‘നാൻ വന്തിട്ടേന്ന് സൊല്ല്..’, മക്കള്‍ക്കൊപ്പം ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ച് പ്രിയതാരം നയൻതാര. സോഷ്യൽമീഡിയ ലോകത്തേക്കുള്ള താരത്തിന്റെ വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. ഒരു മണിക്കൂറിനുള്ളില്‍ നാലു ലക്ഷത്തിലേറെ പേരാണ് നയന്‍സിനെ പിന്തുടര്‍ന്നത്.
മക്കള്‍ക്കൊപ്പമുള്ള ആദ്യ പോസ്റ്റ് ഒരു റീല്‍ രൂപത്തിലാണ് നയൻസ് പോസ്റ്റ് ചെയ്തത്. നയൻതാരയുടെ വീട്ടിനുള്ളിൽ വച്ചെടുത്ത വിഡിയോയാണിത്. 'നാൻ വന്തിട്ടെൻ എന്ന് സൊല്ല്' എന്നാണ് വിഡിയോയ്ക്ക് നയൻസിന്റെ അടിക്കുറിപ്പ്. ആദ്യമായാണ് നയന്‍താര കുഞ്ഞുങ്ങളുടെ മുഖം പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നതും. 'മൈ ഉയിർസ് വെൽകം ടു ഐജി' എന്നാണ് വിഗ്നേഷ് ശിവന്റെ കമന്റ്.
ജവാന്റെ റിലീസിനോടടുത്താണ് നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ആദ്യം ഇരട്ടകുഞ്ഞുങ്ങളുടെ പോസ്റ്റ് പങ്കുവച്ച നയന്‍താര പിന്നീട് ജവാന്റെ ട്രെയിലറും പുറത്തുവിട്ടു. ഭർത്താവ് വിഗ്നേഷ് ശിവൻ, നടൻ ഷാരൂഖ് ഖാൻ, റൗഡി പിക്ചേഴ്സ്, അനിരുദ്ധ് രവിചന്ദർ, മിഷേൽ ഒബാമ എന്നിവരെയാണ് നയൻതാര ഫോളോ ചെയ്യുന്നത്.