഇംഗ്ലിഷും നന്നായി സംസാരിക്കുകയും ചെയ്യും.

ഞങ്ങളുെട മകള്‍ അരുന്ധതിയെ അമ്മു എന്നാണ് വിളിക്കുന്നത്. അവൾ എന്നും എന്റെ സുഹൃത്താണ്. ചെറുപ്പത്തിലേ തൊട്ട് അവളുമായി ഷെയർ ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവളാണ് എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി.

മകൻ അഭിജിത്ത് വിപ്രോയിൽ എന്‍‌വയോൺമെന്റലിസ്റ്റാണ്. എല്ലാവരുടെയും വെക്കേഷൻ നോക്കി ബെംഗളൂരുവിലോ ചെന്നൈയിലോ  തിരുവനന്തപുരത്തോ ഒരുമിച്ചു കൂടും.

അമ്മയും സഹോദരങ്ങളും

പാട്ട്, വായന, ഗുസ്തിപിടുത്തം എന്നിങ്ങനെയായി  പോകുന്ന ആളായിരുന്നു ഇച്ചാച്ചൻ എം. എസ്. പോള്‍. പൈസയോട് ആർത്തിയോ അതു സൂക്ഷിച്ചു വയ്ക്കണമെന്ന് ആഗ്രഹമോ ഇല്ലാത്ത മനുഷ്യൻ. അമ്മയാണെങ്കിൽ ജീവിതത്തോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ടഫ് പേഴ്സണ്‍ എന്നു പറയാം. ഇച്ചാച്ചന്റെ അപ്പൻ ഓരോ മക്കൾക്കും 50 ഏക്കർ വീതം കൊടുത്തു. എല്ലാവരും ബൈബിളിലെ താലന്തിന്റെ ഉപമയിൽ പറയുന്നതു പോലെ ഇരട്ടിയാക്കി. പക്ഷേ, ഇച്ചാച്ചൻ അതു കുറയ്ക്കുകയാണ് ചെയ്തത്. അമ്മ ഒന്നിനോടും കോംപ്രമൈസ് ചെയ്യില്ലായിരുന്നു. പാവപ്പെട്ടവരോട് അനുക മ്പയുള്ള ആളായിരുന്നു. അമ്മയാണ് എന്നെ അക്ഷരം പഠിപ്പിച്ചത്. അതുകൊണ്ടാണ് നേരെ രണ്ടാം ക്ലാസിൽ  പോയി ചേരാൻ കഴിഞ്ഞത്.

പെങ്ങൾ മേരി കന്യാസ്ത്രിയാണ്. അമ്മയെ പോലെസാധുജന സഹായം ചെയ്യുന്നതിലാണ് സന്തോഷം. ഒരു ജ്യേഷ്ഠനുണ്ടായിരുന്നു, എം. പി. േജാസഫ്. ബാങ്കുദ്യോഗസ്ഥനായിരുന്നു. കുറച്ചു വർഷം മുൻപ് മരിച്ചു  പോയി.എന്റെ ഇംഗ്ലിഷ് വായനയെ പ്രോത്സാഹിപ്പിച്ചത് അദ്ദേ ഹമാണ്. മൈസൂരിലും ബെംഗളൂരുവിലുമായി ഞാൻ ന ടത്തിയ പഠനം അദ്ദേഹത്തിന്റെ കൂടി താങ്ങും തണലിലുമായിരുന്നു. എന്റെ എഴുത്തിൽ സന്തോഷിക്കുകയും തോന്ന്യാസങ്ങളെ സഹിഷ്ണുതയോടെ കാണുകയും ചെയ്ത ആളാണ് അദ്ദേഹം.

അല്‍േഫാന്‍സാമ്മ

അല്‍േഫാന്‍സാമ്മ ഒരു പീഡിതയായിരുന്നു. ഞാനൊരിക്കൽ ഭരണങ്ങാനത്തെ മ്യൂസിയത്തിലുള്ള ലൈബ്രറിയിൽ പോയപ്പോൾ അവർ അപ്പനും ജ്യേഷ്ഠനുമെഴുതിയ കത്തുകൾ കണ്ടു. അതു ഹൃദയത്തിൽ തൊടുന്നതായിരുന്നു. പൂഞ്ഞാറിൽ പഠിപ്പിക്കാൻ പോകുമ്പോൾ കുടയില്ലാത്തതു കൊണ്ട് ഒരു ടീച്ചറുടെ കുടയുടെ പങ്കു പറ്റിയാണ് പോയിക്കൊണ്ടിരുന്നത്. സ്കൂളിലെത്തുമ്പോഴേക്കും ആകെ നനഞ്ഞിരിക്കും. ‘ബുദ്ധിമുട്ടില്ലെങ്കിൽ കുട വാങ്ങാൻ നാലണ ആരുടെയെങ്കിലും കയ്യിൽ കൊടുത്തയയ്ക്കുമോ’ എന്നു ജ്യേഷ്ഠനോടു ചോദിച്ചു കൊണ്ടുള്ള കത്തു എന്റെ ഹൃദയത്തിൽ തൊട്ടു. അങ്ങനെയാണ് അല്‍ഫോന്‍സാമ്മയെക്കുറിച്ച് ഞാൻ കഥയെഴുതിയത്. ‘അല്‍േഫാന്‍സാമ്മയുടെ മരണവും ശവസംസ്കാരവും’. നിശബ്ദമായി സഹനങ്ങൾ ഏറ്റുവാങ്ങിയ ആ സ്ത്രീക്കുള്ള എന്റെ സ്നേഹവും ആദരവുമാണ് ആ കഥ.

Tags:
  • Celebrity Interview
  • Movies