നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര ജീവനൊടുക്കിയത് പത്ത് ദിവസം മുന്‍പാണ്. പ്ലസ്ടു വിദ്യാർഥിനിയായ മീരയെ ആത്മഹത്യയിലേക്ക് നയിച്ചത് മാനസിക സംഘര്‍ഷങ്ങളാണെന്നാണ് റിപ്പോർട്ട്. മകളുടെ ആത്മഹത്യ വിജയ് ആന്റണിയുടെ കുടുംബത്തെ തളർത്തി. തമിഴ് സിനിമാരംഗത്തിനും സംഭവം വലിയ ഞെട്ടലായി.
ഇപ്പോഴിതാ, മകളുടെ വേർപാടിന്റെ ദുഃഖത്തിനിടയിലും തന്റെ പുതിയ സിനിമ ‘രത്തം’ത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് വിജയ് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറൽ.
ചിത്രത്തിന്റെ പ്രസ്സ് മീറ്റിനും അഭിമുഖങ്ങൾക്കുമായി രണ്ടാമത്തെ മകളെയും കൂട്ടിയാണ് വിജയ് ആന്റണി വന്നത്.
‘ഒന്നും പ്ലാന്‍ ചെയ്ത് സംഭവിക്കുന്നതല്ല. ജീവിതത്തില്‍ അത്രയും തീവ്രമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി വന്നു പോകുന്നതാണ്. എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാന്‍ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസ്സിനെയും കൂടുതല്‍ ശക്തമാക്കും. അതുകൊണ്ടാകാം ഇങ്ങനെ ആകുന്നത്’ എന്നാണ്, എങ്ങനെയാണ് ഇത്രയും പോസിറ്റീവ് ആയിരിക്കാനും, സംസാരിക്കാനും കഴിയുന്നതെന്ന അഭിമുഖത്തിലെ ഒരു ചോദ്യത്തിന് വിജയ് ആന്റണി നൽകിയ മറുപടി.
നടനെ പ്രശംസിച്ച് ആരാധകരും സഹപ്രവർത്തകരുമെത്തി. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെ നേരിട്ടിട്ടും, ഇത്രയും പോസിറ്റീവായി സംസാരിക്കുന്ന താങ്കള്‍ ശരിക്കുമൊരു പ്രചോദനമാണെന്ന് ആരാധകർ പറയുന്നു.
സി.എസ്. അമുദൻ സംവിധാനം ചെയ്യുന്ന ‘രത്തം’ ഒക്ടോബർ ആറിനാണ് റിലീസ്.