ADVERTISEMENT

തമിഴ് നടൻ ജയം രവി പേര് മാറ്റി. ഇനി മുതൽ ‘രവി മോഹൻ’ എന്ന പേരിൽ അറിയപ്പെടും.

‘ഇന്ന് മുതൽ ഞാൻ രവി മോഹൻ എന്ന് അറിയപ്പെടും. ഈ പേരിൽ എന്നെ ഇനി മുതൽ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു. ഈ പുതിയ അധ്യായത്തിലേക്ക് ഞാന്‍ നീങ്ങുമ്പോള്‍, എന്റെ വ്യക്തിത്വത്തെ, എന്റെ കാഴ്ചപ്പാടുകളുമായും മൂല്യങ്ങളുമായും സംയോജിപ്പിച്ച്, എന്നെ ഈ പേരില്‍ അഭിസംബോധന ചെയ്യാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇന്ന് മുതല്‍ ജയം രവി എന്ന് ഞാന്‍ അറിയപ്പെടില്ല. ഇത് എന്റെ വ്യക്തിപരമായ കുറിപ്പും വിനീതമായ അഭ്യർഥനയുമാണ്’.– ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കത്തിലൂടെ താരം വ്യക്തമാക്കി.

രവി മോഹന്‍ സ്റ്റുഡിയോസ് എന്ന നിര്‍മാണ സ്ഥാപനം ആരംഭിക്കുന്നതായും താരം കത്തിൽ കുറിച്ചു. വളര്‍ന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ആഴമേറിയതും അര്‍ത്ഥവത്തായതുമായ കഥകള്‍ സിനിമയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള സംരംഭമായാണ് താരം നിർമാണ കമ്പനിയെ പരിഗണിക്കുന്നത്.

‘എന്നെ പിന്തുണച്ച ആളുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും തിരികെ നല്‍കുന്നതിനായി, എന്റെ എല്ലാ ഫാന്‍ ക്ലബ്ബുകളെയും രവി മോഹന്‍ ഫാന്‍സ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു ഘടനാപരമായ സംഘടനയാക്കി മാറ്റുകയാണ്. സഹായം ആവശ്യമുള്ള എല്ലാവരെയും സഹായിക്കുന്നതിനും നമ്മുടെ സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതിനും ഈ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കും. എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയും ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്ന സംഭാവനകളിലേക്ക് നയിക്കാനുള്ള എന്റെ ഹൃദയംഗമമായ ശ്രമമാണിത്. തമിഴ് ജനതയുടെ അനുഗ്രഹത്തോടെ, മുകളില്‍ സൂചിപ്പിച്ചതുപോലെ എന്നെ അഭിസംബോധന ചെയ്യാനും ഈ പുതിയ സംരംഭത്തില്‍ എന്നെ പിന്തുണയ്ക്കാനും എന്റെ എല്ലാ ആരാധകരോടും മാധ്യമങ്ങളോടും എല്ലാവരോടും ഞാന്‍ അഭ്യർഥിക്കുന്നു’.– രവി കുറിച്ചു.

ADVERTISEMENT
ADVERTISEMENT