മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പൊന്നമ്പലം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി വൃക്ക സംബന്ധിയായ അസുഖത്താൽ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. ഇപ്പോൾ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുന്നു പൊന്നമ്പലം.
ഫെബ്രുവരി ആറിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഫെബ്രുവരി പത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ് അദ്ദേഹം. ശസ്ത്രക്രിയയ്ക്ക് സഹായിച്ചവർക്കും പിന്തുണച്ചവർക്കും പൊന്നമ്പലം നന്ദി അറിയിച്ചു.
താരത്തിന്റെ ബന്ധുവും സംവിധായകനുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിന് വൃക്ക നൽകിയത്.
അസുഖങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം 20ൽ ഏറെ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ഈയിടെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയക്കുള്ള പണം സമാഹരിക്കുന്നതിനായി സഹപ്രവർത്തകരടക്കമുള്ളവരോട് അദ്ദേഹം സഹായവും അഭ്യർത്ഥിച്ചിരുന്നു.