രവി മോഹൻ – ആരതി ദാമ്പത്യം തകരാൻ കാരണം ആരതിയുടെ അമ്മ സുജാത വിജയകുമാറിന്റെ ഇടപെടലാണെന്ന് നിർമാതാവ് ബാലാജി പ്രഭു. പണം കായ്ക്കുന്ന മരമായാണ് ജയം രവിയെ കണ്ടതെന്നും അയാളുടെ ജീവിതത്തെ മുഴുവനായി സുജാത നിയന്ത്രണത്തിലാക്കുകയായിരുന്നുവെന്നും മീഡിയ സര്‍ക്കിൾ എന്ന യൂട്യൂബ് ചാനലിനോടു ബാലാജി പറഞ്ഞു.
ആരതിയുമായുള്ള വിവാഹം കഴിഞ്ഞതോടെ ജയം രവിയെ ആരതിയുടെ അമ്മ സുജാത വിജയകുമാർ അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. ജയം രവി എന്തൊക്കെ ചെയ്യണം, എന്തു കഴിക്കണം, എപ്പോൾ ഉറങ്ങണം, എഴുന്നേൽക്കണം ഇതൊക്കെ തീരുമാനിക്കുന്നത് അവരാണെന്ന് പറഞ്ഞുകേട്ടിരുന്നു. അതുകൂടാതെ ആരതിയാകട്ടെ ജയം രവി എവിടെപ്പോകുന്നു, എന്തു ചെയ്യുന്നു എന്നൊക്കെ അറിയാൻ സ്പൈ വർക്കും നടത്തിയിരുന്നു.
അമ്മായിയമ്മ കാരണം വിഷമത്തിലായ മരുമകന്റെ അവസ്ഥ കണ്ടിട്ടുണ്ടോ? അതായിരുന്നു ജയം രവി. ജയം രവിയുടെ ശമ്പളം കൊടുക്കില്ല. ചെലവിനുള്ള പണം കൊടുക്കില്ല. സ്വന്തമായി ഒരു അക്കൗണ്ട് പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. നാലു ചുവരുകൾക്കുള്ളിൽപെട്ടു കിടക്കുകയായിരുന്നു ജയം രവി. എന്തുകൊണ്ടാണ് ഇത്ര നാൾ ഇതൊക്കെ സഹിച്ച് അദ്ദേഹം ജീവിച്ചതെന്ന് എനിക്കറിയില്ല. എന്നാല്‍ ഇതിനൊരു പരിധിയുണ്ട്. അവസാനം പൊട്ടിത്തെറിക്കും. ജയം രവിയുടെയും ആരതിയുടെയും മക്കളുടെയും ഈ അവസ്ഥയ്ക്കു കാരണം സുജാത തന്നെയാണ്.
വിവാഹത്തിനു ശേഷം വന്ന സിനിമയാണ് ‘തനി ഒരുവൻ’. അത് ജയം രവിയുടെ വലിയ ഹിറ്റ് സിനിമയാണ്. ആ സിനിമയ്ക്ക് ശേഷം ജയം രവിലെ മറ്റൊരു തലത്തിലേക്ക് കരിയറിൽ വളരേണ്ടതാണ്. പക്ഷേ ഒന്നും നടന്നില്ല. തുടരെ പരാജയ സിനിമകൾ ചെയ്യുന്നു. അതിന് കാരണം സുജാത വിജയകുമാർ ജയം രവിയെ തന്റെ നിയന്ത്രണത്തിലാക്കിയതായിരുന്നു. അവർ പറയുന്ന ബാനറുകളുടെ സിനിമകളിൽ ജയം രവി അഭിനയിച്ചു. പല ജയം രവി സിനിമകളും സുജാത വിജയകുമാർ തന്നെ നിർമിച്ചു. അവയിൽ പലതും പരാജയപ്പെട്ടു.
ഇവർ നിർമിച്ച സിനിമകളിൽ ജയം രവിക്കു ശമ്പളമേ കൊടുത്തിരുന്നില്ല. അയാൾക്കു ചെലവിനുള്ള പൈസ പോലും നൽകിയില്ല. പണം കായ്ക്കുന്ന മരമായാണ് അയാളെ കണ്ടത്.
ജയം രവിയുടെ പിതാവിന് ഈ വിവാഹത്തോട് താൽപര്യമില്ലായിരുന്നു. പല തവണ ജയം രവിയോട് ഇക്കാര്യം പറഞ്ഞതാണ്. പക്ഷേ പ്രണയത്തിലായതിനാൽ ആ വാക്കുകൾ കേട്ടില്ല. ആരതിയുടെ ഭാഗത്തും തെറ്റില്ലെന്നാണ് പറയുന്നത്. അമ്മ പറഞ്ഞത് മാത്രം കേൾക്കുകയാണ് ആരതി ചെയ്തത്. നല്ലൊരു ഭാര്യയായി തന്നെയാണ് ആരതി ജീവിച്ചത്, പക്ഷേ അമ്മ പറയുന്നത് മാത്രം കേൾക്കുകയും അനുസരിക്കുകയും ചെയ്തു.
ഷൂട്ടിങ് നടക്കുമ്പോൾ പോലും ആരതി വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. രവി ഫോൺ എടുത്തില്ലെങ്കിൽ സംവിധായകനെ വിളിച്ച് രവിക്കു ഫോൺ കൊടുക്കാൻ പറയും. അതിനുശേഷം വിഡിയോ കോളിൽ വരാൻ പറയും. അങ്ങനെ എവിടെപ്പോയാലും ഒരു സ്വാതന്ത്ര്യം അദ്ദേഹത്തിനില്ലായിരുന്നു. ഗതികെട്ടാണ് ജയം രവി ഇങ്ങനെയൊരു തീരുമാനമെടുത്തത്.
നല്ല വ്യക്തിത്വത്തിനുടമയാണ് രവി. അതിനൊപ്പം നല്ല നടനും. സിനിമയിലുള്ള ഒരാളെപ്പോലും ഇന്നു വരെ അയാൾ വാക്കുകൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല. എല്ലാവർക്കും അദ്ദേഹത്തെക്കുറിച്ച് നല്ലതു മാത്രമേ പറയുവാനുള്ളൂ. ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം സുജാത വിജയകുമാർ തന്നെയാണ്. ഒരു മനുഷ്യൻ സഹിക്കുന്നതിനു പരിധിയുണ്ട്’.– ബാലാജിയുടെ വാക്കുകൾ.