സിനിമാ ലോകത്ത് കേട്ടുപഴകിയ ഒരു വാക്കാണ് കാസ്റ്റിങ് കൗച്ച്. അവസരത്തിന് വേണ്ടി ലൈംഗികമായി വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്ന നടിമാരുടെ അവസ്ഥ പല മുൻനിര നടിമാരും തുറന്നുപറഞ്ഞിട്ടുള്ളതുമാണ്. എന്നാലിപ്പോൾ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്ന് പറഞ്ഞ് ബോളിവുഡ് നടി രാധിക ആപ്‌തെ രംഗത്തുവന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാധികയുടെ വെളിപ്പെടുത്തൽ.
"ലൈംഗിക പീഡനത്തിന് ഇരകളായ ഒരുപാട് പുരുഷ സഹതാരങ്ങളെ എനിക്കറിയാം. ഭയം കാരണം അവരില്‍ പലരും ഈ വിവരം പുറത്തു പറയാതിരിക്കുകയാണ്. അടുക്കാനാവാത്ത ഒരു മായിക വലയമുണ്ട് ബോളിവുഡിനെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ഒരുതരം ഭയത്തിലാണ്. എന്നാലത് യാഥാര്‍ഥ്യമല്ല. അതൊരു ജോലി സ്ഥലം മാത്രമാണ്. മറ്റെവിടെയും പോലെ ഇവിടെയും തൊഴില്‍ മര്യാദകള്‍ നടപ്പിലാക്കേണ്ടതുണ്ട്.
ആളുകള്‍ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ തുറന്നുപറയണം. കുറ്റക്കാരെ ചൂണ്ടിക്കാണിക്കണം. നമ്മള്‍ പറയുന്നത് ആരു വിശ്വസിക്കും എന്നൊരു ആശങ്കയുണ്ട് എല്ലാവര്‍ക്കും. എന്നാൽ ചൂഷണം ചെയ്യുന്നവർക്ക് ഒരുപാട് അധികാരങ്ങളുണ്ട്. അതുകൊണ്ടുതന്നെ പരാതി പറഞ്ഞാൽ തങ്ങളുടെ കരിയര്‍ ഇല്ലാതാവുമെന്ന് എല്ലാവരും ഭയക്കുന്നു. എന്റെ അഭിപ്രായത്തിൽ ഇതിനെതിരെ കൂടുതല്‍ ആളുകള്‍ ശബ്ദമുയര്‍ത്തി മുന്നോട്ടു വരണം എന്നു തന്നെയാണ്." -രാധിക ആപ്‌തെ പറയുന്നു.