ADVERTISEMENT

ലോകസുന്ദരി മത്സരത്തെ പരിഹസിച്ച് മുൻ നടിയും ഗായികയും, സ്വയം പ്രഖ്യാപിത സന്യാസിനിയുമായ സോഫിയ ഹയാത്. സൗന്ദര്യത്തെ ചില പ്രത്യേക മാനദണ്ഡങ്ങള്‍ വച്ച് അളക്കുന്നതിനെതിരെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സോഫിയ പ്രതിഷേധം അറിയിച്ചത്.

സോഫിയയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ;

"അവരിപ്പോഴും സൗന്ദര്യ മത്സരമൊക്കെ നടത്തുന്നുണ്ടോ? ഞാന്‍ കരുതിയത് ദിനോസര്‍ യുഗത്തോടെ ഇത് അവസാനിച്ചുവെന്നാണ്. സൗന്ദര്യത്തിന് ഒരു നിശ്ചിത രൂപമോ ഭാവമോ ഇല്ലാത്ത സ്ഥിതിക്ക് ആരാണ് ഇപ്പോഴും സൗന്ദര്യത്തെ അളക്കാന്‍ നടക്കുന്നത്. ഇത്തരം പ്രാചീനാശയങ്ങളെ ചിരിച്ചു തള്ളുകയാണ് വേണ്ടത്. സൗന്ദര്യം ഒരിക്കലും അളക്കാനോ തീര്‍പ്പ് കല്പിക്കാനോ കഴിയുന്ന ഒന്നല്ല.

എന്തുകൊണ്ട് സൗന്ദര്യ വേദിയില്‍ ഹിജാബ് ധരിച്ച ഒരു യുവതി ഇല്ല? ചുണ്ടുകളില്‍ വളയങ്ങള്‍ പിടിപ്പിച്ച സൊമാലിയന്‍ യുവതി ഇല്ല? നിറം പൂശിയ അമേരിക്കന്‍ ഇന്ത്യനും ഭിന്നലിംഗക്കാരും ഇല്ല? അവരെന്താ സൗന്ദര്യമില്ലാത്തവരാണോ? എന്തുകൊണ്ട് പ്ലസ് സൈസ് യുവതികളും കഷണ്ടിയുള്ളവരും ഇല്ല?

ലോകസുന്ദരി മത്സരം കാലഹരണപ്പെട്ട ഒന്നാണ്. ശരിക്കുമുള്ള ലോകസുന്ദരി പ്രകൃതി മാതാവാണ്.. അവൾ അമ്മയാണ്.. ശരീരത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകളുള്ള സ്ത്രീയാണ്.. കാരണം ആ പാടുകളാണ് അവള്‍ ജീവിച്ചുവെന്നതിന്റെ അടയാളം. ലോകത്തെ പോലെ തന്നെ അവളും വ്യത്യസ്തയാണെന്ന് കാണിക്കണം.

ലോകസുന്ദരി ഒരിക്കലും മറ്റുള്ളവരുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിധി കല്പിക്കാന്‍ നിന്നു കൊടുക്കില്ല. നമ്മുടെ ലോകം, നമ്മുടെ ഭൂമി, അവളുടെ കുഞ്ഞുങ്ങളെ ഒരിക്കലും അളക്കാറില്ല. സുന്ദരികള്‍ പല രൂപത്തിലും ഭാവത്തിലും ഉണ്ടാകും. നമ്മള്‍ സ്ത്രീകള്‍ ഒരിക്കലും മറ്റുള്ളവരാല്‍ വിധി കല്പിക്കേണ്ടവരല്ല.
" സോഫിയ പറയുന്നു.

ADVERTISEMENT

2016 ജൂണിലാണ് താന്‍ ആത്മീയത തിരഞ്ഞെടുത്തുവെന്നും, ഇനി മുതല്‍ ’മാതാ ഗയ സോഫിയ’ എന്നാണ് അറിയപ്പെടുകയെന്നും പ്രഖ്യാപിച്ചാണ് സോഫിയ ഹയാത് വാര്‍ത്തകളില്‍ ഇടം നേടിയത്. മുൻപ് ഫോര്‍ ഹിം മാഗസിന്‍ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സെക്‌സി ആയ നൂറ് വനിതകളുടെ പട്ടികയില്‍ എണ്‍പത്തിയൊന്നാം സ്ഥാനത്തായിരുന്നു അന്ന് സോഫിയ.

ADVERTISEMENT
ADVERTISEMENT