മകള്‍ നിഷ തങ്ങൾക്കിടയിലേക്ക് വന്നതോടെ ജീവിതം ഏറെ മാറിയെന്ന് ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും. കുഞ്ഞു നിഷയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഡാനിയേല്‍ വെബറിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പായി ഡാനിയേല്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ;
"ഞാനും സണ്ണിയും നിഷ വരുന്നത് വരെ കരുതിയിരുന്നത് ഞങ്ങളുടേത് വളരെ മനോഹരമായ ജീവിതമാണെന്നാണ്. എന്നാലിപ്പോൾ അവളുടെ വരവോടെ ഞങ്ങളുടെ ജീവിതം തന്നെ മാറി. അവളില്ലാതെ ഒരു ദിവസം പോലും ജീവിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാനാകില്ല." ഡാനിയേല്‍ പറയുന്നു.
ഷൂട്ടിങ് തിരക്കിനിടയിൽ ഒരല്‍പം നേരം കിട്ടിയാല്‍ മകള്‍ നിഷയുടെ അടുത്തേയ്ക്ക് ഓടിവരും സണ്ണിയും ഡാനിയേലും. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് രണ്ടു വയസ്സുള്ള നിഷയെ സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് ദത്തെടുത്തത്. ഞങ്ങള്‍ നിഷയെ മകളായി തിരഞ്ഞെടുക്കുകയല്ല, നിഷ ഞങ്ങളെ അച്ഛനമ്മമാരായി തിരഞ്ഞെടുക്കുകയാണുണ്ടായതെന്ന് സണ്ണി വ്യക്തമാക്കിയിരുന്നു.